വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
അബ്ബാസ് അമിനിയുടെ പേർഷ്യൻ ചിത്രം 'എൻഡ്‌ലെസ് ബോർഡേഴ്‌സ്' ഐ എഫ് എഫ് ഐ 54-ൽ മികച്ച ചിത്രത്തിനുള്ള 'സുവർണ്ണ മയൂരം' നേടി
ന്യൂ ഡൽഹി: 28 നവംബർ 2023
വിവിധ വിഭാഗങ്ങളിലെ മികവിനെ അംഗീകരിച്ചുകൊണ്ട്, 54-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (IFFI) അഭിമാനകരമായ 'സുവർണ്ണ മയൂരം' ഇന്ന് പ്രഖ്യാപിച്ചു. ഇന്ന് ഗോവയിലെ ഡോ. ശ്യാമ പ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നടന്ന വർണ്ണാഭമായ സമാപന ചടങ്ങിൽ ചലച്ചിത്ര രംഗത്തെ പ്രമുഖർ അടങ്ങുന്ന അന്താരാഷ്ട്ര ജൂറി പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. ഗോവയിൽ നടന്ന മേളയിൽ 12 അന്താരാഷ്‌ട്ര സിനിമകളും 3 ഇന്ത്യൻ സിനിമകളും അടങ്ങുന്ന 15 മികവുറ്റ ചിത്രങ്ങളാണ് സുവർണ മയൂരം പുരസ്‌കാരത്തിനായി മത്സരിച്ചത്. 40 ലക്ഷം രൂപയും പ്രശസ്തി പത്രവും സുവർണ മയൂര മെഡലും അടങ്ങുന്നതാണ് പുരസ്കാരം.
അബ്ബാസ് അമിനി സംവിധാനം ചെയ്ത പേർഷ്യൻ ചിത്രം 'എൻഡ്‌ലെസ് ബോർഡേഴ്‌സി'ന് മികച്ച ചിത്രത്തിനുള്ള ' സുവർണ്ണമയൂരം' ലഭിച്ചു.
ബൾഗേറിയൻ സംവിധായകൻ സ്റ്റീഫൻ കോമന്ദരേവ് 'ബ്ലാഗാസ് ലെസൻസ്' എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള 'രജതമയൂരം ' കരസ്ഥമാക്കി. 15 ലക്ഷം രൂപയും പ്രശസ്തിപത്രവും രജതമയൂര മെഡലും അടങ്ങുന്നതാണ് പുരസ്കാരം.
അബ്ബാസ് അമിനി സംവിധാനം ചെയ്ത പേർഷ്യൻ ചിത്രമായ 'എൻഡ്‌ലെസ് ബോർഡേഴ്‌സി'ലെ അഭിനയത്തിന് നടൻ പൗറിയ റഹിമി സാമിനെ മികച്ച നടനായി ഏകകണ്ഠമായി തിരഞ്ഞെടുത്തു. 10 ലക്ഷം രൂപയും പ്രശസ്തിപത്രവും രജത മയൂരം മെഡലും അടങ്ങുന്നതാണ് പുരസ്കാരം.
ഫ്രഞ്ച് നടി, മെലനി തിയറി, 'പാർട്ടി ഓഫ് ഫൂൾസി'ലെ അഭിനയത്തിന് മികച്ച നടിക്കുള്ള രജതമയൂരത്തിന് അർഹയായി. 10 ലക്ഷം രൂപയും പ്രശസ്തിപത്രവും രജതമയൂര മെഡലും അടങ്ങുന്നതാണ് പുരസ്കാരം.
നിരൂപക പ്രശംസ നേടിയ ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ് ഋഷഭ് ഷെട്ടി 'കാന്താര'യിലൂടെ പ്രത്യേക ജൂറി അവാർഡ് നേടി. രജതമയൂരം മെഡലും 15 ലക്ഷവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരം.
ഒരു നവാഗത സംവിധായകന്റെ മികച്ച ചിത്രത്തിനുള്ള അവാർഡ്, 'വെൻ ദി സീഡ്ലിംഗ്സ് ഗ്രോ' എന്ന ചിത്രത്തിന് റെജർ ആസാദ് കയ എന്ന സംവിധായകന് ലഭിച്ചു. ഈ വിഭാഗത്തിൽ രജതമയൂര മെഡലിനും 10 ലക്ഷം രൂപ ക്യാഷ് പ്രൈസിനും സർട്ടിഫിക്കറ്റിനുമായി അഞ്ച് അന്താരാഷ്‌ട്ര ചിത്രങ്ങളും രണ്ട് ഇന്ത്യൻ സിനിമകളും മത്സരിച്ചു.
വിശദ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://pib.gov.in/PressReleseDetailm.aspx?PRID=1980531
********************************
(Release ID: 1980567)
Visitor Counter : 143