പ്രധാനമന്ത്രിയുടെ ഓഫീസ്‌

വിശുദ്ധ മീരാബായിയുടെ ജന്മോത്സവത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു; ആഘോഷങ്ങൾ നടന്നത് ഉത്തർപ്രദേശിലെ മഥുരയിൽ


“വിശുദ്ധ മീരാബായിയുടെ 525-ാംജന്മവാർഷികം ​വെറുമൊരു ജന്മവാർഷികം മാത്രമല്ല; മറിച്ച്, ഇന്ത്യയിലെ സംസ്കാരത്തിന്റെയാകെയും സ്നേഹത്തിന്റെ പാരമ്പര്യത്തിന്റെയും ആഘോഷമാണ്”

“ഭക്തിയിലൂടെയും ആത്മീയതയിലൂടെയും മീരാബായി ഇന്ത്യയുടെ ചേതനയെ പരിപോഷിപ്പിച്ചു”

“യുഗങ്ങളായി ഭാരതം നാരീശക്തിക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്നു”

“വികസനക്കുതിപ്പിൽ മഥുരയും ബ്രജും പിന്നിലാകില്ല”

“ബ്രജ് മേഖലയിലെ വികസനങ്ങൾ രാജ്യത്തിന്റെ പുനരുജ്ജീവന ബോധത്തിന്റെ മാറ്റത്തിന്റെ പ്രതീകങ്ങളാണ്”


Posted On: 23 NOV 2023 7:48PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ മഥുരയിൽ വിശുദ്ധ മീരാബായിയുടെ 525-ാം ജന്മദിനം ആഘോഷിക്കുന്ന പരിപാടിയായ വിശുദ്ധ മീരാബായി ജന്മോത്സവത്തിൽ പങ്കെടുത്തു. വിശുദ്ധ മീരാബായിയുടെ സ്മരണാർഥം സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി മോദി പുറത്തിറക്കി. പ്രദർശനമേളയും സാംസ്കാരിക പരിപാടിയും അദ്ദേഹം വീക്ഷിച്ചു. വിശുദ്ധ മീരാബായിയുടെ സ്മരണയ്ക്കായി ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ആരംഭം കുറിക്കലായിരുന്നു ഇന്ന്.

സദസ‌ിനെ അഭിസംബോധന ചെയ്യവേ, ബ്രജ് ഭൂമിയിലും ബ്രജിലെ ജനങ്ങൾക്കിടയിലും എത്താനായതിൽ പ്രധാനമന്ത്രി സന്തോഷവും  കൃതജ്ഞതയും പ്രകടിപ്പിച്ചു. വിശുദ്ധ ഭൂമിയുടെ പ്രാധാന്യം കണക്കിലെടുത്ത് അദ്ദേഹം ശ്രദ്ധാഞ്ജലി അർപ്പിച്ചു. ശ്രീകൃഷ്ണനെയും രാധാ റാണിയെയും മീരാ ബായിയെയും ബ്രജിലെ സന്ന്യാസിമാരെയും അദ്ദേഹം വണങ്ങി. മഥുരയിൽനിന്നുള്ള പാർലമെന്റംഗമെന്ന നിലയിൽ ശ്രീമതി ഹേമമാലിനിയുടെ പ്രയത്നങ്ങളെ പ്രശംസിച്ച പ്രധാനമന്ത്രി, അവർ ശ്രീകൃഷ്ണഭക്തിയിൽ പൂർണമായും മുഴുകിയിരിക്കുകയാണെന്നും പറഞ്ഞു.

ശ്രീകൃഷ്ണനും മീരാബായിക്കും ഗുജറാത്തുമായുള്ള ബന്ധം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, തന്റെ മഥുര സന്ദർശനത്തെ ഇതു കൂടുതൽ സവിശേഷമാക്കുന്നുവെന്നും പറഞ്ഞു. “ഗുജറാത്ത് സന്ദർശിച്ചശേഷം മഥുരയിലെ കനയ്യ ദ്വാരകാധീശനായി രൂപാന്തരപ്പെട്ടു”- അദ്ദേഹം പറഞ്ഞു. രാജസ്ഥാനിൽനിന്നുള്ള വിശുദ്ധ മീരാബായി, മഥുരയുടെ ഇടനാഴികൾ സ്നേഹവും വാത്സല്യവുംകൊണ്ടു നിറച്ചു. തന്റെ അവസാന നാളുകൾ ഗുജറാത്തിലെ ദ്വാരകയിലാണ് അവർ ചെലവഴിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിലും രാജസ്ഥാനിലുമായി വ്യാപിച്ചുകിടക്കുന്ന ബ്രജ് സന്ദർശിക്കാൻ അവസരം ലഭിക്കുമ്പോൾ ഗുജറാത്തിൽ നിന്നുള്ളവർ അതു ദ്വാരകാധീശന്റെ അനുഗ്രഹമായി കണക്കാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 2014ൽ വാരാണസിയിൽ നിന്നുള്ള എംപിയായതു മുതൽ താൻ ഉത്തർപ്രദേശിന്റെ ഭാഗമാണെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.

വ‌ിശുദ്ധ മീരാബായിയുടെ 525-ാംജന്മവാർഷികം വെറുമൊരു ജന്മവാർഷികമല്ലെന്നും “ഇന്ത്യയിലെ സംസ്കാരത്തിന്റെയാകെയും സ്നേഹത്തിന്റെ പാരമ്പര്യത്തിന്റെയും ആഘോഷമാണെ”ന്നും പ്രധാനമന്ത്രി പറഞ്ഞു. “നരനെയും നാരായണനെയും, ജീവനെയും ശിവനെയും, ഭക്തനെയും ദൈവത്തെയും ഒന്നായി കണക്കാക്കുന്ന ചിന്തയുടെ ആഘോഷം” – അദ്ദേഹം പറഞ്ഞു.

ത്യാഗത്തിന്റെയും വീര്യത്തിന്റെയും നാടായ രാജസ്ഥാനില്‍ നിന്നാണ് മീരാബായി വരുന്നതെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ഉത്തര്‍പ്രദേശിന്റെയും രാജസ്ഥാന്റെയും ഭാഗമാണ് 84 'കോസ്' ബ്രജ് മണ്ഡലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മീരാബായി ഇന്ത്യയുടെ ബോധത്തെ ഭക്തിയോടും ആത്മീയതയോടും കൂടി പരിപോഷിപ്പിച്ചു. മീരബായിയുടെ സ്മരണയില്‍ നടക്കുന്ന ഈ ചടങ്ങ് ഇന്ത്യയുടെ ഭക്തി പാരമ്പര്യത്തോടൊപ്പം ഇന്ത്യയുടെ വീര്യത്തെയും ത്യാഗത്തെയും കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നു, കാരണം രാജസ്ഥാനിലെ ജനങ്ങള്‍ ഇന്ത്യയുടെ സംസ്‌കാരവും അറിവും സംരക്ഷിക്കാനായി അടിയുറച്ച് നിന്നിട്ടുള്ളവരാണ്.
ഭാരതം നാരീശക്തിയില്‍ യുഗങ്ങളായി അര്‍പ്പിക്കപ്പെട്ടിരിക്കുന്നു, മറ്റാരേക്കാളും അത് അംഗീകരിച്ചിട്ടുള്ളത് ബ്രജ്‌വാസികളാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കനയ്യയുടെ നാട്ടില്‍, എല്ലാ സ്വാഗതവും അഭിസംബോധനയും ആശംസകളും ആരംഭിക്കുന്നത് 'രാധേ രാധേ' എന്നാണ്. "രാധ എന്ന് മുന്നില്‍ ചേര്‍ക്കുമ്പോള്‍ മാത്രമേ കൃഷ്ണന്റെ പേര് പൂര്‍ണമാകൂ", പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രനിര്‍മ്മാണത്തിനും സമൂഹത്തിന് മുന്നോട്ടുള്ള വഴിയൊരുക്കുന്നതിനും സ്ത്രീകള്‍ നല്‍കിയ സംഭാവനകള്‍ക്ക് കാരണം ഈ ആദർശങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മീരാബായി ഒരു ഉത്തമ ഉദാഹരണമാണെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, മീരബായി എഴുതിയ ഒരു ഈരടി പാരായണം ചെയ്യുകയും, ആകാശത്തിനും ഭൂമിക്കും ഇടയില്‍ വീഴുന്നതെന്തും ഒടുവില്‍ അവസാനിക്കുമെന്ന് അർത്ഥം വരുന്ന, അതില്‍ അന്തര്‍ലീനമായ സന്ദേശം വിശദീകരിക്കുകയും ചെയ്തു.


ഒരു സ്ത്രീയുടെ ആന്തരിക ശക്തി ലോകത്തെ മുഴുവന്‍ നയിക്കാന്‍ പ്രാപ്തമാണെന്ന് മീരാബായി ആ വിഷമഘട്ടങ്ങളിൽ തെളിയിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. സന്യാസി രവിദാസ് ആയിരുന്നു മീരാബായിയുടെ ഗുരു. വിശുദ്ധ മീരാബായി ഒരു മികച്ച സാമൂഹിക പരിഷ്‌കര്‍ത്താവ് കൂടിയായിരുന്നു. മീരാബായിയുടെ കവിതകൾ ഇന്നും നമുക്ക് ശരിയായ പാത കാണിച്ചുതരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നടപ്പുരീതികള്‍ക്കു വിധേയമാകാതെ നമ്മുടെ മൂല്യങ്ങളുമായുള്ള  ബന്ധം എപ്പോഴും നിലനിര്‍ത്താന്‍ മീരാബായി നമ്മെ പഠിപ്പിക്കുന്നു.


ഇന്ത്യയുടെ അനശ്വരമായ ചൈതന്യം ഉയര്‍ത്തിക്കാട്ടാന്‍ പ്രധാനമന്ത്രി മോദി ഈ അവസരം വിനിയോഗിച്ചു. ഇന്ത്യയുടെ പ്രജ്ഞ ആക്രമിക്കപ്പെടുകയോ ദുര്‍ബലമാകുകയോ ചെയ്യുമ്പോള്‍ നയിക്കാന്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നിന്ന് ഏതെങ്കിലും ഊര്‍ജ്ജ സ്രോതസ്സ് എല്ലായ്‌പ്പോഴും ഉണർവോടെ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചില പ്രഗത്ഭര്‍ യോദ്ധാക്കളായപ്പോള്‍ ചിലര്‍ വിശുദ്ധരായി മാറി. ഭക്തിപ്രസ്ഥാനകാലത്തെ സന്യാസിമാരായ അലവര്‍, നായനാര്‍ സന്യാസിമാര്‍, ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആചാര്യ രാമാനുജാചാര്യ, ഉത്തരേന്ത്യയില്‍ നിന്നുള്ള തുളസിദാസ്, കബീര്‍ദാസ്, രവിദാസ്, സൂര്‍ദാസ്, പഞ്ചാബില്‍ നിന്നുള്ള ഗുരു നാനാക് ദേവ്, കിഴക്ക് ബംഗാളില്‍ നിന്നുള്ള ചൈതന്യ മഹാപ്രഭു, പടിഞ്ഞാറ് ഗുജറാത്തില്‍ നിന്നുള്ള നരസിംഹ മേത്തയും മഹാരാഷ്ട്രയില്‍ നിന്നുള്ള തുക്കാറാമും നാംദേവും എന്നിവരുടെ ഉദാഹരണങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. അവര്‍ ത്യാഗത്തിന്റെ പാത കെട്ടിപ്പടുക്കുകയും ഇന്ത്യയെ വാര്‍ത്തെടുക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാഷകളും സംസ്‌കാരങ്ങളും പരസ്പരം വ്യത്യസ്തമാണെങ്കിലും അവരുടെ സന്ദേശം ഒന്നുതന്നെയാണെന്നും തങ്ങളുടെ ഭക്തിയും അറിവും കൊണ്ട് അവര്‍ രാജ്യത്തിനു മുഴുവന്‍ അടിത്തറ നല്‍കുകയായിരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.


'' ഭക്തി പ്രസ്ഥാനങ്ങളുടെ (ഭക്തി ആന്ദോളന്റെ) വിവിധ ധാരകളുടെ സംഗമസ്ഥാനമാണ് മഥുര"യെന്ന് രാഷ്ട്രത്തിന്റെ ബോധത്തില്‍ പുതിയ പ്രാണനുണര്‍ത്തിയ മാലുക് ദാസ്, ചൈതന്യ മഹാപ്രഭു, മഹാപ്രഭു വല്ലഭാചാര്യ, സ്വാമി ഹരിദാസ്, സ്വാമി ഹിത് ഹരിവംശ് മഹാപ്രഭു എന്നിവരുടെ ഉദാഹരണങ്ങള്‍ നിരത്തി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ''ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹത്തോടെയാണ് ഇന്ന് ഈ ഭക്തി യജ്ഞം മുന്നോട്ട് കൊണ്ടുപോകുന്നത്'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇന്ത്യയുടെ മഹത്തായ ഭൂതകാലത്തെക്കുറിച്ച് ബോധമില്ലാത്ത ആളുകള്‍ക്ക് അടിമത്ത മനോഭാവത്തില്‍ നിന്ന് സ്വയം മോചിതരാകാനാകാത്തതിനാല്‍ ബ്രജ് ഭൂമിയുടെ വികസനം നഷ്ടപ്പെടുത്തിയെന്നും അതുകൊണ്ട് മഥുരയ്ക്ക് അര്‍ഹമായ ശ്രദ്ധ ലഭിച്ചില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അമൃത് കാലിന്റെ ഈ സമയത്ത് രാജ്യം ആദ്യമായി അടിമത്ത മനോഭാവത്തില്‍ നിന്ന് കരകയറിയതായി പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയുടെ കൊത്തളത്തില്‍ നിന്ന് പഞ്ചപ്രാണുകളുടെ പ്രതിജ്ഞയെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ''മഥുരയും ബ്രജും ഈ വികസനക്കുതിപ്പിൽ പിന്നിലാകില്ല,'' നവീകരിച്ച മഹത്തായ കാശി വിശ്വനാഥ് ധാം, കേദാര്‍ നാഥ് ധാം, വരാനിരിക്കുന്ന ശ്രീരാമക്ഷേത്രത്തിന്റെ ദിനം എന്നിവ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ബ്രജിന്റെ വികസനത്തിനായി 'ഉത്തര്‍പ്രദേശ് ബ്രജ് തീര്‍ഥ് വികാസ് പരിഷത്ത് സ്ഥാപിച്ച'തില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ''ഭക്തജനങ്ങളുടെ സൗകര്യത്തിനും തീര്‍ത്ഥാടന വികസനത്തിനുമായി ഈ കൗണ്‍സില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്'', അദ്ദേഹം പറഞ്ഞു.


ഈ മേഖല മുഴുവനും കൃഷ്ണന്റെ ലീലകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആവര്‍ത്തിച്ച മോദി, വിവിധ സംസ്ഥാനങ്ങളില്‍ സ്ഥിതിചെയ്യുന്ന മഥുര, വൃന്ദാവന്‍, ഭരത്പൂര്‍, കരൗളി, ആഗ്ര, ഫിറോസാബാദ്, കാസ്ഗഞ്ച്, പല്‍വാല്‍, ബല്ലഭ്ഗഡ് തുടങ്ങിയ പ്രദേശങ്ങളുടെ ഉദാഹരണങ്ങളും നല്‍കി. വിവിധ സംസ്ഥാന ഗവണ്‍മെന്റുകളുമായി സഹകരിച്ചുകൊണ്ട് ഈ മേഖലയാകെ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റ് നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.


ബ്രജ് മേഖലയിലും രാജ്യത്തും സംഭവിക്കുന്ന മാറ്റങ്ങളും വികസനങ്ങളും കേവലം വ്യവസ്ഥിതിയുടെ മാറ്റം മാത്രമല്ലെന്നും മാറികൊണ്ടിരിക്കുന്ന രാഷ്ട്രത്തിന്റെ പുനരുജ്ജീവന ബോധത്തിലെ മാറ്റത്തിന്റെ പ്രതീകമാണെന്നും പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ''ഇന്ത്യ എവിടെ പുനര്‍ജനിക്കപ്പെടുന്നുവോ അവിടെയെല്ലാം ശ്രീകൃഷ്ണന്റെ അനുഗ്രഹം തീര്‍ച്ചയായും ഉണ്ടാകും എന്നതിന്റെ തെളിവാണ് മഹാഭാരതം'', രാജ്യം അതിന്റെ പ്രതിജ്ഞകള്‍ പൂര്‍ത്തീകരിക്കുമെന്നതിനും ഒരു വികസിത ഭാരതം നിര്‍മ്മിക്കുമെന്നതിനും അടിവരയിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു.


ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിമാരായ ശ്രീ കേശവ് പ്രസാദ് മൗര്യ, ശ്രീ ബ്രജേഷ് പഥക്, മഥുരയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം ശ്രീമതി ഹേമമാലിനി എന്നിവര്‍ മറ്റു പ്രമുഖർക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു.

 

SK

(Release ID: 1979284) Visitor Counter : 73