പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രണ്ടാം വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം

Posted On: 17 NOV 2023 11:43AM by PIB Thiruvananthpuram

ശ്രേഷ്ഠരേ,

ഞാന്‍ നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

ശ്രേഷ്ഠരേ,

140 കോടി ഇന്ത്യക്കാര്‍ക്ക് വേണ്ടി, 2-ാമത് വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിലേക്ക് നിങ്ങളെ എല്ലാവരെയും ഞാന്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. 21-ാം നൂറ്റാണ്ടിലെ, മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ ഏറ്റവും സവിശേഷമായ വേദിയാണ് വോയ്സ് ഓഫ് ഗ്ലോബല്‍ സൗത്ത്. ഭൂമിശാസ്ത്രപരമായി, ഗ്ലോബൽ സൗത്ത് എല്ലായ്‌പ്പോഴും നിലനിന്നിരുന്നു. എന്നാല്‍ ഇത്തരമൊരു പ്രാതിനിധ്യം ആദ്യമായിട്ടാണ് ലഭിക്കുന്നത്. നമ്മുടെ എല്ലാവരുടെയും കൂട്ടായ പരിശ്രമം കൊണ്ടാണ് ഇത് സാധ്യമായത്. 100ല്‍ അധികം വ്യത്യസ്ത രാജ്യങ്ങളാണെങ്കിലും നമുക്ക് സമാനമായ താല്‍പ്പര്യങ്ങളും മുന്‍ഗണനകളുമനുള്ളത്.

സുഹൃത്തുക്കളേ, 

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, ഭാരതം ജി-20 യുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തപ്പോള്‍, ഗ്ലോബൽ സൗതിൻ്റെ ശബ്ദം ലോകത്തിനു മുന്നില്‍ എത്തിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമായി ഞങ്ങള്‍ കണക്കാക്കി. ജി-20യെ ആഗോളതലത്തില്‍ ഉള്‍ക്കൊള്ളുന്നതും മനുഷ്യകേന്ദ്രീകൃതവുമാക്കുക എന്നതായിരുന്നു ഞങ്ങളുടെ മുന്‍ഗണന. ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ നടപ്പാക്കുന്ന ജനങ്ങളുടെ വികസനമാണ് ജി-20യുടെ ഊന്നലെന്ന്  ഉറപ്പാക്കാനായിരുന്നു ഞങ്ങളുടെ ശ്രമം. ഈ ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ ഈ വര്‍ഷം ജനുവരിയില്‍ ആദ്യമായി വോയ്സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടി സംഘടിപ്പിച്ചത്. ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന 200-ലധികം ജി-20 യോഗങ്ങളില്‍, ഗ്ലോബൽ സൗത്തിൻ്റെ മുന്‍ഗണനകള്‍ക്ക് ഞങ്ങള്‍ പ്രാധാന്യം നല്‍കി. തല്‍ഫലമായി, നേതാക്കളുടെ ന്യൂഡല്‍ഹി പ്രഖ്യാപനത്തില്‍ ഗ്ലോബൽ സൗത്ത് വിഷയങ്ങളില്‍ എല്ലാവരുടെയും സമ്മതം നേടുന്നതില്‍ ഞങ്ങള്‍ വിജയിച്ചു.

ശ്രേഷ്ഠരേ,

ജീ-20 ഉച്ചകോടിയില്‍,ഗ്ലോബൽ സൗത്ത് താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത്, എടുത്ത ചില സുപ്രധാന തീരുമാനങ്ങൾ നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഭാരതത്തിന്റെ ശ്രമഫലമായി ആഫ്രിക്കന്‍ യൂണിയന് ന്യൂഡല്‍ഹി ഉച്ചകോടിയില്‍ ജി-20 സ്ഥിരാംഗത്വം ലഭിച്ച ആ ചരിത്ര നിമിഷം എനിക്ക് മറക്കാന്‍ കഴിയില്ല. ബഹുമുഖ വികസന ബാങ്കുകളില്‍ വലിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരണമെന്നും വികസ്വര രാജ്യങ്ങള്‍ക്ക് സുസ്ഥിര ധനസഹായം നല്‍കുന്നതില്‍ ഊന്നല്‍ നല്‍കണമെന്നും ജി-20യിലെ എല്ലാവരും സമ്മതിച്ചു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മന്ദഗതിയിലായിരുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് ഒരു കര്‍മ്മ പദ്ധതിയും രൂപീകരിച്ചു. ഇത് ഗ്ലോബൽ സൗത്ത്  രാജ്യങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടികളെ ശക്തിപ്പെടുത്തും. ഇത്തവണ ജി 20 കാലാവസ്ഥാ ധനകാര്യത്തില്‍ അഭൂതപൂര്‍വമായ ഗൗരവം കാണിച്ചു. ഗ്ലോബൽ സൗത്ത് രാജ്യങ്ങള്‍ക്ക് കാലാവസ്ഥാ പരിവര്‍ത്തനത്തിനുള്ള സാമ്പത്തി സഹായവും സാങ്കേതികവിദ്യയും എളുപ്പത്തില്‍ നല്‍കാനും ധാരണയായിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ ജീവിതശൈലിയുടെ ഉയര്‍ന്ന തലത്തിലുള്ള തത്വങ്ങള്‍, കാലാവസ്ഥാ പ്രവര്‍ത്തനത്തിനായി സ്വീകരിച്ചു. ഈ ഉച്ചകോടിയില്‍ ആഗോള ജൈവ ഇന്ധന സഖ്യം ആരംഭിച്ചു. ഗ്ലോബൽ സൗത്തിലെ രാജ്യങ്ങളെ സംബന്ധിച്ചെടുത്തോളം ഇത് വളരെ പ്രധാനമാണ്. ഒപ്പം നിങ്ങളെല്ലാവരും അതില്‍ ചേരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

വടക്കും തെക്കും തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കനുള്ള ഒരു കാരണമായി പുതിയ സാങ്കേതികവിദ്യ മാറരുതെന്ന് ഭാരതം കരുതുന്നു. ഇന്ന്, ഈ നിര്‍മിത ബുദ്ധി യുഗത്തില്‍, സാങ്കേതികവിദ്യയെ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ്. ഇത് മുന്നോട്ട് കൊണ്ടുപോകുന്നതിനായി അടുത്ത മാസം ഭാരതത്തില്‍ എഐ ആഗോള പങ്കാളിത്ത ഉച്ചകോടി സംഘടിപ്പിക്കുന്നുണ്ട്. ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യത്തിനായുള്ള ഫ്രെയിംവർക്, അതായത് ഡിപിഐ, ജി-20 അംഗീകരിച്ചു. ഇത് അവശ്യ സേവനങ്ങളുടെ ഏതറ്റം വരെയുമുള്ള ലഭ്യതയെ സഹായിക്കുകയും ഉള്‍പചേർക്കൽ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ആഗോള ഡിപിഐ ശേഖരം സൃഷ്ടിക്കാനും ധാരണയായിട്ടുണ്ട്. ഇതിന് കീഴില്‍, ഭാരതം അതിന്റെ കഴിവുകള്‍ മുഴുവന്‍ ഗ്ലോബൽ സൗത്ത് രാജ്യങ്ങളുമായി പങ്കിടാന്‍ തയ്യാറാണ്.

ഗ്ലോബൽ സൗത്ത് രാജ്യങ്ങളെയാണ് ഏതൊരു പ്രകൃതി ദുരന്തവും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഇതിനെ നേരിടാന്‍, പ്രകൃതി ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യ സഖ്യം ( സിഡിആര്‍ഐ ) തുടങ്ങിയിരുന്നു. ഇപ്പോള്‍ ജി-20യില്‍ പ്രകൃതി ദുരന്ത വെല്ലുവിളി കുറയ്ക്കുന്നതിനും പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി ഒരു പുതിയ വർക്കിംഗ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്.

ഭാരതത്തിന്റെ ആഭിമുഖ്യത്തില്‍ ഐക്യരാഷ്ട്രസഭ ഈ വര്‍ഷം ചെറുധാന്യങ്ങളുടെ അന്താരാഷ്ട്ര വര്‍ഷമായി ആചരിക്കുന്നു. ജി-20ക്കു കീഴില്‍, മികച്ച ചെറുധാന്യങ്ങളെക്കുറിച്ചുള്ള ഗവേഷണം ഏറ്റെടുക്കുന്നതിന് ഒരു പുതിയ സംരംഭം ആരംഭിച്ചിട്ടുണ്ട്, അതിന് ഞങ്ങള്‍ ഭാരതത്തില്‍ 'ശ്രീ അന്ന' എന്ന പേരു നല്‍കി. കാലാവസ്ഥാ വ്യതിയാനം, വിഭവ ദൗര്‍ലഭ്യം എന്നിവയില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഭക്ഷ്യസുരക്ഷാ ആശങ്കകള്‍ പരിഹരിക്കാന്‍ ഗ്ലോബൽ സൗത്ത് രാജ്യങ്ങളെ ഇത് പ്രാപ്തമാക്കും.

ജി-20യില്‍ ആദ്യമായി സുസ്ഥിരവും സമുദ്രാധിഷ്ഠിതവുമായ സമ്പദ്വ്യവസ്ഥയ്ക്ക് ഊന്നല്‍ നല്‍കി. വലിയ സമുദ്ര രാജ്യങ്ങളായി ഞാൻ കണക്കാക്കുന്ന ദക്ഷിണ ലോകത്തെ ചെറുദ്വീപ് വികസ്വര രാജ്യങ്ങള്‍ക്ക് ഇവ വളരെ പ്രധാനമാണ്. ആഗോള മൂല്യ ശൃംഖല മാപ്പിംഗിനും ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കുന്നതിനുമുള്ള സുപ്രധാന തീരുമാനങ്ങള്‍ ഉച്ചകോടിയില്‍ എടുത്തു. ഇത് ദക്ഷിണ ലോകത്തെ രാജ്യങ്ങളിലെ എംഎസ്എംഇ മേഖലയ്ക്കും വ്യവസായത്തിനും പുതിയ അവസരങ്ങള്‍ തുറക്കും.

ശ്രേഷ്ഠരേ,

ആഗോള പുരോഗതിക്ക് എല്ലാവരുടെയും പിന്തുണയും എല്ലാവരുടെയും വികസനവും ആവശ്യമാണ്. എന്നാല്‍ പശ്ചിമേഷ്യയിലെ സംഭവങ്ങളില്‍ നിന്ന് പുതിയ വെല്ലുവിളികള്‍ ഉയര്‍ന്നുവരുന്നത് നാമെല്ലാവരും കാണുന്നു. ഒക്ടോബര്‍ 7 ന് ഇസ്രായേലില്‍ നടന്ന ഹീനമായ ഭീകരാക്രമണത്തെ ഭാരതം അപലപിച്ചിരുന്നു. സംയമനത്തിനും സംഭാഷണത്തിനും നയതന്ത്രത്തിനും ഞങ്ങള്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷത്തില്‍  പൊതുജനങ്ങളുടെ മരണത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി സംസാരിച്ചതിന് ശേഷം ഞങ്ങള്‍ ഫലസ്തീനിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായവും അയച്ചിട്ടുണ്ട്. ഗ്ലോബൽ സൗത്ത് രാജ്യങ്ങള്‍ വലിയ ആഗോള നന്മയ്ക്കായി ഒരേ സ്വരത്തില്‍ സംസാരിക്കേണ്ട സമയമാണിത്.

'ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി' എന്നതിനായി, നമുക്കെല്ലാവര്‍ക്കും 5-'സി'കള്‍ക്കൊപ്പം മുന്നോട്ട് പോകാം. കൂടിയാലോചന (കണ്‍സള്‍ട്ടേഷന്‍), സഹകരണം (കോപ്പറേഷന്‍),  ആശയവിനിമയം ( കമ്യൂണിക്കേഷന്‍), സര്‍ഗ്ഗാത്മകത (ക്രിയേറ്റിവിറ്റി) ശേഷി വര്‍ദ്ധിപ്പിക്കല്‍ (കപ്പാസിറ്റി ബില്‍ഡിംഗ്).

ശ്രേഷ്ഠരേ,

ഒന്നാം വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയിൽ ഗ്ലോബൽ സൗത്തിന് ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു. ഇന്ന്, ' വികസനവും വിജ്ഞാനവും പങ്കിടല്‍ സംരംഭം- ഗ്ലോബല്‍ സൗത്ത് സെന്റര്‍ ഓഫ് എക്‌സലന്‍സ്' ഉദ്ഘാടനം ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ജി-20 ഉച്ചകോടിക്കിടെ, ഗ്ലോബൽ സൗത്തിലെ കാലാവസ്ഥയും ഋതുവിശേഷവും നിരീക്ഷിക്കുന്നതിനായി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കണമെന്ന് ഭാരതത്തിന് വേണ്ടി ഞാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഞങ്ങള്‍ ദ്രുതഗതിയില്‍ അതിനായി പ്രവര്‍ത്തിക്കുന്നു.

സുഹൃത്തുക്കളേ,

ഈ ചിന്തകളോടെ ഞാന്‍ എന്റെ പ്രസ്താവന അവസാനിപ്പിക്കുന്നു. ഇപ്പോള്‍, നിങ്ങളുടെ ചിന്തകള്‍ കേള്‍ക്കാന്‍ ഞാന്‍ വളരെ ആവേശത്തിലാണ്. ഇത്രയും വലിയ തോതിലുള്ള നിങ്ങളുടെ സജീവ പങ്കാളിത്തത്തിന് ഞാന്‍ നിങ്ങളോട് എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.

വളരെ നന്ദി!

 

NK


(Release ID: 1979051) Visitor Counter : 88