പ്രധാനമന്ത്രിയുടെ ഓഫീസ്
സുരക്ഷാസേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെ ഹിമാചൽ പ്രദേശിലെ ലെപ്ചയിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
Posted On:
12 NOV 2023 4:28PM by PIB Thiruvananthpuram
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഭാരതമാതാവിനെ വാഴ്ത്തുന്നതിന്റെ ഈ പ്രതിധ്വനിയും ഇന്ത്യൻ സൈന്യങ്ങളുടെയും പ്രതിരോധ സേനകളുടെയും ധീരതയുടെ ഈ വിളംബരവും ഈ ചരിത്രഭൂമിയും ശുഭകരമായ ഈ ദീപാവലി ഉത്സവവും! ഇത് അത്ഭുതകരമായ യാദൃച്ഛികതയാണ്, അതിശയകരമായ സമന്വയമാണ്. ഉല്ലാസവും സന്തോഷവും നിറഞ്ഞ ഈ നിമിഷം ദീപാവലിയിൽ എനിക്കും നിങ്ങൾക്കും നാട്ടുകാർക്കും പുതിയ വെളിച്ചം പകരുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ഇപ്പോൾ ആദ്യത്തെ ഗ്രാമം എന്ന് വിളിക്കുന്ന, നമ്മുടെ സായുധസേനയെ വിന്യസിച്ചിരിക്കുന്ന, അവസാന ഗ്രാമത്തിന്റെ അതിർത്തിയിൽ, എല്ലാ നാട്ടുകാർക്കുമൊപ്പം ഞാൻ ദീപാവലി ആഘോഷിക്കുമ്പോൾ, എല്ലാ നാട്ടുകാർക്കുമുള്ള ദീപാവലി ആശംസകൾ ഏറെ സവിശേഷമായി മാറുന്നു. ഏവർക്കും എന്റെ ഹൃദയംഗമമായ ആശംസകളും ദീപാവലി ആശംസകളും നേരുന്നു.
എന്റെ കുടുംബാംഗങ്ങളേ,
വളരെ ഉയരത്തിലുള്ള ലെപ്‌ചയിൽ ഞാൻ ഇപ്പോൾ എത്തിയതേയുള്ളൂ. കുടുംബത്തിന്റെ സാന്നിധ്യത്തിൽ മാത്രമേ ഉത്സവങ്ങൾ ആഘോഷിക്കാറുള്ളൂ എന്നാണ് വിശ്വാസം. ആഘോഷ ദിനത്തിൽ കുടുംബത്തിൽ നിന്ന് അകന്ന് അതിർത്തിയിൽ നിയമിക്കപ്പെടുന്നത് കടമകളോടുള്ള സമർപ്പണത്തിന്റെ അങ്ങേയറ്റമാണ്. ഏവർക്കും അവരുടെ കുടുംബങ്ങളോടൊത്തു കഴിയണമെന്നുണ്ടാകും. പക്ഷേ ഈ വിദൂര കോണിൽ പോലും സങ്കടം നിങ്ങളുടെ മുഖത്ത് ദൃശ്യമല്ല. നിങ്ങളുടെ ഉത്സാഹത്തിന്റെ തോത് ഒട്ടും കുറഞ്ഞിട്ടില്ല. നിങ്ങൾ ഉത്സാഹം നിറഞ്ഞവരാണ്, ഊർജസ്വലരാണ്. കാരണം 140 കോടി ജനങ്ങളുള്ള ഈ വലിയ കുടുംബം നിങ്ങളുടെ സ്വന്തം കുടുംബമാണെന്ന് നിങ്ങൾക്കറിയാം. അതിന് രാജ്യം നിങ്ങളോട് നന്ദിയും കടപ്പാടും പ്രകടിപ്പിക്കുന്നു. അതിനാൽ, ദീപാവലിയിൽ, നിങ്ങളുടെ ക്ഷേമത്തിനായി എല്ലാ വീട്ടിലും ഒരു വിളക്ക് കത്തിക്കുന്നു. അതുകൊണ്ടാണ് എല്ലാ പൂജകളിലും നിങ്ങളെപ്പോലുള്ള വീരന്മാർക്ക് വേണ്ടി പ്രാർഥിക്കുന്നത്. എല്ലാ ദീപാവലിയിലും ഞാൻ എന്റെ പ്രതിരോധ സേനയിലെ സൈനികർക്കിടയിൽ അതേ മനോഭാവത്തോടെ ദിവസം ചെലവഴിക്കുന്നു. ‘അവധ തഹാം ജഹം രാം നിവാസൂ!’ എന്ന് പറയാറുണ്ട്. അതായത് രാമൻ എവിടെ വസിക്കുന്നുവോ അവിടമാണ് അയോധ്യ. എന്നെ സംബന്ധിച്ചിടത്തോളം, എന്റെ ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യമുള്ള, എന്റെ രാജ്യത്തിന്റെ പ്രതിരോധ സേനയെ വിന്യസിച്ചിരിക്കുന്ന സ്ഥലം ഒരു ക്ഷേത്രത്തേക്കാൾ ഒട്ടും പിന്നിലല്ല. നിങ്ങൾ എവിടെയായിരുന്നാലും എനിക്കിത് ഒരുത്സവം പോലെയാണ്. 30-35 വർഷത്തിലേറെയായി ഞാൻ ഇത് ചെയ്തിട്ടുണ്ടാകും. കഴിഞ്ഞ 30-35 വർഷമായി നിങ്ങളെല്ലാവരും ഇല്ലാതെ ഒരു ദീപാവലിപോലും ഞാൻ ആഘോഷിച്ചിട്ടില്ല. ഞാൻ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ അല്ലാതിരുന്നപ്പോഴും ദീപാവലി ദിനത്തിൽ ഭാരതത്തിന്റെ അഭിമാനിയായ പുത്രനെന്ന നിലയിൽ അതിർത്തികളിൽ പോകുമായിരുന്നു. അന്നും ഞാൻ നിങ്ങളോടൊത്ത് പലഹാരങ്ങൾ കഴിക്കുകയും മെസ്സിലിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു. ഷുഗർ പോയിന്റ് എന്നാണ് ഈ സ്ഥലത്തിന്റെ പേര്. നിങ്ങളോടൊപ്പം കുറച്ച് മധുരപലഹാരങ്ങൾ കഴിക്കുന്നതിലൂടെ, എന്റെ ദീപാവലി കൂടുതൽ മധുരതരമായി.
എന്റെ കുടുംബാംഗങ്ങളേ,
ധീരതയുടെ മഷി കൊണ്ട് ഈ നാട് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾ ഇവിടെ ധീരതയുടെ പാരമ്പര്യം സ്ഥിരവും നിത്യഹരിതവും അചഞ്ചലവുമാക്കി. ‘ആസന്ന മൃത്യു കേ സീനേ പർ, ജോ സിംഹനാദ് കർതേ ഹേ. മർ ജാതാ ഹേ കാൽ സ്വയം, പർ വേ വീർ നഹിം മർതേ ഹേ.’ (ആസന്നമായ മരണത്തിനു മുന്നിൽ പോലും സിംഹത്തെപ്പോലെ ഗർജിക്കുന്നവർ; കാലം തന്നെ മരിച്ചാലും ആ ധീരന്മാർ മരിക്കുന്നില്ല). നമ്മുടെ സൈനികർക്ക് എല്ലായ്പോഴും ഈ ധീരമായ ഭൂമിയുടെ പാരമ്പര്യമുണ്ട്, അവരുടെ നെഞ്ചിൽ എല്ലായ്പോഴും ആ തീ ജ്വലിച്ചിട്ടുണ്ട്, അത് എല്ലായ്പോഴും ധീരതയുടെ ഉദാഹരണങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ജീവൻ പണയപ്പെടുത്തി നമ്മുടെ സൈനികർ എന്നും മുൻനിരയിൽ നടന്നിട്ടുണ്ട്. അതിർത്തികളിൽ രാജ്യത്തിന്റെ ഏറ്റവും ശക്തമായ മതിലാണ് തങ്ങളെന്ന് നമ്മുടെ സൈനികർ എപ്പോഴും തെളിയിച്ചിട്ടുണ്ട്.
എന്റെ ധീരരായ സുഹൃത്തുക്കളേ,
ഭാരതത്തിന്റെ സൈന്യങ്ങളും പ്രതിരോധ സേനകളും രാഷ്ട്രനിർമാണത്തിന് അക്ഷീണം സംഭാവനകളേകിയിട്ടുണ്ട്. നമ്മുടെ ധീരരായ യോദ്ധാക്കൾ സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുപിന്നാലെ നിരവധി യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്; എല്ലാ വെല്ലുവിളികളോടും പോരാടി നമ്മുടെ യോദ്ധാക്കൾ രാജ്യത്തിന്റെ ഹൃദയം കീഴടക്കി! നമ്മുടെ ധീരരായ പുത്രന്മാരും പുത്രിമാരും ഏറ്റവും പ്രയാസകരമായ വെല്ലുവിളികളിൽ പോലും വിജയികളായി ഉയർന്നുവന്നു! ഭൂകമ്പം പോലുള്ള ദുരന്തങ്ങളിൽ സൈനികർ എല്ലാ വെല്ലുവിളികളും നേരിടുന്നു! സുനാമി പോലുള്ള സന്ദർഭങ്ങളിൽ കടലിനോട് പോരാടിയാണ് ധീരന്മാർ ജീവൻ രക്ഷിച്ചത്! സൈന്യങ്ങളും പ്രതിരോധ സേനകളും അന്താരാഷ്ട്ര സമാധാന ദൗത്യങ്ങളിൽ ഭാരതത്തിന്റെ ആഗോള യശസ് വർധിപ്പിച്ചു! ഏത് പ്രതിസന്ധിയാണ് നമ്മുടെ നായകർ മറികടക്കാത്തത്? അവർ നാടിന്റെ യശസ്സ് വർധിപ്പിക്കാത്ത ഏതെങ്കിലും മേഖലയുണ്ടോ? ഈ വർഷം, ഐക്യരാഷ്ട്രസഭയിൽ സമാധാനപാലകർക്കായി സ്മാരക ഹാളും ഞാൻ നിർദേശിച്ചു. അത് ഏകകണ്ഠമായി പാസാക്കി. നമ്മുടെ സൈന്യത്തിന്റെയും സൈനികരുടെയും ത്യാഗത്തിന് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന വലിയ അംഗീകാരമാണിത്. ഇത് ആഗോള സമാധാനത്തിനുള്ള അവരുടെ സംഭാവനകളെ അനശ്വരമാക്കും.
സുഹൃത്തുക്കളേ,
പ്രതിസന്ധി ഘട്ടങ്ങളിൽ, നമ്മുടെ സൈന്യവും പ്രതിരോധ സേനയും മാലാഖമാരായി പ്രവർത്തിക്കുകയും ഇന്ത്യക്കാരെ മാത്രമല്ല, വിദേശ പൗരന്മാരെപ്പോലും രക്ഷിക്കുകയും ചെയ്യുന്നു. ഞാൻ ഓർക്കുന്നു, സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ടി വന്നപ്പോൾ, നിരവധി പ്രതിസന്ധികൾ ഉണ്ടായിരുന്നു. എന്നാൽ ഭാരതത്തിലെ ധീരർ അവരുടെ ദൗത്യം ഒരുനഷ്ടവും കൂടാതെ വിജയകരമായി പൂർത്തിയാക്കി. ഭീകരമായ ഭൂകമ്പം ഉണ്ടായപ്പോൾ, നമ്മുടെ പ്രതിരോധ സേന സ്വന്തം ജീവൻ കണക്കിലെടുക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിച്ചത് തുർക്കിയിലെ ജനങ്ങൾ ഇപ്പോഴും ഓർക്കുന്നു. ലോകത്ത് എവിടെയെങ്കിലും ഇന്ത്യക്കാർ ബുദ്ധിമുട്ടിലായാൽ അവരെ രക്ഷിക്കാൻ ഇന്ത്യൻ സൈന്യവും നമ്മുടെ പ്രതിരോധ സേനയും സദാ സജ്ജമാണ്. യുദ്ധം മുതൽ സേവനം വരെയുള്ള എല്ലാ മേഖലകളിലും ഭാരതത്തിന്റെ സൈന്യവും പ്രതിരോധ സേനയും മുൻപന്തിയിൽ തുടരുന്നു. അതുകൊണ്ടാണ് നമ്മുടെ സേനയെക്കുറിച്ച് നാം അഭിമാനിക്കുന്നത്. നമ്മുടെ പ്രതിരോധ സേനയിൽ നാം അഭിമാനിക്കുന്നു, നമ്മുടെ സൈനികരെക്കുറിച്ച് നാം അഭിമാനിക്കുന്നു! നിങ്ങളെയോർത്ത് ഞങ്ങൾ അഭിമാനിക്കുന്നു!
എന്റെ കുടുംബാംഗങ്ങളേ,
ലോകമെമ്പാടുമുള്ള നിലവിലെ സാഹചര്യത്തിൽ, ഭാരതത്തിൽ നിന്നുള്ള പ്രതീക്ഷകൾ തുടർച്ചയായി വർധിക്കുകയാണ്. അത്തരമൊരു സുപ്രധാന കാലഘട്ടത്തിൽ, ഭാരതത്തിന്റെ അതിർത്തികൾ സുരക്ഷിതമായി തുടരുകയും രാജ്യത്ത് സമാധാന അന്തരീക്ഷം നിലനിർത്തുകയും ചെയ്യേണ്ടത് അത്യന്തം നിർണായകമാണ്. നിങ്ങൾ ഇതിൽ പ്രധാന പങ്ക് വഹിക്കുന്നു. എന്റെ ധീരസുഹൃത്തേ, അതിരുകളിൽ ഹിമാലയം പോലെ ഉറച്ചുനിൽക്കുന്നിടത്തോളം ഭാരതം സുരക്ഷിതമാണ്. നിങ്ങളുടെ സേവനങ്ങൾ കൊണ്ടാണ് ഭാരതം സുരക്ഷിതമായതും അഭിവൃദ്ധിയിലേക്ക് നീങ്ങുന്നതും. കഴിഞ്ഞ ദീപാവലി മുതൽ ഈ ദീപാവലി വരെയുള്ള കാലഘട്ടം, അതായത് കഴിഞ്ഞ ഒരു വർഷം, പ്രത്യേകിച്ച് ഭാരത്തെ സംബന്ധിച്ചിടത്തോളം അഭൂതപൂർവമായ നേട്ടങ്ങൾ നിറഞ്ഞതായിരുന്നു. അമൃതകാലത്തിന്റെ ഒരു വർഷം ഭാരതത്തിന്റെ സുരക്ഷയുടെയും സമൃദ്ധിയുടെയും പ്രതീകാത്മക വർഷമായി മാറി. കഴിഞ്ഞ ഒരു വർഷത്തിനിടെ ചന്ദ്രനിൽ മറ്റൊരു രാജ്യത്തിനും എത്താൻ കഴിയാത്ത സ്ഥലത്ത് ഭാരതം ബഹിരാകാശ പേടകം ഇറക്കി. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഭാരതം ആദിത്യ എൽ1 വിജയകരമായി വിക്ഷേപിച്ചു. ഗഗൻയാനുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട പരീക്ഷണവും ഞങ്ങൾ വിജയകരമായി പൂർത്തിയാക്കി. അതേ വർഷം തന്നെ ഭാരതത്തിന്റെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് നാവികസേനയുടെ ഭാഗമായി. ഈ വർഷം തന്നെ ഭാരതം ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ ഫാക്ടറി തുമക്കൂറുവിൽ ആരംഭിച്ചു. അതേ വർഷം തന്നെ അതിർത്തി പ്രദേശങ്ങളുടെ വികസനത്തിനായി ‘ഊർജസ്വലഗ്രാമം’ പരിപാടി ആരംഭിച്ചു. കായിക ലോകത്തും ഭാരതം അതിന്റെ സാന്നിധ്യം ഉറപ്പിച്ചത് നിങ്ങൾ കണ്ടതാണ്. കരസേനയിലെയും പ്രതിരോധ സേനയിലെയും നിരവധി സൈനികർ മെഡലുകൾ നേടി ജനഹൃദയങ്ങൾ കീഴടക്കി. കഴിഞ്ഞ ഒരു വർഷത്തിനിടെ ഏഷ്യൻ, പാരാ ഗെയിംസുകളിൽ നമ്മുടെ താരങ്ങൾ മെഡലുകളിൽ സെഞ്ച്വറി നേടി. അണ്ടർ 19 ക്രിക്കറ്റിൽ നമ്മുടെ വനിതാ താരങ്ങൾ ലോകകപ്പ് നേടി. 40 വർഷങ്ങൾക്ക് ശേഷം ഭാരതം വിജയകരമായി ഐഒസി യോഗം സംഘടിപ്പിച്ചു.
സുഹൃത്തുക്കളേ,
കഴിഞ്ഞ ദീപാവലി മുതൽ ഈ ദീപാവലി വരെയുള്ള കാലഘട്ടം ഇന്ത്യൻ ജനാധിപത്യത്തിന്റെയും ഭാരതത്തിന്റെയും ആഗോള നേട്ടങ്ങളുടെ വർഷം കൂടിയായിരുന്നു. ഈ ഒരു വർഷത്തിനുള്ളിൽ ഭാരതം പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രവേശിച്ചു. പാർലമെന്റിന്റെ പുതിയ മന്ദിരത്തിൽ ആദ്യ സമ്മേളനത്തിൽ തന്നെ നാരീശക്തി വന്ദൻ അധിനിയം പാസാക്കി. ഈ വർഷം തന്നെ ജി-20യുടെ ഏറ്റവും വിജയകരമായ പരിപാടി ഡൽഹിയിൽ നടന്നു. ന്യൂഡൽഹി പ്രഖ്യാപനം, ആഗോള ജൈവ ഇന്ധന സഖ്യം തുടങ്ങിയ സുപ്രധാന കരാറുകളിൽ നാം ഒപ്പുവച്ചു. ഈ കാലയളവിൽ, തത്സമയ പണമിടപാടുകളുടെ കാര്യത്തിൽ, ഭാരതം ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമായി മാറി. ഇതേ കാലയളവിൽ ഭാരതത്തിന്റെ കയറ്റുമതി 400 ബില്യൺ ഡോളർ കവിഞ്ഞു. ഈ കാലയളവിൽ ഭാരതം ആഗോള ജിഡിപിയിൽ അഞ്ചാം സ്ഥാനത്തെത്തി. അതേ കാലയളവിൽ, 5ജി ഉപയോക്തൃ അടിത്തറയുടെ കാര്യത്തിൽ നാം യൂറോപ്പിനെ മറികടന്നു.
സുഹൃത്തുക്കളേ,
കഴിഞ്ഞ ഒരു വർഷം രാഷ്ട്രനിർമാണത്തിന്റെ സുപ്രധാന വർഷമായിരുന്നു. ഈ വർഷം രാജ്യത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിൽ നാം നിരവധി അംഗീകാരങ്ങൾ നേടി. ഇന്ന് ഭാരതം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റോഡ് ശൃംഖലയുള്ള രാജ്യമായി മാറിയിരിക്കുന്നു. ഈ കാലയളവിലാണ് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റിവർ ക്രൂയിസ് സേവനം നാം ആരംഭിച്ചത്. ‘നമോ ഭാരത്’ എന്ന ആദ്യ അതിവേഗ റെയിൽ സർവീസ് രാജ്യത്തിന് സമ്മാനിച്ചു. ഭാരതത്തിലെ 34 പുതിയ പാതകളിൽ വന്ദേ ഭാരത് ട്രെയിനുകളുടെ വേഗതയെത്തി. ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴിക്കും നാം തുടക്കമിട്ടു. ലോകോത്തര കൺവെൻഷൻ സെന്ററുകളായ യശോഭൂമിയും ഭാരത് മണ്ഡപവും ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു. ക്യുഎസ് ലോക റാങ്കിങ്ങിൽ ഏഷ്യയിൽ ഏറ്റവും കൂടുതൽ സർവകലാശാലകളുള്ള രാജ്യമായി ഭാരതം മാറി. അതേ സമയം, കച്ചിലെ ധോർഡോ അതിർത്തിഗ്രാമത്തിന്,ധോർഡോയിലെ ചെറിയ മരുഭൂമി ഗ്രാമത്തിന്, ഐക്യരാഷ്ട്രസഭയുടെ മികച്ച വിനോദസഞ്ചാര ഗ്രാമത്തിനുള്ള പുര്സകാരം ലഭിച്ചു. ശാന്തിനികേതൻ, ഹൊയ്‌സല ക്ഷേത്രങ്ങൾ എന്നിവ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടി.
സുഹൃത്തുക്കളേ,
അതിർത്തികളിൽ നിങ്ങൾ ജാഗ്രത പുലർത്തുന്നിടത്തോളം കാലം, രാജ്യം മെച്ചപ്പെട്ട ഭാവിക്കായി പൂർണഹൃദയത്തോടെ പ്രവർത്തിക്കുന്നത് തുടരും. ഇന്ന്, ഭാരതം അതിന്റെ പൂർണ ശക്തിയോടെ വികസനത്തിന്റെ അനന്തമായ ഉയരങ്ങൾ താണ്ടുകയാണ്. അതിന്റെ ഖ്യാതി നിങ്ങളുടെ ശക്തിക്കും നിങ്ങളുടെ തീരുമാനങ്ങൾക്കും നിങ്ങളുടെ ത്യാഗങ്ങൾക്കുമാണ്.
എന്റെ കുടുംബാംഗങ്ങളേ,
ഭാരതം നൂറ്റാണ്ടുകളുടെ പോരാട്ടങ്ങൾ സഹിച്ചു, കേവല പൂജ്യത്തിൽ നിന്ന് സാധ്യതകൾ സൃഷ്ടിച്ചു. 21-ാം നൂറ്റാണ്ടിലെ ഭാരതം ഇപ്പോൾ സ്വയംപര്യാപ്ത ഭാരതമായി മാറാനുള്ള പാതയിലേക്ക് ചുവടുവച്ചിരിക്കുന്നു. ഇനി നമ്മുടെ തീരുമാനങ്ങളും വിഭവങ്ങളും നമ്മുടേതായിരിക്കും. ഇനി നമ്മുടെ ധൈര്യവും ആയുധങ്ങളും നമ്മുടേതായിരിക്കും. നമ്മുടെ ശക്തി നമ്മുടേതായിരിക്കും, സംരംഭങ്ങളും നമ്മുടേതായിരിക്കും. ഓരോ ശ്വാസത്തിലും നമ്മുടെ വിശ്വാസവും വളരെ വലുതായിരിക്കും. കളിക്കാർ നമ്മുടേതായിരിക്കും, കളി നമ്മുടേതായിരിക്കും, വിജയം നമ്മുടേതായിരിക്കും, നമ്മുടെ പ്രതിജ്ഞ അജയ്യമാണ്; ഉയർന്ന പർവതങ്ങളോ മരുഭൂമിയോ ആഴക്കടലോ വിശാലമായ സമതലമോ ഏതുമാകട്ടെ, ആകാശത്ത് അലയടിക്കുന്ന ഈ ത്രിവർണ പതാക എപ്പോഴും നമ്മുടേതാണ്. ഈ ‘അമൃതകാല’ത്തിൽ, സമയവും നമ്മുടേതായിരിക്കും, സ്വപ്നങ്ങൾ സ്വപ്നങ്ങളായി മാത്രം അവശേഷിക്കില്ല; ആ സ്വപ്നങ്ങളും നാം നിറവേറ്റും; തീരുമാനങ്ങൾ പർവതങ്ങളേക്കാൾ ഉയർന്നതായിരിക്കും. ധീരത മാത്രമായിരിക്കും ഏക പോംവഴി; വേഗതയും അന്തസ്സും ലോകത്ത് ബഹുമാനിക്കപ്പെടും, വമ്പിച്ച വിജയങ്ങളോടെ, ഭാരതം എല്ലായിടത്തും പ്രശംസിക്കപ്പെടും. കാരണം, ഒരാളുടെ ശക്തിയാൽ പൊരുതുന്ന യുദ്ധങ്ങളും അവരുടെ കൈകളിൽ അധികാരമുള്ളവരും സ്വന്തം വിധി സൃഷ്ടിക്കുന്നു. ഭാരതത്തിന്റെ സൈന്യങ്ങളുടെയും പ്രതിരോധ സേനകളുടെയും ശക്തി തുടർച്ചയായി വർധിച്ചുവരികയാണ്. പ്രതിരോധ മേഖലയിലെ പ്രധാന ആഗോളതാരമായി ഭാരതം അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണ്. നമ്മുടെ ചെറിയ ആവശ്യങ്ങൾക്ക് നാം മറ്റുള്ളവരെ ആശ്രയിക്കുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ, ഇന്ന് നാം നമ്മുടെ സൗഹൃദ രാജ്യങ്ങളുടെ പ്രതിരോധ ആവശ്യങ്ങൾ നിറവേറ്റുന്നതിലേക്ക് നീങ്ങുകയാണ്. 2016-ൽ ഞാൻ ഈ മേഖലയിൽ ദീപാവലി ആഘോഷിക്കാൻ എത്തിയപ്പോൾ, ഭാരതത്തിന്റെ പ്രതിരോധ കയറ്റുമതി 8 മടങ്ങിലധികം വർധിച്ചു. ഒരു ലക്ഷം കോടി രൂപയിലേറെയാണ് ഇന്ന് രാജ്യത്തെ പ്രതിരോധ ഉൽപ്പാദനം. ഇത് റെക്കോർഡാണ്.
സുഹൃത്തുക്കളേ,
അത്യാവശ്യ ഘട്ടങ്ങളിൽ മറ്റ് രാജ്യങ്ങളിലേക്ക് നോക്കേണ്ടിവരാത്ത ഒരു ഘട്ടത്തിലേക്ക് നാം ഉടൻ എത്തും. ഇത് നമ്മുടെ സൈന്യങ്ങളുടെയും പ്രതിരോധ സേനയുടെയും മനോവീര്യവും ശക്തിയും വർധിപ്പിച്ചു. അത്യാധുനിക സാങ്കേതിക വിദ്യയുടെ സംയോജനത്തിലും സിഡിഎസ് പോലെയുള്ള സുപ്രധാന സംവിധാനങ്ങളിലും, ഇന്ത്യൻ സൈന്യം ഇപ്പോൾ പതുക്കെ ആധുനികതയിലേക്ക് നീങ്ങുകയാണ്. അതെ, സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള ഈ വ്യാപനത്തിനിടയിൽ, സാങ്കേതിക വിദ്യയുടെ ഉപയോഗത്തിൽ നാം എപ്പോഴും മനുഷ്യന്റെ ബുദ്ധിക്ക് പ്രാധാന്യം നൽകണമെന്നു ഞാൻ നിങ്ങളോട് പറയും. സാങ്കേതികവിദ്യ ഒരിക്കലും മനുഷ്യന്റെ സംവേദനക്ഷമതയെ മറികടക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
സുഹൃത്തുക്കളേ,
ഇന്ന്, തദ്ദേശീയ വിഭവങ്ങളും ഉയർന്ന നിലവാരത്തിലുള്ള അതിർത്തി അടിസ്ഥാനസൗകര്യങ്ങളും നമ്മുടെ ശക്തിയായി മാറുകയാണ്. സ്ത്രീകളും ഇതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട് എന്നതിൽ എനിക്ക് സന്തോഷമുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ 500-ലധികം വനിതാ ഓഫീസർമാർക്ക് ഇന്ത്യൻ സൈന്യത്തിൽ സ്ഥിരം നിയമനം അനുവദിച്ചിട്ടുണ്ട്. ഇന്ന് റഫാൽ പോലുള്ള യുദ്ധവിമാനങ്ങൾ പറത്തുന്നത് വനിതാ പൈലറ്റുമാരാണ്. യുദ്ധക്കപ്പലുകളിൽ ഇതാദ്യമായാണ് വനിതാ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത്. കരുത്തുറ്റതും കഴിവുറ്റതും വിഭവസമൃദ്ധവുമായ ഇന്ത്യൻ സേന ലോകത്ത് ആധുനികതയുടെ പുതിയ മാതൃകകൾ സ്ഥാപിക്കും.
സുഹൃത്തുക്കളേ,
നിങ്ങളുടെയും നിങ്ങളുടെ കുടുംബങ്ങളുടെയും ആവശ്യങ്ങൾ ഗവൺമെന്റ് പൂർണമായും പരിപാലിക്കുന്നു. ഇപ്പോൾ കടുത്ത താപനില പോലും സഹിക്കാൻ കഴിയുന്ന തരത്തിലുള്ള വസ്ത്രങ്ങൾ നമ്മുടെ സൈനികർക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നു. ഇന്ന്, സൈനികരുടെ ശക്തിയായി മാറുകയും അവരുടെ ജീവൻ രക്ഷിക്കുകയും ചെയ്യുന്ന ഡ്രോണുകൾ രാജ്യത്ത് നിർമിക്കപ്പെടുന്നു. ഒരു റാങ്ക് ഒരു പെൻഷനു (ഒആർഒപി) കീഴിൽ ഇതുവരെ 90,000 കോടി രൂപ അനുവദിച്ചു.
സുഹൃത്തുക്കളേ,
നിങ്ങളുടെ ഓരോ ചുവടും ചരിത്രത്തിന്റെ ദിശ നിർണയിക്കുന്നുവെന്ന് രാജ്യത്തിന് അറിയാം. നിങ്ങളെപ്പോലുള്ള നായകരെക്കുറിച്ചു മാത്രം പറയുന്ന വാചകങ്ങളാണിവ:
शूरमा नहीं विचलित होते,
क्षण एक नहीं धीरज खोते,
विघ्नों को गले लगाते हैं,
काँटों में राह बनाते हैं।
ഇനിയും നിങ്ങൾ ഇതുപോലെ ഭാരതമാതാവിനെ സേവിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ പിന്തുണയോടെ രാജ്യം വികസനത്തിന്റെ പുതിയ ഉയരങ്ങൾ താണ്ടുന്നതു തുടരും. രാജ്യത്തിന്റെ എല്ലാ തീരുമാനങ്ങളും നാം ഒരുമിച്ച് നിറവേറ്റും. ഈ ആഗ്രഹത്തോടെ ഒരിക്കൽ കൂടി നിങ്ങൾക്കെല്ലാവർക്കും വളരെ സന്തോഷകരമായ ദീപാവലി ആശംസകൾ നേരുന്നു. എന്നോടൊപ്പം ഉറക്കെ പറയൂ-
ഭാരത് മാതാ കീ - ജയ്!
ഭാരത് മാതാ കീ - ജയ്!
ഭാരത് മാതാ കീ - ജയ്!
വന്ദേമാതരം,
വന്ദേമാതരം,
വന്ദേമാതരം,
വന്ദേമാതരം,
വന്ദേമാതരം,
വന്ദേമാതരം,
വന്ദേമാതരം,
വന്ദേമാതരം,
ഭാരത് മാതാ കീ - ജയ്!
നിങ്ങൾക്കേവർക്കും എന്റെ ദീപാവലി ആശംസകൾ!
NS
(Release ID: 1979048)
Visitor Counter : 95
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada