റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

ഉത്തരകാശിയിലെ സില്‍ക്യാര ടണല്‍ തകര്‍ന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി.

Posted On: 21 NOV 2023 4:47PM by PIB Thiruvananthpuram

സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാനുള്ള അചഞ്ചലമായ പ്രതിബദ്ധത തുടര്‍ന്നുകൊണ്ട് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഗവണ്‍മെന്റ് സജീവമായി ഏര്‍പ്പെട്ടിരിക്കുകയാണ്. 
 
കോണ്‍ക്രീറ്റ് ജോലികള്‍ പൂര്‍ത്തിയാക്കിയ തുരങ്കത്തിന്റെ 2 കിലോമീറ്റര്‍ ഭാഗമാണ് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ കേന്ദ്രബിന്ദു. 
തുരങ്കത്തിന്റെ സുരക്ഷിതമായ ഈ ഭാഗത്ത്, വൈദ്യുതിയും ജലവിതരണവും പ്രവര്‍ത്തനക്ഷമമാണ്. കൂടാതെ ഭക്ഷണവും മരുന്നുകളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഇതിനായി സ്ഥാപിച്ച 4 ഇഞ്ച് കംപ്രസര്‍ പൈപ്പ് ലൈനിലൂടെ വിതരണം ചെയ്യുന്നു.

തൊഴിലാളികളുടെ സുരക്ഷിതമായ ഒഴിപ്പിക്കല്‍ ഉറപ്പാക്കാനായി വിവിധ ഗവണ്‍മെന്റ് ഏജന്‍സികളെ അണിനിരത്തി, ഓരോന്നിനും പ്രത്യേക ചുമതലകള്‍ നല്‍കിയിട്ടുണ്ട്.  കുടുങ്ങിക്കിടക്കുന്നവരുടെ മനോവീര്യം വര്‍ധിപ്പിക്കാന്‍ ഗവണ്‍മെന്റ് ഇവരുമായി നിരന്തരമായ ആശയവിനിമയം നടത്തുന്നു.

രക്ഷാപ്രവർത്തനത്തിൻ്റെ ഏറ്റവും പുതിയ വിവരങ്ങൾ:


1. NHIDCL ലൈഫ് ലൈൻ ശ്രമങ്ങള്‍:

• അവശ്യ വസ്തുക്കളുടെ വിതരണത്തിനായി ഇന്നലെ NHIDCL ഒരു 6 ഇഞ്ച് വ്യാസമുള്ള പൈപ്പ്ലൈനിന്റെ ഡ്രില്ലിംഗ് കൂടി  പൂര്‍ത്തിയാക്കിയത് ഒരു സുപ്രധാന മുന്നേറ്റമായി.

• കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി വീഡിയോ ആശയവിനിമയം സ്ഥാപിച്ചു, കംപ്രസ് ചെയ്ത വായുവും ജലമര്‍ദ്ദവും ഉപയോഗിച്ച് പൈപ്പ്‌ലൈനിനുള്ളിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തി.

2. NHIDCL മുഖേനയുള്ള തിരശ്ചീന ബോറിംഗ്:

• രക്ഷാപ്രവര്‍ത്തനത്തിനായി സില്‍ക്യാരയുടെ അവസാന ഭാഗത്തു നിന്ന് ആഗൂര്‍ ബോറിംഗ് മെഷീന്‍ ഉപയോഗിച്ചുള്ള തിരശ്ചീന ബോറിംഗ് NHIDCL  പുനരാരംഭിച്ചു.

• പെപ്പ്‌ലൈനിന്റെ ഓഗൂര്‍ വ്യാസത്തിലും വെല്‍ഡിങ്ങിലും മാറ്റങ്ങള്‍ വരുത്തി ഡ്രില്ലിംഗ് മെഷീനായി ഒരു സംരക്ഷിത മേലാപ്പ് നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു


3. SJVNL മുഖേനയുള്ള രക്ഷാപ്രവര്‍ത്തനത്തിനായുള്ള ലംബ ഡ്രില്ലിംഗ്:

• വെര്‍ട്ടിക്കല്‍ റെസ്‌ക്യൂ ടണല്‍ നിര്‍മ്മാണത്തിനുള്ള SJVNL-ന്റെ യന്ത്രം സ്ഥലത്ത് എത്തിയിരിക്കുന്നു, നിലവില്‍ ഇന്‍സ്റ്റലേഷന്‍ നടക്കുന്നു. ഗുജറാത്ത്, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നാണ് ഇതിനായി യന്ത്രങ്ങള്‍ എത്തിക്കുന്നത്.

4. ബാര്‍കോട്ട് സൈഡില്‍ നിന്ന് THDCL വഴി തിരശ്ചീന ഡ്രില്ലിംഗ്:

• THDC ബാര്‍കോട്ട് അറ്റത്ത് നിന്ന് ഒരു റെസ്‌ക്യൂ ടണലിന്റെ നിര്‍മ്മാണം ആരംഭിച്ചു, രണ്ട് സ്‌ഫോടനങ്ങള്‍ ഇതിനകം പൂര്‍ത്തിയായി, അതിന്റെ ഫലമായി 6.4 മീറ്റര്‍ ഡ്രിഫ്റ്റ് ഉണ്ടായി. പ്രതിദിനം മൂന്ന് സ്ഫോടനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.


5. RVNL മുഖേനയുള്ള ലംബ-തിരശ്ചീന ഡ്രില്ലിംഗ്:

• തൊഴിലാളികളെ രക്ഷിക്കുന്നതിനായി തിരശ്ചീന ഡ്രില്ലിംഗിലൂടെ മൈക്രോ ടണലിങ്ങിനുള്ള യന്ത്രങ്ങള്‍ RVNL കൊണ്ടുപോകുന്നു. ഒഡീഷയില്‍ നിന്ന് കൂടുതല്‍ കരുതല്‍ യന്ത്രങ്ങളും കൊണ്ടുവരുന്നുണ്ട്.

6. ഒഎന്‍ജിസിയുടെ ബാര്‍കോട്ട് എന്‍ഡിലേക്കുള്ള ലംബ ഡ്രില്ലിംഗ്:

• യുഎസ്എ, മുംബൈ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ നിന്ന് വെര്‍ട്ടിക്കല്‍ ബോറിങ്ങിനായി ഒഎന്‍ജിസി യന്ത്രസാമഗ്രികള്‍ സമാഹരിക്കുന്നു.

7. THDCL/Army/Coal India, NHIDCL എന്നിവയുടെ സംയുക്ത ടീമിന്റെ മാനുവല്‍-സെമി മെക്കനൈസ്ഡ് രീതിയുടെ ഡ്രിഫ്റ്റ് ടണല്‍:

• 180 മീറ്റര്‍ മുതല്‍ 150 മീറ്റര്‍ വരെ സുരക്ഷിതമായ ഒരു ചാനല്‍ സ്ഥാപിച്ച് തുരങ്കത്തിനുള്ളില്‍ ഒരു ഡ്രിഫ്റ്റ് സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഇതിനായി പെട്ടി കലുങ്കുകള്‍ സൈന്യം അണിനിരത്തുന്നുണ്ട്.

8. BRO യുടെ റോഡ് കട്ടിംഗും സപ്പോര്‍ട്ടീവ് ജോലിയും:

• 48 മണിക്കൂറിനുള്ളില്‍ SJVNL ലംബമായ ഡ്രില്ലിംഗിനായി BRO അതിവേഗം ഒരു അപ്രോച്ച് റോഡ് നിര്‍മ്മിച്ചു. ഒഎന്‍ജിസിയുടെ ഭൗമശാസ്ത്ര സര്‍വേകള്‍ക്കൊപ്പം ഒഎന്‍ജിസിയുടെ അപ്രോച്ച് റോഡിന്റെ പണി പുരോഗമിക്കുകയാണ്.


പശ്ചാത്തലം:

2023 നവംബര്‍ 12ന്, സില്‍ക്യാരയില്‍ നിന്ന് ബാര്‍കോട്ടിലേക്കുള്ള നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്ന് സില്‍ക്യാര ഭാഗത്തെ 60 മീറ്റര്‍ ഭാഗത്ത് അവശിഷ്ടങ്ങള്‍ വീണതിനെത്തുടര്‍ന്ന് കുടുങ്ങിപ്പോയ 41 തൊഴിലാളികളെ രക്ഷിക്കാന്‍ സംസ്ഥാന-കേന്ദ്ര ഗവണ്‍മെന്റുകളുടെ അടിയന്തര വിഭവ സമാഹരണം നടത്തി. തുടക്കത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ 900 mm പൈപ്പ് ഇടാന്‍ തീരുമാനമെടുത്തെങ്കിലും സുരക്ഷാ ആശങ്കകള്‍ കണക്കിലെടുത്ത് ഒരേസമയം ഒന്നിലധികം രക്ഷാ ദൗത്യ മാര്‍ഗങ്ങളിലേക്ക് നീങ്ങുകയായിരുന്നു.  8.5 മീറ്റര്‍ ഉയരവും 2 കിലോമീറ്റര്‍ നീളവുമുള്ള തുരങ്കത്തിന്റെ നിര്‍മ്മിത ഭാഗമായ കുടുങ്ങിക്കിടക്കുന്ന പ്രദേശത്ത് ലഭ്യമായ വൈദ്യുതിയും ജലവിതരണവും ഉപയോഗിച്ച് തൊഴിലാളികള്‍ക്ക് സുരക്ഷ വാഗ്ദാനം ചെയ്യുന്നു.
അഞ്ച് ഏജന്‍സികള്‍-ONGC, SJVNL, RVNL, NHIDCL, THDCL എന്നിവയ്ക്ക് പ്രത്യേക ചുമതലകള്‍ നല്‍കിയിട്ടുണ്ട്, പ്രവര്‍ത്തനക്ഷമതയ്ക്കായി ഇടയ്ക്കിടെയുള്ള ടാസ്‌ക് ക്രമീകരണങ്ങളുമായി ഇവര്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.

അറിയിപ്പ് : സാങ്കേതിക തകരാറുകള്‍, വെല്ലുവിളി നിറഞ്ഞ ഹിമാലയന്‍ ഭൂപ്രദേശം, മുന്‍കൂട്ടിക്കാണാന്‍ കഴിയാത്ത അടിയന്തര സാഹചര്യങ്ങള്‍ എന്നിവ കാരണം നല്‍കിയിരിക്കുന്ന ടൈംലൈനുകള്‍ മാറ്റത്തിന് വിധേയമാണ്.

 

NS



(Release ID: 1978582) Visitor Counter : 63