പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മധ്യപ്രദേശിലെ ചിത്രകൂടിലെ തുളസി പീഠത്തില്‍ പരിപാടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി


'ഇന്ത്യയുടെ ഭാഷാശാസ്ത്രത്തിന്റെയും ഇന്ത്യയുടെ ബൗദ്ധികതയുടെയും നമ്മുടെ ഗവേഷണ സംസ്‌കാരത്തിന്റെയും ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ഗ്രന്ഥമാണ് അഷ്ടാധ്യായി'

'കാലം സംസ്‌കൃതത്തെ പരിഷ്‌കരിച്ചു, പക്ഷേ ഒരിക്കലും അതിന്റെ വിശുദ്ധി കെടുത്താന്‍ കഴിഞ്ഞില്ല, അത് ശാശ്വതമായി നിലനിന്നു'

'നിങ്ങള്‍ ഇന്ത്യയില്‍ ഏത് ദേശീയ തലം നോക്കിയാലും സംസ്‌കൃതത്തിന്റെ സംഭാവനയ്ക്ക് നിങ്ങള്‍ സാക്ഷ്യം വഹിക്കും'

'സംസ്‌കൃതം പാരമ്പര്യങ്ങളുടെ ഭാഷ മാത്രമല്ല, നമ്മുടെ പുരോഗതിയുടെയും സ്വത്വത്തിന്റെയും ഭാഷ കൂടിയാണ്'

'ചിത്രകൂടത്തിന് ആത്മീയ പ്രബുദ്ധതയും പ്രകൃതി സൗന്ദര്യവുമുണ്ട്'

Posted On: 27 OCT 2023 4:46PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചിത്രകൂടിലെ തുളസി പീഠം സന്ദര്‍ശിച്ചു. കാഞ്ച് മന്ദിറില്‍ പൂജയും ദര്‍ശനവും നടത്തി. തുളസിപീഠത്തിലെ ജഗദ്ഗുരു രാമഭദ്രാചര്യരുടെ അനുഗ്രഹം വാങ്ങുകയും ഒരു പൊതുചടങ്ങില്‍ പങ്കെടുക്കുകയും ചെയ്ത അദ്ദേഹം 'അഷ്ടാധ്യായി ഭാഷ', 'രാമഭദ്രാചര്യ ചരിതം', 'ഭഗവാന്‍ ശ്രീകൃഷ്ണ കി രാഷ്ട്രലീല' എന്നീ മൂന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു.

സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, ഒന്നിലധികം ആരാധനാലയങ്ങളില്‍ ശ്രീരാമന്റെ പൂജയും ദര്‍ശനവും നടത്തുന്നതിനും സന്യാസിമാരാല്‍, പ്രത്യേകിച്ച് ജഗദ്ഗുരു രാമഭദ്രാചര്യരാല്‍ അനുഗ്രഹിക്കപ്പെട്ടതിനും പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. 'അഷ്ടാധ്യായി ഭാഷ', 'രാമഭദ്രാചര്യ ചരിതം', 'ഭഗവാന്‍ ശ്രീകൃഷ്ണ കി രാഷ്ട്രലീല' എന്നീ മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം അദ്ദേഹം പരാമര്‍ശിച്ചു, ഇത് ഇന്ത്യയുടെ വിജ്ഞാന പാരമ്പര്യങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പറഞ്ഞു. 'ജഗദ്ഗുരുവിന്റെ അനുഗ്രഹത്തിന്റെ ഒരു രൂപമായാണ് ഞാന്‍ ഈ പുസ്തകങ്ങളെ കാണുന്നത്', അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇന്ത്യയുടെ ഭാഷാശാസ്ത്രത്തിന്റെയും ഇന്ത്യയുടെ ബൗദ്ധികതയുടെയും നമ്മുടെ ഗവേഷണ സംസ്‌കാരത്തിന്റെയും ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ഗ്രന്ഥമാണ് അഷ്ടാധ്യായിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാഷയുടെ വ്യാകരണവും ശാസ്ത്രവും സംക്ഷിപ്തമായി ഉള്‍ക്കൊള്ളുന്നതില്‍ അഷ്ടാധ്യായിയുടെ കഴിവിനെ അദ്ദേഹം എടുത്തുകാണിച്ചു. പല ഭാഷകളും വന്നു പോയി എന്നാല്‍ സംസ്‌കൃതം ശാശ്വതമായി നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'സമയം സംസ്‌കൃതത്തെ പരിഷ്‌കരിച്ചെങ്കിലും ഒരിക്കലും അതിന്റെ വിശുദ്ധി കെടുത്താന്‍ കഴിഞ്ഞില്ല', അദ്ദേഹം പറഞ്ഞു. സംസ്‌കൃതത്തിന്റെ പക്വമായ വ്യാകരണം ഈ ശാശ്വതതയുടെ അടിത്തറയിലാണ്, അദ്ദേഹം പറഞ്ഞു. കേവലം 14 മഹേശ്വര സൂത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ ഭാഷ ശസ്ത്ര് , സഹസ്ത്ര (നടപ്പാക്കലിന്റെയും അറിവിന്റേയും) എന്നിവയുടെ മാതാവാണ്. 'നിങ്ങള്‍ ഇന്ത്യയില്‍ ഏത് ദേശീയ തലത്തില്‍ നോക്കിയാലും സംസ്‌കൃതത്തിന്റെ സംഭാവനക്ക് നിങ്ങള്‍ സാക്ഷ്യം കണ്ടെത്താനാകും', അദ്ദേഹം പറഞ്ഞു.

ആയിരം വര്‍ഷം പഴക്കമുള്ള അടിമത്തത്തിന്റെ കാലഘട്ടത്തില്‍ ഇന്ത്യയുടെ സംസ്‌കാരത്തെയും പൈതൃകത്തെയും പിഴുതെറിയാനുള്ള ശ്രമങ്ങളിലേക്ക് വെളിച്ചം വീശിക്കൊണ്ട്, സംസ്‌കൃത ഭാഷയുടെ അന്യവല്‍ക്കരണത്തെക്കുറിച്ച് ശ്രീ മോദി പരാമര്‍ശിച്ചു. ചില വ്യക്തികള്‍ മുന്നോട്ട് കൊണ്ടുപോകുന്ന അടിമത്ത മാനസികാവസ്ഥ സംസ്‌കൃതത്തോടുള്ള വിദ്വേഷത്തിൽ കലാശിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മാതൃഭാഷ അറിയുന്നത് പ്രശംസ അര്‍ഹിക്കുന്ന കാര്യമായി കണക്കാക്കുന്ന മാനസികാവസ്ഥ വിദേശ രാജ്യങ്ങളില്‍ നില നില്‍ക്കുമ്പോള്‍ ഇത് ഇന്ത്യയില്‍ ബാധകമാകുന്നില്ലെന്ന് അദ്ദേഹം അപലപിച്ചു.  'സംസ്‌കൃതം പാരമ്പര്യത്തിന്റെ ഭാഷ മാത്രമല്ല, അത് നമ്മുടെ പുരോഗതിയുടെയും സ്വത്വത്തിന്റെയും ഭാഷ കൂടിയാണ്', രാജ്യത്തെ ഭാഷയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ എടുത്തുകാട്ടി ശ്രീ മോദി പറഞ്ഞു. ആധുനിക കാലത്തെ വിജയകരമായ പരിശ്രമങ്ങളില്‍ അഷ്ടാധ്യായി ഭാഷ പോലുള്ള ഗ്രന്ഥങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജഗദ്ഗുരു രാമഭദ്രാചര്യയ്ക്ക് പ്രധാനമന്ത്രി മോദി ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ മഹത്തായ ജ്ഞാനവും സംഭാവനകളും പരാമര്‍ശിക്കുകയും ചെയ്തു. 'ഈ തലത്തിലുള്ള ജ്ഞാനം ഒരിക്കലും വ്യക്തിപരമല്ല, ഈ ജ്ഞാനം ദേശീയ നിധിയാണ്', പ്രധാനമന്ത്രി പറഞ്ഞു. സ്വാമിജിക്ക് 2015-ല്‍ പത്മവിഭൂഷണ്‍ ലഭിച്ചു. സ്വാമിജിയുടെ ദേശീയ-സാമൂഹിക വശങ്ങളെ പരാമര്‍ശിച്ച്, ഒമ്പത് പ്രധാന അംബാസഡര്‍മാരില്‍ ഒരാളെന്ന നിലയില്‍ സ്വച്ഛ് ഭാരതിലെ അദ്ദേഹത്തിന്റെ സജീവ സംഭാവനകളെ പ്രധാനമന്ത്രി അനുസ്മരിച്ചു.

ശുചിത്വം, ആരോഗ്യം, ശുദ്ധമായ ഗംഗ തുടങ്ങിയ ദേശീയ ലക്ഷ്യങ്ങള്‍ ഇപ്പോള്‍ സാക്ഷാത്കരിക്കപ്പെടുന്നതില്‍ ശ്രീ മോദി സന്തോഷം പ്രകടിപ്പിച്ചു. ഓരോ നാട്ടുകാരുടെയും മറ്റൊരു സ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ ജഗദ്ഗുരു രാമഭദ്രാചര്യ ജി വലിയ പങ്കുവഹിച്ചിട്ടുണ്ട്. കോടതിക്കകത്തും പുറത്തും നിങ്ങള്‍ ഇത്രയധികം സംഭാവനകള്‍ നല്‍കിയ രാമക്ഷേത്രവും ഒരുങ്ങുകയാണ്'' അയോധ്യയിലെ ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ച കാര്യം പരാമര്‍ശിക്കവേ പ്രധാനമന്ത്രി പറഞ്ഞു. 
അമൃത കാലത്ത് രാഷ്ട്രം വികസനവും പൈതൃകവും ഒപ്പം കൊണ്ടുപോകുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'ചിത്രകൂടത്തിന് ആത്മീയ പ്രബുദ്ധതയും പ്രകൃതി സൗന്ദര്യവുമുണ്ട്', തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ വികസനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് ശ്രീ മോദി പറഞ്ഞു. കെന്‍-ബെത്വ ലിങ്ക് പ്രോജക്ട്, ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് വേ, പ്രതിരോധ ഇടനാഴി എന്നിവയെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം ഈ പ്രദേശത്ത് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പറഞ്ഞു. പ്രസംഗം ഉപസംഹരിക്കവേ ചിത്രകൂടം വികസനത്തിന്റെ പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്ന വിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ജഗദ്ഗുരു രാമഭദ്രാചര്യയ്ക്ക് മുന്നില്‍ ശിരസു നമിച്ചു.

തുളസി പീഠത്തിലെ ജഗദ്ഗുരു രാമഭദ്രാചര്യ, മധ്യപ്രദേശ് ഗവര്‍ണര്‍ ശ്രീ മംഗുഭായ് പട്ടേല്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

മധ്യപ്രദേശിലെ ചിത്രകൂടിലെ ഒരു പ്രധാന മത-സാമൂഹിക സേവന സ്ഥാപനമാണ് തുളസി പീഠം. 1987-ല്‍ ജഗദ്ഗുരു രാമഭദ്രാചര്യയാണ് ഇത് സ്ഥാപിച്ചത്. ഹിന്ദു മത സാഹിത്യത്തിന്റെ പ്രമുഖ പ്രസാധകരില്‍ ഒന്നാണ് തുളസി പീഠം.

NS

(Release ID: 1972103) Visitor Counter : 94