പ്രധാനമന്ത്രിയുടെ ഓഫീസ്
37-ാമത് ദേശീയ ഗെയിംസ് പ്രധാനമന്ത്രി ഗോവയില്‍ ഉദ്ഘാടനം ചെയ്തു
''ഇന്ത്യയുടെ അസാധാരണമായ കായികകരുത്ത് ദേശീയ ഗെയിംസ് ആഘോഷിക്കുന്നു''
''ഇന്ത്യയുടെ എല്ലാ മുക്കിലും മൂലയിലും പ്രതിഭയുണ്ട്. അതിനാല്‍, കായിക സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ പ്രതിബദ്ധത 2014-ന് ശേഷം, ഞങ്ങള്‍ ഏറ്റെടുത്തു''
''ഗോവയുടെ പ്രഭാവലയം താരതമ്യങ്ങൾക്ക് അപ്പുറമാണ്''
''കായിക ലോകത്ത് ഇന്ത്യയുടെ സമീപകാല വിജയം ഓരോ യുവ കായികതാരത്തിനും വലിയ പ്രചോദനമാണ്''
''ഖേലോ ഇന്ത്യയിലൂടെ പ്രതിഭകളെ കണ്ടെത്തുക, അവരെ പരിപോഷിപ്പിക്കുക, അവര്‍ക്ക് ഒളിമ്പിക്‌സ് പോഡിയം ഫിനിഷ് ചെയ്യാനുള്ള പരിശീലനവും ഗുണവിശേങ്ങളും ടോപ്‌സിലൂടെ നല്‍കുക എന്നതാണ് ഞങ്ങളുടെ മാര്‍ഗ്ഗരേഖ''
''വിവിധ മേഖലകളില്‍ ഇന്ത്യ മുന്നേറുകയും മുന്‍പൊന്നുമില്ലാത്തതരത്തില്‍ അളവുകോലുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നു''
''ഇന്ത്യയുടെ വേഗതയോടും വളർച്ചയുടെ തോതിനോടും കിടപിടിക്കാൻ പ്രയാസമാണ്''
'' ഇന്ത്യയുടെ യുവശക്തിയെ വികസിത് ഭാരതിന്റെ യുവശക്തിയാക്കി മാറ്റുന്നതിനുള്ള ഒരു മാധ്യമമായിരിക്കും മൈ ഭാരത്''
'' 2030-ല്‍ യൂത്ത് ഒളിമ്പിക്സും 2036-ല്‍ ഒളിമ്പിക്സും സംഘടിപ്പിക്കാന്‍ ഇന്ത്യ തയ്യാറാണ്. ഒളിമ്പിക്‌സ് സംഘടിപ്പിക്കാനുള്ള നമ്മുടെ അഭിലാഷം വികാരങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. അതിലുപരിയായി, അതിന് പിന്നില്‍ ശക്തമായ ചില കാരണങ്ങളുണ്ട്''
Posted On:
26 OCT 2023 8:52PM by PIB Thiruvananthpuram
ഗോവയിലെ മര്‍ഗോവിലുള്ള പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ 37-ാമത് ദേശീയ ഗെയിംസ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഒക്‌ടോബര്‍ 26 മുതല്‍ നവംബര്‍ 9 വരെ നടക്കുന്ന ഗെയിംസ്, 28 വേദികളിലായി 43 കായിക ഇനങ്ങളില്‍ രാജ്യത്തുടനീളമുള്ള പതിനായിരത്തിലധികം കായികതാരങ്ങളുടെ പങ്കാളിത്തത്തിന് സാക്ഷ്യം വഹിക്കും.
ഇന്ത്യന്‍ സ്‌പോര്‍ട്‌സിന്റെ മഹാകുംഭത്തിന്റെ പ്രയാണം ഗോവയില്‍ എത്തിയിരിക്കുന്നുവെന്നും അന്തരീക്ഷം നിറങ്ങളും അലകളും ആവേശവും സാഹസികതയും കൊണ്ട് നിറഞ്ഞുവെന്നും സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ''ഗോവയുടെ പ്രഭാവലയം പോലെ മറ്റൊന്നുമില്ല'', ശ്രീ മോദി പറഞ്ഞു. ഗോവയിലെ ജനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും 37-ാമത് ദേശീയ ഗെയിംസിന് ആശംസകള്‍ അറിയിക്കുകയും ചെയ്തു. രാജ്യത്തിന്റെ കായികരംഗത്ത് ഗോവയുടെ സംഭാവനയ്ക്ക് അടിവരയിട്ട പ്രധാനമന്ത്രി, ഫുട്‌ബോളിനോടുള്ള ഗോവയുടെ സ്‌നേഹത്തെ പരാമര്‍ശിക്കുകയും ചെയ്തു. കായികപ്രേമികളുടെ ഗോവയിലാണ് ദേശീയ ഗെയിംസ് നടക്കുന്നത് എന്നത് തന്നെ ഊര്‍ജം പകരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കായിക ലോകത്ത് രാജ്യം പുതിയ ഉയരങ്ങള്‍ കൈവരിക്കുന്ന സമയത്താണ് ദേശീയ ഗെയിംസ് നടക്കുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 70 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത ഏഷ്യന്‍ ഗെയിംസിലെ വിജയങ്ങളെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം 70-ലധികം മെഡല്‍ നേട്ടത്തോടെ മുന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്തെറിഞ്ഞ ഏഷ്യന്‍ പാരാ ഗെയിംസിനെ കുറിച്ചും സംസാരിച്ചു. ഇന്ത്യ ചരിത്രം സൃഷ്ടിച്ച, അടുത്തിടെ സമാപിച്ച ലോക യൂണിവേഴ്‌സിറ്റി ഗെയിംസിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ''കായികലോകത്ത് ഇന്ത്യയുടെ സമീപകാല വിജയം ഓരോ യുവ കായികതാരത്തിനും വലിയ പ്രചോദനമാണ്'', ശ്രീ മോദി പറഞ്ഞു. ദേശീയ ഗെയിംസിനെ ഓരോ യുവ അത്‌ലറ്റിന്റേയും കരുത്തുറ്റ ലോഞ്ചിംഗ്പാഡായി വിശേഷിപ്പിച്ച പ്രധാനമന്ത്രി, അവർക്കു മുന്നിലുള്ള വിവിധ അവസരങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കായികതാരങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ഇന്ത്യയില്‍ പ്രതിഭകള്‍ക്ക് ക്ഷാമമില്ല, ഇല്ലായ്മകള്‍ക്കിടയിലും രാജ്യം ചാമ്പ്യന്മാരെ സൃഷ്ടിച്ചിട്ടുണ്ട്, എന്നിട്ടും മെഡല്‍ പട്ടികയിലെ മോശം പ്രകടനമാണ് രാജ്യക്കാരെ എപ്പോഴും വേദനപ്പെടുത്തിയിരുന്നതെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇതിന്റെ വെളിച്ചത്തില്‍, കായിക അടിസ്ഥാന സൗകര്യങ്ങള്‍, തിരഞ്ഞെടുപ്പ് പ്രക്രിയകള്‍, കായിക താരങ്ങള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതികള്‍, പരിശീലന പദ്ധതികളിലും സമൂഹത്തിന്റെ മാനസികാവസ്ഥയിലും കൊണ്ടുവന്ന മാറ്റങ്ങള്‍ അങ്ങനെ കായിക മേഖലയിലെ തടസങ്ങള്‍ ഒന്നൊന്നായി 2014നു ശേഷം മാറ്റിയതിനെക്കുറിച്ചും പ്രധാനമന്ത്രി വിവരിച്ചു. പ്രതിഭകളെ കണ്ടെത്തുന്നത് മുതല്‍ ഒളിമ്പിക്‌സ് പോഡിയതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നത് വരെയുള്ള മാര്‍ഗ്ഗരേഖ ഗവണ്‍മെന്റ് തയ്യാറാക്കിയിട്ടുണ്ട്.
ഒമ്പത് വര്‍ഷം മുമ്പുള്ള കായിക ബജറ്റിന്റെ മൂന്നിരട്ടിയാണ് ഈ വര്‍ഷത്തെ കായിക ബജറ്റെന്ന് പ്രധാനമന്ത്രി അറിയിച്ചു. സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്ന് കഴിവുള്ള കായികതാരങ്ങളെ കണ്ടെത്തുകയാണ് ഖേലോ ഇന്ത്യ, ടോപ്‌സ് തുടങ്ങിയ പദ്ധതികൾ അടങ്ങിയ പുതിയ നീക്കമെന്ന് അദ്ദേഹം പറഞ്ഞു. ടോപ്‌സില്‍ മികച്ച കായികതാരങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ച പരിശീലനം ലഭിക്കുന്നുണ്ടെന്നും 3000 കായികതാരങ്ങള്‍ ഖേലോ ഇന്ത്യയ്ക്ക് കീഴില്‍ പരിശീലനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിവര്‍ഷം 6 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പാണ് കായികതാരങ്ങള്‍ക്ക് ലഭിക്കുന്നത്. ഖേലോ ഇന്ത്യയുടെ കീഴില്‍ കണ്ടെത്തിയ 125 ഓളം താരങ്ങള്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത് 36 മെഡലുകള്‍ നേടി. ''ഖേലോ ഇന്ത്യയിലൂടെ പ്രതിഭകളെ കണ്ടെത്തി, ടോപ്‌സിലൂടെ അവരെ പരിപോഷിപ്പിച്ച്, അവര്‍ക്ക് ഒളിമ്പിക്‌സ് പോഡിയം ഫിനിഷ് ചെയ്യാനുള്ള പരിശീലനവും ഗുണവിശേഷണങ്ങളും നല്‍കൂക എന്നതാണ് ഞങ്ങളുടെ മാര്‍ഗ്ഗരേഖ, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''ഏതൊരു രാജ്യത്തിന്റെയും കായിക മേഖലയുടെ പുരോഗതി അതിന്റെ സമ്പദ്‌വ്യവസ്ഥയുടെ പുരോഗതിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു'', പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ഒരു തരം നിഷേധാത്മകമായ അന്തരീക്ഷമാണ് കായികരംഗത്തും ദൈനംദിന ജീവിതത്തിലുടെയും പ്രതിഫലിക്കുന്നതെന്നും എന്നാല്‍ കായികരംഗത്തെ ഇന്ത്യയുടെ സമീപകാല വിജയം അതിന്റെ മൊത്തത്തിലുള്ള വിജയഗാഥയോട് സാമ്യമുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ മേഖലകളിലും ഇന്ത്യ പുതിയ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണെന്നും ശ്രീ മോദി പറഞ്ഞു. ''ഇന്ത്യയുടെ വേഗതയും തോതുമായി കിടപിടിക്കുക എന്നത് ബുദ്ധിമുട്ടാണ്'', അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യം ഇതേ തോതിലും വേഗത്തിലും മുന്നോട്ട് പോയാല്‍, യുവതലമുറക്ക് ശോഭനമായ ഭാവി ഉറപ്പ് നല്‍കാന്‍ മോദിക്ക് കഴിയുമെന്ന് കഴിഞ്ഞ 30 ദിവസങ്ങളിലെ ഇന്ത്യയുടെ നേട്ടങ്ങളിലേക്ക് വെളിച്ചം വീശിക്കൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. നാരീശക്തി വന്ദന്‍ അധീനിയം പാസാക്കിയത്, ഗഗന്‍യാനിന്റെ വിജയകരമായ പരീക്ഷണം, ഇന്ത്യയിലെ ആദ്യത്തെ റാപ്പിഡ് റെയില്‍ നമോ ഭാരതിന്റെ ഉദ്ഘാടനം, ബെംഗളൂരു മെട്രോയുടെ വിപുലീകരണം, ജമ്മു കശ്മീരിലെ ആദ്യത്തെ വിസ്ത ഡോം ട്രെയിന്‍ സര്‍വീസ്, ഡല്‍ഹി-വഡോദര അതിവേഗപാതയുടെ ഉദ്ഘാടനം, ജി 20 ഉച്ചകോടിയുടെ വിജയകരമായ സംഘാടനം, 6 ലക്ഷം കോടി രൂപയുടെ കരാറുകൾ ഒപ്പുവയ്ക്കപ്പെട്ട ആഗോള സമുദ്ര ഉച്ചകോടി, ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ച ഓപ്പറേഷന്‍ അജയ്, ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള ഫെറി സര്‍വീസുകളുടെ തുടക്കം, 5ജി ഉപഭോക്തൃ അടിത്തറയുള്ള മികച്ച 3-രാജ്യങ്ങളില്‍ ഇന്ത്യ ഉള്‍പ്പെട്ടത്, ആപ്പിളിന് പിന്നാലെ സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മ്മിക്കുമെന്ന ഗൂഗിളിന്റെ സമീപകാല പ്രഖ്യാപനം, രാജ്യത്തെ പഴം, പച്ചക്കറി ഉല്‍പന്നങ്ങളിലെ പുതിയ റെക്കോര്‍ഡ് എന്നിവയും അദ്ദേഹം ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടി. "ഇത് പട്ടികയുടെ പകുതി മാത്രമേ ആകുന്നുള്ളൂ'', അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടെയും അടിത്തറ രാജ്യത്തിന്റെ യുവജനങ്ങളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുവാക്കളെ പരസ്പരവും രാജ്യത്തിന്റെ പദ്ധതികളുമായും ബന്ധിപ്പിക്കുന്നതിനുള്ള ഏകജാലക കേന്ദ്രമായ 'മൈ ഭാരത്' എന്ന പുതിയ പ്ലാറ്റ്ഫോമിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഇന്ത്യയുടെ യുവശക്തിയെ വികസിത ഭാരതിന്റെ യുവശക്തിയാക്കി മാറ്റാനുള്ള ഒരു മാധ്യമമാണിത്, അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന ഏകതാ ദിവസില്‍ പ്രധാനമന്ത്രി പദ്ധതിയുടെ പ്രചാരണം ആരംഭിക്കും. അന്നേ ദിവസം ഐക്യത്തിനായുള്ള ഓട്ടം എന്ന മഹത്തായ പരിപാടി നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി മോദി പറഞ്ഞു, ''ഇന്ന്, ഇന്ത്യയുടെ ദൃഢനിശ്ചയവും പരിശ്രമവും വളരെയധികമായിരിക്കുമ്പോള്‍, ഇന്ത്യയുടെ അഭിലാഷങ്ങള്‍ ഉയരുന്നത് സ്വാഭാവികമാണ്. അതുകൊണ്ടാണ് ഐഒസി സമ്മേളനത്തില്‍ 140 കോടി ഇന്ത്യക്കാരുടെ അഭിലാഷം ഞാന്‍ മുന്നോട്ട് വെച്ചത്. 2030ല്‍ യൂത്ത് ഒളിമ്പിക്സും 2036ല്‍ ഒളിമ്പിക്സും സംഘടിപ്പിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് ഒളിമ്പിക്സിന്റെ സുപ്രീം കമ്മിറ്റിക്ക് ഞാന്‍ ഉറപ്പ് നല്‍കി. ഒളിമ്പിക്സ് സംഘടിപ്പിക്കാനുള്ള നമ്മുടെ അഭിലാഷം വെറും വികാരങ്ങളില്‍ ഒതുങ്ങുന്നില്ല. പകരം, ഇതിന് പിന്നില്‍ ചില ശക്തമായ കാരണങ്ങളുണ്ട്. 2036ല്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയും അടിസ്ഥാന സൗകര്യങ്ങളും ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ എളുപ്പത്തിൽ സാധിക്കുന്ന രൂപത്തിലായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
'നമ്മുടെ ദേശീയ ഗെയിംസ് ഏകഭാരതം, ശ്രേഷ്ഠ ഭാരതം എന്നിവയുടെ പ്രതീകമാണ്', ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും അതിന്റെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള മികച്ച മാധ്യമമാണിതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നതിന് ഗോവ ഗവണ്‍മെന്റും ഗോവയിലെ ജനങ്ങളും നടത്തിയ ഒരുക്കങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഇവിടെ സൃഷ്ടിക്കപ്പെട്ട കായിക അടിസ്ഥാന സൗകര്യങ്ങള്‍ ഗോവയിലെ യുവാക്കള്‍ക്ക് പതിറ്റാണ്ടുകളോളം ഉപയോഗപ്രദമാകും; ഈ മണ്ണ് രാജ്യത്തിന് വേണ്ടി നിരവധി പുതിയ കളിക്കാരെ സൃഷ്ടിക്കും; ഭാവിയില്‍ ദേശീയ അന്തര്‍ദേശീയ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് ഈ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗപ്രദമാകും, അദ്ദേഹം പറഞ്ഞു. ''കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട ആധുനിക അടിസ്ഥാന സൗകര്യങ്ങളും ഗോവയില്‍ നിര്‍മ്മിച്ചിട്ടുണ്ട്. ദേശീയ ഗെയിംസ് ഗോവയുടെ വിനോദസഞ്ചാരമേഖലയ്ക്കും സമ്പദ്വ്യവസ്ഥയ്ക്കും വളരെയധികം ഗുണം ചെയ്യും,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗോവയെ ആഘോഷങ്ങളുടെ നാടായി വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഗോവ രാജ്യാന്തര ചലച്ചിത്രമേളയെക്കുറിച്ചും രാജ്യാന്തര സമ്മേളനങ്ങളുടെയും ഉച്ചകോടികളുടെയും കേന്ദ്രമായി മാറിയ സംസ്ഥാനത്തിന്റെ വളര്‍ച്ചയെക്കുറിച്ചും പരാമര്‍ശിച്ചു. 2016ലെ ബ്രിക്സ് സമ്മേളനത്തെയും നിരവധി ജി20 സമ്മേളനങ്ങളെയും പരാമര്‍ശിച്ച പ്രധാനമന്ത്രി, 'സുസ്ഥിര വിനോദസഞ്ചാരത്തിനുള്ള ഗോവ റോഡ്മാപ്പ്' ജി20 അംഗീകരിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ചു.
ഏതു തരം സാഹചര്യങ്ങളിലും, ഏത് മേഖലയിലായാലും, എന്തു വെല്ലുവിളി നേരിട്ടാലും, തങ്ങളുടെ ഏറ്റവും മികച്ച കഴിവ് പുറത്തെടുക്കാൻ പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി അത്‌ലറ്റുകളോട് അഭ്യര്‍ത്ഥിച്ചു. ''നമ്മള്‍ ഈ അവസരം നഷ്ടപ്പെടുത്തരുത്. ഈ ആഹ്വാനത്തോടെ, 37-ാമത് ദേശീയ ഗെയിംസിന്റെ തുടക്കം ഞാന്‍ പ്രഖ്യാപിക്കുന്നു. എല്ലാ കായിക താരങ്ങള്‍ക്കും ഒരിക്കൽക്കൂടി ആശംസകള്‍. ഗോവ തയ്യാറാണ്,'' അദ്ദേഹം പറഞ്ഞു.
ഗോവ ഗവര്‍ണര്‍ ശ്രീ പി എസ് ശ്രീധരന്‍ പിള്ള, ഗോവ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്ത്, കേന്ദ്ര കായിക യുവജനകാര്യ മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂര്‍, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് ഡോ പി ടി ഉഷ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പശ്ചാത്തലം:
പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യത്തെ കായിക സംസ്‌കാരത്തിന് വലിയ മാറ്റമാണ് ഉണ്ടായത്. തുടര്‍ച്ചയായ ഗവണ്‍മെന്റ് പിന്തുണയുടെ സഹായത്തോടെ, അത്‌ലറ്റുകളുടെ പ്രകടനം അന്താരാഷ്ട്ര തലത്തില്‍ വലിയ പുരോഗതിക്ക് സാക്ഷ്യം വഹിച്ചു. മികച്ച പ്രകടനം നടത്തുന്നവരെ കണ്ടെത്തുന്നതിനും കായികരംഗത്തിന്റെ ജനപ്രീതി വര്‍ധിപ്പിക്കുന്നതിനുമായി ദേശീയതല ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് ദേശീയ ഗെയിംസ് രാജ്യത്ത് നടക്കുന്നത്.
ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 9 വരെ നീളുന്ന ദേശീയ ഗെയിംസ്, ഇതാദ്യമായാണ് ഗോവയില്‍ നടക്കുന്നത്. രാജ്യമെമ്പാടു നിന്നുമായി പതിനായിരത്തിലധികം കായികതാരങ്ങള്‍ 28 വേദികളിലായി 43 കായിക ഇനങ്ങളില്‍ മത്സരിക്കും.
SK
(Release ID: 1971733)
Visitor Counter : 324
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada