പ്രധാനമന്ത്രിയുടെ ഓഫീസ്‌

അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ റാഫേല്‍ മരിയാനോ ഗ്രോസി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.


സമാധാനത്തിനും വികസനത്തിനുമായി ആണവോര്‍ജത്തിന്റെ ഭദ്രവും സുരക്ഷിതവുമായ ഉപയോഗത്തിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി എടുത്തുപറഞ്ഞു

ഉത്തരവാദിത്തമുള്ള ആണവശക്തി എന്ന നിലയിലുള്ള ഇന്ത്യയുടെ കുറ്റമറ്റ പാരമ്പര്യത്തെയും സാമൂഹിക നേട്ടത്തിനായുള്ള സിവില്‍ ന്യൂക്ലിയര്‍ ആപ്ലിക്കേഷനുകളില്‍ ആഗോള നേതൃത്വപരമായ പങ്കിനെയും ഡിജി ഗ്രോസി അഭിനന്ദിച്ചു.

പൗരസ്ത്യ ലോകത്ത് ആണവ സാങ്കേതിക വിദ്യകള്‍ വിപുലീകരിക്കുന്നതില്‍ സഹകരിക്കാന്‍ ഇന്ത്യയും ഐഎഇഎയും

Posted On: 23 OCT 2023 4:30PM by PIB Thiruvananthpuram


അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ റാഫേല്‍ മരിയാനോ ഗ്രോസി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

സമാധാനത്തിനും വികസനത്തിനും വേണ്ടി ആണവോര്‍ജത്തിന്റെ ഭദ്രവും സുരക്ഷിതവുമായ ഉപയോഗത്തിനുള്ള ഇന്ത്യയുടെ ശാശ്വത പ്രതിബദ്ധത പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. രാജ്യത്തിന്റെ ഊര്‍ജ്ജ മിശ്രണത്തിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ ആണവോര്‍ജ്ജ ഉല്‍പാദന ശേഷിയുടെ പങ്ക് വര്‍ധിപ്പിക്കാനുള്ള ഇന്ത്യയുടെ പ്രതീക്ഷ പ്രധാനമന്ത്രി പങ്കുവെച്ചു.

ഉത്തരവാദിത്തമുള്ള ആണവശക്തിയെന്ന നിലയില്‍ ഇന്ത്യയുടെ കുറ്റമറ്റ പാരമ്പര്യത്തെ ഡയറക്ടര്‍ ജനറല്‍ ഗ്രോസി അഭിനന്ദിച്ചു. ആണവ ശാസ്ത്രത്തിലെയും സാങ്കേതികവിദ്യയിലെയും ഇന്ത്യയുടെ പുരോഗതിയെ അദ്ദേഹം പ്രശംസിച്ചു. തദ്ദേശീയ ആണവ നിലയങ്ങളുടെ വികസനവും വിന്യാസവും അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാണിച്ചു. സാമൂഹിക നേട്ടങ്ങള്‍ക്കായുള്ള സിവില്‍ ന്യൂക്ലിയര്‍ ആപ്ലിക്കേഷനുകളില്‍ ഇന്ത്യയുടെ ആഗോള നേതൃത്വപരമായ പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. ആരോഗ്യം, ഭക്ഷണം, ജലശുദ്ധീകരണം, പ്ലാസ്റ്റിക് മലിനീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട മനുഷ്യരാശി നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനായി ആണവ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ പുരോഗതിയും ഇതില്‍പ്പെടുന്നു.

നെറ്റ് സീറോ കൈവരിക്കാനുള്ള പ്രതിബദ്ധത നിറവേറ്റുന്നതില്‍ ചെറു മോഡുലാര്‍ റിയാക്ടറുകൾ, മൈക്രോ റിയാക്ടറുകൾ എന്നിവയിലൂടെയടക്കം ആണവോര്‍ജ്ജത്തിന്റെ പങ്ക് വിപുലീകരിക്കുന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഇരുവരും പരസ്പരം പങ്കുവച്ചു.

ഐഎഇഎയും ഇന്ത്യയും തമ്മിലുള്ള മികച്ച പങ്കാളിത്തത്തിന് ഡയറക്ടര്‍ ജനറല്‍ ഗ്രോസി തന്റെ അഭിനന്ദനം അറിയിച്ചു. നിരവധി രാജ്യങ്ങളെ സഹായിച്ച ഇന്ത്യയുടെ പരിശീലന, ശേഷി വികസന പരിപാടികളെയും അദ്ദേഹം അഭിനന്ദിച്ചു. പൗരസ്ത്യ ലോകത്ത് സിവില്‍ ന്യൂക്ലിയര്‍ ടെക്നോളജി ആപ്ലിക്കേഷനുകള്‍ വ്യാപിപ്പിക്കുന്നതിന് ഇന്ത്യയും ഐഎഇഎയും തമ്മിലുള്ള സഹകരണത്തിന്റെ വഴികള്‍ തേടാന്‍ ഇരുപക്ഷവും തീരുമാനമെടുത്തു.

 

SK



(Release ID: 1970181) Visitor Counter : 97