വ്യോമയാന മന്ത്രാലയം

എയർക്രാഫ്റ്റ് ചട്ടം -1937 ഭേദഗതി : വ്യോമയാന രംഗത്തെ സുരക്ഷ ശാക്തീകരിക്കുന്നതിനും, വ്യോമയാന  നിയന്ത്രണ രംഗത്തെ  കൂടുതൽ  വ്യാപാര സൗഹൃദമാക്കുന്നതും ലക്ഷ്യമിട്ടുള്ള പ്രധാന ചുവടുവെയ്പ്പ്

Posted On: 16 OCT 2023 11:40AM by PIB Thiruvananthpuram

ന്യൂ ഡൽഹി: 16 ഒക്ടോബർ 2023

2023 ഒക്ടോബർ 10ന് ഗസറ്റിൽ പ്രസിദ്ധീകരിച്ച 1937 ലെ എയർക്രാഫ്റ്റ് ചട്ട ഭേദഗതി, വ്യോമയാന മേഖലയിൽ  കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതും, ഈ രംഗത്തെ കൂടുതൽ വ്യാപാര സൗഹൃദമാക്കുന്നതും ലക്ഷ്യമിട്ടുള്ള പ്രധാന നീക്കമാണ്.

ചട്ടം  39സി യിൽ  വരുത്തിയിരിക്കുന്ന മാറ്റമാണ് ഈ ഭേദഗതിയുടെ ഏറ്റവും പ്രധാന പ്രത്യേകതകളിൽ ഒന്ന്. ഇത് പ്രകാരം എയർലൈൻ ട്രാൻസ്പോർട്ട് പൈലറ്റ് ലൈസൻസ് (ATPL), കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ്  (CPL) എന്നിവയുടെ കാലാവധി അഞ്ചുവർഷത്തിൽ നിന്നും 10 വർഷമായി ഉയർത്തിയിട്ടുണ്ട്. ഇത്  DGCA പോലെയുള്ള വ്യോമയാന അധികാര കേന്ദ്രങ്ങൾ,പൈലറ്റുമാർ  എന്നിവരുടെ മേലുള്ള  ഭരണപരമായ ഭാരം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.


ചട്ടം  66നു  കീഴിൽ പ്രധാന മാറ്റങ്ങൾക്കും ഭേദഗതി വഴി തുറക്കുന്നു. എയ്റോഡ്രോമുകളുടെ  പരിസരത്തെ  "ഫാൾസ് ലൈറ്റുകൾ" പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാൻ ഇത് ലക്ഷ്യമിടുന്നു .
ഇത്തരം ലൈറ്റുകൾ പ്രദർശിപ്പിക്കുന്നവർക്ക് മേലുള്ള ഭരണകൂടത്തിന്റെ അധികാരപരിധി 5 കിലോമീറ്ററിൽ നിന്നും, എയ്റോഡ്രോമുകൾക്ക് ചുറ്റും 5 നോട്ടിക്കൽ മൈലായി ഉയർത്തിയിട്ടുണ്ട്.

വിമാനങ്ങളുടെ സുരക്ഷിതമായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതോ,  ജീവനക്കാർക്ക് വെല്ലുവിളി ഉയർത്തുന്നതോ  ആയ രീതിയിൽ ലൈറ്റുകൾ  പ്രകാശിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കുന്നതിന് ഭരണകൂടത്തിന് അധികാരമുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.

അത്തരം വിളക്കുകൾ 24 മണിക്കൂറും ശ്രദ്ധിക്കപ്പെടാതെ പ്രകാശിച്ചു നിൽക്കുകയാണെങ്കിൽ, ആ പ്രദേശത്ത് പ്രവേശിച്ച് അത് അണക്കുവാൻ   ഭരണകൂടത്തിന് അധികാരം ഉണ്ടായിരിക്കും. ഒപ്പം ഇന്ത്യൻ പീനൽ കോഡിന് കീഴിൽ  നിയമനടപടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട  പോലീസ് സ്റ്റേഷനിൽ വിവരം റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നതാണ്. പ്രകാശത്തിന്റെ സ്രോതസ്സ് തിരിച്ചറിയാൻ കഴിയാതെ വരികയോ,   തുടർച്ചയായി വ്യത്യസ്ത സ്ഥലങ്ങളിലേക്ക് മാറുകയോ ചെയ്യുകയാണെങ്കിൽ വിമാനത്താവളമോ, വിമാന കമ്പനിയോ  അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ക്രിമിനൽ നടപടിക്രമങ്ങൾക്കായി ബന്ധപ്പെട്ട വിവരം റിപ്പോർട്ട് ചെയ്യേണ്ടതാണ്.

വിദേശ ലൈസൻസുകളുടെ സാധുത  ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചട്ടം 118 കാലഹരണപ്പെട്ടതിനാൽ അത്  നീക്കം ചെയ്തിട്ടുണ്ട്. വ്യോമയാന മേഖലയിലെ വർദ്ധിക്കുന്ന ആവശ്യങ്ങൾ  കണക്കിലെടുത്ത് നിയന്ത്രണങ്ങൾ പരിഷ്കരിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നീക്കം.

 കൂടാതെ, എയർ ട്രാഫിക് കൺട്രോളർ ലൈസൻസ് ഉടമകളുടെ മികവ് ഉറപ്പാക്കി കൊണ്ട് തന്നെ,അവർക്കായുള്ള അഭിലഷണീയമായ യോഗ്യതകൾ    ഉദാരമാക്കുന്നതിനുള്ള പ്രത്യേക ഭാഗവും ഷെഡ്യൂൾ III-ന്  കീഴിൽ , ഉൾപ്പെടുത്തിയിട്ടുണ്ട് .

 


(Release ID: 1968049) Visitor Counter : 97