പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ഉത്തരാഖണ്ഡിലെ പിത്തോരാഗഢിൽ 4200 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കു തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു
"ദേശീയ പ്രതിരോധത്തിന്റെയും വിശ്വാസത്തിന്റെയും ഈ നാട്ടിൽ നിങ്ങൾക്കൊപ്പമുണ്ടാകാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്"
"ഉത്തരാഖണ്ഡിന്റെ പുരോഗതിയും പൗരന്മാരുടെ ക്ഷേമവുമാണ് ഞങ്ങളുടെ ഗവണ്മെന്റിന്റെ ദൗത്യത്തിന്റെ കാതൽ"
"ഈ ദശകം ഉത്തരാഖണ്ഡിന്റെ ദശകമായിരിക്കും"
"ഉത്തരാഖണ്ഡിലെ ഓരോ ഗ്രാമത്തിലും രാജ്യത്തിന്റെ സംരക്ഷകരുണ്ട്"
“ഈ ഗ്രാമങ്ങൾ വിട്ടുപോയവരെ തിരികെ എത്തിക്കാനാണു ഞങ്ങളുടെ ശ്രമം. ഈ ഗ്രാമങ്ങളിൽ വിനോദസഞ്ചാരം വർദ്ധിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
"അമ്മമാരുടെയും സഹോദരിമാരുടെയും എല്ലാ ബുദ്ധിമുട്ടുകളും എല്ലാ അസൗകര്യങ്ങളും ഇല്ലാതാക്കാൻ ഞങ്ങളുടെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്"
"ഉത്തരാഖണ്ഡിൽ വിനോദസഞ്ചാരവും തീർഥാടനവും വികസിപ്പിക്കുന്നതിനുള്ള ഇരട്ട എൻജിൻ ഗവണ്മെന്റിന്റെ ശ്രമങ്ങൾ ഇപ്പോൾ ഫലം കാണുന്നു"
"ഉത്തരാഖണ്ഡിന്റെ സമ്പർക്കസൗകര്യങ്ങൾ വിപുലീകരിക്കുന്നത് സംസ്ഥാനത്തിന്റെ വികസനത്തെ പുതിയ ഉയരങ്ങളിലെത്തിക്കും"
"രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളെയും എല്ലാ വിഭാഗങ്ങളെയും സൗകര്യങ്ങളും ആദരവും സമൃദ്ധിയും കൊണ്ട് കൂട്ട
Posted On:
12 OCT 2023 4:58PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തരാഖണ്ഡിലെ പിത്തോരാഗഢിൽ ഗ്രാമവികസനം, റോഡ്, വൈദ്യുതി, ജലസേചനം, കുടിവെള്ളം, ഉദ്യാനനിർമാണം, വിദ്യാഭ്യാസം, ആരോഗ്യം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലായി ഏകദേശം 4200 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കു തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു.
സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, തന്റെ സന്ദർശനവേളയിൽ ഉത്തരാഖണ്ഡിലെ ജനങ്ങൾ നൽകിയ അഭൂതപൂർവമായ സ്നേഹത്തിനും വാത്സല്യത്തിനും അളവറ്റ അനുഗ്രഹങ്ങൾക്കും നന്ദി രേഖപ്പെടുത്തുകയും "അത് സ്നേഹത്തിന്റെ ഗംഗ പോലെയായിരുന്നു" എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ആധ്യാത്മികതയുടെയും വീര്യത്തിന്റെയും നാടിനു മുന്നിൽ, പ്രത്യേകിച്ച്, ധീരരായ അമ്മമാർക്ക് മുന്നിൽ, ശ്രീ മോദി ശിരസു നമിച്ചു. ബൈദ്യനാഥ് ധാമിലെ ജയ് ബദ്രി വിശാൽ വിളംബരത്തോടെ ഗഢ്വാൾ റൈഫിൾസിലെ സൈനികരുടെ ഉത്സാഹവും ആവേശവും ഉയരുമെന്നും ഗംഗോലിഹാട്ടിലെ കാളി മന്ദിറിലെ മണികൾ മുഴക്കുന്നതു കുമാവോൺ റെജിമെന്റിലെ സൈനികർക്ക് പുത്തൻ ധൈര്യം പകരുമെന്നും അദ്ദേഹം പറഞ്ഞു. മാനസ്ഖണ്ഡിൽ പ്രധാനമന്ത്രി ബൈദ്യനാഥ്, നന്ദാദേവി, പൂരംഗിരി, കാസർദേവി, കൈഞ്ചിധാം, കതർമൽ, നാനാക്‌മഠ, റീത്ത സാഹിബ് തുടങ്ങി നാടിന്റെ മഹത്വവും പൈതൃകവും വിളിച്ചോതുന്ന എണ്ണമറ്റ ആരാധനാലയങ്ങളെക്കുറിച്ചു പരാമർശിച്ചു. “ഉത്തരാഖണ്ഡിൽ നിങ്ങൾക്കൊപ്പം ആയിരിക്കുമ്പോൾ ഞാൻ എപ്പോഴും അനുഗ്രഹിക്കപ്പെട്ടവനാണ്” - പ്രധാനമന്ത്രി പറഞ്ഞു.
നേരത്തെ പാർവതി കുണ്ഡിൽ പ്രധാനമന്ത്രി പൂജയും ദർശനവും നടത്തി. "ഓരോ ഇന്ത്യക്കാരന്റെയും മികച്ച ആരോഗ്യത്തിനും വികസിതഭാരതമെന്ന ദൃഢനിശ്ചയം ശക്തിപ്പെടുത്തുന്നതിനും വേണ്ടി ഞാൻ പ്രാർത്ഥിച്ചു. ഉത്തരാഖണ്ഡിലെ ജനങ്ങളുടെ എല്ലാ അഭിലാഷങ്ങളും സഫലമാകാൻ ഞാൻ അനുഗ്രഹം തേടി."
സൈനികർ, കലാകാരർ, സ്വയം സഹായ സംഘങ്ങൾ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകളെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, സുരക്ഷ, സമൃദ്ധി, സംസ്കാരം എന്നിവയുടെ നെടുംതൂണുകൾ കണ്ടുമുട്ടിയതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഈ ദശകം ഉത്തരാഖണ്ഡിന്റെ ദശകമാകുമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. "ഉത്തരാഖണ്ഡിലെ ജനങ്ങളുടെ പുരോഗതിക്കും ജീവിതം സുഗമമാക്കുന്നതിനും വേണ്ടി ഞങ്ങളുടെ ഗവണ്മെന്റ് പൂർണമായ അർപ്പണബോധത്തോടെയും സമഗ്രതയോടെയും പ്രവർത്തിക്കുന്നു" - അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡുമായുള്ള ദീർഘകാല ബന്ധവും അടുപ്പവും പ്രധാനമന്ത്രി അനുസ്മരിച്ചു. നാരീശക്തി വന്ദൻ അധിനിയത്തെ കുറിച്ച് സംസാരിക്കവെ, സംസ്ഥാനത്ത് നിന്ന് തനിക്ക് ലഭിച്ച പിന്തുണയും പ്രതികരണവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യ കൈവരിച്ച വികസനക്കുതിപ്പിനെക്കുറിച്ച് പ്രധാനമന്ത്രി വിവരിച്ചു. "ഇന്ത്യയെയും ഇന്ത്യക്കാരുടെ സംഭാവനയെയും ലോകം അംഗീകരിക്കുകയാണ്" - അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളിൽ നിരാശപ്പെടേണ്ടി വന്നിരുന്നത് അനുസ്മരിച്ച പ്രധാനമന്ത്രി, വെല്ലുവിളികൾ നിറഞ്ഞ ആഗോളതലത്തിൽ ഇന്ത്യയുടെ കരുത്തുറ്റ ശബ്ദത്തെക്കുറിച്ചു ചൂണ്ടിക്കാട്ടി. ജി20 അധ്യക്ഷസ്ഥാനത്തിനും ഉച്ചകോടിയുടെ സംഘാടനത്തിനും ഇന്ത്യക്ക് ആഗോളതലത്തിൽ നിന്നു ലഭിച്ച അഭിനന്ദനത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം കേന്ദ്രത്തിൽ സുസ്ഥിരവും ശക്തവുമായ ഗവണ്മെന്റിനെ തിരഞ്ഞെടുത്തതിനാൽ രാജ്യത്തിന്റെ വിജയത്തിന്റെ ഖ്യാതി ജനങ്ങൾക്കാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ആഗോളതലത്തിൽ തന്റെ സാന്നിധ്യത്തിൽ 140 കോടി ഇന്ത്യക്കാരുടെ വിശ്വാസവും ആത്മവിശ്വാസവും താൻ വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 13.5 കോടിയിലധികം ഇന്ത്യക്കാർ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായി പറഞ്ഞ പ്രധാനമന്ത്രി, വിദൂര മേഖലകളിലുള്ളവർക്കും ഗവണ്മെന്റ് ആനുകൂല്യങ്ങൾ ലഭിക്കുന്ന, എല്ലാവരെയും ഉൾക്കൊള്ളുന്ന ഗവണ്മെന്റിന്റെ സമീപനത്തിനാണ് ഇതിന്റെ ഖ്യാതി നൽകിയത്. "ലോകം ആശ്ചര്യപ്പെടുന്നു"- 13.5 കോടി ജനങ്ങളിൽ വിദൂര പ്രദേശങ്ങളിലും മലയോര പ്രദേശങ്ങളിലും താമസിക്കുന്നവരുണ്ടെന്ന് വിശദീകരിച്ചു ശ്രീ മോദി പറഞ്ഞു. രാജ്യത്തിന്റെ ദാരിദ്ര്യം വേരോടെ പിഴുതെറിയാൻ ഇന്ത്യക്കു കഴിയുമെന്നതിന്റെ ഉദാഹരണമാണ് ഈ 13.5 കോടി ജനങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
മുൻ സർക്കാരുകൾ ‘ഗരീബി ഹഠാവോ’ എന്ന മുദ്രാവാക്യം വിളിച്ചെങ്കിലും ഉടമസ്ഥതയും ഉത്തരവാദിത്വവും ഏറ്റെടുത്ത് ദാരിദ്ര്യം തുടച്ചുനീക്കാമെന്ന് പറയുന്നത് ‘മോദി’യാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. "നമുക്ക് ഒരുമിച്ച് ദാരിദ്ര്യം തുടച്ചുനീക്കാനാകും"- അദ്ദേഹം പറഞ്ഞു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറങ്ങുകയും ഇതുവരെ ഒരു രാജ്യത്തിനും ചെയ്യാൻ കഴിയാത്ത നേട്ടം കൈവരിക്കുകയും ചെയ്ത ഇന്ത്യയുടെ ചന്ദ്രയാനെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. "ചന്ദ്രയാൻ ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി എന്നാണു പേരിട്ടത്. ഉത്തരാഖണ്ഡിന്റെ സ്വത്വം ഇപ്പോൾ ചന്ദ്രനിലാണ്"- പ്രധാനമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിലെ ഓരോ ചുവടിലും ശിവശക്തി യോഗം കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ കായിക വൈദഗ്ധ്യത്തിന് അടിവരയിട്ട പ്രധാനമന്ത്രി, രാജ്യത്തെ എക്കാലത്തെയും ഉയർന്ന മെഡൽ നേട്ടത്തിന്റെ സന്തോഷത്തെക്കുറിച്ച് സംസാരിച്ചു. ഉത്തരാഖണ്ഡിലെ 8 താരങ്ങൾ ആ സംഘത്തിലുണ്ടായിരുന്നു. ലക്ഷ്യ സെൻ, വന്ദന കതാരിയ എന്നിവരുടെ ടീമുകൾ മെഡലുകൾ നേടി. പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം സദസിലുള്ളവർ തങ്ങളുടെ മൊബൈൽ ഫോണുകളിലെ ഫ്ലാഷ്‌ലൈറ്റുകൾ ഉയർത്തി ഈ നേട്ടത്തെ പ്രോത്സാഹിപ്പിച്ചു. കായികതാരങ്ങളുടെ പരിശീലനത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനും ഗവണ്മെന്റ് പൂർണ പിന്തുണ നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഹൽദ്വാനിയിലെ ഹോക്കി മൈതാനത്തിനും രുദ്രാപൂരിലെ വെലോഡ്രോമിനും ഇന്ന് തറക്കല്ലിട്ടു. ദേശീയ ഗെയിംസിനായി പൂർണമനസോടെ തയ്യാറെടുക്കുന്ന സംസ്ഥാന ഗവണ്മെന്റിനും മുഖ്യമന്ത്രിക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു.
"ഉത്തരാഖണ്ഡിലെ ഓരോ ഗ്രാമവും ഇന്ത്യയുടെ അതിർത്തികൾ സംരക്ഷിക്കുന്നവരെയാണ് സൃഷ്ടിച്ചത്" - ഒരു റാങ്ക് ഒരു പെൻഷൻ എന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള ആവശ്യം നിറവേറ്റിയത് ഇപ്പോഴത്തെ ഗവണ്മെന്റാണെന്ന് പരാമർശിക്കവേ പ്രധാനമന്ത്രി പറഞ്ഞു. ഇതുവരെ, ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതിക്ക് കീഴിൽ 70,000 കോടിയിലധികം രൂപ മുൻ സൈനികർക്ക് കൈമാറിയതായി പ്രധാനമന്ത്രി അറിയിച്ചു. ഇത് 75,000-ത്തിലധികം മുൻ സൈനികരുടെ കുടുംബങ്ങൾക്ക് വലിയ നേട്ടമുണ്ടാക്കി. അതിർത്തി പ്രദേശങ്ങളുടെ വികസനമാണ് ഗവണ്മെന്റിന്റെ മുൻഗണനാ മേഖലകളിലൊന്ന്. പുതിയ സേവനങ്ങളുടെ വികസനം ഇവിടെ അതിവേഗം നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുൻ ഗവണ്മെന്റുകളുടെ കാലത്ത് അതിർത്തി പ്രദേശങ്ങളിലെ വികസനത്തിന്റെ അഭാവം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അടിസ്ഥാനസൗകര്യ വികസനങ്ങൾക്കൊപ്പം അയൽരാജ്യങ്ങൾ ഭൂമി തട്ടിയെടുക്കുമെന്ന അവരുടെ ഭയത്തെക്കുറിച്ചും സംസാരിച്ചു. "നവ ഇന്ത്യ ഒന്നിനെയും ഭയപ്പെടുന്നില്ല, മറ്റുള്ളവരിൽ ഭയം ജനിപ്പിക്കുന്നില്ല"- അതിർത്തി പ്രദേശങ്ങളിൽ നടക്കുന്ന അടിസ്ഥാനസൗകര്യ വികസനങ്ങളെക്കുറിച്ച് സംസാരിക്കവെ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ 9 വർഷത്തിനിടെ അതിർത്തി പ്രദേശങ്ങളിൽ 4200 കിലോമീറ്ററിലധികം റോഡുകളും 250 പാലങ്ങളും 22 തുരങ്കങ്ങളും നിർമിച്ചതായി അദ്ദേഹം അറിയിച്ചു. ഇന്നത്തെ പദ്ധതികൾ പരാമർശിച്ചുകൊണ്ട്, അതിർത്തി പ്രദേശങ്ങളിൽ റെയിൽവേ സൗകര്യം എത്തിക്കുന്നതിനുള്ള പദ്ധതികൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
"ഊർജസ്വലഗ്രാമം" പദ്ധതി അവസാനത്തെ ഗ്രാമങ്ങളെയും രാജ്യത്തിന്റെ ആദ്യ ഗ്രാമങ്ങളാക്കി മാറ്റിയതായി പ്രധാനമന്ത്രി പറഞ്ഞു. “ഈ ഗ്രാമങ്ങൾ വിട്ടുപോയവരെ തിരികെ കൊണ്ടുവരാനാണ് ഞങ്ങളുടെ ശ്രമം. ഈ ഗ്രാമങ്ങളിൽ വിനോദസഞ്ചാരം വർധിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു. വെള്ളം, മരുന്ന്, റോഡുകൾ, വിദ്യാഭ്യാസം, മെഡിക്കൽ സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് മുൻകാലങ്ങളിലെ തെറ്റായ നയങ്ങൾ കാരണം ജനങ്ങൾക്കു വീട് വിട്ട് പോകേണ്ടിവന്നു. ഈ മേഖലകളിൽ ഉത്തരാഖണ്ഡിൽ പുതിയ സൗകര്യങ്ങളും അടിസ്ഥാനസൗകര്യങ്ങളും വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റോഡുകളും ജലസേചന സൗകര്യങ്ങളും ഇന്ന് ആരംഭിച്ച പോളിഹൗസ് പദ്ധതിയും ആപ്പിൾ കൃഷിക്ക് ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഈ പദ്ധതികൾക്കായി 1100 കോടി രൂപ ചെലവഴിക്കും. “ഉത്തരാഖണ്ഡിലെ നമ്മുടെ ചെറുകിട കർഷകരുടെ ജീവിതം മെച്ചപ്പെടുത്താൻ വളരെയധികം പണം ചെലവഴിക്കുന്നു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്ക് കീഴിൽ, ഉത്തരാഖണ്ഡിലെ കർഷകർക്ക് ഇതുവരെ 2200 കോടിയിലധികം രൂപ ലഭിച്ചിട്ടുണ്ട്”- അദ്ദേഹം പറഞ്ഞു.
നിരവധി തലമുറകളായി ഉത്തരാഖണ്ഡിൽ വളർത്തിയെടുത്ത ശ്രീ അന്നയെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, അത് ലോകമെമ്പാടും എത്തിക്കാനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങളെ എടുത്തുപറയുകയും ചെയ്തു. ഉത്തരാഖണ്ഡിലെ ചെറുകിട കർഷകർക്ക് ഏറെ പ്രയോജനം ചെയ്യുന്ന യജ്ഞം രാജ്യത്തുടനീളം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം ഉറപ്പാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് സംസാരിക്കവെ, “അമ്മമാരുടെയും സഹോദരിമാരുടെയും എല്ലാ ബുദ്ധിമുട്ടുകളും എല്ലാ അസൗകര്യങ്ങളും ഇല്ലാതാക്കാൻ ഞങ്ങളുടെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ടാണ് നമ്മുടെ ഗവണ്മെന്റ് പാവപ്പെട്ട സഹോദരിമാർക്ക് സ്ഥിരം വീടുകൾ നൽകിയത്. ഞങ്ങൾ ഞങ്ങളുടെ സഹോദരിമാർക്കും പെൺമക്കൾക്കും ശൗചാലയങ്ങൾ നിർമിച്ചു. അവർക്ക് പാചകവാതക കണക്ഷനുകൾ നൽകി. ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി. സൗജന്യ ചികിത്സയും സൗജന്യ റേഷനും ക്രമീകരിച്ചു. ഹർ ഘർ ജൽ യോജനയ്ക്ക് കീഴിൽ ഉത്തരാഖണ്ഡിലെ 11 ലക്ഷം കുടുംബങ്ങളിലെ സഹോദരിമാർക്ക് പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കി", എന്നു പ്രധാനമന്ത്രി പറഞ്ഞു. ചുവപ്പുകോട്ടയുടെ കൊത്തളത്തിൽ നിന്ന് താൻ പ്രഖ്യാപിച്ച, വനിതാ സ്വയം സഹായ സംഘങ്ങൾക്ക് ഡ്രോണുകൾ നൽകുന്ന പദ്ധതിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഈ ഡ്രോണുകൾ കാർഷിക മേഖലയിലും ഉൽപ്പന്നങ്ങളുടെ ഗതാഗതത്തിലും സഹായിക്കും. "വനിതാ സ്വയംസഹായ സംഘങ്ങൾക്ക് നൽകുന്ന ഡ്രോണുകൾ ഉത്തരാഖണ്ഡിനെ ആധുനികതയുടെ പുതിയ ഉയരങ്ങളിലെത്തിക്കും" - പ്രധാനമന്ത്രി പറഞ്ഞു.
“ഉത്തരാഖണ്ഡിൽ എല്ലാ ഗ്രാമങ്ങളിലും ഗംഗയും ഗംഗോത്രിയും ഉണ്ട്. ഇവിടത്തെ മഞ്ഞുമലകളിലാണ് ശിവനും നന്ദയും വസിക്കുന്നത്”- പ്രധാനമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിലെ മേളകൾ, കൗത്തിഗ്, തൗൾ, പാട്ടുകൾ, സംഗീതം, ഭക്ഷണം എന്നിവയ്ക്ക് തനതായ സ്വത്വമുണ്ടെന്നും പാണ്ഡവ നൃത്തം, ചോളിയ നൃത്തം, മംഗൾ ഗീത്, ഫുൽദേയ്, ഹരേല, ബാഗ്‌വാൾ, രാമ്മാൻ തുടങ്ങിയ സാംസ്‌കാരിക പരിപാടികളാൽ സമ്പന്നമാണ് ഈ നാടെന്നും അദ്ദേഹം പറഞ്ഞു. ഈ നാട്ടിലെ വിശിഷ്ടഭോജ്യങ്ങളെക്കുറിച്ചു പറഞ്ഞ അദ്ദേഹം ആർസെ, ഝംഗോർ കി ഖീർ, കഫുലി, പക്കോഡ, റൈത്ത, അൽമോറയിലെ ബാൽ മിഠായ്, സിങ്ഗോരി എന്നിവ പരാമർശിച്ചു. കാളിഗംഗയുടെ നാടുമായും ചമ്പാവത്ത് സ്ഥിതി ചെയ്യുന്ന അദ്വൈതാശ്രമവുമായുള്ള ആജീവനാന്ത ബന്ധവും പ്രധാനമന്ത്രി അനുസ്മരിച്ചു. അടുത്തുതന്നെ ചമ്പാവത്തിലെ അദ്വൈതാശ്രമത്തിൽ സമയം ചെലവഴിക്കാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.
***
--NS--
(Release ID: 1967172)
Visitor Counter : 108
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada