മന്ത്രിസഭ
azadi ka amrit mahotsav

ഡിജിറ്റല്‍ പരിവര്‍ത്തനത്തിനായി നടപ്പിലാക്കിയ വിജയകരമായ ഡിജിറ്റല്‍ പരിഹാരങ്ങള്‍ പങ്കിടുന്നതിനായി ഇന്ത്യയും പാപുവ ന്യൂ ഗിനിയയും തമ്മിലുള്ള ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 11 OCT 2023 3:20PM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2023 ഓഗസ്റ്റ് 11

ഡിജിറ്റല്‍ പരിവര്‍ത്തനത്തിനായി നടപ്പിലാക്കിയ വിജയകരമായ ഡിജിറ്റല്‍ പരിഹാരങ്ങള്‍ പങ്കിടുന്നതിനായി ആ മേഖലയിലെ സഹകരണത്തിന് ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും പാപുവ ന്യൂ ഗിനിയയിലെ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍സ് ടെക്‌നോളജി മന്ത്രാലയവും തമ്മില്‍ 2023 ജൂലൈ 28-ന് ഒപ്പുവച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കി.

വിശദാംശങ്ങള്‍:

ഇരു രാജ്യങ്ങളുടെയും ഡിജിറ്റല്‍ പരിവര്‍ത്തന മുന്‍കൈകള്‍ നടപ്പിലാക്കുന്നതില്‍ അടുത്ത സഹകരണവും അനുഭവങ്ങളുടെ കൈമാറ്റവും ഡിജിറ്റല്‍ സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളും (ഇന്ത്യ സ്റ്റാക്ക്) പ്രോത്സാഹിപ്പിക്കുക എന്നതാണ് ധാരണാപത്രം കൊണ്ട് ഉദ്ദേശിക്കുന്നത്. കക്ഷികള്‍ ഒപ്പിട്ട തീയതി മുതല്‍ ധാരണാപത്രം പ്രാബല്യത്തില്‍ വരികയും അതിന് 3 വര്‍ഷത്തെ പ്രാബല്യമുണ്ടായിരിക്കുകയും ചെയ്യും.

നേട്ടം:

ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യ (ഡി.പി.ഐ) മേഖലയില്‍ ജി2ജി, ബി2ബി ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തും.
ഐ.ടി മേഖലയിലെ തൊഴിലവസരങ്ങളിലേക്ക് നയിക്കുന്ന മെച്ചപ്പെട്ട സഹകരണവും ധാരണാപത്രം വിഭാവനം ചെയ്യുന്നു.

പശ്ചാത്തലം:

ഐ.സി.ടി മേഖലയില്‍ ഉഭയകക്ഷി, ബഹുമുഖ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ഇലക്‌ട്രോണിക്‌സ് വിവരസാങ്കേതിക വിദ്യാ മന്ത്രാലയം (മെയ്ടി) നിരവധി രാജ്യങ്ങളുമായും ബഹുമുഖ ഏജന്‍സികളുമായും സഹകരിക്കുകയാണ്. ഈ കാലയളവിനുള്ളില്‍, ഐ.സി.ടി മേഖലയിലെ സഹകരണവും വിവര കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്നതിനായി മെയ്ടി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അതിന്റെ പ്രതിരൂപസംഘടനകള്‍/ഏജന്‍സികള്‍ എന്നിവയുമായി ധാരണാപത്രങ്ങള്‍/സഹകരണപത്രങ്ങള്‍ (എം.ഒ.സി)/ കരാറുകള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ട സമൂഹത്തിലേക്കും വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്കും പരിവര്‍ത്തനപ്പെടുത്തുന്നതിനായി കേന്ദ്രഗവണ്‍മെന്റ് സ്വീകരിച്ച ഡിജിറ്റല്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത്, മെയ്ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ വിവിധ മുന്‍കൈകളുമായി യോജിച്ചുകൊണ്ടുള്ളതാണ് ഇത്. മാറിക്കൊണ്ടിരിക്കുന്ന ഈ മാതൃകയില്‍, പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബിസിനസ്സ് അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യേണ്ടതിന്റെയും മികച്ച സമ്പ്രദായങ്ങള്‍ പങ്കുവയ്ക്കുന്നന്റേയും ഡിജിറ്റല്‍ മേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കേണ്ടതിന്റെയും ആവശ്യകത ആസന്നമായിട്ടുണ്ട്.

ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യങ്ങള്‍(ഡി.പി.ഐ) നടപ്പിലാക്കുന്നതില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഇന്ത്യ അതിന്റെ നേതൃത്വം പ്രകടിപ്പിക്കുകയും കോവിഡ് മഹാമാരിയുടെ സമയത്തുപോലും പൊതുജനങ്ങള്‍ക്ക് വിജയകരമായി സേവനങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. അതിന്റെഫലമായി, ഇന്ത്യയുടെ അനുഭവങ്ങളില്‍ നിന്ന് പഠിക്കാനും ഇന്ത്യയുമായി ധാരണാപത്രങ്ങളില്‍ ഏര്‍പ്പെടാനും പല രാജ്യങ്ങളും താല്‍പ്പര്യം പ്രകടിപ്പിച്ചു.

പൊതുസേവനങ്ങളുടെ പ്രാപ്യതയും വിതരണവും  ലഭ്യമാക്കുന്നതിനായി ഇന്ത്യ വികസിപ്പിച്ച് നടപ്പിലാക്കിയ ഒരു ഡി.പി.ഐ ആണ് ഇന്ത്യാ സ്റ്റാക്ക് സൊല്യൂഷന്‍സ്. ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുക, ഡിജിറ്റല്‍ ഉള്‍ച്ചേര്‍ക്കല്‍ പ്രോത്സാഹിപ്പിക്കുക, തടസ്സങ്ങളില്ലാതെ പൊതു സേവനങ്ങളുടെ പ്രാപ്യത സാദ്ധ്യമാക്കുക എന്നിവയാണ് ഇത് ലക്ഷ്യമിടുന്നത്. ഓപ്പണ്‍ ടെക്‌നോളജികളില്‍ നിര്‍മ്മിച്ച ഇവ, പരസ്പരം പ്രവര്‍ത്തിക്കാനാകുന്നവയുമാണ്. ഒപ്പം നൂതനാശയപരവും ഉള്‍ച്ചേര്‍ക്കുന്നതുമായ പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വ്യവസായത്തെയും സാമൂഹിക പങ്കാളിത്തത്തെയും പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നതും. എന്നിരുന്നാലും, ഓരോ രാജ്യത്തിനും ഡി.പി.ഐ കെട്ടിപ്പടുക്കുന്നതില്‍ തനതായ ആവശ്യങ്ങളും വെല്ലുവിളികളും ഉണ്ട്, എങ്കിലും അടിസ്ഥാന പ്രവര്‍ത്തനം സമാനമായതിനാല്‍, ഇത് ആഗോള സഹകരണം അനുവദിക്കുകയും ചെയ്യുന്നു.

--NS--


(Release ID: 1966691) Visitor Counter : 89