പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്തിലെ ഛോട്ടൗദേപൂരിലെ ബോഡേലിയില്‍ നടന്ന വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
27 SEP 2023 8:09PM by PIB Thiruvananthpuram
ഭാരത് മാതാ കി - ജയ്
ഭാരത് മാതാ കി - ജയ്!
വേദിയിലുള്ള ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേഭ്രായ് പട്ടേല്‍, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകനും ഗുജറാത്ത് ബി ജെ പി അധ്യക്ഷനുമായ ശ്രീ സി ആര്‍ പാട്ടീല്‍, ഗുജറാത്തിലെ എല്ലാ സംസ്ഥാന മന്ത്രിമാര്‍, സംസ്ഥാന പഞ്ചായത്ത് പ്രതിനിധികള്‍, ഒപ്പം തിങ്ങിക്കൂടിയ എന്റെ സഹോദരീ സഹോദരന്‍മാരെ,
നിങ്ങള്‍ക്കെല്ലാം സൗഖ്യമല്ലേ്? അല്‍പ്പം ഉച്ചത്തില്‍ സംസാരിക്കുക; ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഞാന്‍ ബോഡേലിയില്‍ എത്തിയത്. മുമ്പ്, വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ ഞാന്‍ ഇവിടെ വരുമായിരുന്നു, അതിനുമുമ്പ്, സംഘടനാപ്രവര്‍ത്തകനായിരിക്കെ മിക്കവാറും എല്ലാ ദിവസവും ഞാന്‍ ബോഡേലി സന്ദര്‍ശിക്കുമായിരുന്നു. കുറച്ച് മുമ്പ്, വൈബ്രന്റ് ഗുജറാത്തിന്റെ 20ാം വാര്‍ഷികം ആഘോഷിക്കാന്‍ ഗാന്ധിനഗറില്‍ നടന്ന പരിപാടിയില്‍ ഞാന്‍ പങ്കെടുത്തു. 20 വര്‍ഷം കഴിഞ്ഞു. ഇന്ന്, ബോഡേലി മുതല്‍ ഛോട്ടൗദേപൂര്‍ വരെയും ഉമര്‍ഗാം മുതല്‍ അംബാജി വരെയും നിരവധി വികസന പദ്ധതികള്‍ക്കായി എന്റെ ഗോത്രവര്‍ഗ സഹോദരീസഹോദരന്മാരോടൊപ്പം നിങ്ങളില്‍ ഒരാളായിരിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. മുഖ്യമന്ത്രി സൂചിപ്പിച്ചതുപോലെ, 5000 കോടിയിലധികം രൂപയുടെ പദ്ധതികള്‍ക്കു തറക്കല്ലിടാനോ ഉദ്ഘാടനം നടത്താനോ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഗുജറാത്തിലെ 22 ജില്ലകളിലും 7500-ലധികം ഗ്രാമപഞ്ചായത്തുകളിലും വൈ-ഫൈ കണക്ടിവിറ്റി ലഭ്യമാക്കുന്ന ജോലി ഇന്ന് പൂര്‍ത്തിയായി. നാം ഇഗ്രാം വിശ്വഗ്രാം ആരംഭിച്ചിരുന്നു, ഇത് ഇഗ്രാം വിശ്വഗ്രാമിന്റെ ഒറ്റനോട്ടത്തിലുള്ള കാഴ്ചയാണ്. ഈ ഗ്രാമങ്ങളില്‍ താമസിക്കുന്ന ദശലക്ഷക്കണക്കിന് ഗ്രാമീണര്‍ക്ക് മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റും പുതിയ കാര്യമല്ല. ഗ്രാമങ്ങളിലെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പോലും ഇപ്പോള്‍ അവ എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാം, അവരുടെ മകന്‍ പുറത്ത് ജോലി ചെയ്യുന്നുണ്ടെങ്കില്‍, അവര്‍ അവനുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമയം നടത്തുന്നു. വളരെ കുറഞ്ഞ ചിലവില്‍ മികച്ച ഇന്റര്‍നെറ്റ് സേവനം ഇപ്പോള്‍ ഇവിടെയുള്ള ഗ്രാമങ്ങളിലെ എന്റെ എല്ലാ മുതിര്‍ന്ന സഹോദരന്മാര്‍ക്കും ലഭ്യമാണ്. ഈ മികച്ച സമ്മാനത്തിന് നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
ഞാന്‍ ഛോട്ടൗദേപൂരോ ബോഡേലിയുടെ സമീപ പ്രദേശങ്ങളോ സന്ദര്‍ശിക്കുമ്പോള്‍, നമ്മുടെ ഛോട്ടൗദേപൂര്‍ ജില്ല മോദി സാഹിബ് ഞങ്ങള്‍ക്ക് നല്‍കിയതാണെന്ന് ആളുകള്‍ പലപ്പോഴും പറയുമായിരുന്നു. അതല്ലേ അവര്‍ പറയുന്നത്? കാരണം, ഞാന്‍ ഇവിടെയായിരിക്കുമ്പോള്‍, ഛോട്ടൗദേപൂരില്‍ നിന്ന് ബോഡേലിയിലേക്കുള്ള യാത്ര വളരെ നീണ്ടതായിരുന്നു, അത് എത്ര ബുദ്ധിമുട്ടാണെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടാണ് ഞാന്‍ ഗവണ്‍മെന്റിനെ നിങ്ങളുടെ വീട്ടുപടിക്കല്‍ എത്തിച്ചത്. ഉമര്‍ഗാം മുതല്‍ അംബാജി വരെയുള്ള ആദിവാസി മേഖലയില്‍ നിരവധി വലിയ പദ്ധതികള്‍ നരേന്ദ്ര ഭായ് ആരംഭിച്ചതായി ആളുകള്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഞാന്‍ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആകുന്നതിന് മുമ്പ് തന്നെ ഈ ഭൂമിയുമായും ഗ്രാമങ്ങളുമായും എന്റെ ആദിവാസി കുടുംബങ്ങളുമായും എനിക്ക് ഒരു പ്രത്യേക ബന്ധമുണ്ട്. ഞാന്‍ മുഖ്യമന്ത്രിയായതിനു ശേഷം മാത്രം നടന്ന ആരംഭിച്ചതല്ല; അത് വളരെ മുമ്പേ നിലനിന്നിരുന്നു. അക്കാലത്ത് ഞാന്‍ ഒരു സാധാരണ തൊഴിലാളിയായി ഇവിടെ വന്ന് ഛോട്ടൗദേപൂരിലേക്ക് ബസില്‍ പോകുമായിരുന്നു. ഞാന്‍ ലെലേദാദയുടെ കുടില്‍ സന്ദര്‍ശിക്കും, ലെലേദാദയ്ക്കൊപ്പം ജോലി ചെയ്ത ധാരാളം ആളുകള്‍ ഇവിടെ ഉണ്ടായിരിക്കണം. ഞാന്‍ ദാഹോദില്‍ നിന്ന് ഉമര്‍ഗാം, ലിംഡി, ശാന്തരാംപൂര്‍, ജലോദ്, ദഹോദ്, ഗോധ്ര, ഹലോല്‍, കലോല്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇതായിരുന്നു എന്റെ സ്ഥിരം വഴി. ഞാന്‍ ബസില്‍ വന്ന് എല്ലാവരുമായും ചേര്‍ന്നു പരിപാടികള്‍ നടത്തി മടങ്ങും. ഒഴിവു സമയം കിട്ടിയാല്‍ ഞാന്‍ ഭോലേനാഥിലെ കായവരോഹന്‍ ഈശ്വര്‍ ക്ഷേത്രത്തില്‍ പോകുമായിരുന്നു. എനിക്ക് പലതവണ മല്‍സാറിലേക്കോ പോര്‍ഗത്തിലേക്കോ പോറിലേക്കോ നരേശ്വരിലേക്കോ പോകേണ്ടിവന്നു. നരേശ്വറില്‍ ഒരു സ്വാമിജിയെ കാണാന്‍ പലതവണ അവസരം ലഭിച്ചു. ഭദര്‍വയുടെ കാര്യവും ഇതുപോലെ തന്നെയായിരുന്നു. ദീര്‍ഘകാലം ഭദര്‍വ വികസന യാത്രയുടെ ഭാഗമാകാന്‍ എനിക്ക് അവസരം ലഭിച്ചു. ഈ വിശാലമായ പ്രദേശവുമായുള്ള എന്റെ ബന്ധം വളരെ അടുത്തതാണ്. ഞാന്‍ പലപ്പോഴും പല ഗ്രാമങ്ങളിലും രാത്രി തങ്ങാറുണ്ടായിരുന്നു. ഞങ്ങള്‍ പല ഗ്രാമങ്ങളിലും യോഗങ്ങള്‍ നടത്തിയിരുന്നു, ചിലപ്പോള്‍ ഞങ്ങള്‍ സൈക്കിളിലും ചിലപ്പോള്‍ കാല്‍നടയായും ചിലപ്പോള്‍ ബസിലും പോകും. എനിക്കു സാധിക്കാവുന്ന രീതിയിലെല്ലാം ഞാന്‍ പ്രവര്‍ത്തിച്ചു. കൂടാതെ പഴയ സുഹൃത്തുക്കളും ഇവിടെയുണ്ട്.
ഇന്ന്, ശ്രീ സി ആര്‍ പാട്ടീലിനും ഭൂപേന്ദ്രഭായിക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. ജീപ്പില്‍ ഇങ്ങോട്ട് വരുമ്പോള്‍ പല പഴയ പരിചയക്കാരെയും കാണാന്‍ അവസരം കിട്ടി. ഞാന്‍ എല്ലാവരേയും കണ്ടു, പല കുടുംബങ്ങളുമായും ബന്ധമുള്ളതിനാല്‍ പലരെയും ഓര്‍ത്തു, പല വീടുകളിലും ഇടയ്ക്കിടെ പോകുമായിരുന്നു. ഛോട്ടൗദേപൂരിലെയും പരിസരങ്ങളിലെയും സ്ഥിതി ഞാന്‍ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു. ആദിവാസി മേഖല മുഴുവന്‍ ഞാന്‍ വിശദമായി സന്ദര്‍ശിച്ചു. ഞാന്‍ ഗവണ്‍മെന്റ് രൂപീകരിച്ചപ്പോള്‍, ഈ മുഴുവന്‍ പ്രദേശത്തിന്റെയും, ആദിവാസി മേഖലയുടെ വികസനത്തിനായി പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ മനസ്സിലാക്കി. ഞാന്‍ നിരവധി വികസന പദ്ധതികളും സംരംഭങ്ങളും ആരംഭിച്ചു, ഇന്ന് നാം അതിന്റെ സദ്ഫലങ്ങള്‍ കാണുന്നു. നാം വിവിധ പരിപാടികള്‍ നടപ്പിലാക്കി, ഇന്ന് നാം പ്രത്യക്ഷമായ നേട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. ഇവിടെ, നാലോ അഞ്ചോ ചെറിയ കുട്ടികളെ പരാമര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു - ഞാന്‍ അവരെ കുട്ടികള്‍ എന്ന് വിളിക്കാന്‍ കാരണം 2001-2002 ല്‍ അവര്‍ ചെറിയ കുട്ടികളായിരുന്നതിനാലാണ്. ഞാന്‍ അവരുടെ വിരലുകള്‍ പിടിച്ച് അവരെ സ്‌കൂളിലേക്ക് കൊണ്ടുപോയി. ഇന്ന് അവരില്‍ ചിലര്‍ ഡോക്ടര്‍മാരായി, മറ്റു ചിലര്‍ അധ്യാപകരായി. ആ കുട്ടികളെ കാണാന്‍ ഇന്ന് എനിക്ക് അവസരം ലഭിച്ചു. ഏതൊരു ചെറിയ പ്രയത്‌നത്തിലും നിങ്ങള്‍ക്ക് ക്ഷേമത്തിലും ആത്മാര്‍ത്ഥതയിലും അചഞ്ചലമായ വിശ്വാസമുണ്ടെങ്കില്‍, അത് മനോഹരമായ ഫലങ്ങള്‍ നല്‍കുന്നു. എന്റെ കണ്‍മുന്നില്‍ ഫലങ്ങള്‍ കാണാന്‍ കഴിയുന്നുണ്ട്. ഇന്ന് ഞാന്‍ വലിയ തോതില്‍ സമാധാനവും സംതൃപ്തിയും അനുഭവിക്കുന്നു. ഇന്ന് ആ കുട്ടികളെ വളരെ ഉത്സാഹത്തോടെയും ആവേശത്തോടെയും കാണുമ്പോള്‍ എന്നില്‍ സന്തോഷം നിറയുന്നു.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
നല്ല സ്‌കൂളുകള്‍ സ്ഥാപിക്കപ്പെട്ടു, നല്ല റോഡുകള്‍ നിര്‍മ്മിക്കപ്പെട്ടു, മാന്യമായി കഴിയാവുന്ന വീടുകളെന്ന സാധ്യത ജനങ്ങള്‍ക്ക് ലഭ്യമായി. ശുദ്ധജലത്തിന്റെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ഇവയെല്ലാം പ്രധാനമാണ്, കാരണം അവ സാധാരണ കുടുംബങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുക മാത്രമല്ല, ദരിദ്ര കുടുംബങ്ങളുടെ ചിന്താ പ്രക്രിയയെത്തന്നെ സ്വാധീനിക്കുന്നു. പാവപ്പെട്ടവര്‍ക്ക് വീട്, കുടിവെള്ളം, റോഡുകള്‍, വൈദ്യുതി, വിദ്യാഭ്യാസം എന്നിവ ലഭ്യമാക്കുന്നതിനായി ദൗത്യമാതൃകയില്‍ പ്രവര്‍ത്തിക്കുന്നതിന് ഞങ്ങള്‍ എപ്പോഴും മുന്‍ഗണന നല്‍കിയിട്ടുണ്ട്. ദരിദ്രര്‍ നേരിടുന്ന വെല്ലുവിളികള്‍ ഞാന്‍ മനസ്സിലാക്കുന്നു, പരിഹാരങ്ങള്‍ കണ്ടെത്താന്‍ ഞാന്‍ നിരന്തരം പരിശ്രമിക്കുന്നു. ഗുജറാത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാര്‍ ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള ദരിദ്രര്‍ക്കായി ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ നാം നാല് കോടിയിലധികം നല്ല വീടുകള്‍ നിര്‍മ്മിച്ചു. പണ്ട്, മുന്‍ ഗവണ്‍മെന്റുകളുടെ കാലത്ത് പാവപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മിച്ചുനല്‍കുമ്പോള്‍, അത് 100, 200, 500, 1000 എന്നിങ്ങനെയുള്ള കണക്കുകള്‍ മാത്രമായിരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം, പാവപ്പെട്ടവര്‍ക്ക് വീട് പണിയുക എന്നതിനര്‍ത്ഥം വെറും നാല് മതിലുകള്‍ പണിയുക എന്നല്ല; അവര്‍ക്ക് മാന്യത നല്‍കുകയും മാന്യമായ ജീവിതം നയിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ഉദ്ദേശിക്കുന്നത്. പകരം, ഗുണഭോക്താക്കള്‍ക്ക് ഏതുതരം വീട് വേണമെന്ന് തീരുമാനിക്കാന്‍ ഞങ്ങള്‍ അനുവദിക്കുന്നു. ആടുകളെ വളര്‍ത്താന്‍ സ്ഥലം വേണമെങ്കില്‍ അവിടെയുണ്ട്. കോഴി വളര്‍ത്തലിന് സ്ഥലം വേണമെങ്കില്‍ അവിടെയുണ്ട്. നിങ്ങളുടെ മുന്‍ഗണനകള്‍ക്കനുസരിച്ച് നിങ്ങളുടെ വീട് ഇഷ്ടാനുസൃതമാക്കാം, ഗവണ്‍മെന്റ് അതിന് ധനസഹായം നല്‍കും. ഇടനിലക്കാരില്ല, പണം ഗവണ്‍മെന്റില്‍ നിന്ന് നേരിട്ട് അവര്‍ക്ക് കൈമാറും. നിങ്ങള്‍ ആദിവാസി വിഭാഗത്തില്‍ പെട്ടവരായാലും, ദളിത് വിഭാഗത്തില്‍ പെട്ടവരായാലും, പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരായാലും, നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി നിങ്ങള്‍ക്ക് ഒരു വീട് ലഭിക്കും, ഗവണ്‍മെന്റ് ഫണ്ട് നല്‍കും. ദശലക്ഷക്കണക്കിന് വീടുകള്‍ നമ്മുടെ സഹോദരിമാരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒന്നര ലക്ഷം മുതല്‍ രണ്ടു ലക്ഷം രൂപ വരെ വിലയുള്ള ഓരോ വീടും ഇപ്പോള്‍ നമ്മുടെ സഹോദരിമാരുടെ പേരിലാണ്. അവരെ അതിലൂടെ ലക്ഷാധിപതികളായ ദീദിമാരാക്കി. എന്റെ പേരില്‍ വീടില്ലെങ്കിലും രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് പെണ്‍മക്കള്‍ക്ക് ഞാന്‍ വീടുകള്‍ നല്‍കി.
സുഹൃത്തുക്കളെ,
ഗുജറാത്തിലെ ഗ്രാമങ്ങളിലെ വെള്ളത്തിന്റെ അവസ്ഥ എന്തായിരുന്നു? അത് അവിടെ താമസിക്കുന്നവര്‍ക്ക് അറിയാം. നമ്മുടെ ആദിവാസി മേഖലകളില്‍ ആളുകള്‍ പറയുമായിരുന്നു, 'സര്‍, വെള്ളം മുകളിലേക്ക് ഒഴുകില്ല. ഞങ്ങള്‍ മലയോര പ്രദേശങ്ങളിലാണ് താമസിക്കുന്നത്, പിന്നെ എങ്ങനെ മുകളില്‍ നിന്ന് വെള്ളം ലഭിക്കും?' ഈ ജലപ്രതിസന്ധി പരിഹരിക്കുക എന്ന വെല്ലുവിളി ഞങ്ങള്‍ ഏറ്റെടുത്തു, താഴെ നിന്ന് വെള്ളം ഉയര്‍ത്തേണ്ടി വന്നാലും ഞങ്ങള്‍ അത് ചെയ്തു. എല്ലാ വീട്ടിലും വെള്ളം എത്തിക്കാന്‍ ഞങ്ങള്‍ വെല്ലുവിളികളും ബുദ്ധിമുട്ടുകളും നേരിട്ടു, എന്നാല്‍ ഇന്ന് പൈപ്പുകളിലൂടെ വെള്ളം എല്ലാ വീട്ടിലേക്കും ഒഴുകുന്നു. മൂന്ന് മാസത്തിനുള്ളില്‍ തകരാറിലാവുകയും മൂന്ന് വര്‍ഷമായി പലപ്പോഴും അറ്റകുറ്റപ്പണികള്‍ നടത്താതെ കിടക്കുകയും ചെയ്തിരുന്ന ഹാന്‍ഡ് പമ്പുകള്‍ പഴയപടിയാക്കാന്‍ ഞങ്ങള്‍ കഠിനമായി പരിശ്രമിച്ചു. അതൊക്കെ നമ്മള്‍ കണ്ടതാണ്. വെള്ളം ശുദ്ധമല്ലെങ്കില്‍, അത് പല രോഗങ്ങളും കൊണ്ടുവരുന്നു, ഇത് കുട്ടികളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നു.
ഇന്ന്, ഗുജറാത്തിലെ എല്ലാ വീട്ടിലും ഞങ്ങള്‍ വിജയകരമായി പൈപ്പ് ജലവിതരണം നടത്തിയിട്ടുണ്ട്. ഞങ്ങള്‍ നടത്തിയ പരിശ്രമങ്ങള്‍ക്കും നിങ്ങളോടൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ ഞാന്‍ പഠിച്ച പാഠങ്ങള്‍ക്കും നന്ദി. നിങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നതുകൊണ്ടും നിങ്ങളോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതുകൊണ്ടും ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. നിങ്ങള്‍ എനിക്ക് പകര്‍ന്നു തന്ന അറിവും നൈപുണ്യവും വിലമതിക്കാനാവാത്തതാണ്. നിങ്ങളില്‍ നിന്ന് ഞാന്‍ പഠിച്ച കാര്യങ്ങള്‍ ഞാന്‍ നടപ്പിലാക്കുമ്പോള്‍, ആളുകളുടെ പ്രശ്‌നങ്ങള്‍ക്ക് ഞാന്‍ യഥാര്‍ത്ഥ പരിഹാരം കൊണ്ടുവരുന്നത് പോലെ തോന്നുന്നു. നിങ്ങള്‍ എന്റെ ഉപദേഷ്ടാക്കളാണ്, നിങ്ങളില്‍ നിന്ന് ഞാന്‍ പഠിച്ചത് ഡല്‍ഹിയില്‍ എനിക്ക് വളരെ ഉപയോഗപ്രദമാണ്.
നാല് വര്‍ഷം മുമ്പാണ് ഞങ്ങള്‍ ജല്‍ ജീവന്‍ മിഷന്‍ ആരംഭിച്ചത്. ഇന്ന് ഒന്നു ചിന്തിച്ചു നോക്കൂ: അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും വെള്ളമെടുക്കാന്‍ മൂന്ന് കിലോമീറ്റര്‍ നടക്കേണ്ടിവന്നിരുന്നെ, ഇപ്പോള്‍ പൈപ്പ് വെള്ളം 100 ദശലക്ഷം കുടുംബങ്ങളിലേക്ക് എത്തുന്നു. അവരുടെ അടുക്കളകളില്‍ വെള്ളം എത്തുന്നു, അമ്മമാരില്‍ നിന്നും സഹോദരിമാരില്‍ നിന്നും അനുഗ്രഹം ഒഴുകുകയാണ്. അതിനു കാരണം നമ്മുടെ പരിശ്രമമാണ്. നമ്മുടെ ഛോട്ടൗദേപൂരിലും നമ്മുടെ കവന്ത് ഗ്രാമത്തിലും പലതവണ കാവന്ത് സന്ദര്‍ശിച്ചിരുന്നതായി ഞാന്‍ ഓര്‍ക്കുന്നു. പണ്ട് കാവന്ത് വളരെ പിന്നോക്കമായിരുന്നു. ഈയിടെ ചിലര്‍ എന്നെ കാണാന്‍ വന്നിരുന്നു, കാവന്തിലെ നൈപുണ്യ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടോ ഇല്ലയോ എന്ന് ഞാന്‍ അവരോട് ചോദിച്ചു. അവര്‍ അമ്പരന്നു. ഇതാണ് നമ്മുടെ പാരമ്പര്യം, നമ്മുടെ സമര്‍പ്പണം. ഞങ്ങള്‍ കാവന്തിലെ പ്രാദേശിക ജലവിതരണത്തിന്റെ ജോലി പൂര്‍ത്തിയാക്കി, അതിന്റെ ഫലമായി പൈപ്പ് വെള്ളം ഇപ്പോള്‍ 50,000 ആളുകളിലേക്ക്, 50,000 വീടുകളിലേക്ക് എത്തുന്നു.
സുഹൃത്തുക്കളെ,
വിദ്യാഭ്യാസരംഗത്ത് നൂതനാശയങ്ങള്‍ നിരന്തരം പരീക്ഷിച്ച പാരമ്പര്യമാണ് ഗുജറാത്തിനുള്ളത്. ഇപ്പോഴും, സമാരംഭിച്ച പദ്ധതികള്‍ അതേ ദിശയില്‍ കാര്യമായ പുരോഗതി കൈവരിക്കും, ഇതിനായി ഭൂപേന്ദ്രഭായിയെയും അദ്ദേഹത്തിന്റെ മുഴുവന്‍ ടീമിനെയും ഞാന്‍ അഭിനന്ദിക്കുന്നു. മിഷന്‍ സ്‌കൂള്‍ ഓഫ് എക്‌സലന്‍സും വിദ്യാ സമീക്ഷയും രണ്ടാം ഘട്ടത്തില്‍ ഗുജറാത്തിലെ സ്‌കൂളില്‍ പോകുന്ന വിദ്യാര്‍ത്ഥികളില്‍ വളരെ നല്ല സ്വാധീനം ചെലുത്തും. ഞാന്‍ അടുത്തിടെ ലോകബാങ്ക് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി. വിദ്യാ സമീക്ഷാ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഗുജറാത്തില്‍ എത്തിയിരുന്നു. ഗുജറാത്തില്‍ നടപ്പാക്കിയതുപോലെ ഇന്ത്യയിലെ എല്ലാ ജില്ലകളിലും ഇത്തരം വിദ്യാ സമീക്ഷാ കേന്ദ്രങ്ങള്‍ നടപ്പാക്കാന്‍ അദ്ദേഹം എന്നെ പ്രേരിപ്പിച്ചു. ലോകബാങ്ക് ഇത്തരം മഹത്തായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നു. ഗ്യാന്‍ ശക്തി, ഗ്യാന്‍ സേതു, ഗ്യാന്‍ സാധ്ന തുടങ്ങിയ സംരംഭങ്ങള്‍ കഴിവുള്ളവരും ദരിദ്രരുമായ വിദ്യാര്‍ത്ഥികള്‍ക്കു വളരെയധികം പ്രയോജനം ചെയ്യും. അത് മികവിനെ പ്രോത്സാഹിപ്പിക്കും. നമ്മുടെ ആദിവാസി യുവാക്കള്‍ക്ക് സമീപഭാവിയില്‍ ആഘോഷിക്കാനുള്ള മികച്ച അവസരമുണ്ട്.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഗുജറാത്തിലെ വിദ്യാഭ്യാസത്തിലും നൈപുണ്യ വികസനത്തിലും ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. രണ്ട് പതിറ്റാണ്ട് മുമ്പ് ഗുജറാത്തില്‍ ക്ലാസ് മുറികളുടെയും അധ്യാപകരുടെ എണ്ണത്തിന്റെയും അവസ്ഥ എന്തായിരുന്നുവെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. പല കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല, അവര്‍ക്ക് സ്‌കൂളില്‍ നിന്ന് പുറത്തുപോകേണ്ടിവന്നു. ഉമര്‍ഗാം മുതല്‍ അംബാജി വരെയുള്ള ആദിവാസി മേഖലകളില്‍ സ്ഥിതി രൂക്ഷമായിരുന്നു. ഈ പ്രദേശങ്ങളില്‍ അക്കാലത്ത് സയന്‍സ് വിഭാഗമുള്ള സ്‌കൂളുകളൊന്നും ഉണ്ടായിരുന്നില്ല. അപ്പോഴും ചില രാഷ്ട്രീയ പാര്‍ട്ടികള്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് കോളേജുകളില്‍ സംവരണം ആവശ്യപ്പെടുകയും സയന്‍സ് വിഭാഗമുള്ള സ്‌കൂളുകള്‍ ഇല്ലെങ്കിലും രാഷ്ട്രീയത്തില്‍ മുഴുകുകയും ചെയ്യും. എന്നിരുന്നാലും, വളരെക്കുറച്ച് സ്‌കൂളുകള്‍ മാത്രമുണ്ടായിരുന്ന, അടിസ്ഥാന സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് കുട്ടികളുടെ നല്ല ഭാവി ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിച്ചു. പിന്നെ സയന്‍സ് പഠനമുള്ള സ്‌കൂളുകള്‍ ഇല്ലായിരുന്ന അവസ്ഥ മാറ്റാന്‍ ഞങ്ങള്‍ ശ്രമിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ 2 ലക്ഷം അധ്യാപകരുടെ നിയമനത്തിന് ഞങ്ങള്‍ തുടക്കമിട്ടു. ഞങ്ങള്‍ 1.25 ലക്ഷത്തിലധികം പുതിയ ക്ലാസ് മുറികള്‍ നിര്‍മ്മിച്ചു. വിദ്യാഭ്യാസ മേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പരമാവധി പ്രയോജനം ആദിവാസി മേഖലകളില്‍ സംഭവിച്ചു.
അടുത്തിടെ, നമ്മുടെ സൈനികര്‍ താവളമാക്കിയ അതിര്‍ത്തി പ്രദേശങ്ങള്‍ ഞാന്‍ സന്ദര്‍ശിച്ചു. ഞാന്‍ പോകുന്നിടത്തെല്ലാം ഗോത്രമേഖലയില്‍ നിന്നുള്ള ഒരു സൈനികന്‍ അതിര്‍ത്തിയില്‍ നില്‍ക്കുകയും രാജ്യത്തെ സേവിക്കുകയും ചെയ്യുന്നത് കണ്ടു. അതെന്നെ അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തു, എന്നെ കണ്ടപ്പോള്‍ അവര്‍ പറയും, 'സര്‍, ഞങ്ങള്‍ വളരെ സന്തോഷത്തിലാണ്. നിങ്ങള്‍ എന്റെ ഗ്രാമത്തില്‍ വന്നു' എന്ന്. അതെനിക്ക് വല്ലാത്തൊരു ആനന്ദമാണ്. കഴിഞ്ഞ രണ്ട് ദശകങ്ങളില്‍, അത് സയന്‍സ് ആകട്ടെ, കൊമേഴ്സ് ആകട്ടെ, അല്ലെങ്കില്‍ ഡസന്‍ കണക്കിന് പുതിയ സ്‌കൂളുകളും കോളേജുകളും ആകട്ടെ, ഇവിടെ ഒരു വലിയ ശൃംഖല വികസിച്ചു. പുതിയ ആര്‍ട്‌സ് കോളേജുകള്‍ തുറന്നു. ബിജെപി ഗവണ്‍മെന്റ് ആദിവാസി മേഖലയില്‍ മാത്രം 25,000 പുതിയ ക്ലാസ് മുറികളും അഞ്ച് മെഡിക്കല്‍ കോളേജുകളും സ്ഥാപിച്ചു. ഗോവിന്ദ് ഗുരു സര്‍വകലാശാലയും ബിര്‍സ മുണ്ട സര്‍വകലാശാലയും ഈ മേഖലയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താന്‍ സംഭാവന ചെയ്യുന്നു. ഇന്ന്, ഈ മേഖലയില്‍ നൈപുണ്യ വികസനത്തിനായി നിരവധി പ്രോത്സാഹനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജ്യം ഒരു പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കി. 30 വര്‍ഷമായി നിര്‍ത്തിവച്ചിരുന്ന ജോലികള്‍ നാം പൂര്‍ത്തിയാക്കി. പ്രാദേശിക ഭാഷയിലുള്ള വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരു കുട്ടി അവരുടെ പ്രാദേശിക ഭാഷയില്‍ പഠിക്കുമ്പോള്‍, അവരുടെ കഠിനാധ്വാനം ഗണ്യമായി കുറയുന്നു. അവര്‍ക്ക് ആശയങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും എന്നതിനാലാണ് ഇതിന് പ്രാധാന്യം നല്‍കിയത്. നാം രാജ്യത്തുടനീളം 14,000-ലധികം പിഎം ശ്രീ സ്‌കൂളുകള്‍, ഒരു പുതിയ ആധുനിക തരം സ്‌കൂളുകള്‍ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ 9 വര്‍ഷങ്ങളില്‍, ഏകലവ്യ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ആദിവാസി മേഖലകള്‍ക്ക് കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അവരുടെ ജീവിതത്തില്‍ സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനാണ് നാം ഈ കേന്ദ്രങ്ങള്‍ സ്ഥാപിച്ചത്. പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിലും നാം പുരോഗതി കൈവരിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകളുടെ ലോകത്തെ എന്റെ ഗോത്രമേഖലയിലെ ചെറുഗ്രാമങ്ങളിലെ യുവാക്കള്‍ക്കിടയില്‍ പരിചയപ്പെടുത്താനാണ് നമ്മുടെ ശ്രമം. വളരെ ചെറുപ്പം മുതലേ സാങ്കേതികവിദ്യയിലും ശാസ്ത്രത്തിലും അവരുടെ താല്‍പര്യം വികസിക്കുന്നതിനായി നാം വിദൂര പ്രദേശങ്ങളില്‍ പോലും നൂതനമായ ടിങ്കറിംഗ് ലാബുകള്‍ സ്ഥാപിക്കുന്നു. ഇത് എന്റെ ആദിവാസി കുട്ടികളില്‍ ശാസ്ത്ര സാങ്കേതികതയോടുള്ള താല്‍പര്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും, ഭാവിയില്‍ അവര്‍ ശാസ്ത്ര സാങ്കേതിക വിദ്യയുടെ ശക്തരായ വക്താക്കളായി മാറും.
എന്റെ കുടുംബാംഗങ്ങളെ,
കാലം മാറി, സര്‍ട്ടിഫിക്കറ്റുകളുടെ മൂല്യം പോലെ വൈദഗ്ധ്യത്തിന്റെ പ്രാധാന്യവും വളര്‍ന്നു. നിങ്ങളുടെ പക്കലുള്ള കഴിവുകള്‍ വളരെ പ്രധാനമാണ്, കൂടാതെ നൈപുണ്യ വികസനത്തിലൂടെ താഴെത്തട്ടില്‍ സംഭാവന ചെയ്തവര്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതിനാല്‍, നൈപുണ്യ വികസനത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചു. നൈപുണ്യ വികസന പരിപാടി ഇന്ന് ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് പ്രയോജനം ചെയ്യുന്നുണ്ട്. ഒരു ചെറുപ്പക്കാരന്‍ ഒരു വൈദഗ്ദ്ധ്യം പഠിച്ചുകഴിഞ്ഞാല്‍, മുദ്ര പദ്ധതിയിലൂടെ അവര്‍ക്ക് ബാങ്കില്‍ നിന്ന് ഒരു ജാമ്യവുമില്ലാതെ വായ്പ ലഭിക്കും, അവരുടെ വായ്പയ്ക്ക് ആരാണ് ഗ്യാരണ്ടി നല്‍കുന്നത്? അത് നിങ്ങളുടെ മോദിയുടെ ഉറപ്പാണ്. സ്വന്തമായി ജോലി തുടങ്ങി സ്വയം സമ്പാദിക്കുക മാത്രമല്ല മറ്റ് നാല് പേര്‍ക്ക് തൊഴില്‍ നല്‍കുകയും വേണം. വന്‍ബന്ധു കല്യാണ്‍ യോജനയുടെ കീഴില്‍ നൈപുണ്യ പരിശീലനവും നടക്കുന്നു. ഗുജറാത്തിലെ 50-ലധികം ആദിവാസി താലൂക്കുകളില്‍ ഇപ്പോള്‍ ശ്രദ്ധേയമായ ഐടിഐകളും നൈപുണ്യ വികസന കേന്ദ്രങ്ങളും ഉണ്ട്. അവിടെ 11 ലക്ഷത്തിലധികം ആദിവാസി സഹോദരീസഹോദരന്മാര്‍ വിദ്യാഭ്യാസം നേടുകയും സമ്പാദിക്കുകയും അവരുടെ ബിസിനസ്സ് വികസിപ്പിക്കുകയും ചെയ്യുന്നു. ആദിവാസി സഹകാരികളുടെ കഴിവുകള്‍ക്ക് ഒരു പുതിയ വിപണിയുണ്ട്. അവരുടെ പെയിന്റിംഗുകള്‍ക്കും കലാപരമായ സര്‍ഗ്ഗാത്മകതയ്ക്കും ഒപ്പം അവരുടെ കലയുടെ പ്രോത്സാഹനത്തിനും പ്രത്യേക കടകള്‍ തുറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
സുഹൃത്തുക്കളെ,
താഴെത്തട്ടിലുള്ള നൈപുണ്യ വികസനത്തിന് ഞങ്ങള്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ സമീപകാല ഉദാഹരണം നിങ്ങള്‍ ഇപ്പോള്‍ കണ്ടു. വിശ്വകര്‍മ ജയന്തി ദിനത്തില്‍, ഈ മാസം 17 ന് ഞങ്ങള്‍ പ്രധാനമന്ത്രി വിശ്വകര്‍മ യോജന ആരംഭിച്ചു. ഈ പദ്ധതിയിലൂടെ, നമ്മുടെ 'നിവാസികള്‍'(താമസക്കാര്‍)ക്കായി ,പാര്‍പ്പിട പ്രദേശങ്ങളില്‍ ഏറ്റവും നിര്‍ണായക പങ്ക് വഹിക്കുന്നവര്‍ക്കായി, നാം ഒരു സുപ്രധാന സംരംഭം ആരംഭിച്ചു. നിങ്ങള്‍ ഹിന്ദിയില്‍ 'രാജ്മിസ്ട്രി' എന്ന് വിളിക്കപ്പെടുന്ന, ഒരു കുശവനോ, തയ്യല്‍ക്കാരനോ, ക്ഷുരകനോ, അലക്കുകാരനോ, തട്ടാനോ, സ്വര്‍ണ്ണപ്പണിക്കാരനോ, നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളോ, അല്ലെങ്കില്‍ വീടുകള്‍ നിര്‍മ്മിക്കുന്ന ഒരാളോ ആകട്ടെ, ഞങ്ങള്‍ വിവിധ വ്യക്തികള്‍ക്കായി കോടിക്കണക്കിന് രൂപയുടെ പ്രധാനമന്ത്രി വിശ്വകര്‍മ യോജന ആരംഭിച്ചിട്ടുണ്ട്. അവരുടെ പരമ്പരാഗത കുടുംബ ബിസിനസുകള്‍ക്കുള്ളതും ആധുനിക ഉപകരണങ്ങള്‍ സംബന്ധിച്ചും പുതിയ രൂപകല്‍പന സംബന്ധിച്ചും പരിശീലനം ലഭിക്കും. അവര്‍ ഉത്പാദിപ്പിക്കുന്നതെന്തും ആഗോള വിപണിയില്‍ വില്‍ക്കും. ഈ രാജ്യത്തെ പാവപ്പെട്ടവരും സാധാരണക്കാരുമായ കഠിനാധ്വാനികളായ ജനങ്ങള്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ ഇത്തരമൊരു സുപ്രധാന സംരംഭം ആരംഭിച്ചിരിക്കുന്നത്. തല്‍ഫലമായി, വിഗ്രഹ നിര്‍മ്മാതാക്കള്‍ പാരമ്പര്യം തുടരുന്നു, അതാകട്ടെ അഭിവൃദ്ധിദായകവുമാണ്. ഇപ്പോള്‍, ഈ പാരമ്പര്യവും ഈ കലയും അവസാനിക്കേണ്ടതില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചു; ഗുരുശിഷ്യ പാരമ്പര്യം തുടരണം, പ്രധാന്‍മന്ത്രി വിശ്വകര്‍മ യോജനയുടെ പ്രയോജനം, ഉത്സാഹത്തോടെ പ്രവര്‍ത്തിച്ച് സത്യസന്ധമായി ജീവിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളില്‍ എത്തിച്ചേരണം. വിവിധ മാര്‍ഗങ്ങളിലൂടെ അവരുടെ ജീവിതം സമ്പന്നമാക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നത്. അവര്‍ക്ക് വളരെ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കും, ഇന്ന് ലഭിക്കുന്ന വായ്പകള്‍ക്ക് ഒരു ഗ്യാരണ്ടിയും ആവശ്യമില്ല. കാരണം, അവര്‍ക്കു മോദിയോ ഗവണ്‍മെന്റോ ഗ്യാരണ്ടി നല്‍കുന്നു.
എന്റെ കുടുംബാംഗങ്ങളെ,
ദരിദ്രരും ദലിതരും ആദിവാസികളും ഏറെക്കാലമായി അടിച്ചമര്‍ത്തപ്പെടുകയും ഇല്ലായ്മ ചെയ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇന്ന് വിവിധ പദ്ധതികളിലൂടെ വികസനത്തിലേക്ക് പ്രതീക്ഷാനിര്‍ഭരമായ ചിന്തകളുമായി മുന്നേറുകയാണ്. സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദിവാസികളുടെ അഭിമാനത്തെ ആദരിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഇപ്പോള്‍, ഇന്ത്യ ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മദിനം 'ജന്‍ജാതിയ ഗൗരവ് ദിവസ്' (സ്വദേശി അഭിമാന ദിനം) ആയി ആഘോഷിക്കുന്നു. നാം ഈ രംഗത്തു പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ ഗവണ്‍മെന്റിനെ അപേക്ഷിച്ച് ബി.ജെ.പി ഗവണ്‍മെന്റ് ആദിവാസി വിഭാഗങ്ങള്‍ക്കുള്ള ബജറ്റ് അഞ്ചിരട്ടി വര്‍ധിപ്പിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, രാജ്യം ഒരു സുപ്രധാന നടപടി സ്വീകരിച്ചു. ഭാരതത്തിന്റെ പുതിയ പാര്‍ലമെന്റ് അതിന്റെ സമ്മേളനം ആരംഭിച്ചു, പുതിയ പാര്‍ലമെന്റില്‍ ആദ്യമായി പാസാക്കിയ നിയമം നാരീ ശക്തി വന്ദന്‍ അധീനമാണ്. നിങ്ങളുടെ അനുഗ്രഹത്താല്‍ ഞങ്ങള്‍ക്ക് അതു പാര്‍ലമെന്റില്‍ പാസാക്കാന്‍ കഴിഞ്ഞു. ഇതിനെക്കുറിച്ച് വലിയ വാഗ്ദാനങ്ങള്‍ നല്‍കുന്നവരോട് നിങ്ങള്‍ ചോദിക്കണം, എന്തുകൊണ്ടാണ് അവര്‍ ഇത്രയും പതിറ്റാണ്ടുകളായി വെറുതെ ഇരുന്നത് എന്ന്. അവര്‍ എന്റെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും അവരുടെ അവകാശങ്ങള്‍ നേരത്തെ നല്‍കിയിരുന്നെങ്കില്‍, അവര്‍ എത്രത്തോളം മുന്നേറുമായിരുന്നു? അതിനാല്‍, അവര്‍ അത്തരം വാഗ്ദാനങ്ങള്‍ പാലിച്ചിട്ടില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ഇതു പറയുന്നത് ഇത്രയും പതിറ്റാണ്ടുകളായി ചെറിയ സൗകര്യങ്ങള്‍ പോലുമില്ലാത്ത എന്റെ ആദിവാസി സഹോദരങ്ങള്‍ക്കും പതിറ്റാണ്ടുകളായി അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട എന്റെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും അവര്‍ക്ക് അര്‍ഹമായതു ലഭിച്ചത് ഒടുവില്‍ മോദി നിമിത്തമാണ് എന്നതിനാലാണ്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനും ആശയക്കുഴപ്പം സൃഷ്ടിക്കാനും അവര്‍ ഇപ്പോള്‍ പുതിയ രഹസ്യ പദ്ധതികള്‍ തയ്യാറാക്കുകയാണ്.
ഈ രാജ്യത്തെ എന്റെ പ്രിയപ്പെട്ട ആദിവാസി അമ്മമാരോടും സഹോദരിമാരോടും നിങ്ങളുടെ അവകാശങ്ങള്‍ക്ക് ഊന്നല്‍ നല്‍കാനാണ് നിങ്ങളുടെ ഈ മകന്‍ ഇവിടെ വന്നിരിക്കുന്നതെന്നും നിങ്ങളെ ഓരോരുത്തരെയും ശാക്തീകരിക്കാന്‍ ഞങ്ങള്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്നുവെന്നും പറയാന്‍ വേണ്ടിയാണ് ഞാന്‍ ഇവിടെ ഛോട്ടൗദെപൂരില്‍ വന്നത്. എന്റെ എല്ലാ സഹോദരിമാര്‍ക്കും, നമ്മുടെ ഭരണഘടന പ്രകാരം പാര്‍ലമെന്റിലും സംസ്ഥാന നിയമനിര്‍മാണ സഭകളിലും വ്യവസ്ഥകള്‍ ഉണ്ടാക്കിയിട്ടുണ്ട്, അവര്‍ക്കും സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ സമുദായങ്ങളില്‍ നിന്നുള്ള നമ്മുടെ സഹോദരിമാര്‍ക്ക് സംവരണം നല്‍കുന്നതിനുള്ള വ്യവസ്ഥകളും പുതിയ നിയമത്തില്‍ ഉള്‍പ്പെടുന്നു, അങ്ങനെ അവര്‍ക്കും അവസരങ്ങള്‍ ലഭിക്കും. ഇവയെല്ലാം സുപ്രധാന സംഭവവികാസങ്ങളാണ്. ആരാണ് ഈ നിയമത്തിന് അന്തിമ രൂപം നല്‍കുക? നിയമം പാര്‍ലമെന്റില്‍ പാസാക്കി, എന്നാല്‍ ഇന്ത്യയുടെ ആദ്യ ഗോത്രവര്‍ഗ വനിത രാഷ്ട്രപതി ദ്രൗപതി മുര്‍മു ജി അതില്‍ ഒപ്പിടുകയും അത് നിയമമായി മാറുകയും ചെയ്യും.
ഇന്ന്, ഛോട്ടാഡെപൂര്‍ ആദിവാസി മേഖലയില്‍ നിന്നുള്ള എന്റെ എല്ലാ സഹോദരിമാരെയും ഞാന്‍ കണ്ടുമുട്ടുമ്പോള്‍, ഇത്രയധികം വരുന്ന എല്ലാ സഹോദരിമാരെയും ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. ഞാന്‍ നിങ്ങളെ അഭിവാദ്യം ചെയ്യുന്നു, സ്വാതന്ത്ര്യത്തിന്റെ 'അമൃത് കാല'ത്തിന്റെ ഈ തുടക്കം വളരെ ശുഭകരമാണ്, അത് ഞങ്ങളുടെ ദൃഢനിശ്ചയത്തെ S നിന്നുള്ള നമ്മുടെ ശബ്ദം ഉമര്‍ഗം മുതല്‍ അംബാജി വരെ എത്തണം.
ഭാരത് മാതാ കി - ജയ്!
ഭാരത് മാതാ കി - ജയ്!
ഭാരത് മാതാ കി - ജയ്!
വളരെ നന്ദി.
നിരാകരണം: ഇതു ഗുജറാത്തിയില്‍ നടത്തിയ പ്രസംഗത്തിന്റെ വിവര്‍ത്തനമാണ്.
NS
(Release ID: 1963900)
Visitor Counter : 93