പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഒന്‍പത് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 24 SEP 2023 3:31PM by PIB Thiruvananthpuram

നമസ്‌കാരം!

ഈ പരിപാടിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗവര്‍ണര്‍മാരും മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങളും സംസ്ഥാന മന്ത്രിമാരും  പാര്‍ലമെന്റ് അംഗങ്ങളും നിയമസഭാംഗങ്ങളും മറ്റ് പ്രതിനിധികളും എന്റെ കുടുംബാംഗങ്ങളുമാണ്.
രാജ്യത്ത് ആധുനിക കണക്റ്റിവിറ്റി വിപുലീകരിക്കുന്നത് അഭൂതപൂര്‍വമായ അവസരമാണ്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ വേഗതയും വ്യാപ്തിയും 1.4 ബില്യണ്‍ ഇന്ത്യക്കാരുടെ അഭിലാഷങ്ങളുമായി തികച്ചും പൊരുത്തപ്പെടുന്നു. ഇതാണ് ഇന്നത്തെ ഭാരതം ആഗ്രഹിക്കുന്നത്. യുവാക്കള്‍, സംരംഭകര്‍, സ്ത്രീകള്‍, പ്രൊഫഷണലുകള്‍, ബിസിനസുകാര്‍, ജോലിയെടുക്കുന്നവര്‍ എന്നിവരുടെ അഭിലാഷങ്ങളാണിത്. ഇന്ന് ഒരേസമയം 9 വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം നടക്കുന്നത് ഇതിനുദാഹരണമാണ്. രാജസ്ഥാന്‍, ഗുജറാത്ത്, ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡീഷ, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് ഇന്ന് വന്ദേ ഭാരത് എക്സ്പ്രസ് സൗകര്യം ലഭിച്ചു. മുമ്പത്തേതിനേക്കാള്‍ ആധുനികവും സൗകര്യപ്രദവുമാണ് ഇന്ന് ആരംഭിച്ച ട്രെയിനുകള്‍. ഈ വന്ദേ ഭാരത് ട്രെയിനുകള്‍ പുതിയ ഭാരതത്തിന്റെ പുതിയ ഊര്‍ജ്ജം, ഉത്സാഹം, അഭിലാഷങ്ങള്‍ എന്നിവയുടെ പ്രതീകമാണ്. വന്ദേഭാരതിനോാടുള്ള ആവേശം തുടര്‍ച്ചയായി വര്‍ധിച്ചുവരുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇതുവരെ ഒരു കോടി പതിനൊന്ന് ലക്ഷത്തിലധികം യാത്രക്കാര്‍ ഈ ട്രെയിനുകളില്‍ യാത്ര ചെയ്തിട്ടുണ്ട്, ഈ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

സുഹൃത്തുക്കളെ,
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള ആളുകള്‍ ഇതുവരെ 25 വന്ദേ ഭാരത് ട്രെയിനുകളുടെ സേവനത്തിന്റെ പ്രയോജനം നേടുന്നു. ഇപ്പോള്‍, ഈ ശൃംഖലയിലേക്ക് 9 വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെടുകയാണ്. വന്ദേ ഭാരത് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ദിവസം വിദൂരമല്ല. വന്ദേ ഭാരത് എക്സ്പ്രസ് അതിന്റെ ഉദ്ദേശ്യം പ്രശംസനീയമാംവിധം നിറവേറ്റുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. യാത്രാ സമയം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ട്രെയിനുകള്‍ പ്രധാനമായി മാറിയിരിക്കുന്നു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു നഗരത്തിലെ ജോലി പൂര്‍ത്തിയാക്കി അതേ ദിവസം തന്നെ മടങ്ങാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ ട്രെയിനുകള്‍ അത്യന്താപേക്ഷിതമാണ്. വന്ദേ ഭാരത് ട്രെയിനുകള്‍ വിനോദസഞ്ചാരവും സാമ്പത്തിക പ്രവര്‍ത്തനങ്ങളും ത്വരിതപ്പെടുത്തിയിട്ടുണ്ട്. വന്ദേ ഭാരത് എക്സ്പ്രസ് സര്‍വീസ് എവിടെ എത്തിയോ അവിടെയെല്ലാം വിനോദസഞ്ചാരികളുടെ എണ്ണം കൂടി. വിനോദസഞ്ചാരികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് ആ പ്രദേശങ്ങളിലെ ബിസിനസ്സുകളുടെയും കടയുടമകളുടെയും വരുമാനത്തിലുണ്ടായ വര്‍ദ്ധനവിനെ സൂചിപ്പിക്കുന്നു. ഇത് അവിടെ പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു.

എന്റെ കുടുംബാംഗങ്ങളെ,
ഭാരതത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ആവേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അന്തരീക്ഷം കഴിഞ്ഞ ദശകങ്ങളില്‍ ഉണ്ടായിരുന്നില്ല. ഇന്ന്, രാജ്യത്തെ ഓരോ പൗരനും തങ്ങളുടെ പുതിയ ഭാരതത്തിന്റെ നേട്ടങ്ങളില്‍ അഭിമാനിക്കുന്നു. ചന്ദ്രയാന്‍-3ന്റെ വിജയം മനുഷ്യന്റെ പ്രതീക്ഷകളെ പുതിയ ഉയരങ്ങളിലേക്ക് ഉയര്‍ത്തി. ശക്തമായ നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ ലക്ഷ്യങ്ങള്‍ പോലും കൈവരിക്കാനാകുമെന്ന ആത്മവിശ്വാസം ആദിത്യ-എല്‍1 വിക്ഷേപണം നല്‍കി. ജി 20 ഉച്ചകോടിയുടെ വിജയം ഭാരതത്തിന്റെ ജനാധിപത്യത്തിന്റെയും ജനസംഖ്യയുടെയും വൈവിധ്യത്തിന്റെയും അവിശ്വസനീയമായ ശക്തി പ്രകടമാക്കിയിരിക്കുന്നു. ഭാരതത്തിന്റെ നയതന്ത്ര കഴിവുകള്‍ ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. സ്ത്രീകള്‍ നയിക്കുന്ന വികസനം എന്ന നമ്മുടെ കാഴ്ചപ്പാടിനെ ലോകം പ്രശംസിച്ചു. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ 'നാരി ശക്തി വന്ദന്‍ അധീനിയം' പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഇത്  അവതരിപ്പിക്കപ്പെട്ടതുമുതല്‍, സ്ത്രീകളുടെ സംഭാവനയെക്കുറിച്ചും എല്ലാ മേഖലകളിലും അവരുടെ വര്‍ദ്ധിച്ചുവരുന്ന പങ്കിനെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നു. ഇന്ന്, നിരവധി റെയില്‍വേ സ്റ്റേഷനുകള്‍ പൂര്‍ണ്ണമായും സ്ത്രീ ജീവനക്കാരാണ് പ്രവര്‍ത്തിപ്പിക്കുന്നത്. അത്തരം ശ്രമങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു, നാരീ ശക്തി വന്ദന്‍ അധീനം യാഥാര്‍ഥ്യമാക്കുന്നതിന് ഒരിക്കല്‍ കൂടി രാജ്യത്തെ എല്ലാ സ്ത്രീകളെയും ഞാന്‍ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളെ,
ഈ ആത്മവിശ്വാസമുള്ള അന്തരീക്ഷത്തിനിടയില്‍, 'അമൃത് കാലത്തിന്റെ' (സുവര്‍ണ്ണ കാലഘട്ടം) ഭാരതം അതിന്റെ ഇന്നത്തെയും ഭാവിയിലെയും ആവശ്യങ്ങളില്‍ ഒരേസമയം പ്രവര്‍ത്തിക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത് മുതല്‍ അതിന്റെ നിര്‍വ്വഹണം വരെ, എല്ലാ പങ്കാളികളും സഹകരിക്കുന്നു. ഇതിനായി പ്രധാനമന്ത്രി ഗതി ശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കിയിട്ടുണ്ട്. രാജ്യത്തെ ഗതാഗത ചെലവ് കുറയ്ക്കുന്നതിനും നമ്മുടെ കയറ്റുമതി ചെലവ് കുറയ്ക്കുന്നതിനുമായി, ഒരു പുതിയ ചരക്കുനീക്ക നയം നടപ്പിലാക്കി. രാജ്യത്ത് ഒരു ഗതാഗത രീതിയെ മറ്റൊന്നുമായി പിന്തുണയ്ക്കുന്നതിനായി മള്‍ട്ടി മോഡല്‍ കണക്റ്റിവിറ്റിക്ക് ഊന്നല്‍ നല്‍കുന്നു. ഈ സംരംഭങ്ങളുടെയെല്ലാം പ്രധാന ലക്ഷ്യം യാത്രാസുഖം വര്‍ദ്ധിപ്പിക്കുകയും ഭാരതത്തിലെ പൗരന്മാര്‍ക്ക് വിലപ്പെട്ട സമയം ലാഭിക്കുകയും ചെയ്യുക എന്നതാണ്. ഈ വികാരത്തിന്റെ പ്രതിഫലനമാണ് ഈ വന്ദേ ഭാരത് ട്രെയിനുകള്‍.

സുഹൃത്തുക്കളെ,
രാജ്യത്തെ ദരിദ്രരുടെയും ഇടത്തരക്കാരുടെയും ഏറ്റവും ആശ്രയയോഗ്യമായ കൂട്ടാളിയാണ് ഇന്ത്യന്‍ റെയില്‍വേ. നമ്മുടെ രാജ്യത്ത് ഒരു ദിവസം ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം പല രാജ്യങ്ങളിലെയും ജനസംഖ്യയേക്കാള്‍ കൂടുതലാണ്. ദൗര്‍ഭാഗ്യവശാല്‍, മുന്‍കാലങ്ങളില്‍ ഇന്ത്യന്‍ റെയില്‍വേയുടെ നവീകരണത്തിന് കാര്യമായ ശ്രദ്ധ നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍, ഇന്ത്യന്‍ റെയില്‍വേയുടെ പരിവര്‍ത്തനത്തിന് നമ്മുടെ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. റെയില്‍വേ ബജറ്റില്‍ അഭൂതപൂര്‍വമായ വര്‍ധനയാണ് ഗവണ്‍മെന്റ് വരുത്തിയത്. 2014ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ എട്ടിരട്ടിയാണ് ഈ വര്‍ഷം റെയില്‍വേക്കുള്ള ബജറ്റ്. റെയില്‍ പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, പുതിയ ട്രെയിനുകള്‍ ഓടിക്കല്‍, പുതിയ റൂട്ടുകള്‍ നിര്‍മിക്കല്‍ എന്നിവയില്‍ അതിവേഗ പുരോഗതിയുണ്ട്.

സുഹൃത്തുക്കളെ,
ഇന്ത്യന്‍ റെയില്‍വേയില്‍ തീവണ്ടികള്‍ യാത്രക്കാരുടെ സഞ്ചരിക്കുന്ന ഭവനങ്ങളാണെങ്കില്‍ നമ്മുടെ റെയില്‍വേ സ്റ്റേഷനുകള്‍ അവരുടെ താത്കാലിക ഭവനങ്ങള്‍ പോലെയാണ്. സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം കഴിഞ്ഞിട്ടും കൊളോണിയല്‍ ഭരണത്തിന് ശേഷം കാര്യമായ മാറ്റങ്ങളൊന്നും കാണാത്ത ആയിരക്കണക്കിന് റെയില്‍വേ സ്റ്റേഷനുകള്‍ നമുക്കുണ്ടെന്ന് നിങ്ങള്‍ക്കും എനിക്കും അറിയാം. ഒരു വികസിത ഭാരതം അതിന്റെ റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കേണ്ടതുണ്ട്. ഈ കാഴ്ചപ്പാടോടെ, റെയില്‍വേ സ്റ്റേഷനുകളുടെ വികസനത്തിനും നവീകരണത്തിനുമുള്ള ഒരു ശ്രമം ഭാരതത്തില്‍ ആദ്യമായി ആരംഭിച്ചു. ഇന്ന്, രാജ്യത്ത് റെയില്‍ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം നിര്‍മ്മിക്കുന്ന കാല്‍നട മേല്‍പ്പാലങ്ങള്‍, ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍ എന്നിവയുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ്, രാജ്യത്തെ 500 പ്രധാന സ്റ്റേഷനുകള്‍ നവീകരിക്കുന്ന ജോലികള്‍ ആരംഭിച്ചു. 'അമൃത് കാലത്തില്‍' പുതുതായി വികസിപ്പിച്ച ഈ സ്റ്റേഷനുകള്‍ 'അമൃത് ഭാരത് സ്റ്റേഷനുകള്‍' എന്നറിയപ്പെടും. വരും ദിവസങ്ങളില്‍ ഈ സ്റ്റേഷനുകള്‍ പുതിയ ഭാരതത്തിന്റെ മുഖമുദ്രയായി മാറും.

എന്റെ കുടുംബാംഗങ്ങളെ,
ഓരോ റെയില്‍വേ സ്റ്റേഷനും, എന്തുതന്നെയായാലും, അതിന്റേതായ സ്ഥാപക ദിനമുണ്ട്. ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍ റെയില്‍വേ സ്റ്റേഷനുകളുടെ സ്ഥാപക ദിനം ആഘോഷിക്കാന്‍ തുടങ്ങിയതില്‍ എനിക്ക് സന്തോഷമുണ്ട്. അടുത്തിടെ, തമിഴ്നാട്ടിലെ കോയമ്പത്തൂര്‍, മുംബൈയിലെ ഛത്രപതി ശിവജി ടെര്‍മിനസ്, പൂനെ എന്നിവയുള്‍പ്പെടെ നിരവധി സ്റ്റേഷനുകളുടെ സ്ഥാപക ദിനം ആഘോഷിച്ചു. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ 150 വര്‍ഷം പൂര്‍ത്തിയാക്കി യാത്രക്കാര്‍ക്ക് സേവനം നല്‍കുന്നു. അവിടെയുള്ളവര്‍ സ്വാഭാവികമായും ഇത്തരം നേട്ടങ്ങളില്‍ അഭിമാനിക്കുന്നു. റെയില്‍വേ സ്റ്റേഷനുകളുടെ സ്ഥാപക ദിനം ആഘോഷിക്കുന്ന ഈ പാരമ്പര്യം കൂടുതല്‍ കൂടുതല്‍ ആളുകളെ ബന്ധിപ്പിക്കും.

എന്റെ കുടുംബാംഗങ്ങളെ,
'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' എന്ന കാഴ്ചപ്പാട് 'അമൃത് കാല'ത്തില്‍ അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തോടെ ഭാരതം യാഥാര്‍ത്ഥ്യമാക്കി. 2047-ല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കുമ്പോള്‍, 2047-ഓടെ വികസിത ഭാരതം കൈവരിക്കുക എന്ന ലക്ഷ്യം പോലെ തന്നെ നിര്‍ണായകമാണ് ഓരോ സംസ്ഥാനത്തിന്റെയും ഓരോ സംസ്ഥാനത്തെയും ജനങ്ങളുടെയും വികസനം. മുന്‍ ഗവണ്‍മെന്റുകളില്‍, മന്ത്രിസഭ രൂപീകരിച്ചപ്പോള്‍, റെയില്‍വേ മന്ത്രിസ്ഥാനം ആര്‍ക്കെന്നതായിരുന്നു ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം. റെയില്‍വേ മന്ത്രി വന്ന സംസ്ഥാനത്ത് കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കുമെന്നായിരുന്നു വിശ്വാസം. കൂടാതെ, പുതിയ ട്രെയിനുകളുടെ പ്രഖ്യാപനങ്ങള്‍ പലപ്പോഴും നടന്നിരുന്നു, എന്നാല്‍ അവയില്‍ വളരെ കുറച്ച് മാത്രമേ യഥാര്‍ത്ഥത്തില്‍ ട്രാക്കുകളില്‍ ഓടുന്നുള്ളൂ. ഈ സ്വാര്‍ത്ഥ ചിന്ത റെയില്‍വേയെ ദോഷകരമായി ബാധിക്കുക മാത്രമല്ല, രാജ്യത്തിനും ജനങ്ങള്‍ക്കും കാര്യമായ നാശമുണ്ടാക്കുകയും ചെയ്തു. ഇപ്പോള്‍, ഒരു സംസ്ഥാനത്തെയും പിന്നോട്ട് നിര്‍ത്തുന്നത് രാജ്യത്തിന് താങ്ങാനാവില്ല. 'എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം' എന്ന കാഴ്ചപ്പാടോടെ നാം മുന്നോട്ട് പോകണം.

എന്റെ കുടുംബാംഗങ്ങളെ,
ഇന്ന്, കഠിനാധ്വാനികളായ നമ്മുടെ റെയില്‍വേ ജീവനക്കാരോടും എനിക്ക് ചിലത് പറയാനുണ്ട്. ആരെങ്കിലും ഒരു നഗരത്തില്‍ നിന്നോ ദൂരെ സ്ഥലങ്ങളില്‍ നിന്നോ യാത്ര ചെയ്തുവരുമ്പോള്‍ അവരോട് ആദ്യം ചോദിക്കുന്നത് യാത്ര എങ്ങനെയായിരുന്നു എന്നാണ്. ആ വ്യക്തി തന്റെ യാത്രാനുഭവം പങ്കിടുക മാത്രമല്ല, വീട്ടില്‍ നിന്ന് ഇറങ്ങുന്നത് മുതല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെയുള്ള മുഴുവന്‍ കാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നു. റെയില്‍വേ സ്റ്റേഷനുകള്‍ എത്രത്തോളം മാറിയിരിക്കുന്നു, ട്രെയിനുകള്‍ എത്ര നന്നായി കൈകാര്യം ചെയ്യപ്പെടുന്നു, ടിടിഇയുടെ പെരുമാറ്റം, പേപ്പറിന് പകരം ടിടിഇമാര്‍ ടാബ്ലെറ്റുകള്‍ ഉപയോഗിക്കുന്നത്, സുരക്ഷാ ക്രമീകരണങ്ങള്‍, ഭക്ഷണത്തിന്റെ ഗുണനിലവാരം തുടങ്ങി തന്റെ അനുഭവങ്ങളുടെ വിവിധ വശങ്ങള്‍ അദ്ദേഹം വിവരിക്കുന്നു. അതിനാല്‍, യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവം പ്രദാനം ചെയ്യുന്നതിനായി തുടര്‍ച്ചയായ സഹാനുഭൂതിയും അര്‍പ്പണബോധവും നിലനിര്‍ത്തുന്നത് ഓരോ റെയില്‍വേ ജീവനക്കാരനും അത്യന്താപേക്ഷിതമാണ്. ഈ ദിവസങ്ങളില്‍ അത്തരം പ്രോത്സാഹജനകമായ പ്രതികരണം കേള്‍ക്കുന്നത് സന്തോഷകരമാണ്, 'ഇത് വളരെ നല്ലതായിരുന്നു, വളരെ നല്ലതായിരുന്നു' എന്ന് ആളുകള്‍ പറയുകയും അത് വലിയ സന്തോഷം നല്‍കുകയും ചെയ്യുന്നു. അതിനാല്‍, പ്രതിബദ്ധതയുള്ള എല്ലാ റെയില്‍വേ ജീവനക്കാരെയും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ അഭിനന്ദിക്കുന്നു.

എന്റെ കുടുംബാംഗങ്ങളെ,
ഇന്ത്യന്‍ റെയില്‍വേ ശുചിത്വത്തിന് പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിച്ചു, ഇത് ഓരോ പൗരനും ശ്രദ്ധിച്ചു. മുന്‍കാലങ്ങളെ അപേക്ഷിച്ച്, നമ്മുടെ സ്റ്റേഷനുകളും ട്രെയിനുകളും ഇപ്പോള്‍ വളരെ വൃത്തിയുള്ളതാണ്. ഗാന്ധി ജയന്തി വിദൂരമല്ലെന്ന് നിങ്ങള്‍ക്കറിയാം. ഗാന്ധിജിയുടെ ശുചിത്വത്തോടുള്ള പ്രതിബദ്ധത എല്ലാവര്‍ക്കും സുപരിചിതമാണ്. ശുചിത്വത്തിനായി നടത്തുന്ന ഓരോ ശ്രമവും ഗാന്ധിജിയോടുള്ള യഥാര്‍ത്ഥ ആദരവാണ്. ഈ ആവേശത്തില്‍, ഒക്ടോബര്‍ 1 ന് രാവിലെ 10 മണിക്ക് ശുചിത്വത്തെക്കുറിച്ചുള്ള ഒരു മഹത്തായ പരിപാടി നടക്കാന്‍ പോകുന്നു. ജനങ്ങളുടെ നേതൃത്വത്തില്‍ രാജ്യത്തുടനീളം അത് നടക്കുന്നു. ഈ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകാന്‍ ഞാന്‍ നിങ്ങളോട് ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു. ഒക്ടോബര്‍ 1-ന് രാവിലെ 10 മണിക്ക് നിങ്ങളുടെ കലണ്ടറുകള്‍ അടയാളപ്പെടുത്തുക. ഖാദിയും നാടന്‍ ഉല്‍പന്നങ്ങളും വാങ്ങാന്‍ ഓരോ പൗരനും ഊന്നല്‍ നല്‍കുന്ന സമയമാകണം ഗാന്ധിജയന്തി. ഒക്ടോബര്‍ 2 ഗാന്ധി ജയന്തിയും ഒക്ടോബര്‍ 31 സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജയന്തിയുമാണ്. ഒരു വിധത്തില്‍ പറഞ്ഞാല്‍, ഖാദിയും കരകൗശല വസ്തുക്കളും പ്രാദേശിക ഉല്‍പന്നങ്ങളും ബോധപൂര്‍വം വാങ്ങാം. നമ്മള്‍ പ്രാദേശിക ഉല്‍പന്നങ്ങള്‍ക്കായി കൂടുതല്‍ ശബ്ദമുയര്‍ത്തണം.

സുഹൃത്തുക്കളെ,
ഇന്ത്യന്‍ റെയില്‍വേയിലും സമൂഹത്തിലും എല്ലാ തലങ്ങളിലും സംഭവിക്കുന്ന മാറ്റങ്ങള്‍ വികസിത ഭാരതത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരിക്കല്‍ കൂടി, പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ യാഥാര്‍ഥ്യമായതിനു ഞാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു.

ഒത്തിരി നന്ദി!

നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവര്‍ത്തനമാണിത്. ഹിന്ദിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

 

NS



(Release ID: 1960629) Visitor Counter : 67