പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ഒന്‍പത് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് സെപ്റ്റംബര്‍ 24ന് നിര്‍വഹിക്കും


ഒന്‍പത് പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ പതിനൊന്ന് സംസ്ഥാനങ്ങളിലെ സമ്പർക്കസൗകര്യങ്ങൾ വര്‍ധിപ്പിക്കും.

പുരി, മധുര, തിരുപ്പതി തുടങ്ങിയ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളില്‍ വന്ദേ ഭാരത് കണക്റ്റിവിറ്റി ലഭിക്കും.

ട്രെയിനുകള്‍ ഓടുന്ന പാതകളില്‍ ഏറ്റവും വേഗതയുള്ളതായിരിക്കും; അതു യാത്രക്കാരുടെ സമയം ഗണ്യമായി ലാഭിക്കും

യാത്രക്കാര്‍ക്ക് ലോകോത്തര അനുഭവം നല്‍കാനും വിനോദസഞ്ചാരത്തിന് ഉത്തേജനം നല്‍കാനും പുതിയ ട്രെയിനുകള്‍ സഹായകമാകും

Posted On: 23 SEP 2023 1:00PM by PIB Thiruvananthpuram


പുതിയ ഒന്‍പത് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് സെപ്റ്റംബര്‍ 24ന് വിദൂര ദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിക്കും. പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ രാജ്യത്തുടനീളമുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും യാത്രക്കാര്‍ക്ക് ലോകോത്തര സൗകര്യങ്ങള്‍ നല്‍കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ളനിര്‍ണായക ചുവടുവെപ്പാണ്. ഫ്‌ളാഗ് ഓഫ് ചെയ്യുന്ന പുതിയ ട്രെയിനുകള്‍ ഇവയാണ്:

1. ഉദയ്പൂര്‍ - ജയ്പൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ്

2. തിരുനെല്‍വേലി-മധുര-ചെന്നൈ വന്ദേ ഭാരത് എക്‌സ്പ്രസ്

3. ഹൈദരാബാദ്-ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ്

4. വിജയവാഡ - ചെന്നൈ (റെനിഗുണ്ട വഴി) വന്ദേ ഭാരത് എക്‌സ്പ്രസ്

5. പട്‌ന - ഹൗറ വന്ദേ ഭാരത് എക്‌സ്പ്രസ്

6. കാസര്‍കോട് - തിരുവനന്തപുരം വന്ദേ ഭാരത് എക്‌സ്പ്രസ്

7. റൂര്‍ക്കേല - ഭുവനേശ്വര്‍ - പുരി വന്ദേ ഭാരത് എക്‌സ്പ്രസ്

8. റാഞ്ചി - ഹൗറ വന്ദേ ഭാരത് എക്‌സ്പ്രസ്

9. ജാംനഗര്‍-അഹമ്മദാബാദ് വന്ദേ ഭാരത് എക്‌സ്പ്രസ്

ഒന്‍പത് പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ആന്ധ്ര പ്രദേശ്, കര്‍ണാടക, ബിഹാര്‍, പശ്ചിമ ബംഗാള്‍, കേരളം, ഒഡിഷ, ഝാര്‍ഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ പതിനൊന്ന് സംസ്ഥാനങ്ങളിലെ കണക്റ്റിവിറ്റി വര്‍ധിപ്പിക്കും.

ട്രെയിനുകള്‍ ഓടുന്ന പാതകളില്‍ നിലവില്‍ ഓടുന്ന ട്രെയിനുകളേക്കാള്‍ വേഗതയുള്ളതായിരിക്കും. അതിനാല്‍ യാത്രക്കാരുടെ സമയം ഗണ്യമായി ലാഭിക്കാനാകും. റൂര്‍ക്കേല - ഭുവനേശ്വര്‍ - പുരി വന്ദേ ഭാരത് എക്‌സ്പ്രസ്, കാസര്‍കോട് - തിരുവനന്തപുരം വന്ദേ ഭാരത് എക്‌സ്പ്രസ് എന്നിവ നിലവില്‍ ഇതേ റൂട്ടുകളില്‍ ഓടുന്ന ട്രെയിനുകളെ അപേക്ഷിച്ച് മൂന്ന് മണിക്കൂര്‍ വേഗത കൂടുതലുള്ളതാണ്. ഹൈദരാബാദ് - ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് 2.5 മണിക്കൂറിലധികം; തിരുനെല്‍വേലി-മധുര-ചെന്നൈ വന്ദേ ഭാരത് എക്സ്പ്രസ് 2 മണിക്കൂറിലധികം; റാഞ്ചി - ഹൗറ വന്ദേ ഭാരത് എക്‌സ്പ്രസ്, പട്‌ന - ഹൗറ വന്ദേ ഭാരത് എക്‌സ്പ്രസ്, ജാംനഗര്‍-അഹമ്മദാബാദ് വന്ദേ ഭാരത് എക്‌സ്പ്രസ് എന്നിവ ഏകദേശം 1 മണിക്കൂര്‍; ഉദയ്പൂര്‍ - ജയ്പൂര്‍ വന്ദേ ഭാരത് എക്സ്പ്രസ് അരമണിക്കൂറോളം എന്ന കണക്കിലുമാണ് നിലവിലുള്ളതിനേക്കാള്‍ വേഗത.

രാജ്യത്തുടനീളമുള്ള പ്രധാന ആരാധനാലയങ്ങളുടെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, റൂര്‍ക്കേല-ഭുവനേശ്വര്‍ - പുരി വന്ദേ ഭാരത് എക്സ്പ്രസും തിരുനെല്‍വേലി-മധുരൈ-ചെന്നൈ വന്ദേ ഭാരത് എക്സ്പ്രസും യഥാക്രമം പ്രധാന തീര്‍ഥാടന നഗരങ്ങളായ പുരിയെയും മധുരയെയും ബന്ധിപ്പിക്കും. കൂടാതെ, വിജയവാഡ - ചെന്നൈ വന്ദേ ഭാരത് എക്സ്പ്രസ് റെനിഗുണ്ട പാത വഴി സര്‍വീസ് നടത്തുകയും തിരുപ്പതി തീര്‍ഥാടന കേന്ദ്രത്തിലേക്ക് കണക്റ്റിവിറ്റി നല്‍കുകയും ചെയ്യും.

വന്ദേ ഭാരത് ട്രെയിനുകള്‍ രാജ്യത്തെ റെയില്‍വേയുടെ പുതിയ നിലവാരത്തിന് തുടക്കമിടും. ലോകോത്തര സൗകര്യങ്ങളും ‘കവച്’ സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള നൂതന സുരക്ഷാ സംവിധാനങ്ങളുമുള്ള ഈ ട്രെയിനുകള്‍ സാധാരണക്കാര്‍ക്കും ഉദ്യോഗസ്ഥർക്കും വ്യവസായികൾക്കും  വിദ്യാര്‍ഥികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ആധുനികവും വേഗമേറിയതും സുഖപ്രദവുമായ യാത്രാമാര്‍ഗങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പാണ്.

 

NS(Release ID: 1959863) Visitor Counter : 110