പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഭാരത് മണ്ഡപത്തില്‍ ജി20 ഉച്ചകോടിയുടെ താഴേത്തട്ടില്‍ പ്രവര്‍ത്തിച്ചവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിച്ചു


'ഇന്നത്തെ ചടങ്ങ് തൊഴിലാളികളുടെ ഐക്യത്തെ (മസ്ദൂര്‍ ഏകത)ക്കുറിച്ചുള്ളതാണ്, ഞാനും നിങ്ങളും മസ്ദൂര്‍ ആണ്'

'താഴേത്തട്ടില്‍ കൂട്ടായി പ്രവര്‍ത്തിക്കുന്നത് ആളുകള്‍ക്കിടയിലെ അകലം നീക്കുകയും ഒരു സംഘത്തെ സൃഷ്ടിക്കുകയും ചെയ്യുന്നു'

'കൂട്ടായ പ്രവൃത്തിയില്‍ ശക്തിയുണ്ട്'

''നന്നായി സംഘടിപ്പിച്ച പരിപാടിക്ക് ദൂരവ്യാപകമായ നേട്ടങ്ങളുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിരാശാബോധമാണ് ഉണ്ടായതെങ്കില്‍ ജി 20 രാജ്യത്തിന് വലിയ കാര്യങ്ങളില്‍ ആത്മവിശ്വാസം നല്‍കി''

'മനുഷ്യരാശിയുടെ ക്ഷേമത്തിനായി ഇന്ത്യ ശക്തമായി നിലകൊള്ളുന്നു, ആവശ്യമുള്ള സമയങ്ങളില്‍ എല്ലായിടത്തും എത്തിച്ചേരുന്നു'

Posted On: 22 SEP 2023 8:05PM by PIB Thiruvananthpuram

 ടീം ജി20 യുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഭാരത് മണ്ഡപത്തില്‍ സംവദിച്ചു. ചടങ്ങില്‍ പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു. ജി 20 യുടെ വിജയകരമായ സംഘാടനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന അഭിനന്ദനങ്ങള്‍ക്ക് പ്രധാനമന്ത്രി അടിവരയിടുകയും ഈ വിജയത്തിന് താഴേത്തട്ടില്‍ പ്രവര്‍ത്തിച്ചവരെ കടപ്പാട് അറിയിക്കുകയും ചെയ്തു.
വിപുലമായ ആസൂത്രണത്തെയും നിര്‍വ്വഹണ പ്രക്രിയയെയും പരാമര്‍ശിച്ച പ്രധാനമന്ത്രി, ഭാരവാഹികളോട് അവരുടെ അനുഭവങ്ങളും പഠനങ്ങളും രേഖപ്പെടുത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇങ്ങനെ തയ്യാറാക്കിയ രേഖയ്ക്ക് ഭാവി പരിപാടികള്‍ക്ക് ഉപയോഗപ്രദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ കഴിയും.
നടത്തുന്ന സംരംഭത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവും ആ സംരംഭത്തിന്റെ കേന്ദ്രബിന്ദുവാണ് തങ്ങളെന്ന എല്ലാവരുടെയും തോന്നലുമാണ് ഇത്തരം വലിയ പരിപാടികളുടെ വിജയരഹസ്യം.
അനൗപചാരികമായി കൂടിയിരുന്ന് അതത് വകുപ്പുകളിലെ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇത് ഓരോ ആളുടെയും പ്രകടനത്തെ വിശാലമായി മനസ്സിലാക്കാന്‍ ഉപകരിക്കും. മറ്റുള്ളവരുടെ പ്രയത്നങ്ങള്‍ അറിഞ്ഞുകഴിഞ്ഞാല്‍ അത് നമ്മെ മികച്ചതാക്കാന്‍ പ്രേരിപ്പിക്കും. 'തൊഴിലാളികളുടെ ഐക്യമാണ് ഇന്നത്തെ ഈ വേള; ഞാനും നിങ്ങളും മസ്ദൂര്‍', അദ്ദേഹം പറഞ്ഞു.
സാധാരണ ഓഫീസ് ജോലികളില്‍ സഹപ്രവര്‍ത്തകരുടെ കഴിവുകള്‍ നമ്മള്‍ അറിയുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. താഴേത്തട്ടില്‍ കൂട്ടായി പ്രവര്‍ത്തിക്കുമ്പോള്‍ അകലങ്ങളും അപരിചിതത്വവും നീങ്ങുകയും അത് ഒരു ടീമിനെ സൃഷ്ടിക്കുകയും ചെയ്യുന്നു. നടന്നുകൊണ്ടിരിക്കുന്ന സ്വഛതാ അഭിയാന്റെ ഉദാഹരണത്തിലൂടെ അദ്ദേഹം ഈ കാര്യം വിശദമാക്കുകയും വകുപ്പുകളില്‍ ഇത് ഒരു കൂട്ടായ പരിശ്രമമാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത് ജോലി എന്നതിനു പകരം പദ്ധതിയെ ഉത്സവമാക്കുന്നു. കൂട്ടായ മനോഭാവത്തില്‍ ശക്തിയുണ്ട്.
ഓഫീസുകളിലെ അധികാരശ്രേണികളില്‍ നിന്ന് പുറത്തുവരാനും സഹപ്രവര്‍ത്തകരുടെ കഴിവുകള്‍ അറിയാന്‍ ശ്രമിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
മനുഷ്യവിഭവശേഷിയുടെയും പഠനത്തിന്റെയും വീക്ഷണകോണില്‍ നിന്ന് ഇത്തരം വിജയകരമായ സംഘാടനങ്ങളുടെ പ്രാധാന്യം എടുത്തുകാണിച്ച പ്രധാനമന്ത്രി, ഒരു സംഭവം വെറുതേ നടത്തുന്നതിനു പകരം വേണ്ടവിധം നടത്തിയാല്‍ അതിന്റേതായ ഫലപ്രാപ്തി ഉണ്ടാക്കുമെന്നും പറഞ്ഞു. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദാഹരണത്തിലൂടെ അദ്ദേഹം ഇത് വിശദീകരിച്ചു, ഇത് രാജ്യത്തെ ബ്രാന്‍ഡ് ചെയ്യുന്നതിനുള്ള മികച്ച അവസരമാകുമെങ്കിലും അത് ഉള്‍പ്പെട്ട ആളുകളെയും രാജ്യത്തെയും മാനം കെടുത്തുക മാത്രമല്ല, ഭരണ സംവിധാനത്തില്‍ നിരാശാബോധം വളര്‍ത്തുകയും ചെയ്തു. മറുവശത്ത്, ജി 20 യുടെ സഞ്ചിത ഫലമാണ് രാജ്യത്തിന്റെ ശക്തി ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ വിജയിച്ചത്. ''എഡിറ്റോറിയലുകളിലെ പ്രശംസയെക്കുറിച്ച് എനിക്ക് ആശങ്കയില്ല, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥ സന്തോഷം അത്തരത്തിലുള്ള ഏത് പരിപാടിക്കും ഏറ്റവും മികച്ച രീതിയില്‍ ആതിഥ്യം വഹിക്കാന്‍ കഴിയുമെന്ന് എന്റെ രാജ്യത്തിന് ഇപ്പോള്‍ ആത്മവിശ്വാസമുണ്ട് എന്നതാണ്,'' അദ്ദേഹം പറഞ്ഞു.
നേപ്പാളിലെ ഭൂകമ്പം, നാം സാമഗ്രികള്‍ അയച്ച ശ്രീലങ്കയിലെ ഫിജിയിലെ ചുഴലിക്കാറ്റ്, മാലദ്വീപിലെ വൈദ്യുതി- ജല പ്രതിസന്ധി, യെമനില്‍ നിന്നുള്ള പലായനം, തുര്‍ക്കി ഭൂകമ്പം തുടങ്ങിയ ആഗോള തലത്തിലുള്ള ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഇന്ത്യയുടെ മഹത്തായ സംഭാവനയെ ഉദ്ധരിച്ച് അദ്ദേഹം ഈ വര്‍ദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിച്ചു. ഇതെല്ലാം, മനുഷ്യരാശിയുടെ ക്ഷേമത്തിനായി, ഇന്ത്യ ശക്തമായി നിലകൊള്ളുന്നുവെന്നും ആവശ്യമുള്ള സമയങ്ങളില്‍ എല്ലായിടത്തും എത്തിച്ചേരുമെന്നും സ്ഥാപിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ജി20 ഉച്ചകോടിയുടെ മധ്യത്തില്‍പ്പോലും, പോകേണ്ട ആവശ്യമില്ലെങ്കിലും ജോര്‍ദാന്‍ ദുരന്ത രക്ഷാപ്രവര്‍ത്തനത്തിനുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും അദ്ദേഹം അറിയിച്ചു.
മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പിന്‍സീറ്റില്‍ ഇരിക്കുകയാണെന്നും താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. ''എന്റെ അടിത്തറ ശക്തമാണെന്ന് എനിക്ക് ഉറപ്പുനല്‍കുന്നതിനാല്‍ ഈ ക്രമീകരണം ഞാന്‍ ഇഷ്ടപ്പെടുന്നു,'' അദ്ദേഹം പറഞ്ഞു.
കൂടുതല്‍ മെച്ചപ്പെടുന്നതിന് ആഗോള ശ്രദ്ധയുടെ ആവശ്യകതയ്ക്കു പ്രധാനമന്ത്രി അടിവരയിട്ടു. ജി 20 കാലത്ത് ഇന്ത്യ സന്ദര്‍ശിക്കുകയും അവര്‍ ഇന്ത്യയുടെ ടൂറിസം അംബാസഡര്‍മാരായി മടങ്ങുകയും ചെയ്തു. താഴേത്തട്ടിലെ പ്രവര്‍ത്തകരുടെ നല്ല പ്രവര്‍ത്തനമാണ് ഈ അംബാസഡര്‍ഷിപ്പിന്റെ വിത്ത് പാകിയത്. വിനോദസഞ്ചാരത്തെ പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള സമയമാണിത്.
തൊഴിലാളികളുമായി പ്രധാനമന്ത്രി സംവദിക്കുകയും അവരുടെ അനുഭവങ്ങള്‍ കേള്‍ക്കുകയും ചെയ്തു. ജി 20 ഉച്ചകോടിയുടെ വിജയത്തിന് സംഭാവന നല്‍കിയ ഏകദേശം 3000 പേര്‍ ആശയവിനിമയത്തില്‍ പങ്കെടുത്തു. ഉച്ചകോടിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാന്‍ താഴേത്തട്ടില്‍ പ്രവര്‍ത്തിച്ചവരും, വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള ക്ലീനര്‍മാര്‍, ഡ്രൈവര്‍മാര്‍, വെയിറ്റര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു. ആശയവിനിമയത്തില്‍ മന്ത്രിമാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

 

NS

(Release ID: 1959779) Visitor Counter : 114