മന്ത്രിസഭ

ഇ-കോടതികള്‍ മൂന്നാം ഘട്ടത്തിന് 4 വര്‍ഷത്തേക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 13 SEP 2023 3:30PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം, 7210 കോടി രൂപ സാമ്പത്തിക വിനിയോഗത്തോടെ നാല് വര്‍ഷം (2023 മുതല്‍) നീണ്ടുനില്‍ക്കുന്ന കേന്ദ്ര മേഖലാ പദ്ധതിയായി ഇ-കോടതികള്‍ (eCourts) പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് അംഗീകാരം നല്‍കി.

'ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, കൂട്ടായ പരിശ്രമം' എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, സാങ്കേതിക വിദ്യ ഉപയോഗിച്ച് നീതി ലഭ്യമാക്കുന്നതിനുള്ള പ്രധാന നീക്കമാണ്  ദൗത്യമെന്ന നിലയിലുള്ള ഇ-കോര്‍ട്‌സ് പദ്ധതി. ദേശീയ ഇ-ഗവേണന്‍സ് പദ്ധതിയുടെ ഭാഗമായി, ഇന്ത്യന്‍ ജുഡീഷ്യറി ICT വിവര-വിനിമയ-സാങ്കേതികാധിഷ്ഠിതമാക്കുന്നതിനായാണ് 2007 മുതല്‍ ഇ-കോടതികള്‍ പദ്ധതി നടപ്പാക്കിവരുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടം 2023-ല്‍ അവസാനിച്ചു. ഇന്ത്യയിലെ ഇ-കോടതികള്‍ പദ്ധതിയുടെ മൂന്നാം ഘട്ടം 'പ്രവേശനവും ഉള്‍പ്പെടുത്തലും' എന്ന  തത്വചിന്തയില്‍ വേരൂന്നിയതാണ്.

ഒന്നാം ഘട്ട - രണ്ടാം ഘട്ട നേട്ടങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്ന ഇ-കോര്‍ട്‌സിന്റെ മൂന്നാം ഘട്ടം, പഴയ രേഖകള്‍ ഉള്‍പ്പെടെ മുഴുവന്‍ കോടതി രേഖകളും ഡിജിറ്റല്‍ രൂപത്തിലാക്കുന്നതിലൂടെ ഡിജിറ്റല്‍- ഓണ്‍ലൈന്‍- പേപ്പര്‍രഹിത കോടതികളിലേക്ക് നീങ്ങുന്നതിലൂടെയും, എല്ലാ കോടതി സമുച്ചയങ്ങളും ഇ-സേവന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതിലൂടെ ഇ-ഫയലിങ്/ ഇ-പേയ്മെന്റുകള്‍ സാര്‍വത്രികമാക്കുന്നതിലൂടെയും, അനായാസമായി പരമാവധി നീതി സാധ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. കേസുകള്‍ ഷെഡ്യൂള്‍ ചെയ്യുമ്പോഴോ മുന്‍ഗണന നല്‍കുമ്പോഴോ ജഡ്ജിമാര്‍ക്കും രജിസ്ട്രികള്‍ക്കും ഡാറ്റ അടിസ്ഥാനമാക്കിയുള്ള തീരുമാനമെടുക്കാന്‍ പ്രാപ്തമാക്കുന്ന വിവേകപൂര്‍വും കാര്യക്ഷമവുമായ സംവിധാനങ്ങള്‍ ഇത് ഏര്‍പ്പെടുത്തും. ജുഡീഷ്യറിക്കായി ഏകീകൃത സാങ്കേതിക സംവിധാനം സൃഷ്ടിക്കുക എന്നതാണ് മൂന്നാം ഘട്ടത്തിന്റെ പ്രധാന ലക്ഷ്യം. അത് കോടതികള്‍ക്കും ഹര്‍ജിക്കാര്‍ക്കും ഇതുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും ഇടയില്‍ തടസരഹിതവും കടലാസ്രഹിതവുമായ സംവിധാനമൊരുക്കും.

നീതിന്യായ വകുപ്പ്, നിയമ-നീതി മന്ത്രാലയം, ഇന്ത്യാ ഗവണ്‍മെന്റ്, സുപ്രീം കോടതിയിലെ ഇ-സമിതി എന്നിവയുടെ സംയുക്ത പങ്കാളിത്തത്തോടെ, ജുഡീഷ്യല്‍ വികസനത്തിനായി അതത് ഹൈക്കോടതികള്‍ മുഖേന വികേന്ദ്രീകൃതമായ രീതിയില്‍ ഇകോടതിയുടെ കേന്ദ്രാവിഷ്‌കൃത പദ്ധതി മൂന്നാം ഘട്ടം നടപ്പിലാക്കും. ബന്ധപ്പെട്ട എല്ലാവര്‍ക്കും സംവിധാനം കൂടുതല്‍ പ്രാപ്യമാകുന്നതും താങ്ങാനാവുന്നതും വിശ്വസനീയവും മുന്‍കൂട്ടി അറിയാനാകുന്നതും സുതാര്യവുമാക്കിക്കൊണ്ട് നീതി സുഗമമാക്കല്‍ പ്രോത്സാഹിപ്പിക്കും.

ഇ-കോര്‍ട്‌സ് മൂന്നാം ഘട്ടത്തിന്റെ ഘടകങ്ങള്‍ ഇനിപ്പറയുന്നവയാണ്:

ക്രമ നം.

പദ്ധതിഘടകം

പ്രതീക്ഷിത ചെലവ്  (ആകെ കോടി രൂപയില്‍)

  1.  

കേസ് റെക്കോര്‍ഡുകളുടെ സ്‌കാനിങ്, ഡിജിറ്റല്‍ രൂപമാക്കല്‍, ഡിജിറ്റല്‍ സംരക്ഷണം

2038.40

  1.  

ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍

1205.23

  1.  

നിലവിലുള്ള കോടതികളിലേക്ക് അധിക ഹാര്‍ഡ്വെയര്‍

643.66

  1.  

പുതുതായി സ്ഥാപിച്ച കോടതികളിലെ അടിസ്ഥാന സൗകര്യങ്ങള്‍

426.25

  1.  

1150 വെര്‍ച്വല്‍ കോടതികളുടെ സ്ഥാപനം

413.08

  1.  

പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായ 4400 ഇ-സേവ കേന്ദ്രം

394.48

  1.  

കടലാസ്രഹിത കോടതി

359.20

  1.  

സിസ്റ്റവും ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ വികസനവും

243.52

  1.  

സൗരോര്‍ജ ബാക്കപ്പ്

229.50

  1.  

വീഡിയോ കോണ്‍ഫറന്‍സിങ് സജ്ജീകരണം

228.48

  1.  

ഇ-ഫയലിങ്

215.97

  1.  

കണക്റ്റിവിറ്റി (പ്രാഥമികം + ആവശ്യാനുസരണം)

208.72

  1.  

ശേഷി വികസനം

208.52

  1.  

300 കോടതി സമുച്ചയങ്ങളിലെ കോടതിമുറിയില്‍ ക്ലാസ് (ലൈവ്-ഓഡിയോ വിഷ്വല്‍ സ്ട്രീമിങ് സിസ്റ്റം)

112.26

  1.  

മാനവവിഭവശേഷി

56.67

  1.  

ഭാവിയിലെ സാങ്കേതിക മുന്നേറ്റങ്ങള്‍

53.57

  1.  

ജുഡീഷ്യല്‍ പ്രോസസ് റീ-എന്‍ജിനിയറിങ്

33.00

  1.  

ഭിന്നശേഷിസൗഹൃദ ഐസിടി സൗകര്യങ്ങള്‍

27.54

  1.  

NSTEP

25.75

  1.  

ഓണ്‍ലൈന്‍ തര്‍ക്ക പരിഹാരം (ODR)

23.72

  1.  

വിജ്ഞാന നിര്‍വഹണ സംവിധാനം

23.30

  1.  

ഹൈക്കോടതികള്‍ക്കും ജില്ലാ കോടതികള്‍ക്കുമുള്ള ഇ-ഓഫീസ്

21.10

  1.  

ഇന്റര്‍-ഓപ്പറബിള്‍ ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റവുമായുള്ള സംയോജനം (ICJS)

11.78

  1.  

S3WAAS സംവിധാനം

6.35

 

ആകെ

7210


പദ്ധതിയുടെ പ്രതീക്ഷിത ഫലങ്ങള്‍ ഇനിപ്പറയുന്നു:

  • സാങ്കേതികവിദ്യ ലഭ്യമല്ലാത്ത പൗരന്മാര്‍ക്ക് ഇ-സേവ കേന്ദ്രങ്ങളില്‍ നിന്ന് ജുഡീഷ്യല്‍ സേവനങ്ങള്‍ പ്രാപ്യമാക്കാനാകും; അതിലൂടെ ഡിജിറ്റല്‍ അന്തരം പരിഹരിക്കാനാകും.
  • കോടതി രേഖകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുന്നത് മറ്റെല്ലാ ഡിജിറ്റല്‍ സേവനങ്ങള്‍ക്കും അടിത്തറയിടുന്നു. പേപ്പര്‍ അധിഷ്ഠിത ഫയലിങ്ങുകള്‍ കുറയ്ക്കുന്നതിലൂടെയും രേഖകളുടെ ഭൗതിക ചലനം കുറയ്ക്കുന്നതിലൂടെയും പ്രക്രിയകളെ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കുന്നതിന് ഇത് പ്രാപ്തമാക്കുന്നു.
  • കോടതി നടപടികളിലെ വെര്‍ച്വല്‍ പങ്കാളിത്തം, സാക്ഷികള്‍, ജഡ്ജിമാര്‍, മറ്റ് പങ്കാളികള്‍ എന്നിവരുടെ യാത്രാ ചെലവുകള്‍ പോലെയുള്ള, കോടതി നടപടികളുമായി ബന്ധപ്പെട്ട ചെലവുകള്‍ കുറയ്ക്കുന്നു.
  • എവിടെനിന്നും എപ്പോള്‍ വേണമെങ്കിലും കോടതി നിരക്കും പിഴയും അടയ്ക്കാനാകും.
  • രേഖകള്‍ സമര്‍പ്പിക്കുന്നതിന് ആവശ്യമായ സമയവും പ്രയത്‌നവും കുറയ്ക്കുന്നതിനായി ഇഫയലിങ്ങിന്റെ വിപുലീകരണം. അതുവഴി രേഖകള്‍ സ്വയമേവ പരിശോധിക്കപ്പെടുന്നതിനാല്‍ മാനുഷിക പിഴവുകള്‍ കുറയുകയും പേപ്പര്‍ അധിഷ്ഠിത രേഖകള്‍ കൂടുതല്‍ സൃഷ്ടിക്കുന്നത് തടയുകയും ചെയ്യുന്നു.
  • ഒരു 'സ്മാര്‍ട്ട്' ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലൂടെ സുഗമമായ ഉപയോക്തൃ അനുഭവം നല്‍കുന്നതിന് നിര്‍മിതബുദ്ധി, അതിന്റെ ഉപവിഭാഗങ്ങളായ മെഷീന്‍ ലേണിങ് (ML), ഒപ്റ്റിക്കല്‍ ക്യാരക്ടര്‍ റെക്കഗ്‌നിഷന്‍ (OCR), നാച്ചുറല്‍ ലാംഗ്വേജ് പ്രോസസ്സിങ് (NLP) പോലുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗം. രജിസ്ട്രികളുടെ ഡാറ്റാ എന്‍ട്രി കുറയുന്നതും ഫയല്‍ സൂക്ഷ്മപരിശോധന കുറയുന്നതും മികച്ച തീരുമാനങ്ങള്‍ എടുക്കുന്നതിനും നയ ആസൂത്രണത്തിനും സഹായകമാകും. ഇത് കാര്യക്ഷമമായ ഷെഡ്യൂളിങ്, ജഡ്ജിമാര്‍ക്കും രജിസ്ട്രികള്‍ക്കും ഡാറ്റ അടിസ്ഥാനമാക്കിയുള്ള തീരുമാനമെടുക്കല്‍ പ്രാപ്തമാക്കുന്ന വിവേകപൂര്‍ണമായ സംവിധാനം വിഭാവനം ചെയ്യുന്നു. ജഡ്ജിമാരുടെയും അഭിഭാഷകരുടെയും കാര്യപ്രാപ്തി കൂടുതല്‍ മനസിലാക്കുന്നതിനും മികച്ച വശം പ്രയോഗത്തില്‍ കൊണ്ടുവരുന്നതിനും അനുവദിക്കുന്നു.
  • ട്രാഫിക് നിയമലംഘന കേസുകളുടെ തീര്‍പ്പിന് അപ്പുറം വെര്‍ച്വല്‍ കോടതികളുടെ വിപുലീകരണത്തിലൂടെ കോടതിയില്‍ വ്യവഹാരക്കാരുടെയോ അഭിഭാഷകന്റെയോ സാന്നിധ്യം ഇല്ലാതാക്കുന്നു.
  • കോടതി നടപടികളില്‍ മെച്ചപ്പെട്ട കൃത്യതയും സുതാര്യതയും
  • NSTEP (നാഷണല്‍ സെര്‍വിങ് ആന്‍ഡ് ട്രാക്കിങ് ഓഫ് ഇലക്ട്രോണിക് പ്രോസസ്) കൂടുതല്‍ വിപുലീകരിച്ച് കോടതി സമന്‍സ് സ്വയമേവ കൈമാറുന്നതിന് ഊന്നല്‍ നല്‍കുന്നു. അതിലൂടെ വിചാരണകളിലെ കാലതാമസം ഗണ്യമായി കുറയ്ക്കുന്നു.

·       കോടതി നടപടികളില്‍ ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളുടെ ഉപയോഗം അവയെ കൂടുതല്‍ കാര്യക്ഷമവും ഫലപ്രദവുമാക്കും. കെട്ടിക്കിടക്കുന്ന കേസുകള്‍ കുറയ്ക്കുന്നതിന് അതു ഗണ്യമായ സംഭാവന നല്‍കും.

https://pib.gov.in/PressReleasePage.aspx?PRID=1907546

https://pib.gov.in/PressReleasePage.aspx?PRID=1910056

https://pib.gov.in/PressReleasePage.aspx?PRID=1941500

https://pib.gov.in/PressReleasePage.aspx?PRID=1945462

https://pib.gov.in/PressReleasePage.aspx?PRID=1884164

https://pib.gov.in/PressReleasePage.aspx?PRID=1848737

https://static.pib.gov.in/WriteReadData/specificdocs/documents/2023/sep/doc2023913251301.pdf

NS

*****

 



(Release ID: 1957117) Visitor Counter : 93