വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഹിമാചല്‍ പ്രദേശിനും ഉത്തരാഖണ്ഡിനും വ്യാവസായിക വികസന പദ്ധതി-2017ക്ക് കീഴില്‍ ആവശ്യമായി വരുന്ന അധിക ഫണ്ടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി


1164 കോടി രൂപയുടെ അധിക സാമ്പത്തിക അടങ്കലിന് അംഗീകാരം

Posted On: 06 SEP 2023 3:50PM by PIB Thiruvananthpuram

ഹിമാചല്‍ പ്രദേശിനും ഉത്തരാഖണ്ഡിനും വ്യാവസായിക വികസന പദ്ധതി (ഐ.ഡി.എസ്), 2017 പ്രകാരം 1164.53 കോടി രൂപ അനുവദിക്കുന്നതിന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
2018 ഏപ്രില്‍ 23-ലെ വിജ്ഞാപനം നമ്പര്‍.2(2)/2018എസ്.പി.എസ് പ്രകാരമാണ് ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് വ്യാവസായിക വികസന പദ്ധതി-2017 പ്രഖ്യാപിച്ചത്. ഈ പദ്ധതിക്ക് കീഴിലുള്ള മൊത്തം സാമ്പത്തിക അടങ്കല്‍ 131.90 കോടി രൂപയായിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ അനുവദിച്ച ഈ ഫണ്ട് ചെലവഴിച്ചു. അതിനെത്തുടര്‍ന്ന് 2028-2029 വരെയുള്ള പ്രതിജ്ഞാബദ്ധമായ ബാദ്ധ്യതകള്‍ നിറവേറ്റുന്നതിന് 1164.53 കോടി രൂപയുടെ അധിക ഫണ്ടിന്റെ ആവശ്യകതയുണ്ട്. 2017 ലെ വ്യാവസായിക വികസന പദ്ധതി പ്രകാരം ഈ അധിക സാമ്പത്തിക വിഹിതം അനുവദിക്കുന്നതിന്, മന്ത്രിസഭയുടെ അംഗീകാരം അഭ്യര്‍ത്ഥിച്ചിരുന്നു.
ഹിമാചല്‍ പ്രദേശിനും ഉത്തരാഖണ്ഡിനും വേണ്ടിയുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ വ്യവസായ വികസന പദ്ധതി-2017 പ്രകാരം 2028-29 വരെയുള്ള പ്രതിജ്ഞാബദ്ധമായ ബാദ്ധ്യതകള്‍ നിറവേറ്റുന്നതിന് അധിക ഫണ്ട് ആവശ്യമാണെന്ന കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ,
വ്യവസായ, ആഭ്യന്തര വ്യാപാരം പ്രോത്സാഹന വകുപ്പിന്റെ നിര്‍ദ്ദേശം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം, പരിഗണിക്കുകയും അതിന് അംഗീകാരം നല്‍കുകയും ചെയ്തു. മേല്‍പ്പറഞ്ഞ പദ്ധതിക്ക് കീഴില്‍ അധിക ഫണ്ടുകള്‍ അംഗീകരിക്കുന്നതിനനുസരിച്ച് താഴെപ്പറയുന്ന ആനുകൂല്യ പ്രോത്സാഹനങ്ങള്‍ പദ്ധതിക്ക് കീഴില്‍ ലഭിക്കും.

വായ്പകള്‍ പ്രാപ്യമാകുന്നതിന് കേന്ദ്ര മൂലധന നിക്ഷേപ ആനുകൂല്യ പ്രോത്സാഹനം (സി.സി.ഐ.ഐ.എ.സി):
ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ എവിടെയും സ്ഥിതി ചെയ്യുന്ന ഉല്‍പ്പാദന, സേവന മേഖലയില്‍ ഗണ്യമായ വിപുലീകരണം നടത്തുന്ന അര്‍ഹതയുള്ള എല്ലാ പുതിയ വ്യാവസായിക യൂണിറ്റുകള്‍ക്കും നിലവിലുള്ള വ്യാവസായിക യൂണിറ്റുകള്‍ക്കും പ്ലാന്റുകളിലും യന്ത്രങ്ങളിലും നിക്ഷേപം നടത്തുന്നതിന് ഉയര്‍ന്നപരിധി 5 കോടി രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക് @30% വായ്പകള്‍ പ്രാപ്യമാകുന്നതിനുള്ള കേന്ദ്ര മൂലധന നിക്ഷേപ ആനുകൂല്യ പ്രോത്സാഹനമായി (സെന്‍ട്രല്‍ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇന്‍സെന്റീവ് ഫോര്‍ അക്‌സസ് ടു ക്രെഡിറ്റ്-സി.സി.ഐ.ഐ.എ.സി) നല്‍കും.

കേന്ദ്ര സമഗ്ര ഇന്‍ഷുറന്‍സ് ആനുകൂല്യ പ്രോത്സാഹനം (സെന്‍ട്രല്‍ കോംപ്രിഹെന്‍സീവ് ഇന്‍ഷുറന്‍സ് ഇന്‍സെന്റീവ് -സി.സി.ഐ.ഐ):

ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ എവിടെയും സ്ഥിതി ചെയ്യുന്ന യോഗ്യതയുള്ള എല്ലാ പുതിയ വ്യവസായ യൂണിറ്റുകളും നിലവിലുള്ള വ്യവസായ യൂണിറ്റുകളും വാണിജ്യപരമായ ഉല്‍പ്പാദനം/പ്രവര്‍ത്തനം ആരംഭിക്കുന്ന തീയതി മുതല്‍ പരമാവധി 5 വര്‍ഷത്തേക്ക് കെട്ടിടവും പ്ലാന്റും യന്ത്രങ്ങളും ഇന്‍ഷുര്‍ ചെയ്താല്‍ ആ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ 100% തിരികെ ലഭിക്കുന്നതിന് അര്‍ഹതയുണ്ടാകും.


3. ഉണ്ടാകുന്ന ചെലവ്:

ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്ക് ഐ.ഡി.എസ്-2017 പ്രകാരമുള്ള സാമ്പത്തിക അടങ്കല്‍ 131.90 കോടി രൂപ മാത്രമായിരുന്നു. അത് 2021-2022 കാലയളവില്‍ തന്നെ നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന്, 2028-29 വരെ പദ്ധതിക്ക് കീഴില്‍ ഉണ്ടാകുന്ന പ്രതിജ്ഞാബദ്ധമായ ബാദ്ധ്യതകള്‍ നിറവേറ്റുന്നതിന് അധിക ഫണ്ടുകള്‍ ആവശ്യമായി വരികയും പദ്ധതിക്ക് കീഴില്‍ 1164.53 കോടി രൂപയുടെ അധിക സാമ്പത്തിക അടങ്കലിന് മന്ത്രിസഭ അംഗീകാരം നല്‍കുകയും ചെയ്യുകയായിരുന്നു.
രജിസ്റ്റര്‍ ചെയ്ത 774 യൂണിറ്റുകള്‍ വഴി ഏകദേശം 48,607 പേര്‍ക്ക് ഇതിലൂടെ നേരിട്ട് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.

NS


(Release ID: 1955144) Visitor Counter : 108