പ്രധാനമന്ത്രിയുടെ ഓഫീസ്
*അധ്യാപകദിനത്തിന്റെ പൂർവസന്ധ്യയിൽ 2023ലെ ദേശീയ അധ്യാപക പുരസ്കാരജേതാക്കളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി*
താഴേത്തട്ടിൽനിന്നു നേട്ടങ്ങൾ കൊയ്തവരുടെ കഥകൾ കുട്ടികൾക്കു മനസിലാക്കിക്കൊടുക്കേണ്ടതിന്റെ ആവശ്യകതയ്ക്കു പ്രധാനമന്ത്രി ഊന്നൽ നൽകി
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സംസ്‌കാരവും വൈവിധ്യവും വിദ്യാലയങ്ങളിൽ ആഘോഷിക്കണമെന്നു പ്രധാനമന്ത്രി
അറിവു നേടാനുള്ള ആഗ്രഹം വിദ്യാർഥികളിൽ വളർത്തേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി
Posted On:
04 SEP 2023 9:25PM by PIB Thiruvananthpuram
അധ്യാപക ദിനത്തിന്റെ പൂർവസന്ധ്യയിൽ 2023 ലെ ദേശീയ അധ്യാപക പുരസ്കാര ജേതാക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശയവിനിമയം നടത്തി. ഇന്ന് 7 ലോക് കല്യാൺ മാർഗിൽ നടന്ന കൂടിക്കാഴ്ചയിൽ 75 പുരസ്കാര ജേതാക്കൾ പങ്കെടുത്തു.
രാജ്യത്തെ യുവമനസുകളെ പരിപോഷിപ്പിക്കുന്നതിൽ അധ്യാപകർ നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. മികച്ച അധ്യാപകരുടെ പ്രാധാന്യത്തെക്കുറിച്ചും രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്നതിൽ അവർക്കു വഹിക്കാൻ കഴിയുന്ന പങ്കിനെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. താഴേത്തട്ടിൽ നിന്നു നേട്ടങ്ങൾ കൊയ്തവരുടെ കഥകൾ കുട്ടികൾക്കു മനസിലാക്കിക്കൊടുത്ത് അവരെ പ്രചോദിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തിന് അദ്ദേഹം ഊന്നൽ നൽകി.
നമ്മുടെ പ്രാദേശിക പൈതൃകത്തിലും ചരിത്രത്തിലും അഭിമാനം കൊള്ളുന്നതിനെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, തങ്ങളുടെ പ്രദേശത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയുംകുറിച്ചു പഠിക്കാൻ വിദ്യാർഥികളെ പ്രചോദിപ്പിക്കണമെന്ന് അധ്യാപകരോട് അഭ്യർഥിച്ചു. രാജ്യത്തെ വൈവിധ്യത്തിന്റെ കരുത്ത് ഉയർത്തിക്കാട്ടിയ അദ്ദേഹം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുടെ സംസ്‌കാരവും വൈവിധ്യവും വിദ്യാലയങ്ങളിൽ ആഘോഷിക്കാൻ അധ്യാപകരോട് അഭ്യർഥിച്ചു.
അടുത്തിടെ ചന്ദ്രയാൻ-3ന്റെ കാര്യത്തിൽ നേടിയ വിജയം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, 21-ാം നൂറ്റാണ്ടു സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ നൂറ്റാണ്ടായതിനാൽ ശാസ്ത്ര-സാങ്കേതികവിദ്യകളെക്കുറിച്ചു വിദ്യാർഥികളിൽ ജിജ്ഞാസ വളർത്തേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടി. യുവാക്കളെ നൈപുണ്യമുള്ളവരാക്കി അവരെ ഭാവിയിലേക്കു സജ്ജരാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
‘മിഷൻ ലൈഫി’നെക്കുറിച്ചു പരാമർശിക്കവേ, ഉപയോഗശേഷം വലിച്ചെറിയുന്ന സംസ്കാരത്തിനു പകരം പുനരുപയോഗത്തിന്റെ സാധ്യതകൾ പരിശോധിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു പ്രധാനമന്ത്രി ചർച്ച ചെയ്തു. നിരവധി അധ്യാപകർ വിദ്യാലയങ്ങളിലെ ശുചിത്വ പരിപാടികളെക്കുറിച്ചു പ്രധാനമന്ത്രിയോടു വിശദീകരിച്ചു. ഔദ്യോഗിക ജീവിതത്തിലുടനീളം പഠിക്കാനും കഴിവുകൾ മെച്ചപ്പെടുത്താനും ശ്രമിക്കണമെന്നു പ്രധാനമന്ത്രി അധ്യാപകരോടു നിർദേശിച്ചു.
രാജ്യത്തെ ഏറ്റവും മികച്ച ചില അധ്യാപകരുടെ അതുല്യസംഭാവനകളെ ആഘോഷിക്കുക എന്നതാണു ദേശീയ അധ്യാപക പുരസ്കാരത്തിന്റെ ഉദ്ദേശ്യം. പ്രതിബദ്ധതയിലൂടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഒപ്പം, വിദ്യാർഥികളുടെ ജീവിതം സമ്പന്നമാക്കുകയും ചെയ്ത അധ്യാപകരെ ആദരിക്കുക എന്നതും ദേശീയ അധ്യാപക പുരസ്കാരത്തിന്റെ ലക്ഷ്യമാണ്. സ്‌കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പു തിരഞ്ഞെടുത്ത അധ്യാപകർക്കു പുറമെ, ഈ വർഷം ഉന്നത വിദ്യാഭ്യാസ വകുപ്പും നൈപുണ്യ വികസന മന്ത്രാലയവും തിരഞ്ഞെടുത്ത അധ്യാപകരെക്കൂടി ഉൾപ്പെടുത്തി പുരസ്കാരത്തിന്റെ വ്യാപ്തി വിപുലീകരിച്ചു.
--NS--
(Release ID: 1954764)
Visitor Counter : 130
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada