പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗവണ്‍മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 51,000-ത്തിലധികംപേര്‍ക്കുള്ള നിയമന കത്തുകള്‍ തൊഴില്‍ മേളയ്ക്ക് കീഴില്‍ ഓഗസ്റ്റ് 28-ന് പ്രധാനമന്ത്രി വിതരണം ചെയ്യും


തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കണമെന്നുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂര്‍ത്തീകരണത്തിലേയ്ക്കുള്ള ചുവടുവയ്പ്പാണ് തൊഴില്‍ മേള

പുതുതായി നിയമിതരായവര്‍ കര്‍മ്മയോഗി പ്രാരംഭ് എന്ന ഓണ്‍ലൈന്‍ മൊഡ്യൂളിലൂടെ സ്വയം പരിശീലിപ്പിക്കപ്പെടുകയും ചെയ്യും


Posted On: 27 AUG 2023 6:27PM by PIB Thiruvananthpuram

പുതുതായി നിയമിതരാകുന്ന 51,000-ത്തിലധികം പേര്‍ക്കുള്ള നിയമന കത്തുകള്‍ 2023 ഓഗസ്റ്റ് 28-ന് രാവിലെ 10:30 ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിതരണം ചെയ്യും. പുതുതായി നിയമിതരാകുന്നവരെ ആ അവസരത്തില്‍ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുകയും ചെയ്യും.
രാജ്യത്തങ്ങോളമിങ്ങോളം 45 കേന്ദ്രങ്ങളില്‍ തൊഴില്‍മേളകള്‍ നടക്കും. ഈ തൊഴില്‍മേള പരിപാടിയിലൂടെ, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (കേന്ദ്ര റിസര്‍വ് പോലീസ് സേന-സി.ആര്‍.പി.എഫ്), ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (അതിര്‍ത്തി രക്ഷാ സേന-ബി.എസ്.എഫ്), ശാസ്ത്ര സീമ ബാല്‍ (എസ്.എസ്.ബി), അസം റൈഫിള്‍സ്, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (കേന്ദ്ര വ്യവസായ സുരക്ഷാ സേന-സി.ഐ.എസ്.എഫ്) ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ.ടി.ബി.പി), നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി), ഡല്‍ഹി പൊലീസ് എന്നിങ്ങനെ വിവിധ കേന്ദ്ര സായുധ പോലീസ് സേനകളി (സി.എ.പി.എഫ്കള്‍)ലേക്കുള്ള ഉദ്യോഗസ്ഥരെ ആഭ്യന്തര മന്ത്രാലയം നിയമിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പുതിയ നിയമിതര്‍, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി), സബ് ഇന്‍സ്‌പെക്ടര്‍ (ജനറല്‍ ഡ്യൂട്ടി), നോണ്‍-ജനറല്‍ ഡ്യൂട്ടി കേഡര്‍ തസ്തികകളില്‍ ചേരും.
സി.എ.പി.എഫുകളെയും അതോടൊപ്പം ഡല്‍ഹി പോലീസിനെയും ശക്തിപ്പെടുത്തുന്നത് ആഭ്യന്തര സുരക്ഷയില്‍ സഹായിക്കുക, ഭീകരതയ്‌ക്കെതിരെ പോരാടുക, സായുധകലാപം, ഇടതുപക്ഷ തീവ്രവാദം എന്നിവയെ ചെറുക്കുക, രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുക എന്നിങ്ങനെ ബഹുമുഖമായ പങ്ക് വഹിക്കാന്‍ ഈ സേനകളെ സഹായിക്കും.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കണമെന്നുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂര്‍ത്തീകരണത്തിലേക്കുള്ള ചുവടുവയ്പ്പാണ് തൊഴില്‍മേള. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും യുവാക്കള്‍ക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തില്‍ പങ്കാളികളാകുന്നതിനും അര്‍ത്ഥവത്തായ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിനുള്ള ഒരു ഉള്‍പ്രേരകമായി തൊഴില്‍മേള പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പുതുതായി നിയമിതരായവര്‍ക്ക് ഐ.ജി.ഒ.ടി കര്‍മ്മയോഗി പോര്‍ട്ടലിലെ ഓണ്‍ലൈന്‍ മൊഡ്യൂളായ കര്‍മ്മയോഗി പ്രാരംഭ് വഴി സ്വയം പരിശീലിക്കാനുള്ള അവസരവും ലഭിക്കും. 'എവിടെയും ഏത് ഉപകരണത്തിലും' പഠിക്കാന്‍ കഴിയുന്ന രൂപത്തില്‍ 673-ലധികം ഇ-പഠന കോഴ്‌സുകളും അവിടെ   ലഭ്യമാക്കിയിട്ടുണ്ട്.

ND



(Release ID: 1952739) Visitor Counter : 108