പ്രധാനമന്ത്രിയുടെ ഓഫീസ്‌

ചന്ദ്രയാൻ-3 വിജയത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഐഎസ്ആർഒ സംഘത്തെ അഭിസംബോധന ചെയ്തു


“നിങ്ങളുടെ ജാഗ്രത, അർപ്പണബോധം, ധൈര്യം, ഉപാസന, അഭിനിവേശം എന്നിവയ്ക്ക് നിങ്ങളെ കാണാനും അഭിവാദ്യം ചെയ്യാനും ഞാൻ അക്ഷമയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുകയായിരുന്നു”


“ഇന്ത്യ ‘ചന്ദ്രനിലാണ്’! ചന്ദ്രനിൽ നാം നമ്മുടെ ദേശീയ അഭിമാനം സ്ഥാപിച്ചിരിക്കുന്നു”


“21-ാം നൂറ്റാണ്ടിലെ ലോകത്തിന്റെ വലിയ പ്രശ്നങ്ങൾക്ക് ഈ പുതിയ ഇന്ത്യ പ്രതിവിധിയേകും”


“ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രചോദനാത്മകമായ നിമിഷങ്ങളിൽ ഒന്നാണ് ചന്ദ്രനിൽ തൊട്ട നിമിഷം”


“ഇന്ന്, ലോകം മുഴുവൻ ഇന്ത്യയുടെ ശാസ്ത്രബോധത്തിന്റെയും നമ്മുടെ സാങ്കേതികവിദ്യയുടെയും നമ്മുടെ ശാസ്ത്രീയ മനോഭാവത്തിന്റെയും കരുത്തിനു സാക്ഷ്യം വഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു”


“നമ്മുടെ ‘ചാന്ദ്രസ്പർശി’ ‘അംഗദനെ’പ്പോലെ ചന്ദ്രനിൽ ഉറച്ചുനിന്നു”


“ചന്ദ്രയാൻ -3ന്റെ ലാൻഡർ ഇറങ്ങിയ ഇടം ഇനിമുതൽ ‘ശിവശക്തി’ എന്നറിയപ്പെടും”


“ചന്ദ്രയാൻ 2 പാദമുദ്രകൾ അവശേഷിപ്പിച്ച സ്ഥലത്തെ ഇനി ‘തിരംഗ’ എന്നു വിളിക്കും”


“ചന്ദ്രയാൻ -3 ചാന്ദ്ര ദൗത്യത്തിന്റെ വിജയത്തിൽ, നമ്മുടെ വനിതാ ശാസ്ത്രജ്ഞർ, രാജ്യത്തിന്റെ നാരീശക്തി വലിയ പങ്ക് വഹിച്ചു”



“‘മൂന്നാം നിര’യിൽ നിന്ന് ‘ഒന്നാം നിര’യിലേക്കുള്ള യാത്രയിൽ ‘ഐഎസ്ആർഒ‌’ പോലുള്ള നമ്മുടെ സ്ഥാപനങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്”

“ഇന്ത്യയുടെ തെക്കു ഭാഗത്ത് നിന്ന് ചന്ദ്രന്റെ തെക്കു ഭാഗത്തേയ്ക്കുള്ള ഈ യാത്ര എളുപ്പമുള്ളതായിരുന്നില്ല”

“ഇനിമുതൽ എല്ലാ വർഷവും ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആഘോഷിക്കും”

“ഇന്ത്യയുടെ വേദഗ്രന്ഥങ്ങളിലെ ജ്യോതിശാസ്ത്ര സൂത്രവാക്യങ്ങൾ ശാസ്ത്രീയമായി തെളിയിക്കാനും അവ പുതുതായി പഠിക്കാനും പുതിയ തലമുറ മുന്നോട്ടു വരണം”

“21-ാം നൂറ്റാണ്ടിന്റെ ഈ കാലഘട്ടത്തിൽ, ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും നേതൃത്വം വഹിക്കുന്ന രാജ്യം മുന്നോട്ടു പോകും”

Posted On: 26 AUG 2023 9:34AM by PIB Thiruvananthpuram

ഗ്രീസിൽ നിന്ന് തിരികെ എത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് (ISTRAC) സന്ദർശിച്ചു. ചന്ദ്രയാൻ-3 വിജയത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഐഎസ്ആർഒ സംഘത്തെ അഭിസംബോധന ചെയ്തു. ചന്ദ്രയാൻ-3 ദൗത്യത്തിൽ ഉൾപ്പെട്ട ഐഎസ്ആർഒ ശാസ്ത്രജ്ഞരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ചന്ദ്രയാൻ-3 ദൗത്യത്തിലെ കണ്ടെത്തലുകളെക്കുറിച്ചും പുരോഗതിയെക്കുറിച്ചും ശാസ്ത്രജ്ഞർ വിശദീകരിച്ചു.

ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യവേ, ബംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിൽ (ISTRAC) എത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശരീരവും മനസ്സും ഇത്രയും സന്തോഷം കൊണ്ട് നിറയുന്ന ഇത്തരമൊരു സന്ദർഭം വളരെ അപൂർവണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും ജീവിതത്തിൽ അക്ഷമ ആധിപത്യം സ്ഥാപിക്കാൻ തുടങ്ങുന്ന ചില പ്രത്യേക നിമിഷങ്ങളെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, ദക്ഷിണാഫ്രിക്കയിലെയും ഗ്രീസിലെയും പര്യടനത്തിനിടയിലും അതേ വികാരങ്ങൾ താൻ അനുഭവിച്ചിരുന്നെന്നും പറഞ്ഞു. തന്റെ മനസ്സ് എല്ലായ്‌പ്പോഴും ചന്ദ്രയാൻ 3 ദൗത്യത്തിൽ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മുന്നൊരുക്കം കൂടാതെ ISTRAC സന്ദർശിക്കാനുള്ള തന്റെ പദ്ധതിമൂലം ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർക്കുണ്ടായ അസൗകര്യങ്ങൾ നിരീക്ഷിച്ച്, വികാരാധീനനായ പ്രധാനമന്ത്രി, ശാസ്ത്രജ്ഞരുടെ ജാഗ്രത, അർപ്പണബോധം, ധൈര്യം, ഉപാസന, അഭിനിവേശം എന്നിവയ്ക്ക് അവരെ കാണാനും അഭിവാദ്യം ചെയ്യാനും അക്ഷമയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുകയായിരുന്നുവെന്നും പറഞ്ഞു.

ഇത് ലളിതമായ വിജയമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ നേട്ടം അനന്തമായ ബഹിരാകാശത്ത് ഇന്ത്യയുടെ ശാസ്ത്രശക്തിയെ വിളിച്ചറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. “ഇന്ത്യ ‘ചന്ദ്രനിലാണ്’! ചന്ദ്രനിൽ നാം നമ്മുടെ ദേശീയ അഭിമാനം സ്ഥാപിച്ചിരിക്കുന്നു” - ആഹ്ലാദഭരിതനായി പ്രധാനമന്ത്രി പറഞ്ഞു. “ഇതാണ് നിർഭയവും വിട്ടുവീഴ്ചയില്ലാത്തതുമായ ഇന്നത്തെ ഇന്ത്യ. പുതിയതായി ചിന്തിക്കുകയും പുതിയ രീതിയിൽ ചിന്തിക്കുകയും ഇരുണ്ട മേഖലയിലേക്ക് പോയി ലോകത്ത് വെളിച്ചം പരത്തുകയും ചെയ്യുന്ന ഇന്ത്യയാണിത്. 21-ാം നൂറ്റാണ്ടിൽ ലോകത്തിന്റെ വലിയ പ്രശ്നങ്ങൾക്ക് ഈ ഇന്ത്യ പ്രതിവിധിയേകും”- അഭൂതപൂർവമായ നേട്ടം എടുത്തുകാട്ടി പ്രധാനമന്ത്രി പറഞ്ഞു,

ചാന്ദ്രസ്പർശത്തിന്റെ നിമിഷം രാജ്യത്തിന്റെ ചേതനയിൽ അനശ്വരമായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രചോദനാത്മകമായ നിമിഷങ്ങളിൽ ഒന്നാണ് ചന്ദ്രനിൽ തൊട്ട നിമിഷം. ഓരോ ഇന്ത്യക്കാരനും അത് സ്വന്തം വിജയമായി കണക്കാക്കുന്നു”- അദ്ദേഹം പറഞ്ഞു. ഈ മഹത്തായ വിജയത്തിന്റെ ഖ്യാതി ശാസ്ത്രജ്ഞർക്ക് അദ്ദേഹം നൽകി.

മൂൺ ലാൻഡറിന്റെ കരുത്തുറ്റ പാദമുദ്രകളുടെ ചിത്രങ്ങളെക്കുറിച്ചു വിവരിച്ച പ്രധാനമന്ത്രി, “നമ്മുടെ ‘ചാന്ദ്രസ്പർശി’ ചന്ദ്രനിൽ ‘അംഗദനെ’പ്പോലെ ഉറച്ചുനിന്നു. ഒരു വശത്ത് വിക്രമിന്റെ വീര്യം, മറുവശത്ത് പ്രഗ്യാന്റെ ധീരതയും”- എന്ന് അഭിപ്രായപ്പെട്ടു. ചന്ദ്രന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത ഭാഗങ്ങളുടെ ചിത്രങ്ങളാണിതെന്നും ഇന്ത്യയാണ് ഇത് എടുത്തതെന്നും അദ്ദേഹം പറഞ്ഞു. “ഇന്ന്, ലോകം മുഴുവൻ ഇന്ത്യയുടെ ശാസ്ത്രബോധം, സാങ്കേതികവിദ്യ, ശാസ്ത്രീയ മനോഭാവം എന്നിവ അംഗീകരിക്കുന്നു” - ശ്രീ മോദി പറഞ്ഞു.

“ചന്ദ്രയാന്‍ 3ന്റെ വിജയം ഇന്ത്യയുടെ മാത്രം വിജയമല്ല, അത് എല്ലാ മനുഷ്യരാശിക്കും അവകാശപ്പെട്ടതാണ്”- എന്ന് പറഞ്ഞ പ്രധാനമന്ത്രി ദൗത്യത്തിന്റെ പര്യവേക്ഷണങ്ങള്‍ എല്ലാ രാജ്യത്തിന്റെയും ചാന്ദ്രദൗത്യങ്ങള്‍ക്കുള്ള സാധ്യതകളുടെ പുതിയ വാതിലുകള്‍ തുറക്കുമെന്ന് അടിവരയിട്ടു. ഈ ദൗത്യം ചന്ദ്രന്റെ രഹസ്യങ്ങള്‍ അനാവരണം ചെയ്യുക മാത്രമല്ല, ഭൂമിയിലെ വെല്ലുവിളികൾ മറികടക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചന്ദ്രയാന്‍ 3 ദൗത്യവുമായി ബന്ധപ്പെട്ട എല്ലാ ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും എൻജിനിയർമാരെയും എല്ലാ അംഗങ്ങളെയും പ്രധാനമന്ത്രി ഒരിക്കല്‍ കൂടി അഭിനന്ദിച്ചു.

“ചന്ദ്രയാന്‍-3ന്റെ ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലം ഇനി ‘ശിവശക്തി’ എന്നറിയപ്പെടും”- പ്രധാനമന്ത്രി പ്രഖ്യാപിച്ചു. “മാനവരാശിയുടെ ക്ഷേമത്തിനായുള്ള ദൃഢനിശ്ചയം ‘ശിവനി’ല്‍ ഉണ്ട്, ആ നിശ്ചയങ്ങള്‍ നിറവേറ്റാന്‍ ‘ശക്തി’ നമുക്ക് കരുത്തേകുന്നു. ചന്ദ്രന്റെ ഈ ശിവശക്തി പോയിന്റ് ഹിമാലയവും കന്യാകുമാരിയും തമ്മിലുള്ള ബന്ധത്തിന്റെ ഉണർവേകുന്നു”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശാസ്ത്രോദ്യമങ്ങളുടെ ക്ഷേമവശങ്ങൾക്ക് ഊന്നൽ നൽകിയ പ്രധാനമന്ത്രി, പവിത്രമായ ഈ തീരുമാനങ്ങള്‍ക്ക് ‘ശക്തി’യുടെ അനുഗ്രഹം ആവശ്യമാണെന്നും ആ ശക്തി നമ്മുടെ സ്ത്രീശക്തിയാണെന്നും പറഞ്ഞു. ചന്ദ്രയാന്‍-3 ചാന്ദ്ര ദൗത്യത്തിന്റെ വിജയത്തില്‍ നമ്മുടെ വനിതാ ശാസ്ത്രജ്ഞരും രാജ്യത്തെ നാരീശക്തിയും വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ചന്ദ്രന്റെ ‘ശിവശക്തി പോയിന്റ്’ ഇന്ത്യയുടെ ശാസ്ത്രീയവും ദാര്‍ശനികവുമായ ചിന്തയ്ക്ക് സാക്ഷ്യം വഹിക്കും”- ശ്രീ മോദി കൂട്ടിച്ചേർത്തു.

ചന്ദ്രയാന്‍ 2ന്റെ പാദമുദ്രകൾ അവശേഷിക്കുന്ന സ്ഥലത്തെ ഇനി ‘തിരംഗ’ എന്ന് വിളിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഈ പോയിന്റ്, ഇന്ത്യ നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും പ്രചോദനമാകുമെന്നും പരാജയം ‌ഒന്നിന്റെയും അവസാനമല്ലെന്ന് ഓര്‍മിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.  “കരുത്തുറ്റ ഇച്ഛാശക്തി ഉള്ളിടത്ത് വിജയം ഉറപ്പാണ്” – ശ്രീ മോദി വ്യക്തമാക്കി.

ചന്ദ്രന്റെ ഉപരിതലത്തില്‍ വിജയകരമായി ഇറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ എളിയ തുടക്കം പരിഗണിക്കുമ്പോള്‍ ഈ നേട്ടം കൂടുതല്‍ വലുതാണെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യയെ മൂന്നാം ലോക രാജ്യമായി കണക്കാക്കുകയും, ആവശ്യമായ സാങ്കേതികവിദ്യയും പിന്തുണയും ഇല്ലാതിരിക്കുകയും ചെയ്തിരുന്ന കാലം അദ്ദേഹം അനുസ്മരിച്ചു. ഇന്ന്, ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയിരിക്കുന്നുവെന്നും മരങ്ങളുടെ കാര്യത്തിലായാലും സാങ്കേതികവിദ്യയുടെ കാര്യത്തിലായാലും ഒന്നാം ലോക രാജ്യങ്ങളില്‍ ഒന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞു. “‘മൂന്നാം നിര’യില്‍ നിന്ന് ‘ഒന്നാം നിര’യിലേക്കുള്ള യാത്രയില്‍, ‘ഐഎസ്ആര്‍ഒ’ പോലുള്ള നമ്മുടെ സ്ഥാപനങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്” -ഐഎസ്ആര്‍ഒയുടെ സംഭാവനകള്‍ ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി അവര്‍ ഇന്ന് ചന്ദ്രനിലേക്ക് ‘മേക്ക് ഇന്‍ ഇന്ത്യ’യെ എത്തിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു.

ഐഎസ്ആർഒയുടെ കഠിനാധ്വാനം രാജ്യത്തെ ജനങ്ങളെ അറിയിക്കാൻ പ്രധാനമന്ത്രി ഈ അവസരം വിനിയോഗിച്ചു. “ഇന്ത്യയുടെ തെക്കുഭാഗത്തു നിന്ന് ചന്ദ്രന്റെ തെക്കു ഭാഗത്തേയ്ക്കുള്ള യാത്ര എളുപ്പമായിരുന്നില്ല”- പ്രധാനമന്ത്രി പറഞ്ഞു. ഐഎസ്ആർഒ ഗവേഷണ കേന്ദ്രത്തിൽ കൃത്രിമ ചന്ദ്രനെ സൃഷ്ടിച്ചിരുന്നതായും അദ്ദേഹം അറിയിച്ചു. ഇത്തരം ബഹിരാകാശ ദൗത്യങ്ങളുടെ വിജയത്തിന് കാരണം ഇന്ത്യയിലെ യുവാക്കൾക്കിടയിലെ നൂതനാശയങ്ങളോടും ശാസ്ത്രത്തോടുമുള്ള അഭിനിവേശമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. “മംഗൾയാന്റെയും ചന്ദ്രയാന്റെയും വിജയവും ഗഗൻയാനായുള്ള തയ്യാറെടുപ്പുകളും രാജ്യത്തെ യുവതലമുറയ്ക്ക് പുതിയ മനോഭാവമേകി. നിങ്ങളുടെ വലിയ നേട്ടം ഇന്ത്യക്കാരുടെ ഒരു തലമുറയെ ഉണർത്തുകയും അതിന് ഊർജം പകരുകയും ചെയ്യുന്നു”- ശ്രീ മോദി പറഞ്ഞു. ഇന്ന് ഇന്ത്യയിലെ കുട്ടികൾക്കിടയിൽ ‘ചന്ദ്രയാൻ’ എന്ന പേര് മുഴങ്ങുകയാണ്. ഓരോ കുട്ടിയും അവന്റെ അല്ലെങ്കിൽ അവളുടെ ഭാവി ശാസ്ത്രജ്ഞരിൽ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രയാൻ 3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയ ഓഗസ്റ്റ് 23 ‘ദേശീയ ബഹിരാകാശ ദിന’മായി ആചരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ദേശീയ ബഹിരാകാശ ദിനം ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും നൂതനത്വത്തിന്റെയും ചൈതന്യത്തെ ആഘോഷമാക്കുമെന്നും അനന്തകാലത്തേയ്ക്കു നമ്മെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബഹിരാകാശ മേഖലയുടെ കഴിവുകൾ ഉപഗ്രഹ വിക്ഷേപണത്തിലും ബഹിരാകാശ പര്യവേക്ഷണങ്ങളിലും മാത്രമായി പരിമിതപ്പെടുന്നില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. അതിന്റെ ശക്തി ജീവിതം സുഗമമാക്കുന്നതിലും ഭരണനിർവഹണം സുഗമമാക്കുന്നതിലും കാണാൻ കഴിയുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. താൻ പ്രധാനമന്ത്രിയായിരുന്ന ആദ്യ വർഷങ്ങളിൽ ഐഎസ്ആർഒയുമായി ചേർന്ന് കേന്ദ്ര ഗവണ്മെന്റിലെ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ശിൽപ്പശാലയുടെ കാര്യം അദ്ദേഹം അനുസ്മരിച്ചു. ബഹിരാകാശ ആപ്ലിക്കേഷനുകളെ ഭരണനിർവഹണവുമായി ബന്ധിപ്പിക്കുന്നതിൽ കൈവരിച്ച മഹത്തായ പുരോഗതിയെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. ശുചിത്വ ഭാരത യജ്ഞം; വിദൂര മേഖലകളിലേക്കു വിദ്യാഭ്യാസം, ആശയവിനിമയം, ആരോഗ്യ സേവനങ്ങൾ; ടെലി-മെഡിസിനും ടെലി-വിദ്യാഭ്യാസവും എന്നീ മേഖലകളിൽ ബഹിരാകാശ സാങ്കേതികവിദ്യയുടെ പങ്കിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ‘നാവിക്’ സംവിധാനത്തിന്റെ പങ്കിനെക്കുറിച്ചും പ്രകൃതിദുരന്തങ്ങളിൽ നൽകുന്ന പിന്തുണയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. “ബഹിരാകാശ സാങ്കേതികവിദ്യയാണ് നമ്മുടെ പിഎം ഗതിശക്തി ദേശീയ ആസൂത്രണപദ്ധതിയുടെ അടിസ്ഥാനം. പദ്ധതികളുടെ ആസൂത്രണത്തിലും നിർവഹണത്തിലും നിരീക്ഷണത്തിലും ഇത് വളരെയധികം സഹായിക്കുന്നു. കാലത്തിനനുസരിച്ച് വർധിച്ചുവരുന്ന ബഹിരാകാശ ആപ്ലിക്കേഷനുകളുടെ ഈ വ്യാപ്തി നമ്മുടെ യുവാക്കൾക്കുള്ള അവസരങ്ങളും വർധിപ്പിക്കുന്നു”-പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ വിവിധ വകുപ്പുകളുമായി സഹകരിച്ച് ‘ഭരണനിർവഹണത്തിൽ ബഹിരാകാശ സാങ്കേതികവിദ്യ’ എന്ന വിഷയത്തിൽ ദേശീയ ഹാക്കത്തോൺ സംഘടിപ്പിക്കാൻ പ്രധാനമന്ത്രി ഐഎസ്ആർഒയോട് അഭ്യർഥിച്ചു. “ഈ ദേശീയ ഹാക്കത്തോൺ നമ്മുടെ ഭരണം കൂടുതൽ കാര്യക്ഷമമാക്കുമെന്നും രാജ്യത്തെ ജനങ്ങൾക്ക് ആധുനിക പ്രതിവിധികളേകുമെന്നും എനിക്ക് ഉറപ്പുണ്ട്”- അദ്ദേഹം പറഞ്ഞു.

രാജ്യത്തെ യുവതലമുറയ്ക്ക് ഒരു ദൗത്യവും പ്രധാനമന്ത്രി നൽകി. “ഇന്ത്യയിലെ വേദഗ്രന്ഥങ്ങളിലെ ജ്യോതിശാസ്ത്ര സൂത്രവാക്യങ്ങൾ ശാസ്ത്രീയമായി തെളിയിക്കാനും അവ പുതുതായി പഠിക്കാനും പുതിയ തലമുറ മുന്നോട്ട് വരണമെന്നാണ് എന്റെ ആഗ്രഹം. ഇത് നമ്മുടെ പാരമ്പര്യത്തിനും ശാസ്ത്രത്തിനും പ്രധാനമാണ്. ഒരു തരത്തിൽ പറഞ്ഞാൽ, ഇന്ന് വിദ്യാലയങ്ങളിലും കലാലയങ്ങളിലും സർവകലാശാലകളിലുമുള്ള വിദ്യാർഥികൾക്ക് ഇത് ഇരട്ടി ഉത്തരവാദിത്വമാണ്. ശാസ്ത്രവിജ്ഞാനമെന്ന ഇന്ത്യയുടെ നിധി അടിമത്തത്തിന്റെ നീണ്ട കാലഘട്ടത്തിൽ മൂടിവയ്ക്കപ്പെട്ട അവസ്ഥയിലായിരുന്നു. ഈ ‘ആസാദി കാ അമൃത് കാലി’ൽ, നമുക്ക് ഈ നിധി പര്യവേക്ഷണം ചെയ്യുകയും അതിൽ ഗവേഷണം നടത്തുകയും അതെക്കുറിച്ച് ലോകത്തോട് പറയുകയും വേണം”- പ്രധാനമന്ത്രി പറഞ്ഞു.

അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യയുടെ ബഹിരാകാശ വ്യവസായം 8 ബില്യൺ ഡോളറിൽ നിന്ന് 16 ബില്യൺ ഡോളറിലെത്തുമെന്ന വിദഗ്ധരുടെ കണക്കുകൾ പ്രധാനമന്ത്രി പരാമർശിച്ചു. ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങൾക്കായി ഗവണ്മെന്റ് അക്ഷീണം പ്രയത്നിക്കുമ്പോൾ, കഴിഞ്ഞ നാലു വർഷത്തിനിടയിൽ, ബഹിരാകാശവുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകളുടെ എണ്ണം നാലിൽ നിന്ന് 150 ആയി ഉയർന്നു. അതിലൂടെ രാജ്യത്തെ യുവജനങ്ങളും പരിശ്രമങ്ങൾ നടത്തുന്നു. സെപ്തംബർ ഒന്നു മുതൽ MyGov സംഘടിപ്പിക്കുന്ന ചന്ദ്രയാൻ ദൗത്യത്തെക്കുറിച്ചുള്ള വലിയ ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ രാജ്യത്തുടനീളമുള്ള വിദ്യാർഥികളോട് പ്രധാനമന്ത്രി അഭ്യർഥിച്ചു.

21-ാം നൂറ്റാണ്ടിന്റെ ഈ കാലഘട്ടത്തിൽ ശാസ്ത്രസാങ്കേതികരംഗത്ത് നേതൃത്വം നൽകേണ്ടതിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈദഗ്ധ്യ നിർമാണപ്പുരയായി ഇന്ത്യ മാറിയെന്ന് ചൂണ്ടിക്കാട്ടി. “സമുദ്രത്തിന്റെ ആഴങ്ങൾ മുതൽ ആകാശത്തിന്റെ ഉയരങ്ങൾ വരെയും ബഹിരാകാശത്തിന്റെ ആഴങ്ങൾ വരെയും യുവതലമുറയ്ക്കു ചെയ്യാൻ ധാരാളം കാര്യങ്ങൾ ഉണ്ട്”-  ‘ഭൂമിയുടെ ആഴങ്ങൾ’ മുതൽ ‘ആഴക്കടൽ’ വരെയുള്ള അവസരങ്ങളും അടുത്ത തലമുറ കമ്പ്യൂട്ടർ മുതൽ ജനിതക എൻജിനിയറിങ് വരെയുള്ള അവസരങ്ങളും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. “ഇന്ത്യയിൽ നിങ്ങൾക്കായി പുതിയ അവസരങ്ങൾ നിരന്തരം തുറക്കുന്നു” - അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാവി തലമുറകൾക്കു മാർഗനിർദേശം നൽകേണ്ടത് അനിവാര്യമാണെന്നും ഇന്നത്തെ സുപ്രധാന ദൗത്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത് അവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്രജ്ഞരാണ് മാതൃകകളെന്നും അവരുടെ ഗവേഷണങ്ങളും വർഷങ്ങളുടെ കഠിനാധ്വാനവും നിങ്ങൾ മനസുവച്ചാൽ എന്തും നേടാനാകുമെന്ന് തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്ക് ശാസ്ത്രജ്ഞരിൽ വിശ്വാസമുണ്ടെന്നും ജനങ്ങളുടെ അനുഗ്രഹം ലഭിക്കുമ്പോൾ രാജ്യത്തോട് കാണിക്കുന്ന അർപ്പണബോധത്തോടെ ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യ ആഗോളവേദിയിൽ നേതൃതലത്തിലേക്ക് മാറുമെന്നും പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. “നമ്മുടെ ഈ നവീകരണ മനോഭാവം 2047ൽ വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കും” - ശ്രീ മോദി പറഞ്ഞു.

Interacting with our @isro scientists in Bengaluru. The success of Chandrayaan-3 mission is an extraordinary moment in the history of India's space programme. https://t.co/PHUY3DQuzb

— Narendra Modi (@narendramodi) August 26, 2023

India is on the moon!

We have our national pride placed on the moon! pic.twitter.com/yzwlEWqOwo

— PMO India (@PMOIndia) August 26, 2023

Unforgettable moments as the Chandrayaan-3 touchdown was confirmed on the Moon, the way our space scientists rejoiced at the @isro centre, the way people celebrated all over the country: PM @narendramodi pic.twitter.com/QFfT5mzIYZ

— PMO India (@PMOIndia) August 26, 2023

Our 'Moon Lander' has firmly set its foot on the Moon like 'Angad'. pic.twitter.com/IykRwSzgdc

— PMO India (@PMOIndia) August 26, 2023

Today, the entire world is witnessing and accepting the strength of India's scientific spirit, our technology and our scientific temperament. pic.twitter.com/glYABIMc1K

— PMO India (@PMOIndia) August 26, 2023

The point where the moon lander of Chandrayaan-3 landed will now be known as 'Shiv Shakti'. pic.twitter.com/C4KAxLDk22

— PMO India (@PMOIndia) August 26, 2023

In the success of Chandrayaan-3 lunar mission, our women scientists, the country's Nari Shakti have played a big role. pic.twitter.com/iTD82erd9s

— PMO India (@PMOIndia) August 26, 2023

The point on the Moon where Chandrayaan 2 left its imprints will now be called 'Tiranga'. pic.twitter.com/lQENujwiyk

— PMO India (@PMOIndia) August 26, 2023

Today, from trade to technology, India is being counted among the countries standing in the first row.

In the journey from 'third row' to 'first row', institutions like our 'ISRO' have played a huge role. pic.twitter.com/9w7PHxyQhV

— PMO India (@PMOIndia) August 26, 2023

Today, the name of Chandrayaan is resonating among children of India. Every child is seeing his or her future in the scientists. pic.twitter.com/R42SIXIMRM

— PMO India (@PMOIndia) August 26, 2023

Now onwards, every year, 23rd August will be celebrated as the National Space Day. pic.twitter.com/R2sR56bvst

— PMO India (@PMOIndia) August 26, 2023

A task for the youngsters... pic.twitter.com/T27UkHzdoB

— PMO India (@PMOIndia) August 26, 2023

In this period of the 21st century, the country which takes the lead in science and technology, will move ahead. pic.twitter.com/IwOcBOPilP

— PMO India (@PMOIndia) August 26, 2023

*****

--ND--



(Release ID: 1952395) Visitor Counter : 372