പ്രധാനമന്ത്രിയുടെ ഓഫീസ്
ചന്ദ്രയാൻ 3ന്റെ ലാൻഡിങ്ങിനു സാക്ഷ്യം വഹിക്കാൻ വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി ഐഎസ്ആർഒ സംഘത്തിനൊപ്പം ചേർന്നു
“ഇത് 140 കോടി ഹൃദയമിടിപ്പുകളുടെ കഴിവിന്റെയും ഇന്ത്യയുടെ പുതിയ ഊർജത്തിന്റെ ആത്മവിശ്വാസത്തിന്റെയും നിമിഷമാണ്”
“‘അമൃതകാല’ത്തിന്റെ ആദ്യ വെളിച്ചത്തിൽ, ഇത് വിജയത്തിന്റെ ‘അമൃതവർഷ’മാണ്”
“നമ്മുടെ ശാസ്ത്രജ്ഞരുടെ അർപ്പണബോധവും കഴിവും കൊണ്ട് ലോകത്തെ ഒരു രാജ്യത്തിനും ഇന്നുവരെ എത്താൻ കഴിയാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യ എത്തിയിരിക്കുന്നു”
“‘ചന്ദാ മാമാ ഏക് ടൂർ കേ" എന്ന് കുട്ടികൾ പറയുന്ന സമയം വിദൂരമല്ല; അതായത് ചന്ദ്രൻ ഒരു ടൂർ മാത്രം അകലെയാണ്"
“നമ്മുടെ ചാന്ദ്രദൗത്യം മനുഷ്യ കേന്ദ്രീകൃത സമീപനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ, ഈ വിജയം മാനവരാശിക്കാകെ അവകാശപ്പെട്ടതാണ്”
“നമ്മുടെ സൗരയൂഥത്തിന്റെ അതിർത്തികളിലേക്കു നാം ചെല്ലും; ഒപ്പം മനുഷ്യർക്ക് പ്രപഞ്ചത്തിന്റെ അനന്തമായ സാധ്യതകൾ തിരിച്ചറിയാൻ പ്രവർത്തിക്കും”
“ആകാശമല്ല അതിരെന്ന് ഇന്ത്യ വീണ്ടും വീണ്ടും തെളിയിക്കുന്നു”
Posted On:
23 AUG 2023 7:03PM by PIB Thiruvananthpuram
ചന്ദ്രയാൻ 3 ഇന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് സാക്ഷിയാകാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂരദൃശ്യ സംവിധാനത്തിലൂടെ ഐഎസ്ആർഒ സംഘത്തോടൊപ്പം ചേർന്നു. വിജയകരമായ ലാൻഡിങ്ങിന് ശേഷം പ്രധാനമന്ത്രി ഐഎസ്ആർഓ സംഘത്തെ അഭിസംബോധന ചെയ്യുകയും, ചരിത്ര നേട്ടത്തിൽ അവരെ അഭിനന്ദിക്കുകയും ചെയ്തു.
ഇത്തരം ചരിത്ര സംഭവങ്ങൾ ഒരു രാജ്യത്തിന്റെ ശാശ്വത ബോധമായി മാറുന്നുവെന്ന് കുടുംബാംഗങ്ങളെന്ന നിലയിൽ സംഘത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പറഞ്ഞു. “ഈ നിമിഷം അവിസ്മരണീയമാണ്, അഭൂതപൂർവമാണ്. ഇത് ഇന്ത്യയുടെ വിജയാഹ്വാനമായ ‘വികസിത ഭാരതം’ എന്ന ആഹ്വാനത്തിന്റെ നിമിഷമാണ്. ഇത് പ്രയാസങ്ങളുടെ സമുദ്രം കടന്ന് വിജയത്തിന്റെ ‘ചാന്ദ്രപഥ’ത്തിലൂടെ നടക്കാനുള്ള നിമിഷമാണ്. 140 കോടി ഹൃദയമിടിപ്പുകളുടെ കഴിവിന്റെയും ഇന്ത്യയുടെ പുതിയ ഊർജത്തിന്റെ ആത്മവിശ്വാസത്തിന്റെയും നിമിഷമാണിത്. ഇത് ഇന്ത്യയുടെ ഉയർന്നുവരുന്ന സൗഭാഗ്യത്തെ വിളിച്ചോതുന്ന നിമിഷമാണ്” - ആഹ്ലാദഭരിതമായ രാജ്യത്തോട് പ്രധാനമന്ത്രി പറഞ്ഞു. “‘അമൃതകാലത്തിന്റെ’ ആദ്യ വെളിച്ചത്തിൽ ഇത് വിജയത്തിന്റെ ‘അമൃതവർഷമാണ്’”- സന്തോഷാധിക്യത്തോടെ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. “ഇന്ത്യ ഇപ്പോൾ ചന്ദ്രനിലാണ്!” ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞു. പുതിയ ഇന്ത്യയുടെ ആദ്യ കുതിപ്പിനു നാം സാക്ഷ്യം വഹിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി താൻ ഇപ്പോൾ ജോഹന്നാസ്ബർഗിലാണെന്നും എന്നാൽ മറ്റെല്ലാ പൗരന്മാരെയും പോലെ തന്റെ മനസ്സും ചന്ദ്രയാൻ 3-ൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓരോ ഇന്ത്യക്കാരനും ആഘോഷത്തിൽ മുഴുകിയിരിക്കുകയാണെന്നും ഈ പ്രത്യേക അവസരത്തിലെ ആവേശത്തിൽ ഓരോ പൗരനുമായും ചേർന്ന് നിൽക്കാൻ കഴിയുന്നതിനാൽ ഓരോ കുടുംബത്തിനും ഇത് ഉത്സവ ദിനമാണെന്നും അദ്ദേഹം പറഞ്ഞു. ചാന്ദ്രയാൻ സംഘത്തെയും ഐഎസ്ആർഒയെയും വർഷങ്ങളോളം അക്ഷീണം പ്രയത്നിച്ച രാജ്യത്തെ എല്ലാ ശാസ്ത്രജ്ഞരെയും അഭിനന്ദിച്ച പ്രധാനമന്ത്രി, ഉത്സാഹവും സന്തോഷവും വികാരനിർഭരവുമായ ഈ അത്ഭുത നിമിഷത്തിന് 140 കോടി ഇന്ത്യക്കാരെ അഭിനന്ദിക്കുകയും ചെയ്തു.
“നമ്മുടെ ശാസ്ത്രജ്ഞരുടെ സമർപ്പണവും കഴിവും കൊണ്ട് ലോകത്തെ ഒരു രാജ്യത്തിനും ഇന്നുവരെ എത്താൻ കഴിയാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യ എത്തിയിരിക്കുന്നു” – പ്രധാനമന്ത്രി പറഞ്ഞു. ചന്ദ്രനുമായി ബന്ധപ്പെട്ട എല്ലാ കെട്ടുകഥകളും കഥകളും ഇനി മാറുമെന്നും പഴഞ്ചൊല്ലുകൾക്ക് പുതുതലമുറ പുതിയ അർഥം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയെ ‘മാ’ എന്നും ചന്ദ്രനെ ‘മാമ’ എന്നും കണക്കാക്കുന്ന ഇന്ത്യൻ നാടോടിക്കഥകളെ പരാമർശിച്ച പ്രധാനമന്ത്രി, ചന്ദ്രനെ വളരെ വിദൂരത്തുള്ള ഒന്നായി കണക്കാക്കി ‘ചന്ദ മാമാ ദൂർ കേ’ എന്ന് വിളിച്ചിരുന്നുവെന്നു പറഞ്ഞു. എന്നാൽ ‘ചന്ദ മാമ ഏക് ടൂർ കേ’ എന്ന്, അതായത് ചന്ദ്രൻ ഒരു ടൂർ മാത്രം അകലെയാണ്, എന്ന് കുട്ടികൾ പറയുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.
“ഇന്ത്യയുടെ വിജയകരമായ ചാന്ദ്രദൗത്യം ഇന്ത്യയുടെ മാത്രമല്ല. ഇന്ത്യയുടെ ജി-20 അധ്യക്ഷസ്ഥാനത്തിന് ലോകം സാക്ഷ്യം വഹിക്കുന്ന വർഷമാണിത്. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന നമ്മുടെ സമീപനം ലോകമെമ്പാടും പ്രതിധ്വനിക്കുന്നു. നാം പ്രതിനിധാനം ചെയ്യുന്ന ഈ മനുഷ്യകേന്ദ്രീകൃത സമീപനം സാർവത്രികമായി സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ ചാന്ദ്ര ദൗത്യവും മനുഷ്യ കേന്ദ്രീകൃത സമീപനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അതുകൊണ്ട് തന്നെ ഈ വിജയം മാനവരാശിക്കാകെ അവകാശപ്പെട്ടതാണ്. ഭാവിയിൽ മറ്റ് രാജ്യങ്ങളുടെ ചാന്ദ്ര ദൗത്യങ്ങളെ ഇത് സഹായിക്കും.”- ലോകജനതയെയും എല്ലാ രാജ്യങ്ങളെയും അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു.
“ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ ഉൾപ്പെടെ ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും അത്തരം നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമുക്കെല്ലാവർക്കും ചന്ദ്രനെയും അതിനപ്പുറവും ആഗ്രഹിക്കാം.” - ശ്രീ മോദി കൂട്ടിച്ചേർത്തു.
ചന്ദ്രയാൻ മഹാ അഭിയാന്റെ നേട്ടങ്ങൾ ചന്ദ്രന്റെ ഭ്രമണപഥത്തിനപ്പുറത്തേക്ക് ഇന്ത്യയുടെ യാത്രകളെ കൊണ്ടുപോകുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. “നമ്മുടെ സൗരയൂഥത്തിന്റെ അതിർത്തികളിലേക്കു നാം ചെല്ലും; ഒപ്പം മനുഷ്യർക്ക് പ്രപഞ്ചത്തിന്റെ അനന്തമായ സാധ്യതകൾ തിരിച്ചറിയാൻ പ്രവർത്തിക്കും” - ശ്രീ മോദി ഉറപ്പ് നൽകി. സൂര്യനെക്കുറിച്ചുള്ള വിശദമായ പഠനത്തിനായി ഐഎസ്ആർഒ ഉടൻ ‘ആദിത്യ എൽ-1’ ദൗത്യം വിക്ഷേപിക്കാൻ പോകുകയാണെന്നും, ഭാവിയിലേക്കുള്ള സ്വപ്നദൗത്യങ്ങൾ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി അറിയിച്ചു. ശുക്രനും ഐഎസ്ആർഒയുടെ ലക്ഷ്യങ്ങളിലൊന്നാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ആകാശം അതിരല്ലെന്ന് ഇന്ത്യ വീണ്ടും വീണ്ടും തെളിയിക്കുകയാണ്” - ഇന്ത്യ അതിന്റെ ആദ്യത്തെ മനുഷ്യ ബഹിരാകാശ ദൗത്യത്തിന് പൂർണ്ണമായും തയ്യാറാണെന്നു ഗഗൻയാൻ ദൗത്യം പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ ശോഭനമായ ഭാവിയുടെ അടിസ്ഥാനം ശാസ്ത്രവും സാങ്കേതികവിദ്യയുമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ശോഭനമായ ഭാവിയിലേക്ക് നീങ്ങാൻ ഈ ദിനം നമുക്കെല്ലാവർക്കും പ്രചോദനമാകുമെന്നും ഭാവി ലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിലേക്കുള്ള വഴി തുറന്ന് കാട്ടുമെന്നും അദ്ദേഹം പറഞ്ഞു. “പരാജയത്തിന്റെ പാഠങ്ങളിൽ നിന്ന് വിജയം എങ്ങനെ കൈവരിക്കാമെന്ന് ഈ ദിവസം സൂചിപ്പിക്കുന്നു”- ശാസ്ത്രജ്ഞർക്ക് അവരുടെ ഭാവി ഉദ്യമങ്ങളിലും എല്ലാ വിജയങ്ങളും ആശംസിച്ച് പ്രധാനമന്ത്രി ഉപസംഹരിച്ചു.
ND
(Release ID: 1951536)
Visitor Counter : 179
Read this release in:
Khasi
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada