പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജി20 ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ മന്ത്രിതല യോഗത്തില്‍ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

Posted On: 19 AUG 2023 9:44AM by PIB Thiruvananthpuram

വിശിഷ്ടാതിഥികളെ, മഹതികളേ, മാന്യരേ, നമസ്‌കാരം!

''നമ്മ ബെംഗളൂരു''വിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും സംരംഭകത്വോന്‍മേഷത്തിന്റെയും ആസ്ഥാന നഗരമാണിത്. ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബെംഗളൂരുവിനെക്കാള്‍ മികച്ച സ്ഥലം വേറെയില്ല!

സുഹൃത്തുക്കളേ,

കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇന്ത്യയുടെ ഡിജിറ്റല്‍ മാറ്റം മുമ്പില്ലാത്ത വിധമാണ്. 2015-ല്‍ ഞങ്ങളുടെ ഡിജിറ്റല്‍ ഇന്ത്യ സംരംഭത്തിന്റെ സമാരംഭത്തോടെയാണ് ഇതെല്ലാം ആരംഭിച്ചത്. നവീകരണത്തിലുള്ള ഞങ്ങളുടെ അചഞ്ചലമായ വിശ്വാസമാണ് ഇതിന് കരുത്ത് പകരുന്നത്. വേഗത്തില്‍ നടപ്പാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഇത് നയിക്കുന്നത്. ഒപ്പം, ആരെയും പിന്നിലാക്കാതെ, ഉള്‍പ്പെടുത്താനുള്ള നമ്മുടെ മനോഭാവത്താല്‍ ഇത് പ്രചോദിതമാണ്. ഈ പരിവര്‍ത്തനത്തിന്റെ അളവും വേഗതയും വ്യാപ്തിയും സങ്കല്‍പ്പത്തിന് അപ്പുറമാണ്. ഇന്ന്, ഇന്ത്യയില്‍ 850 ദശലക്ഷത്തിലധികം ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ട്, ലോകത്തിലെ ഏറ്റവും ചെലവുകുറഞ്ഞ ഡാറ്റാ ഞങ്ങള്‍ ആസ്വദിക്കുന്നു. ഭരണം കൂടുതല്‍ കാര്യക്ഷമവും ഉള്‍ക്കൊള്ളുന്നതും വേഗമേറിയതും സുതാര്യവുമാക്കാന്‍ ഞങ്ങള്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി. ഞങ്ങളുടെ തനതു ഡിജിറ്റല്‍ തിരിച്ചറിയല്‍ പ്ലാറ്റ്ഫോമായ ആധാര്‍, 1.3 ശതകോടിയിലധികം ആളുകളെ ഉള്‍ക്കൊള്ളുന്നു. ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകള്‍, ആധാര്‍, മൊബൈല്‍ എന്നീ 'ജാം' ത്രിത്വത്തിന്റെ ശക്തി ഞങ്ങള്‍ ഇന്ത്യയില്‍ സാമ്പത്തിക ഉള്‍ച്ചേര്‍ക്കലില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഉപയോഗിച്ചു. ഞങ്ങളുടെ തല്‍ക്ഷണ പേയ്മെന്റ് സംവിധാനമായ യുപിഐയില്‍ ഓരോ മാസവും ഏകദേശം 10 ശതകോടി ഇടപാടുകള്‍ നടക്കുന്നു. ആഗോള തലത്തിലുള്ള തല്‍ക്ഷണ പണമിടപാടുകളില്‍ 45 ശതമാനത്തിലധികം ഇന്ത്യയിലാണ് നടക്കുന്നത്. ഗവണ്‍മെന്റ് പിന്തുണയുടെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം ചോര്‍ച്ച തടയുന്നു, കൂടാതെ 33 ശതകോടി ഡോളറിലധികം ലാഭിക്കുകയും ചെയ്തു. കൊവിന്‍ പോര്‍ട്ടല്‍ ഇന്ത്യയുടെ കൊവിഡ് പ്രതിരോധ കുത്തിവയ്പു പ്രവൃത്തിയെ പിന്തുണച്ചു. ഡിജിറ്റലായി പരിശോധിക്കാവുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം ഇരുന്നൂറു കോടിയിലധികം വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്യാന്‍ ഇത് സഹായിച്ചു. സ്ഥലപരമായ ആസൂത്രണവും അടിസ്ഥാന സൗകര്യങ്ങളും ചരക്കു ഗതാഗതവും മാപ്പ് ചെയ്യുന്നതിന് ഗതി-ശക്തി പ്ലാറ്റ്ഫോം സാങ്കേതികവിദ്യയും ഉപയോഗിക്കുന്നു. ഇത് ആസൂത്രണം ചെയ്യുന്നതിനും ചെലവ് കുറയ്ക്കുന്നതിനും വിതരണ വേഗത വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഞങ്ങളുടെ ഓണ്‍ലൈന്‍ പൊതു സംഭരണ സത്യസന്ധതയും കൊണ്ടുവന്നു. ഡിജിറ്റല്‍ വാണിജ്യത്തിനുള്ള തുറന്ന ശൃംഖല ഇ-കൊമേഴ്സിനെ ജനാധിപത്യവല്‍ക്കരിക്കുന്നു. പൂര്‍ണമായും ഡിജിറ്റല്‍വല്‍കരിച്ച നികുതി സംവിധാനങ്ങള്‍ സുതാര്യതയും ഇ-ഗവേണന്‍സും പ്രോത്സാഹിപ്പിക്കുന്നു. നിര്‍മിതബുദ്ധി അധിഷ്ഠിത ഭാഷാ വിവര്‍ത്തന പ്ലാറ്റ്ഫോമായ ഭാഷിണി ഞങ്ങള്‍ നിര്‍മ്മിക്കുകയാണ്. ഇന്ത്യയിലെ എല്ലാ വൈവിധ്യമാര്‍ന്ന ഭാഷകളിലും ഡിജിറ്റല്‍ ഉള്‍പ്പെടുത്തലിനെ ഇത് പിന്തുണയ്ക്കും.

ശ്രേഷ്ഠരേ,

ഇന്ത്യയുടെ ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യം ആഗോള വെല്ലുവിളികള്‍ക്കായി അളക്കാവുന്നതും സുരക്ഷിതവും ഉള്‍ക്കൊള്ളുന്നതുമായ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യ അവിശ്വസനീയമാംവിധം വൈവിധ്യമുള്ള രാജ്യമാണ്. ഞങ്ങള്‍ക്ക് ഡസന്‍ കണക്കിന് ഭാഷകളും നൂറുകണക്കിന് ഭാഷാഭേദങ്ങളും ഉണ്ട്. ലോകത്തിലെ എല്ലാ മതങ്ങളുടെയും എണ്ണമറ്റ സാംസ്‌കാരിക ആചാരങ്ങളുടെയും ആസ്ഥാനമാണിത്. പുരാതന പാരമ്പര്യങ്ങള്‍ മുതല്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ വരെ, ഇന്ത്യയില്‍ എല്ലാവര്‍ക്കുമായി എന്തെങ്കിലും ഉണ്ട്. അത്തരം വൈവിധ്യങ്ങളോടെ, പരിഹാരങ്ങള്‍ക്കായുള്ള അനുയോജ്യമായ ഒരു പരീക്ഷണ ലാബാണ് ഇന്ത്യ. ഇന്ത്യയില്‍ വിജയിക്കുന്ന ഒരു പരിഹാരം, ലോകത്തെവിടെയും എളുപ്പത്തില്‍ പ്രയോഗിക്കാന്‍ കഴിയും. ലോകത്തോട് അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ഇന്ത്യ തയ്യാറാണ്. കൊവിഡ് മഹാമാരിക്കാലത്ത് ആഗോള നന്മയ്ക്കായി ഞങ്ങള്‍ കൊവിന്‍ പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്തു. ഞങ്ങള്‍ ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍ ആഗോള പൊതു ഡിജിറ്റല്‍ വസ്തുശേഖരം റിപ്പോസിറ്ററി സൃഷ്ടിച്ചു - ഇന്ത്യ സ്റ്റാക്ക്. ആരും, പ്രത്യേകിച്ചും ലോകത്തിന്റെ ദക്ഷിണ ഭാഗത്ത് നിന്നുള്ള നമ്മുടെ സഹോദരീസഹോദരന്മാര്‍ പിന്തള്ളപ്പെടാതിരിക്കാനാണിത്.

ശ്രേഷ്ഠരേ,

ഒരു ആഗോള പൊതു ഡിജിറ്റല്‍ അടിസ്ഥാനസൗകര്യ ശേഖരം സൃഷ്ടിക്കാന്‍ പ്രവര്‍ത്തിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. പൊതു ഡിജിറ്റല്‍ അടിസ്ഥാനസൗകര്യത്തിനായുള്ള പൊതു ചട്ടക്കൂടിലെ പുരോഗതി എല്ലാവര്‍ക്കും സുതാര്യവും ഉത്തരവാദിത്തമുള്ളതും ന്യായമായതുമായ ഡിജിറ്റല്‍ വ്യവസ്ഥ സൃഷ്ടിക്കാന്‍ സഹായിക്കും. ഡിജിറ്റല്‍ കഴിവുകളുടെ രാജ്യങ്ങള്‍ തമ്മിലെ താരതമ്യം സുഗമമാക്കുന്നതിന് ഒരു റോഡ്മാപ്പ് വികസിപ്പിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെയും ഞാന്‍ സ്വാഗതം ചെയ്യുന്നു; കൂടാതെ, ഡിജിറ്റല്‍ നൈപുണിയില്‍ ഒരു വെര്‍ച്വല്‍ മികവിന്റെ കേന്ദ്രം സ്ഥാപിക്കാനും. ഭാവിയില്‍ സജ്ജമായ ഒരു തൊഴില്‍ ശക്തിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള പ്രധാന ശ്രമങ്ങളാണിവ. ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ ആഗോളതലത്തില്‍ വ്യാപിക്കുമ്പോള്‍ അത് സുരക്ഷാ ഭീഷണികളും വെല്ലുവിളികളും നേരിടേണ്ടിവരും. ഈ പശ്ചാത്തലത്തില്‍, സുരക്ഷിതവും വിശ്വസനീയവും സുസ്ഥിരവുമായ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയ്ക്കായുള്ള ജി20 ഉന്നതതല തത്വങ്ങളില്‍ സമവായം ഉണ്ടാക്കേണ്ടത് പ്രധാനമാണ്.

സുഹൃത്തുക്കളേ,

മുമ്പെങ്ങുമില്ലാത്തവിധം സാങ്കേതികവിദ്യ നമ്മെ ബന്ധിപ്പിച്ചിരിക്കുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമായ വികസനത്തിനുള്ള വാഗ്ദാനമാണ് ഇത്. ജി 20 യില്‍, എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും സമൃദ്ധവും സുരക്ഷിതവുമായ ആഗോള ഡിജിറ്റല്‍ ഭാവിക്ക് അടിത്തറ പൊതു അടിസ്ഥാന സൗകര്യത്തിലൂടെ നമുക്ക് സാമ്പത്തിക ഉള്‍പ്പെടുത്തലും ഉല്‍പ്പാദനക്ഷമതയും മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും. കര്‍ഷകരും ചെറുകിട കച്ചവടക്കാരും മുഖേന ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനാകും. ഒരു ആഗോള ഡിജിറ്റല്‍ ആരോഗ്യ വ്യവസ്ഥിതി നിര്‍മ്മിക്കുന്നതിനുള്ള ചട്ടക്കൂട് നമുക്ക് സ്ഥാപിക്കാന്‍ കഴിയും. നിര്‍മിത ബുദ്ധിയുടെ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഉപയോഗത്തിനായി നമുക്ക് ഒരു ചട്ടക്കൂട് വികസിപ്പിക്കാനും കഴിയും. തീര്‍ച്ചയായും, മാനവികത അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് സാങ്കേതിക-അധിഷ്ഠിത പരിഹാരങ്ങളുടെ ഒരു സമ്പൂര്‍ണ്ണ വ്യവസ്ഥിതി നമുക്ക് നിര്‍മ്മിക്കാന്‍ കഴിയും. അതിന് ഞങ്ങളില്‍ നിന്ന് വേണ്ടത് നാല് 'സി'കള്‍ മാത്രമാണ് -(Conviction, Commitment, Coordination, and Collaboration- ബോധ്യം, പ്രതിബദ്ധത, ഏകോപനം, സഹകരണം). നിങ്ങളുടെ സംഘം ആ ദിശയില്‍ ഞങ്ങളെ മുന്നോട്ട് കൊണ്ടുപോകുമെന്നതില്‍ എനിക്ക് സംശയമില്ല. നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ ഫലപ്രദമായ ചര്‍ച്ചകള്‍ ഞാന്‍ ആശംസിക്കുന്നു. നന്ദി! വളരെ നന്ദി!

 

NS




(Release ID: 1950354) Visitor Counter : 127