വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം

സംശുദ്ധവും സുരക്ഷിതവുമായ ഡിജിറ്റൽ ആവാസവ്യവസ്ഥ പ്രോത്സാഹിപ്പിക്കാൻ മൊബൈൽ ഉപയോക്തൃ സംരക്ഷണത്തിനായി രണ്ടു പരിഷ്കാരങ്ങൾ അവതരിപ്പിച്ചു


സിം സ്വാപ്പിന്/മാറ്റിനൽകലിന് പുതിയ കെവൈസി

തള്ളവിരലും മിഴിമണ്ഡലവും അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് ആധികാരികതയ്ക്കു പുറമേ മുഖം അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് ആധികാരികതയും അനുവദിക്കും

വാണിജ്യ കണക്ഷനുകൾക്കായി അന്തിമ ഉപയോക്താക്കളുടെ കെവൈസി പൂർത്തിയാക്കൽ

ലൈസൻസി മുഖേന പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) രജിസ്ട്രേഷൻ

കൃത്രിമത്വം കാട്ടുന്ന പിഒഎസുകളെ 3 വർഷത്തേക്കു കരിമ്പട്ടികയിൽപെടുത്തും

ഫ്രാഞ്ചൈസി, ഏജന്റുമാർ, വിതരണക്കാർ എന്നിങ്ങനെ ഓരോ പിഒഎസിലും അവിതർക്കിത പരിശോധന

'സഞ്ചാർ സാഥി'യിലൂടെ സംശയാസ്പദമായ 52 ലക്ഷം മൊബൈൽ കണക്ഷനുകൾ വിച്ഛേദിച്ചു

'സഞ്ചാർ സാഥി'യിലൂടെ 3 ലക്ഷത്തിലധികം മൊബൈൽ ഹാൻഡ്‌സെറ്റുകൾ കണ്ടെത്തി



Posted On: 17 AUG 2023 6:55PM by PIB Thiruvananthpuram

രാജ്യത്തു സാമൂഹ്യ-സാമ്പത്തിക പ്രവർത്തനങ്ങളുടെ ഡിജിറ്റൽവൽക്കരണം വർധിച്ചതോടെ, ഓൺലൈൻ സേവനങ്ങൾ ലഭിക്കുന്നതിനു മൊബൈൽ സേവനങ്ങൾ ഉൾപ്പെടെയുള്ള ടെലികോം വിഭവങ്ങളുടെ ഉപയോഗം അതിവേഗം വർധിക്കുകയാണ്. ഡിജിറ്റൽ കണക്റ്റിവിറ്റി സാമൂഹ്യകവും സാമ്പത്തികവും പരിവർത്തനപരവുമായ ചലനാത്മകത ‌സൃഷ്ടിക്കുന്നു. അതിനാൽ, മൊബൈൽ ഉപയോക്താക്കളുടെ സംരക്ഷണം സുഗമമാക്കുന്നതിനു ടെലികോം വിഭവങ്ങളുടെ സുരക്ഷിതമായ വിനിയോഗം പ്രോത്സാഹിപ്പിക്കേണ്ടതു പ്രധാനമാണ്.

സുരക്ഷയുടെയും ഉപഭോക്തൃ സംരക്ഷണത്തിന്റെയും ഉയർന്ന നിലവാരം നിലനിർത്തി ഏവരെയും ഡിജിറ്റലായി ഉൾക്കൊള്ളുന്ന സമൂഹത്തെ പരിപോഷിപ്പിക്കാനുള്ള ഇന്ത്യാഗവണ്മെന്റിന്റെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനായി, ഡിജിറ്റൽ പരിവർത്തനത്തിനും ഉപഭോക്തൃ സംരക്ഷണം വർധിപ്പിക്കുന്നതിനുമുള്ള രണ്ടു പരിഷ്കാരങ്ങൾക്ക് ആശയവിനിമയ - റെയിൽവേ - ഇലക്ട്രോണിക്സ് & ഐടി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഇന്നു തുടക്കം കുറിച്ചു.

1.       കെവൈസി പരിഷ്കാരങ്ങൾ

2.     പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) രജിസ്ട്രേഷൻ പരിഷ്കരണം

സൈബർ കുറ്റകൃത്യങ്ങൾക്കും സാമ്പത്തിക തട്ടിപ്പുകൾക്കുമെതിരായ ഇന്ത്യയുടെ പോരാട്ടത്തിനു കരുത്തേകിയ പൗര കേന്ദ്രീകൃത പോർട്ടലായ 'സഞ്ചാർ സാഥി'യുടെ സമാരംഭത്തോടെ നേരത്തെ അവതരിപ്പിച്ച പരിഷ്കാരങ്ങളുടെ ദിശയിലാണ് ഈ രണ്ടു പരിഷ്കാരങ്ങളും.

പോയിന്റ്-ഓഫ്-സെയിൽ (പിഒഎസ്) രജിസ്ട്രേഷൻ പരിഷ്കാരങ്ങൾ- ഈ പരിഷ്കാരം, ലൈസൻസികൾ മുഖേന ഫ്രാഞ്ചൈസി, ഏജന്റുമാർ, വിതരണക്കാർ (പിഒഎസ്) എന്നിവയുടെ നിർബന്ധിത രജിസ്ട്രേഷനുള്ള പ്രക്രിയ അവതരിപ്പിക്കുന്നു. കൃത്രിമമായ നടപടികളിലൂടെ സാമൂഹ്യവിരുദ്ധ/ദേശവിരുദ്ധ ഘടകങ്ങൾക്കു സിമ്മുകൾ നൽകുന്ന വഞ്ചനാപരമായ പിഒഎസുകൾ ഇല്ലാതാക്കാൻ ഇതു സഹായിക്കും.

പിഒഎസ് രജിസ്ട്രേഷൻ പ്രക്രിയയിൽ ലൈസൻസിയുടെ അവിതർക്കിത സ്ഥിരീകരണവും ഉൾപ്പെടുന്നു. ഈ പ്രക്രിയ പിഒഎസും ലൈസൻസികളും തമ്മിലുള്ള രേഖാമൂലമുള്ള കരാർ നിർബന്ധമാക്കുന്നു. ഒരു പിഒഎസ് ഏതെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ, അതിന്റെ പ്രവർത്തനം 3 വർഷത്തേക്ക് അവസാനിപ്പിക്കുകയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യും. നിലവിലുള്ള എല്ലാ പിഒഎസുകളും ഈ പ്രക്രിയപ്രകാരം 12 മാസത്തിനുള്ളിൽ ലൈസൻസികൾ മുഖേന രജിസ്റ്റർ ചെയ്യും.

ലൈസൻസി സംവിധാനത്തിൽനിന്നു വഞ്ചനാപരമായ പിഒഎസിനെ തിരിച്ചറിയുന്നതിനും കരിമ്പട്ടികയിൽ പെടുത്തുന്നതിനും ഇല്ലാതാക്കുന്നതിനും ഇതു സഹായിക്കും. സത്യസന്ധമായി പ്രവർത്തിക്കുന്ന പിഒഎസുകൾക്കു പ്രോത്സാഹനമേകുകയും ചെയ്യും.

കെ‌വൈ‌സി പരിഷ്‌കാരങ്ങൾ- ടെലികോം സേവനങ്ങൾ നൽകുന്നതിനു മുമ്പ് ഉപഭോക്താവിനെ സവിശേഷമായി തിരിച്ചറിയുന്നതിനും കണ്ടെത്തൽ പ്രാപ്തമാക്കുന്നതിനുമുള്ള പ്രക്രിയയാണു കെവൈസി. നിലവിലുള്ള കെ‌വൈ‌സി പ്രക്രിയ ശക്തിപ്പെടുത്തുന്നതു ടെലികോം സേവനങ്ങളുടെ വരിക്കാരെ വിവിധ തരത്തിലുള്ള തട്ടിപ്പുകളിൽനിന്നു സംരക്ഷിക്കുന്നതിനും അതുവഴി ഡിജിറ്റൽ ആവാസവ്യവസ്ഥയിൽ പൊതുജനങ്ങളുടെ വിശ്വാസം വർധിപ്പിക്കുന്നതിനുമുള്ള ഉപാധിയാണ്.

അച്ചടിച്ച ആധാറിന്റെ ദുരുപയോഗം തടയുന്നതിന്, അച്ചടിച്ച ആധാറിന്റെ ക്യൂആർ കോഡ് സ്കാൻ ചെയ്തു ജനസംഖ്യാപരമായ വിശദാംശങ്ങൾ നിർബന്ധമായും ശേഖരിക്കും. ഒരു മൊബൈൽ നമ്പർ വിച്ഛേദിക്കപ്പെട്ടാൽ, 90 ദിവസം കഴിയുന്നതുവരെ മറ്റൊരു പുതിയ ഉപഭോക്താവിന് അത് അനുവദിക്കില്ല. ഒരു വരിക്കാരൻ സിം മാറ്റിയെടുക്കുന്നതിനു സമ്പൂർണ കെവൈസി ഏറ്റെടുക്കേണ്ടതുണ്ട്. കൂടാതെ ഔട്ട്‌ഗോയിങ് & ഇൻകമിങ് എസ്എംഎസ് സൗകര്യങ്ങൾ 24 മണിക്കൂർ അനുവദി‌ക്കില്ല.

ആധാർ ഇ-കെ‌വൈ‌സി പ്രക്രിയയിൽ വിരലടയാള- മിഴിമണ്ഡല (Iris) അധിഷ്ഠിത ആധികാരികതയ്ക്കു പുറമെ, മുഖം അടിസ്ഥാനപ്പെടുത്തിയുള്ള ബയോമെട്രിക് ആധികാരികതയും അനുവദനീയമാണ്.

സ്ഥാപനങ്ങൾക്ക് (ഉദാ. കമ്പനി, ഓർഗനൈസേഷനുകൾ, ട്രസ്റ്റ്, സൊസൈറ്റി മുതലായവ) മൊബൈൽ കണക്ഷനുകൾ നൽകുന്നതിനുള്ള വാണിജ്യ കണക്ഷനുകൾ അവതര‌ിപ്പിക്കും. എല്ലാ അന്തിമ ഉപയോക്താക്കളുടെയും കെവൈസി പൂർത്തിയാക്കുന്നതിന് അനുസരിച്ചു സ്ഥാപനങ്ങൾക്ക് ആവശ്യമായ മൊബൈൽ കണക്ഷനുകൾ എടുക്കാനാകും. അന്തിമ ഉപയോക്താക്കളുടെ വിജയകരമായ കെ‌വൈ‌സിക്കും സ്ഥാപനത്തിന്റെ പരിസരം/വിലാസം എന്നിവയുടെ ഭൗതിക പരിശോധനയ്ക്കും ശേഷമേ സിം സജീവമാകൂ.

പരിവർത്തനപരമായ പരിഷ്കാരങ്ങളിലൂടെ രാജ്യത്തെ പൗരന്മാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഉറച്ച പ്രതിബദ്ധതയോടെയാണു ടെലികമ്യൂണിക്കേഷൻ വകുപ്പു നിലകൊള്ളുന്നത്. കർശനവും സമഗ്രവുമായ നടപടികളിലൂടെ, ഉപഭോക്തൃ സുരക്ഷ ശക്തിപ്പെടുത്താനും ടെലികോം തട്ടിപ്പുകളുമായി ബന്ധപ്പെട്ടു വർധിച്ചുവരുന്ന ഭീഷണിക്കെതിരെ സംരക്ഷണം ശക്തിപ്പെടുത്താനും വകുപ്പു ലക്ഷ്യമിടുന്നു. അത്യാധുനിക സാങ്കേതികവിദ്യയെ ജാഗ്രതയോടെയുള്ള മേൽനോട്ടവുമായി സംയോജിപ്പിച്ച്, ഏവർക്കും സുരക്ഷിതവും വിശ്വസനീയവുമായ ആശയവിനിമയ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായി ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ ഏറ്റവും ഉയർന്ന സുരക്ഷയും വിശ്വാസവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദൗത്യത്തിൽ വകുപ്പ് ഉറച്ചുനിൽക്കുന്നു.

വിശദമായ മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറക്കും.

മൊബൈൽ ഉപയോക്തൃ പരിരക്ഷയ്ക്കായുള്ള പൗര കേന്ദ്രീകൃത പോർട്ടൽ 'സഞ്ചാർ സാഥി'യുടെ സ്വാധീനം

       i.   മൊബൈൽ ഉപയോക്താക്കളുടെ സംരക്ഷണത്തിനായി ലോക ടെലികമ്മ്യൂണിക്കേഷൻ ദിനത്തിലാണ് (17 മെയ് 2023) ‘സഞ്ചാർ സാഥി’ പോർട്ടൽ ആരംഭിച്ചത്.

      ii.   'സഞ്ചാർ സാഥി' പോർട്ടൽ മൊബൈൽ വരിക്കാരെ ഇനിപ്പറയുന്ന കാര്യങ്ങളിൽ ശാക്തീകരിക്കുന്നു:

a.     ഒരാളുടെ പേരിൽ രജിസ്റ്റർ ചെയ്ത മൊബൈൽ കണക്ഷനുകൾ കണ്ടെത്തൽ

b.     ഒരാളുടെ പേരിൽ വ്യാജമായി രജിസ്റ്റർ ചെയ്ത കണക്ഷനുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് അറിയിക്കൽ

c.     മോഷ്ടിച്ച/നഷ്ടപ്പെട്ട മൊബൈൽ ഹാൻഡ്‌സെറ്റുകൾ റിപ്പോർട്ടുചെയ്ത് അവ ബ്ലോക്ക് ചെയ്യൽ.

    iii.          ‘സഞ്ചാർ സാഥി’ പോർട്ടലിന്റെയും ASTR ടൂളിന്റെയും സഹായത്തോടെ ഏകദേശം 114 കോടി സജീവ മൊബൈൽ കണക്ഷനുകൾ വിശകലനം ചെയ്തു. അതിന്റെ ഫലം ഇനിപ്പറയുന്നു:

a.     സംശയാസ്പദമായ 66 ലക്ഷത്തിലധികം മൊബൈൽ കണക്ഷനുകൾ കണ്ടെത്തി

b.     പുനർപരിശോധനയിൽ പരാജയപ്പെട്ട 52 ലക്ഷത്തിലധികം മൊബൈൽ കണക്ഷനുകൾ വിച്ഛേദിക്കപ്പെട്ടു

c.     67,000-ലധികം പോയിന്റ് ഓഫ് സെയിലുകൾ (പിഒഎസ്) കരിമ്പട്ടികയിൽ പെടുത്തി

d.     ഏകദേശം 17,000 മൊബൈൽ ഹാൻഡ്സെറ്റുകൾ ബ്ലോക്ക് ചെയ്തു

e.     1700-ലധികം പിഒഎസുകൾക്കെതിരെ 300-ലധികം എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

f.      66,000ത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു

g.     തട്ടിപ്പുകാർ ഉപയോഗിച്ചിരുന്ന ഏകദേശം 8 ലക്ഷം ബാങ്ക്/വാലറ്റ് അക്കൗണ്ടുകൾ മരവിപ്പിച്ചു

    iv.          വ്യാജമായി രജിസ്റ്റർ ചെയ്ത മൊബൈൽ കണക്ഷനുകളെക്കുറിച്ചുള്ള 18 ലക്ഷത്തോളം വരിക്കാരുടെ പരാതികളിൽ 9.26 ലക്ഷം പരാതികൾ പരിഹരിച്ചു.

     v.          മോഷ്ടിക്കപ്പെട്ട/നഷ്ടപ്പെട്ട മൊബൈൽ ഹാൻഡ്‌സെറ്റുകളെക്കുറിച്ചുള്ള 7.5 ലക്ഷം പരാതികളിൽ 3 ലക്ഷം മൊബൈൽ ഹാൻഡ്‌സെറ്റുകൾ കണ്ടെത്തി.

    vi.          2022 ജനുവരി മുതൽ, 114 നിയമവിരുദ്ധ ടെലികോം സജ്ജീകരണങ്ങൾ കണ്ടെത്തി; നിയമനിർവഹണ ഏജൻസികൾ നടപടിയെടുത്തു.

--ND--



(Release ID: 1950009) Visitor Counter : 104