പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രാജ്യത്തുടനീളമുള്ള 508 റെയില്‍വേ സ്‌റ്റേഷനുകളുടെ പുനര്‍വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു


"പുതിയ ഊർജത്തിന്റെയും പ്രചോദനങ്ങളുടെയും തീരുമാനങ്ങളുടെയും വെളിച്ചത്തില്‍ ഒരു പുതിയ അധ്യായം ആരംഭിക്കുകയാണ്"

''ഇന്ന് ലോകത്തിന്റെയാകെ കണ്ണ് ഇന്ത്യയിലേക്കാണ്. ഇന്ത്യയോടുള്ള ലോകത്തിന്റെ മനോഭാവം തന്നെ മാറിയിരിക്കുന്നു''

''ഇത്രയുമധികം റെയില്‍വേ സ്‌റ്റേഷനുകളുടെ ആധുനികവൽക്കരണം രാജ്യത്തിന്റെ വികസനത്തിന് പുതിയ അന്തരീക്ഷം സൃഷ്ടിക്കും''

''ഈ അമൃത് റെയില്‍വേ സ്റ്റേഷനുകള്‍ ഏതൊരാളുടെയും പൈതൃകത്തില്‍ അഭിമാനമേകുകയും ഓരോ പൗരനിലും അഭിമാനം വളര്‍ത്തുകയും ചെയ്യും''

''ഒരേ സമയം ഇന്ത്യന്‍ റെയില്‍വേയെ ആധുനികവും പരിസ്ഥിതി സൗഹൃദവുമാക്കുകയെന്നതിനാണ് ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നത്''

''മെച്ചപ്പെട്ട മുഖമുദ്രയും ആധുനിക ഭാവിയുമായി റെയിലിനെ ബന്ധിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്''

''പുതിയ ഇന്ത്യയില്‍, വികസനം യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ തുറന്നിടുകയാണ്; ഒപ്പം യുവാക്കള്‍ ഇന്ത്യയുടെ വികസനത്തിന് പുതിയ ചിറകുകള്‍ നല്‍കുന്നു''

''വിപ്ലവത്തിന്റേയും നന്ദിയുടേയും കടമയുടെയും മാസമാണ് ഓഗസ്റ്റ്; രാജ്യത്തിന് പുതിയ ദിശാബോധം നല്‍കിയ ചരിത്രപരമായ പല കാര്യങ്ങളും നടന്നത് ഓഗസ്റ്റ് മാസത്തിലാണ്''

''നമ്മുടെത്രിവർണ പതാകയോടും രാജ്യത്തിന്റെ പുരോഗതിയോടുമുള്ള നമ്മുടെ പ്രതിബദ്ധത ആവർത്തിക്കാനുള്ള സമയമാണ് നമ്മുടെ സ്വാതന്ത്ര്യദിനം. കഴിഞ്ഞ വര്‍ഷത്തേപ്പോലെ ഈ വര്‍ഷവും എല്ലാ വീടുകളിലും നാം ത്രിവർണ പതാക ഉയര്‍ത്തണം''

Posted On: 06 AUG 2023 12:57PM by PIB Thiruvananthpuram

രാജ്യത്തെ 508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസന പദ്ധതിക്ക് വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിട്ടു.  24,470 കോടിയിലികം രൂപ ചിലവിട്ടാണ് 508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനം നടപ്പിലാക്കുന്നത്. 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായിട്ടാണ് ഇത്രയും റെയില്‍വേ സ്റ്റേഷനുകള്‍. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും 55, ബിഹാറില്‍ 49, മഹാരാഷ്ട്രയില്‍ 44, പശ്ചിമ ബംഗാളില്‍ 37, മധ്യപ്രദേശില്‍ 34, അസമില്‍ 32, ഒഡിഷയില്‍ 25, പഞ്ചാബില്‍ 22, ഗുജറാത്തിലും തെലങ്കാനയിലും 21 വീതം, ഝാര്‍ഖണ്ഡില്‍ 20, ആന്ധ്ര പ്രദേശിലും തമിഴ്‌നാട്ടിലും 18 വീതം, ഹരിയാനയില്‍ 15, കര്‍ണാടകയില്‍ 13 എന്നിങ്ങനെയാണ് പുനര്‍വികസനം നടക്കുന്ന റെയില്‍വേ സ്റ്റേഷനുകളുടെ എണ്ണം.

'വികസിത  ഭാരതം' എന്ന ലക്ഷ്യത്തിലേക്ക് പുതിയ ഇന്ത്യ അതിവേഗം കുതിക്കുകയാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി വ്യക്തമാക്കി. 'പുതിയ ഊർജത്തിന്റെയും പ്രചോദനങ്ങളുടെയും തീരുമാനങ്ങൾ കാണാന്‍ കഴിയും'-  ഇന്ത്യന്‍ റെയില്‍വേയെ സംബന്ധിച്ച് ചരിത്രത്തിലെ ഒരു പുതിയ തുടക്കമാണെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ 1300 പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകള്‍ പുനര്‍വികസിക്കപ്പെടുകയും അമൃത് ഭാരത് റെയില്‍വേ സ്റ്റേഷനുകളാകുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 1300ല്‍ 508 അമൃത് ഭാരത് സ്റ്റേഷനുകളുടെ വികസനത്തിനായി 25,000 കോടി രൂപ ചിലവിടും. ഇതിന്റെ തറക്കല്ലിടൽ ഇന്നു നടക്കുകയാണ്. ഈ പുനര്‍വികസന പദ്ധതി റെയില്‍വേയുടെയും രാജ്യത്തെ ഓരോ പൗരന്റേയും അടിസ്ഥാന സൗകര്യ വികസനത്തിന്റെ യജ്ഞത്തിനു തുടക്കമിടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിന്റെ ഗുണം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും 55 വീതം റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനത്തിനായി 4000 കോടി രൂപയാണ് ചിലവിടുന്നത്. മധ്യപ്രദേശിലെ 34 സ്റ്റേഷനുകള്‍ക്കായി ആയിരം കോടി രൂപ ചിലവാക്കും. മഹാരാഷ്ട്രയിലെ 1500 സ്റ്റേഷനുകള്‍ക്കായി 1500 കോടി രൂപ ചിലവാക്കും. തമിഴ്‌നാട്, കേരള, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളും പുനര്‍വികസനത്തിനുള്ള പട്ടികയിലുണ്ട്. കേന്ദ്ര റെയില്‍വേ മന്ത്രാലയത്തെ അഭിനന്ദിച്ച  പ്രധാനമന്ത്രി ഈ ചരിത്രപരമായ പദ്ധതിയില്‍ രാജ്യത്തെ ഓരോ പൗരനേയും അഭിനന്ദിച്ചു.

ലോകത്തിന് മുന്നിലുള്ള ഇന്ത്യയുടെ വളര്‍ച്ചയേയും ഒപ്പം ആഗോളതലത്തില്‍ ഇന്ത്യയോടുള്ള താൽപ്പര്യം വര്‍ധിച്ചുവരുന്നതും പ്രധാനമന്ത്രി അടിവരയിട്ട് പറഞ്ഞു. ഇതിനു രണ്ട് പ്രധാനപ്പെട്ട കാരണങ്ങളാണുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒന്നാമതായി രാജ്യത്തെ ജനങ്ങള്‍ ഭൂരിപക്ഷമുള്ള സ്ഥിരതയാര്‍ന്ന ഒരു ഗവണ്മെന്റിനെ തിരഞ്ഞെടുത്തു. രണ്ടാമത്തേത് ഗവണ്മെന്റ് തീരുമാനങ്ങള്‍ എടുക്കുകയും ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കനുസൃതമായി അവരുടെ വികസനത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നതാണ്. ഇന്ത്യന്‍ റെയില്‍വേയുടെ വികസനവും ഇത് അടയാളപ്പെടുത്തുന്നു. റെയില്‍ മേഖലയുടെ വിപുലീകരണത്തിന്റെ വസ്തുതകള്‍ അദ്ദേഹം തന്റെ ആശയങ്ങളിലൂടെ വ്യക്തമാക്കി. ദക്ഷിണാഫ്രിക്ക, യുക്രെയ്ന്‍, പോളണ്ട്, യുകെ, സ്വീഡന്‍ എന്നീ രാജ്യങ്ങളിലെ സംയുക്ത റെയില്‍വേ ശൃംഖലയേക്കാള്‍ കൂടുതലാണ് കഴിഞ്ഞ 9 വര്‍ഷത്തിനിടെ രാജ്യത്ത് സ്ഥാപിച്ച ട്രാക്കിന്റെ ദൈര്‍ഘ്യമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാത്രം ദക്ഷിണ കൊറിയ, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നിവയുടെ സംയുക്ത റെയില്‍വേ ശൃംഖലയേക്കാള്‍ കൂടുതല്‍ റെയില്‍വേ ട്രാക്കുകള്‍ ഇന്ത്യ സ്ഥാപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന്, റെയില്‍വേ യാത്ര സുഖകരമാക്കാനും ഏവർക്കും പ്രാപ്യമാക്കാനും ഗവണ്മെന്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ട്രെയിനില്‍ നിന്ന് സ്റ്റേഷനിലേക്ക് സാധ്യമായ ഏറ്റവും മികച്ച അനുഭവം നല്‍കാനാണ് ശ്രമം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്ലാറ്റ്ഫോമുകളില്‍ മികച്ച ഇരിപ്പിടങ്ങള്‍, നവീകരിച്ച കാത്തിരിപ്പ് മുറികള്‍, ആയിരക്കണക്കിന് സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ എന്നിവ ഒരുക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

റെയില്‍വേയില്‍ ഉണ്ടായിട്ടുള്ള വികസനങ്ങളെ കുറിച്ച് സ്വാതന്ത്ര്യദിനത്തിൽ ചുവപ്പുകോട്ടയിലെ പ്രസംഗത്തില്‍ പറയണമെന്ന് ഏതൊരു പ്രധാനമന്ത്രിയും ആഗ്രഹിക്കും. എന്നിരുന്നാലും ഇന്നത്തെ ഈ മഹത്തായ ചടങ്ങിന്റെ പ്രാധാന്യം കണക്കിലെടുത്താണ് താന്‍ ഇത്രയും വിശദമായി കാര്യങ്ങള്‍ പറഞ്ഞതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

രാജ്യത്തിന്റെ ജീവനാഡിയാണ് റെയില്‍വേയെന്നും ഓരോ നഗരങ്ങളുടേയും മുഖമുദ്ര അവിടങ്ങളിലെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളായി കാലക്രമേണ മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ആധുനിക മുഖം നല്‍കേണ്ടത് അനിവാര്യമായി മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്രയും അധികം റെയില്‍വേ സ്‌റ്റേഷനുകളുടെ ആധുനികവത്കരണം രാജ്യത്തിന്റെ വികസനത്തിന് പുതിയ അന്തരീക്ഷം സൃഷ്ടിക്കുമെന്നും ഇത് സന്ദര്‍ശകര്‍ക്ക് ആദ്യകാഴ്ചയില്‍ തന്നെ മതിപ്പിന് കാരണമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്റ്റേഷനുകള്‍ പുനര്‍വികസക്കുമ്പോള്‍ അത് വിനോദസഞ്ചാര മേഖലയില്‍ മാത്രമല്ല സമീപ പ്രദേശങ്ങളിലെ സാമ്പത്തിക മേഖലയ്ക്കും ഉണര്‍വ് നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 'ഒരു സ്റ്റേഷന്‍ ഒരുല്‍പ്പന്നം' പദ്ധതി കരകൗശല തൊഴിലാളികളെ സഹായിക്കുമെന്നും ജില്ലയുടെ ബ്രാന്‍ഡിങ്ങിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ആസാദി കാ അമൃത് കാലി'ല്‍ ഏതൊരാളുടെ പൈതൃകത്തിലും അഭിമാനിക്കുന്നതിനുള്ള തീരുമാനവും രാജ്യം എടുത്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. 'ഈ അമൃത് റെയില്‍വേ സ്റ്റേഷനുകള്‍ ഏതൊരാളുടെ പൈതൃകത്തിലും അഭിമാനിക്കുകയും ഓരോ പൗരനിലും അഭിമാനം വളര്‍ത്തുകയും ചെയ്യും' - അദ്ദേഹം പറഞ്ഞു. അമൃത് റെയില്‍വേ സ്റ്റേഷനുകള്‍ ഇന്ത്യയുടെ സംസ്‌കാരികവും പ്രാദേശികവുമായ പൈതൃകത്തിന്റെ നേർക്കാഴ്ചയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ജയ്പുര്‍ റെയില്‍വേ സ്റ്റേഷനില്‍ അമേര്‍ കോട്ടയുടേയും ഹവാ മഹലിന്റേയും കാഴ്ചകള്‍ കാണാനാകും. ജമ്മു കശ്മീരിലെ ജമ്മു താവി റെയില്‍വേ സ്‌റ്റേഷനില്‍ പ്രശസ്തമായ രഘുനാഥ് മന്ദിറിന്റേയും നാഗാലാന്‍ഡിലെ ദിമാപുര്‍ റെയില്‍വേ സ്റ്റേഷനില്‍ മേഖലയിലെ 16 ഗോത്ര വിഭാഗങ്ങളുടെ കരകൗശലത്തിന്റേയും ദൃശ്യങ്ങള്‍ കാണാന്‍ കഴിയുമെന്നും അദ്ദേഹം ഉദാഹരണമായി പറഞ്ഞു. ഓരോ റെയില്‍വേ സ്റ്റേഷനും പൗരാണിക പൈതൃകത്തോടൊപ്പം രാജ്യത്തിന്റെ ആധുനിക വികസന സ്വപ്നങ്ങളുടെ പ്രതീകമാകുമെന്നും അദ്ദേഹം പറഞ്ഞു. ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളെയും തീര്‍ത്ഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന 'ഭാരത് ഗൗരവ് യാത്രാ ട്രെയിനുകള്‍' ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതില്‍ റെയില്‍വേയുടെ പങ്ക് അടിവരയിട്ട് പറഞ്ഞ പ്രധാനമന്ത്രി, റെയില്‍വേയില്‍ റെക്കോര്‍ഡ് നിക്ഷേപം നടത്തിയെന്ന് പറഞ്ഞു. 2.5 ലക്ഷം കോടി രൂപയിലധികമാണ് ബജറ്റില്‍ ഈ വര്‍ഷം റെയില്‍വേയ്ക്ക് ലഭിച്ചത്. ഇത് 2014 നെ അപേക്ഷിച്ച് അഞ്ചിരട്ടി വര്‍ധനയാണ്. ഇന്ന് റെയില്‍വേയുടെ സമ്പൂര്‍ണ വികസനത്തിന് സമഗ്രമായ സമീപനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 9 വര്‍ഷത്തിനിടെ ലോക്കോമോട്ടീവ് ഉല്‍പ്പാദനം 9 മടങ്ങ് വര്‍ധിച്ചു. ഇന്ന് 13 മടങ്ങ് കൂടുതല്‍ എച്ച്.എല്‍.ബി കോച്ചുകള്‍ നിര്‍മ്മിക്കപ്പെടുന്നു.

വടക്കുകിഴക്കന്‍ റെയില്‍വേ വിപുലീകരണത്തെക്കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി, പാത ഇരട്ടിപ്പിക്കല്‍, ഗേജ് പരിവര്‍ത്തനം, വൈദ്യുതവൽക്കരണം, പുതിയ  പാതകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് പറഞ്ഞു. അധികം വൈകാതെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ എല്ലാ തലസ്ഥാനങ്ങളും റെയില്‍വേ ശൃംഖല വഴി ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 100 വര്‍ഷത്തിന് ശേഷമാണ് നാഗാലാന്‍ഡിന് രണ്ടാമത്തെ സ്റ്റേഷന്‍ ലഭിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മേഖലയിലെ പുതിയ റെയില്‍വേ ലൈനുകളുടെ കമ്മീഷന്‍ ചെയ്യല്‍ മൂന്ന് മടങ്ങ് വര്‍ധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ 9 വര്‍ഷത്തിനിടയില്‍ 2200 കിലോമീറ്ററിലധികം ചരക്ക് ഇടനാഴികള്‍ നിര്‍മ്മിച്ചത് ചരക്കുട്രെയിനിന്റെ യാത്രാ സമയം കുറയ്ക്കുന്നതിന് കാരണമായെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഇപ്പോള്‍ ചരക്കുകള്‍ ഡല്‍ഹി എന്‍സിആറില്‍ നിന്ന് പടിഞ്ഞാറന്‍ തുറമുഖങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ എത്തുന്നു. നേരത്തെ ഈ ജോലിക്ക് 72 മണിക്കൂര്‍ എടുത്തിരുന്നു. മറ്റ് പാതകളിലും സമയത്തില്‍ 40 ശതമാനം കുറവുണ്ടായി. ഇത് സംരംഭകര്‍ക്കും വ്യവസായികള്‍ക്കും കര്‍ഷകര്‍ക്കും വലിയ നേട്ടമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2014ന് മുമ്പ് റെയില്‍വേ മേല്‍പ്പാലങ്ങളും അണ്ടര്‍ ബ്രിഡ്ജുകളും 6000ല്‍ താഴെ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഇന്ന് അത് 10,000 കവിഞ്ഞതായി മുൻകാലത്തെ റെയില്‍വേ പാലങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി അറിയിച്ചു. വലിയ പാതകളിലെ ആളില്ലാ ലെവല്‍ ക്രോസുകളുടെ എണ്ണം ഇപ്പോള്‍ പൂജ്യമായെന്നും അദ്ദേഹം സൂചിപ്പിച്ചു. യാത്രക്കാരുടെ സൗകര്യത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, പ്രായമായവരുടെയും ദിവ്യാംഗരുടെയും ആവശ്യങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ടെന്ന് അടിവരയിട്ടു.

'ഇന്ത്യന്‍ റെയില്‍വേയെ ആധുനികവും ഒപ്പം പരിസ്ഥിതി സൗഹൃദവുമാക്കുകയെന്നതിനാണ് ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നത്' - പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ 100 ശതമാനം റെയില്‍വ പാതയും വൈദ്യുതവൽക്കരിക്കുന്നത് ഉടനെ തന്നെ പൂര്‍ത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ രാജ്യത്തെ എല്ലാ ട്രെയിനുകളും വൈദ്യുതി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നുവെന്ന നേട്ടത്തിന് കാരണമാകുന്ന സ്ഥിതിയുണ്ടാകും. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ സൗരോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന റെയില്‍വേ സ്റ്റേഷനുകളുടെ എണ്ണം 1200 കവിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമീപഭാവിയില്‍ തന്നെ ഹരിതോര്‍ജ്ജ നിര്‍മാണം എല്ലാ റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്നും ഉണ്ടാകുന്നതിന് വേണ്ടുന്ന നടപടിയാണു ഗവണ്മെന്റ് ലക്ഷ്യമിടുന്നത്. 70,000 കോച്ചുകളില്‍ എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ട്രെയിനുകളിലെ ബയോ ടോയ്ലറ്റുകളുടെ എണ്ണം 2014നെ അപേക്ഷിച്ച് 28 മടങ്ങ് വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. എല്ലാ അമൃത് സ്റ്റേഷനുകളും ഹരിത കെട്ടിടങ്ങളുടെ നിലവാരം പുലര്‍ത്തുന്ന തരത്തില്‍ നിര്‍മിക്കുമെന്ന് ശ്രീ മോദി അടിവരയിട്ടു. 2030-ഓടെ, റെയില്‍വേ ശൃംഖല 'നെറ്റ് സീറോ' എമിഷനില്‍ പ്രവര്‍ത്തിക്കുന്ന ഒരു രാജ്യമായി ഇന്ത്യ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'നമ്മുടെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് എത്തുന്നതിന് റെയില്‍വേ കഴിഞ്ഞ കുറേയധികം വര്‍ഷങ്ങളായി നമ്മെ സഹായിക്കുന്നു. രാജ്യത്തെ പരസ്പരം ബന്ധിപ്പിക്കുന്നതിനും റെയില്‍വേ സഹായിച്ചു. ഇപ്പോള്‍ രാജ്യത്തെ റെയില്‍വേയെ മെച്ചപ്പെട്ട പ്രതിച്ഛായയുള്ളതും ആധുനികവുമാക്കി മാറ്റേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്- പ്രധാനമന്ത്രി പറഞ്ഞു. പുതിയ പാര്‍ലമെന്റ് മന്ദിരം, കര്‍ത്തവ്യ പാത, യുദ്ധ സ്മാരകം, ഏകതാപ്രതിമ തുടങ്ങിയ പദ്ധതികളോടുള്ള പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ അദ്ദേഹം അപലപിച്ചു. 'നിഷേധാത്മക രാഷ്ട്രീയത്തില്‍ നിന്ന് അകന്ന്, രാജ്യത്തിന്റെ വികസനം ഒരു ദൗത്യമായി ഞങ്ങള്‍ ഏറ്റെടുക്കുകയും വോട്ട് ബാങ്കും  കക്ഷി രാഷ്ട്രീയവും പരിഗണിക്കാതെ അതിന് മുന്‍ഗണന നല്‍കുകയും ചെയ്തു'‌- അദ്ദേഹം പറഞ്ഞു.

ഒന്നര ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ റെയില്‍വേയ്ക്ക് കഴിഞ്ഞു. ലക്ഷക്കണക്കിന് കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനായി ചിലവഴിക്കുന്നതിന് ഒപ്പം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. തൊഴിൽ മേളയിലൂടെ പത്ത് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസനം യുവാക്കള്‍ക്കുള്ള അവസരമായി തീരുന്ന പുതിയ ഇന്ത്യയെയാണ് കാണാന്‍ കഴിയുന്നതെന്നും യുവാക്കള്‍ രാജ്യത്തിന്റെ വികസനത്തിന് പുതിയ ചിറക് സമ്മാനിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചടങ്ങില്‍ പങ്കെടുക്കാനും അനുഗ്രഹം ചൊരിയാനുമെത്തിയ സ്വാതന്ത്ര്യ സമര സേനാനികള്‍, പത്മ പുരസ്‌കാര ജേതാക്കള്‍ തുടങ്ങിയവരോട് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഓഗസ്റ്റ് മാസത്തിന്റെ പ്രത്യേകതയെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഓഗസ്റ്റ് വിപ്ലവത്തിന്റെയും നന്ദിയുടേയും ഉത്തരവാദിത്വത്തിന്റേയും മാസമാണ്. രാജ്യത്തിന് പുതിയ ദിശാബോധം നല്‍കിയ ചരിത്രപരമായ പല കാര്യങ്ങളും നടന്നത് ഓഗസ്റ്റ് മാസത്തിലാണ്. ഓഗസ്റ്റ് 7 ന് ദേശീയ കൈത്തറി ദിനം ആഘോഷിക്കുകയും സ്വദേശി പ്രസ്ഥാനത്തിന് സമര്‍പ്പിക്കുകയും ചെയ്യുന്നതിനെ പ്രധാനമന്ത്രി പരാമര്‍ശിച്ചു. 'ഓഗസ്റ്റ് 7 എന്ന ഈ തീയതി ഓരോ ഇന്ത്യക്കാരനും തദ്ദേശീയര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുക എന്ന പ്രമേയം ആവര്‍ത്തിക്കേണ്ട ദിവസമാണ്' - അദ്ദേഹം പറഞ്ഞു. ഗണേശ ചതുര്‍ത്ഥി എന്ന വിശുദ്ധ ഉത്സവത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഗണേശ ചതുര്‍ത്ഥി പരിസ്ഥിതി സൗഹൃദമായ രീതിയില്‍ ആഘോഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. പരിസ്ഥിതി സൗഹൃദ വസ്തുക്കളില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ പരീക്ഷിക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. തദ്ദേശീയരായ കരകൗശല വിദഗ്ധര്‍, കരകൗശല തൊഴിലാളികള്‍, ചെറുകിട സംരംഭകര്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ച ചരിത്ര ദിനമാണിതെന്നും അത് ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ പുത്തന്‍ ഊര്‍ജം സൃഷ്ടിച്ചെന്നും ഓഗസ്റ്റ് ഒമ്പതിനെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഓരോ തിന്മയ്ക്കും അഴിമതിക്കും കുടുംബവാഴ്ചയ്ക്കും പ്രീണനത്തിനും രാജ്യം മുഴുവന്‍ ഇന്ന് 'ക്വിറ്റ് ഇന്ത്യ' എന്ന് പറയുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വരാനിരിക്കുന്ന വിഭജന ഭീതിയുടെ അനുസ്മരണ ദിനത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. വിഭജനത്തിന് വലിയ വില നല്‍കിയ എണ്ണമറ്റ ജനങ്ങളെ ഞങ്ങള്‍ ഓര്‍ക്കുന്നു. ആഘാതത്തിന് ശേഷം സ്വയം ഒത്തുകൂടി രാജ്യത്തിന്റെ വികസനത്തിന് സംഭാവന ചെയ്യുന്ന ജനങ്ങളുടെ സംഭാവനയെ അംഗീകരിക്കുന്നു. നമ്മുടെ ഐക്യം നിലനിര്‍ത്താനുള്ള ഉത്തരവാദിത്വം ഈ ദിനം നമുക്ക് നല്‍കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 'നമ്മുടെ സ്വാതന്ത്ര്യദിനം നമ്മുടെ ദേശീയ പതാകയ്ക്കും നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കും വേണ്ടിയുള്ള നമ്മുടെ പ്രതിബദ്ധത  ആവര്‍ത്തിക്കാനുള്ള സമയമാണ്. കഴിഞ്ഞ വര്‍ഷത്തേപ്പോലെ ഈ വര്‍ഷവും എല്ലാ വീടുകളിലും നമ്മള്‍ ത്ര‌ിവർണ പതാക ഉയര്‍ത്തണം' - പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

രാജ്യത്തെ പൗരന്‍മാരില്‍ നിന്നും ലഭിക്കുന്ന നികുതിപ്പണം അഴിമതിക്കിരയാക്കപ്പെടുന്നുവെന്ന സ്ഥിതി മാറ്റാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനാണ് നികുതിപ്പണം ഉപയോഗിക്കുന്നതെന്ന തിരിച്ചറിവില്‍ കൂടുതല്‍പ്പേര്‍ നികുതിയടയ്ക്കാന്‍ തയ്യാറാകുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്ത് 2 ലക്ഷം രൂപ വരുമാനത്തിന് നികുതി ചുമത്തിയിരുന്നിടത്ത് ഇന്ന് 7 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഇല്ലെന്ന കാര്യം പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഇതൊക്കെയാണെങ്കിലും, രാജ്യത്ത് ആദായനികുതി പിരിച്ചെടുക്കുന്ന തുക വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു, രാജ്യത്ത് ഇടത്തരക്കാരുടെ വ്യാപ്തി തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന വ്യക്തമായ സന്ദേശം ഇത് നല്‍കുന്നു. നികുതി റിട്ടേൺ സമർപ്പിക്കുന്നവരുടെ എണ്ണത്തില്‍ 16 ശതമാനം വര്‍ധനയുണ്ടായിരിക്കുന്നുവെന്നത് രാജ്യത്തെ ജനങ്ങള്‍ക്ക് സര്‍ക്കാരിനോടുള്ള വിശ്വാസത്തെ സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ റെയില്‍വേയില്‍ വരുന്ന മാറ്റം, വര്‍ധിച്ചുവരുന്ന മെട്രോ ശൃംഖല തുടങ്ങിയവയെല്ലാം ജനം കാണുകയാണ്. പുതിയ എക്സ്പ്രസ് വേകളുടെയും വിമാനത്താവളങ്ങളുടെയും വികസനത്തെ കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം, നികുതിദായകരുടെ പണം ഉപയോഗിച്ച് ഒരു പുതിയ ഇന്ത്യ വികസിപ്പിച്ചെടുക്കുന്നു എന്ന തോന്നലിന് ഇത്തരം മാറ്റങ്ങള്‍ ധൈര്യം പകരുന്നതായി വ്യക്തമാക്കി. 508 റെയില്‍വേ സ്‌റ്റേഷനുകളുടെ ആധുനികവത്കരണവും ഇതേ കാര്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അമൃത് ഭാരത് സ്‌റ്റേഷനുകളെന്ന ഈ രൂപാന്തരം ഇന്ത്യന്‍ റെയില്‍വേയെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് പരഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചത്. 

പശ്ചാത്തലം

അത്യാധുനിക പൊതുഗതാഗത സംവിധാനത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി പലപ്പോഴും ഊന്നല്‍ നല്‍കാറുണ്ട്. റെയില്‍വേയാണ് രാജ്യത്തുടനീളമുള്ള ജനങ്ങള്‍ ഏറ്റവും മുന്‍ഗണന നല്‍കുന്ന ഗതാഗത മാര്‍ഗ്ഗം എന്ന് ചൂണ്ടിക്കാട്ടി, റെയില്‍വേ സ്‌റ്റേഷനുകളില്‍ ലോകോത്തര സൗകര്യങ്ങള്‍ ഒരുക്കേണ്ടതിന്റെ പ്രാധാന്യത്തിന് അദ്ദേഹം ഊന്നല്‍ നല്‍കുന്നുണ്ട്. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍, രാജ്യത്തുടനീളമുള്ള 1309 സ്‌റ്റേഷനുകളുടെ പുനര്‍വികസനത്തിനായാണ് അമൃത് ഭാരത് സ്‌റ്റേഷന്‍ പദ്ധതിക്ക് സമാരംഭം കുറിച്ചത്.

ഈ പദ്ധതിയുടെ ഭാഗമായി 508 സ്‌റ്റേഷനുകളുടെ പുനര്‍വികസനത്തിനുള്ള തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. 24,470 കോടിയിലധികം രൂപ ചെലവഴിച്ചാണ് ഈ സ്‌റ്റേഷനുകള്‍ പുനര്‍ വികസിപ്പിക്കുന്നത്. നഗരത്തിന്റെ ഇരുവശങ്ങളേയും ശരിയായ രീതിയില്‍ സംയോജിപ്പിച്ചുകൊണ്ട് ഈ സ്‌റ്റേഷനുകളെ നഗരകേങ്ങ്രള്‍ (സിറ്റി സെന്ററുകള്‍) ആയി വികസിപ്പിക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാനുകള്‍ തയാറാക്കിവരികയാണ്. നഗരത്തിന്റെ മൊത്തത്തിലുള്ള നഗരവികസനം റെയില്‍വേ സ്‌റ്റേഷനെ കേന്ദ്രീകരിച്ചാകണം എന്ന സമഗ്രമായ കാഴ്ചപ്പാടാണ് ഈ സംയോജിത സമീപനത്തെ നയിക്കുന്നത്.

ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും 55 വീതവും ബിഹാറില്‍ 49, മഹാരാഷ്ട്രയില്‍ 44, പശ്ചിമ ബംഗാളില്‍ 37, മദ്ധ്യപ്രദേശില്‍ 34, അസമില്‍ 32, ഒഡീഷയില്‍ 25, പഞ്ചാബില്‍ 22, ഗുജറാത്ത്, തെലങ്കാന, എന്നിവിടങ്ങളില്‍ 21 വീതം, ജാര്‍ഖണ്ഡില്‍ 20, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ 18 വീതം ഹരിയാനയില്‍ 15ഉം കര്‍ണ്ണാടകയില്‍ 13ഉം എന്നിങ്ങനെ രാജ്യത്തിന്റെ 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായാണ് ഈ 508 സ്‌റ്റേഷനുകളും വ്യാപിച്ചുകിടക്കുന്നത്.

മികച്ച രീതിയില്‍ രൂപകല്‍പ്പന ചെയ്ത ട്രാഫിക് സര്‍ക്കുലേഷന്‍, ഇന്റര്‍-മോഡല്‍ ഇന്റഗ്രേഷന്‍, യാത്രക്കാര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശത്തിനായി നന്നായി രൂപകല്‍പ്പന ചെയ്ത സൂചനകള്‍ എന്നിവ ഉറപ്പാക്കുന്നതിനൊപ്പം ആധുനിക യാത്രാ സൗകര്യങ്ങളും പുനര്‍വികസനം ലഭ്യമാക്കും. പ്രാദേശിക സംസ്‌കാരം, പൈതൃകം, വാസ്തുവിദ്യ എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരിക്കും സ്‌റ്റേഷന്‍ കെട്ടിടങ്ങളുടെ രൂപകല്‍പ്പന.

ND

(Release ID: 1946195) Visitor Counter : 183