ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

13-ാമത് ഇന്ത്യൻ അവയവദാന ദിനാചരണത്തിൽ ഡോ. മൻസുഖ് മാണ്ഡവ്യ മുഖ്യപ്രഭാഷണം നടത്തി

Posted On: 03 AUG 2023 1:05PM by PIB Thiruvananthpuram

 



ന്യൂഡൽഹി: ആഗസ്റ്റ് 03,2023

13-ാമത് ഇന്ത്യൻ അവയവദാന ദിനാചരണത്തെ (ഐഒഡിഡി) അഭിസംബോധന ചെയ്യവേ  "മറ്റൊരാൾക്ക് ജീവൻ നൽകുന്നതിനേക്കാൾ വലിയ സേവനം മാനവികതയ്ക്ക് ഉണ്ടാകില്ല" എന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രിമാരായ ഡോ. ഭാരതി പ്രവീൺ പവാർ, പ്രൊഫ. എസ്. പി. സിംഗ് ബാഗേൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള ധീരമായ തീരുമാനത്തിന് മരണമടഞ്ഞ ദാതാക്കളുടെ കുടുംബങ്ങളെ ആദരിക്കുന്നതിനും മരണ ശേഷമുള്ള അവയവദാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അവയവദാന, ട്രാൻസ്പ്ലാന്റേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ പ്രൊഫഷണലുകളുടെ സംഭാവനകളെ അംഗീകരിക്കുന്നതിനും വേണ്ടിയാണ് 13-ാമത് ഐഒഡിഡി ചടങ്ങ് സംഘടിപ്പിച്ചത് .

2013ൽ 5000-ത്തോളം പേർ അവയവങ്ങൾ ദാനം ചെയ്യാൻ മുന്നോട്ടു വന്നതായി സമ്മേളനത്തെ അഭിസംബോധന ചെയ്ത് ഡോ മാണ്ഡവ്യ പറഞ്ഞു. ഇപ്പോൾ പ്രതിവർഷം 15,000 അവയവദാതാക്കളാണുള്ളത് . രാജ്യത്ത് അവയവദാനം വർധിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

അവയവദാതാക്കളുടെ അവധിക്കാലം 30 ദിവസത്തിൽ നിന്ന് 60 ദിവസമാക്കി ഉയർത്തിയതായും 65 വയസ്സ് പ്രായപരിധി ഒഴിവാക്കിയതായും അവയവദാന പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കിയതായും അദ്ദേഹം അറിയിച്ചു. രാജ്യത്ത് അവയവദാനം ജനകീയമാക്കുന്നതിന് കൂടുതൽ നയങ്ങളും പരിഷ്കാരങ്ങളും കൊണ്ടുവരാൻ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദാതാക്കളുടെ കുടുംബങ്ങൾ; ട്രാൻസ്പ്ലാൻറ് പ്രൊഫഷണലുകൾ; MyGov, സിവിൽ ഏവിയേഷൻ മന്ത്രാലയം, ഡൽഹി പോലീസ് എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളെയും കേന്ദ്ര ആരോഗ്യമന്ത്രി ചടങ്ങിൽ ആദരിച്ചു.

ഈ വർഷം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി, അവയവദാനത്തിനായുള്ള ബോധവൽക്കരണ പ്രചാരണം "അംഗദാൻ മഹോത്സവ്" ആരംഭിച്ചു. കേന്ദ്ര ഗവൺമെന്റ് മന്ത്രാലയങ്ങൾ, സംസ്ഥാന-കേന്ദ്രഭരണ പ്രദേശ ഗവൺമെൻറ്റുകൾ / ആശുപത്രികൾ / സ്ഥാപനങ്ങൾ, മെഡിക്കൽ കോളേജുകൾ, എൻജിഒകൾ, മറ്റ് പങ്കാളികൾ എന്നിവരുടെ സഹകരണത്തോടെ നഗരം മുതൽ ഗ്രാമതലം വരെ രാജ്യമെമ്പാടും അംഗദാൻ മഹോത്സവം ആചരിക്കുന്നു. പ്രചാരണത്തിന്റെ ഭാഗമായി 2023 ജൂലൈ മാസത്തെ അവയവദാന മാസമായി ആചരിച്ചു.

അവയവദാനത്തെയും മാറ്റിവയ്ക്കലിനെയും കുറിച്ചുള്ള വിവരങ്ങൾക്ക് NOTTO യുടെ വെബ്‌സൈറ്റ് സന്ദർശിക്കുക - www.notto.mohfw.gov.in. അല്ലെങ്കിൽ ടോൾഫ്രീ ഹെൽപ്പ് ലൈൻ നമ്പറായ 180114770 ൽ  വിളിക്കുകയോ ചെയ്യാം. ഓൺലൈൻ പ്രതിജ്ഞ സൗകര്യം മേൽപ്പറഞ്ഞ NOTTO വെബ്‌സൈറ്റിലും https://pledge.mygov.in/organ-donation/ എന്നതിലും ലഭ്യമാണ്.

 
******


(Release ID: 1945354) Visitor Counter : 123