പ്രധാനമന്ത്രിയുടെ ഓഫീസ്
ജി 20 ദുരന്ത ലഘൂകരണ കര്‍മ്മസമിതി മൂന്നാമത്തെ യോഗത്തെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭിസംബോധന ചെയ്തു
''വമ്പിച്ച മാറ്റത്തിനുള്ള സമയം കഴിഞ്ഞു. മേഖലാ , ദേശീയ, ആഗോള സംവിധാനങ്ങളുടെ പരിവര്‍ത്തനം നമുക്ക് അനിവാര്യമാണ്''
''ദുരന്തസാദ്ധ്യത കുറയ്ക്കുന്നതിനുള്ള ധനസഹായ രീതി സമ്പൂര്‍ണ്ണമായും പരിവര്‍ത്തനപ്പെടുത്തി''
''പ്രതിരോധത്തിനുള്ള തയാറെടുപ്പ് പോലെ, വീണ്ടെടുക്കാനുള്ള തയാറെടുപ്പിനും നാം ഊന്നല്‍ നല്‍കേണ്ടതുണ്ട്''
Posted On:
24 JUL 2023 7:03PM by PIB Thiruvananthpuram
ചെന്നൈയില്‍ നടന്ന ജി20 ദുരന്ത ലഘൂകരണ കര്‍മ്മ സമിതിയുടെ മൂന്നാമത്തെ യോഗത്തെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ പ്രമോദ് കുമാര്‍ മിശ്ര ഇന്ന് അഭിസംബോധന ചെയ്തു.
ഈ വര്‍ഷം മാര്‍ച്ചില്‍ ഗാന്ധിനഗറില്‍ നടന്ന ആദ്യത്തെ യോഗം അനുസ്മരിച്ച പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, അതിനുശേഷം കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് സംഭവിച്ച അഭൂതപൂര്‍വമായ ദുരന്തങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. വടക്കന്‍ അര്‍ദ്ധഗോളത്തില്‍ മുഴുവന്‍ പിടിമുറുക്കുന്ന വന്‍ താപ തരംഗങ്ങള്‍, കാനഡയിലെ കാട്ടുതീ, വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലെ നഗരങ്ങളെ ബാധിച്ച മൂടല്‍മഞ്ഞ്, ഇന്ത്യയുടെ കിഴക്ക്, പടിഞ്ഞാറന്‍ തീരങ്ങളിലുണ്ടായ വലിയ ചുഴലിക്കാറ്റുകള്‍ എന്നിവയുടെ ഉദാഹരണങ്ങളും അദ്ദേഹം നല്‍കി. 45 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണ് ഡല്‍ഹി അഭിമുഖീകരിക്കുന്നതെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങള്‍ വളരെ വലുതും പ്രകൃതിയുമായി പരസ്പരബന്ധിതവുമാണെന്നും അവ ഇതിനകം അവ നമ്മുടെ വാതിലുകളില്‍ മുട്ടിക്കൊണ്ടിരിക്കുകയാണെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി ഊന്നിപ്പറഞ്ഞു. ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികളും ഭൂമിയിലെ എല്ലാവരേയും ബാധിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതവും ചൂണ്ടിക്കാട്ടിയ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി20 ദുരന്ത ലഘൂകരണ കര്‍മ്മ സമിതിയുടെ പ്രാധാന്യത്തിന് അടിവരയിടുകയും ചെയ്തു. ഗ്രൂപ്പ് വലിയ പുരോഗതി കൈവരിക്കുകയും വളരെയധികം ചലനാത്മകത സൃഷ്ടിക്കുകയും ചെയ്‌തെങ്കിലും, ലോകം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ തോതുമായി അഭിലാഷങ്ങളെ പൊരുത്തപ്പെടുത്തേണ്ടതുണ്ടെന്നതിന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഊന്നല്‍ നല്‍കി. വര്‍ദ്ധിതമായ മാറ്റത്തിനുള്ള സമയം ഇപ്പോള്‍ തന്നെ കഴിഞ്ഞുവെന്നും പുതിയ ദുരന്തസാദ്ധ്യതകള്‍ സൃഷ്ടിക്കപ്പെടുന്നത് തടയുന്നതിനും നിലവിലുള്ളവ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും പ്രാദേശിക, ദേശീയ, ആഗോള സംവിധാനങ്ങളുടെ പരിവര്‍ത്തനത്തിനുള്ള അരങ്ങ് ഒരുങ്ങുകയാണെന്നതിനും അദ്ദേഹം അടിവരയിട്ടു.
സ്ഥാപനപരമായ ഇടുങ്ങിയ വീക്ഷണങ്ങളാല്‍ നയിക്കപ്പെടുന്ന വിഘടിത ശ്രമങ്ങള്‍ക്ക് പകരം പ്രശ്‌നപരിഹാര സമീപനം സ്വീകരിക്കണമെന്ന് വിഭിന്നങ്ങളായ ദേശീയവും ആഗോളവുമായ പരിശ്രമങ്ങളെ അവയുടെ കൂട്ടായ സ്വാധീനം പരമാവധി വര്‍ദ്ധിപ്പിക്കാനായി സംയോജിപ്പിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടിക്കൊണ്ട്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഊന്നിപ്പറഞ്ഞു. യു.എന്‍ സെക്രട്ടറി ജനറലിന്റെ ''എല്ലാവര്‍ക്കും മുന്‍കൂട്ടിയുള്ള മുന്നറിയിപ്പ്'' മുന്‍കൈയെ അഭിനന്ദിച്ച അദ്ദേഹം '' അഞ്ച് മുന്‍ഗണനകളില്‍ ഒന്നായി മുന്‍കൂട്ടി മുന്നറിയിപ്പും മുന്‍കൂട്ടിയുള്ള പ്രവര്‍ത്തനവും'' ജി 20 തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതിന് എല്ലാ ഊന്നലും നല്‍കുമെന്നും അറിയിച്ചു.
ദുരന്തസാദ്ധ്യത കുറയ്ക്കുന്നതിനുള്ള എല്ലാ വശങ്ങള്‍ക്കും ധനസഹായം നല്‍കുന്നതിന് എല്ലാ തലങ്ങളിലും ഘടനാപരമായ സംവിധാനങ്ങള്‍ പിന്തുടരണമെന്ന് ദുരന്തസാദ്ധ്യത കുറയ്ക്കുന്നതിനുള്ള ധനസഹായം നല്‍കുന്ന മേഖലയെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഊന്നല്‍ നല്‍കി. ഇന്ത്യയില്‍, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ദുരന്ത അപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള ധനസഹായം പൂര്‍ണ്ണമായും പരിവര്‍ത്തനപ്പെടുത്തിയിട്ടുണ്ടെന്നും ദുരന്ത പ്രതികരണത്തിന് മാത്രമല്ല, ദുരന്ത ലഘൂകരണത്തിനും തയ്യാറെടുപ്പിനും വീണ്ടെടുക്കലിനും ധനസഹായം നല്‍കുന്നതിനുള്ള ഒരു പ്രവചന സംവിധാനം നിലവിലുണ്ടെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു. ''ആഗോള തലത്തിലും നമുക്ക് സമാനമായ ക്രമീകരണങ്ങള്‍ നടത്താന്‍ കഴിയുമോ?'', പ്രിന്‍സിപ്പല്‍ സെക്രട്ടറി ചോദിച്ചു. ദുരന്തഅപകടങ്ങള്‍ കുറയ്ക്കുന്നതിന് ലഭ്യമായ വിവിധ ധനസഹായ ധാരകള്‍ക്കിടയില്‍ കൂടുതല്‍ ഒത്തുചേരലിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ദുരന്ത അപകടങ്ങള്‍ കുറയ്ക്കാനുള്ള ധനസഹായത്തിന്റെ അവിഭാജ്യ ഘടകമാണ് കാലാവസ്ഥാ ധനസഹായം എന്ന് അദ്ദേഹം പറഞ്ഞു. ദുരന്തങ്ങൾ കുറയ്ക്കാനുള്ള ആവശ്യങ്ങള്‍ക്കായി സ്വകാര്യ ധനസഹായം സമാഹരിക്കുകയെന്ന വെല്ലുവിളിയെ അഭിസംബോധന ചെയ്യണമെന്നതിനും പ്രിന്‍സിപ്പല്‍ സെക്രട്ടറി ഊന്നല്‍ നല്‍കി. ''അപകടങ്ങള്‍ കുറയ്ക്കാന്‍ സ്വകാര്യ ധനത്തെ ആകര്‍ഷിക്കാന്‍ ഗവണ്‍മെന്റുകള്‍ ഏത് തരത്തിലുള്ള സാഹചര്യമാണ് സൃഷ്ടിക്കേണ്ടത്?''. ഈ മേഖലയ്ക്ക് ചുറ്റും ജി20ക്ക് ചലനക്ഷമത സൃഷ്ടിക്കാനും ദുരന്ത അപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള സ്വകാര്യ നിക്ഷേപം കോര്‍പ്പറേറ്റുകളുടെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഒരു പ്രകടനം മാത്രമല്ലെന്നും കമ്പനികളുടെ പ്രധാന വ്യാപരത്തിന്റെ ഭാഗമാണെന്ന് ഉറപ്പാക്കാനും എങ്ങനെ കഴിയും?'' എന്ന ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ശ്രീ മിശ്ര പറഞ്ഞു.
നിരവധി ജി20 രാഷ്ട്രങ്ങളും, ഐക്യരാഷ്ട്ര സഭയും മറ്റുള്ളവരുമായി സഹകരിച്ച് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിതമായ ദുരന്തപ്രതിരോധ അടിസ്ഥാന സൗകര്യ കൂട്ടായ്മയുടെ നേട്ടങ്ങള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉയര്‍ത്തിക്കാട്ടി. കൂടുതല്‍ അപകടസാദ്ധ്യത അറിയിക്കപ്പെടുന്നിടത്ത് അടിസ്ഥാന സൗകര്യ വികസനത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍, മികച്ച അപകടസാദ്ധ്യത വിലയിരുത്തലിനേയും നിലവാരം ഉയര്‍ത്തുന്നതിനുള്ള അളവുകളെക്കുറിച്ചും ഇത് ചെറിയ ദ്വീപ്, വികസ്വര രാജ്യങ്ങള്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളെ അറിയിക്കുമെന്ന് സഖ്യത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു. ഈ മുന്‍കൈകള്‍ രൂപകല്‍പന ചെയ്യുമ്പോള്‍ പ്രാരംഭങ്ങള്‍ക്കപ്പുറം ചിന്തിക്കുന്നതിനും ഈ ആശയങ്ങള്‍ വികസിപ്പിക്കുന്നതിനും അദ്ദേഹം ഊന്നല്‍ നല്‍കി. ദുരന്തങ്ങള്‍ക്ക് ശേഷം മികച്ച രീതിയിലെ പുനര്‍നിര്‍മ്മാണം എന്നതിന്റെ ചില നല്ല സമ്പ്രദായങ്ങള്‍ സ്ഥാപനവല്‍ക്കരിക്കണമെന്നതിന് അദ്ദേഹം അടിവരയിട്ടു. അതോടൊപ്പം സാമ്പത്തിക ക്രമീകരണങ്ങള്‍, സ്ഥാപനപരമായ സംവിധാനങ്ങള്‍, പ്രതികരണത്തിനുള്ള തയാറെടുപ്പ് പോലെയുള്ള കഴിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലുള്ള വീണ്ടെടുക്കലിനുള്ള തയാറെടുപ്പ് സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയ്ക്കും അദ്ദേഹം അടിവരയിട്ടു.
വര്‍ക്കിംഗ് ഗ്രൂപ്പ് പിന്തുടരുന്ന അഞ്ച് മുന്‍ഗണനകളിലെയും വിതരണം ചെയ്യാവുന്നവയുടെ കാര്യമായ പുരോഗതിയില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സംതൃപ്തി രേഖപ്പെടുത്തി. അടുത്ത കുറച്ച് ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രഖ്യാപനത്തിന്റെ കരടിനെക്കുറിച്ച് സംസാരിച്ച ശ്രീ മിശ്ര, ജി20 രാജ്യങ്ങള്‍ക്ക് ദുരന്ത അപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള വളരെ വ്യക്തവും തന്ത്രപരവുമായ അജണ്ട അത് മുന്നോട്ട് വയ്ക്കുന്നതായും അറിയിച്ചു. കഴിഞ്ഞ നാല് മാസമായി ഈ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ ചര്‍ച്ചകളില്‍ ഉടലെടുത്ത ഒത്തുചേരലിന്റെയും സമവായത്തിന്റെയും സഹസൃഷ്ടിയുടെയും ആത്മാവ് അടുത്ത മൂന്ന് ദിവസങ്ങളിലും അതിനുശേഷവും നിലനില്‍ക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
വിജ്ഞാന പങ്കാളികളില്‍ നിന്ന് ഈ ഉദ്യമത്തിന് ലഭിച്ച സുസ്ഥിരമായ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിയ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഈ ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതില്‍ യു.എന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി മിസ് മാമി മിസുതോറിയുടെ വ്യക്തിപരമായ ഇടപെടലിനെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. ഈ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ അജണ്ട രൂപപ്പെടുത്തുന്നതില്‍ ട്രോയികയുടെ പങ്കാളിത്തത്തില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഇന്തോനേഷ്യ, ജപ്പാന്‍, മെക്‌സിക്കോ എന്നിവയുള്‍പ്പെടെയുള്ള മുന്‍ അദ്ധ്യക്ഷരാഷ്ട്രങ്ങള്‍ സ്ഥാപിച്ച അടിത്തറയിലാണ് ഇന്ത്യയുടെ അജണ്ട മുന്നോട്ട് വച്ചിരിക്കുന്നതെന്നും ബ്രസീല്‍ അത് മുന്നോട്ട് കൊണ്ടുപോകുമെന്നതില്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചതായും അദ്ദേഹം അടിവരയിട്ടു. ബ്രസീലില്‍ നിന്നുള്ള സെക്രട്ടറി വോള്‍നിയെ യോഗത്തിലേക്ക് സ്വാഗതം ചെയ്ത പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇന്ത്യയുടെ പൂര്‍ണ്ണ പിന്തുണയും മുന്നോട്ടുള്ള ഇടപെടലും ഉറപ്പുനല്‍കുകയും ചെയ്തു.
ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷപദവിയുടെ കഴിഞ്ഞ എട്ട് മാസത്തിനിടെ, രാജ്യത്തുടനീളമുള്ള 56 സ്ഥലങ്ങളിലായി ഇതുവരെ സംഘടിപ്പിച്ച 177യോഗങ്ങളില്‍ രാജ്യം മുഴുവന്‍ വളരെ ആവേശത്തോടെയാണ് പങ്കെടുത്തതെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു. ഇന്ത്യയുടെ സാമൂഹികവും സാംസ്‌കാരികവും പ്രകൃതിദത്തവുമായ വൈവിദ്ധ്യങ്ങളുടെ ഒരു നേര്‍ക്കാഴ്ചയോടൊപ്പം ചര്‍ച്ചകളിലെ പ്രതിനിധികളുടെ സജീവ പങ്കാളിത്തവും അദ്ദേഹം എടുത്തുപറഞ്ഞു. ''ജി20 അജണ്ടയുടെ സുപ്രധാന വശങ്ങളില്‍ വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട്. ഒന്നര മാസത്തിനുള്ളില്‍ നടക്കുന്ന ഉച്ചകോടി യോഗം ഒരു നാഴികക്കല്ലായ സംഭവമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇതിന്റെ ഫലത്തില്‍ നിങ്ങളുടെ എല്ലാവരുടെയും സംഭാവന വളരെ വലുതായിരിക്കും'', പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉപസംഹരിച്ചു.
യു.എന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി മിസ് മാമി മിസുതോരി; ഇന്ത്യയുടെ ജി20 ഷെര്‍പ്പ ശീ അമിതാഭ് കാന്ത്, ജി20യിലെയു, അതിഥി രാജ്യങ്ങളിലേയും അംഗങ്ങള്‍; അന്താരാഷ്ട്ര സംഘടനകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍; വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ കമല്‍ കിഷോര്‍, ദേശീയ ദുരന്ത നിവാരണ അതോറിറ്റി, നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ആഭ്യന്തര മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ND
(Release ID: 1942252)
Visitor Counter : 108
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada