നിതി ആയോഗ്
5 വർഷത്തിനുള്ളിൽ 13.5 കോടി ഇന്ത്യക്കാർ ബഹുമുഖ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായി
Posted On:
17 JUL 2023 1:38PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജൂലൈ 17, 2023
നിതി ആയോഗിന്റെ 'ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക: പുരോഗതി അവലോകന റിപ്പോർട്ട് 2023' പ്രകാരം 2015-16 നും 2019-21 നും ഇടയിൽ 13.5 കോടി ആളുകൾ ബഹുമുഖ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായി. നിതി ആയോഗ് അംഗങ്ങളായ ഡോ. വി. കെ. പോൾ, ഡോ. അരവിന്ദ് വീർമണി, നീതി ആയോഗ് സിഇഒ ശ്രീ ബി.വി.ആർ. സുബ്രഹ്മണ്യം എന്നിവരുടെ സാന്നിധ്യത്തിൽ നിതി ആയോഗ് വൈസ് ചെയർമാൻ ശ്രീ സുമൻ ബെറിയാണ് റിപ്പോർട്ട് ഇന്ന് പുറത്തിറക്കിയത്.
ഏറ്റവും പുതിയ ദേശീയ കുടുംബാരോഗ്യ സർവേ [NFHS-5 (2019-21)] അടിസ്ഥാനമാക്കിയുള്ളതാണ് ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചികയുടെ (MPI), ഈ രണ്ടാം പതിപ്പ്. ദേശീയ കുടുംബാരോഗ്യ സർവേ-4 (2015-16), ദേശീയ കുടുംബാരോഗ്യ സർവേ-5 (2019-21) എന്നീ രണ്ട് സർവേകൾക്കിടയിലുള്ള കാലയളവിൽ ബഹുമുഖ ദാരിദ്ര്യം കുറയ്ക്കുന്നതിലെ ഇന്ത്യയുടെ പുരോഗതിയെ ആണ് ഈ റിപ്പോർട്ട് പ്രതിനിധീകരിക്കുന്നത്. 2021 നവംബറിൽ തുടക്കമിട്ട ദേശീയ എംപിഐ ബേസ് ലൈൻ റിപ്പോർട്ടിനെ ആധാരമാക്കിയാണ് ഇത് രൂപപ്പെടുത്തിയിരിക്കുന്നത്. ആഗോള മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന വിശാലമായ രീതി ശാസ്ത്രമാണ് റിപ്പോർട്ട് പിന്തുടരുന്നത്.
ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയെ പ്രതിനിധീകരിക്കുന്ന 12 സുസ്ഥിര വികസന ലക്ഷ്യ സൂചക മാനദണ്ഡങ്ങൾ ഒരേസമയം പരിഗണിച്ചാണ് ദേശീയ എം പി ഐ നിർണയിക്കുന്നത്. പോഷകാഹാരം, കുട്ടികളുടെയും കൗമാരക്കാരുടെയും മരണനിരക്ക്, മാതൃ ആരോഗ്യം, സ്കൂൾ വിദ്യാഭ്യാസം, സ്കൂൾ ഹാജർ നില, പാചക ഇന്ധനം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി, ഭവനം, ആസ്തികൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.12 സൂചകങ്ങളിലും പ്രകടമായ പുരോഗതി ദൃശ്യമാണ്.
റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ ബഹുമുഖ ദരിദ്രരുടെ എണ്ണം, 9.89 ശതമാനം കുറഞ്ഞ്, 2015-16 ലെ 24.85% ൽ നിന്ന് 2019-2021 ൽ 14.96% ആയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിൽ ദാരിദ്ര്യം 32.59% ൽ നിന്ന് 19.28% ആയി കുറഞ്ഞു. ഇതേ കാലയളവിൽ, നഗരപ്രദേശങ്ങളിൽ ദാരിദ്ര്യം 8.65% ൽ നിന്ന് 5.27% ആയി കുറഞ്ഞു. ദരിദ്രരുടെ എണ്ണത്തിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത് ഉത്തർപ്രദേശിലാണ്. 3.43 കോടി ആളുകൾ ബഹുമുഖ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായി.
2015-16 നും 2019-21 നും ഇടയിൽ, എം പി ഐ മൂല്യം 0.117 ൽ നിന്ന് 0.066 ആയി, ഏകദേശം പകുതിയായി കുറഞ്ഞു. ദാരിദ്ര്യത്തിന്റെ തീവ്രത 47% ൽ നിന്ന് 44% ആയി കുറഞ്ഞു. അതുവഴി രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യം 1.2 (ബഹുമുഖ ദാരിദ്ര്യം കുറഞ്ഞത് പകുതിയെങ്കിലും കുറയ്ക്കൽ) കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾ ശരിയായ പാതയിൽ 2030-ലെ നിശ്ചിത സമയപരിധിയേക്കാൾ വളരെ വേഗം മുന്നേറുന്നു
(Release ID: 1940199)
Visitor Counter : 1183