പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാജസ്ഥാനിലെ ബിക്കാനീറില്‍ 24,300 കോടി രൂപയുടെ വികസന പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിച്ചു


അമൃത്‌സര്‍ - ജാംനഗര്‍ സാമ്പത്തിക ഇടനാഴിയുടെ ആറുവരി ഗ്രീന്‍ഫീല്‍ഡ് എക്‌സ്പ്രസ് വേ ഭാഗം സമര്‍പ്പിച്ചു

ഹരിത ഊര്‍ജ്ജ ഇടനാഴിക്ക് വേണ്ടിയുള്ള അന്തര്‍സംസ്ഥാന പ്രസരണ ലൈനിന്റെ ഒന്നാം ഘട്ടം സമര്‍പ്പിച്ചു

ബിക്കാനീര്‍ ഭിവാഡി പ്രസരണ ലൈന്‍ സമര്‍പ്പിച്ചു

എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ 30 കിടക്കകളുള്ള ബിക്കാനീറിലെ ആശുപത്രി സമര്‍പ്പിച്ചു

ബിക്കാനീര്‍ റെയില്‍വേ സ്‌റ്റേഷന്റെ പുനര്‍വികസനത്തിന് തറക്കല്ലിട്ടു

43 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചുരു-രത്തന്‍ഗഡ് സെക്ഷന്‍ റെയില്‍വേ പാതയുടെ ഇരട്ടിപ്പിക്കലിന് തറക്കല്ലിട്ടു

''ദേശീയ പാതയുടെ കാര്യത്തില്‍ രാജസ്ഥാന്‍ ഇരട്ട സെഞ്ച്വറി നേടി''

''അപാരമായ സാദ്ധ്യതകളുടെയും സാമര്‍ത്ഥ്യത്തിന്റെയും കേന്ദ്രമാണ് രാജസ്ഥാന്‍''

''ഗ്രീന്‍ ഫീല്‍ഡ് എക്‌സ്പ്രസ് വേ പടിഞ്ഞാറന്‍ ഇന്ത്യയിലെ മുഴുവന്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും ശക്തിപ്പെടുത്തും''

''അതിര്‍ത്തി ഗ്രാമങ്ങളെ രാജ്യത്തിന്റെ 'പ്രഥമ ഗ്രാമങ്ങള്‍' ആയി പ്രഖ്യാപിച്ചു


Posted On: 08 JUL 2023 6:03PM by PIB Thiruvananthpuram

രാജസ്ഥാനിലെ ബിക്കാനീറില്‍ 24,300 കോടി രൂപ ചെലവുവരുന്ന വികസന പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിര്‍വഹിച്ചു. ഏകദേശം 11,125 കോടി രൂപ ചെലവുവരുന്ന അമൃത്സര്‍ - ജാംനഗര്‍ സാമ്പത്തിക ഇടനാഴിയുടെ ആറുവരി ഗ്രീന്‍ഫീല്‍ഡ് എക്‌സ്പ്രസ് വേ ഭാഗം, ഏകദേശം 10,950 കോടി രൂപ ചെലവ് വരുന്ന ഹരിത ഊര്‍ജ്ജ ഇടനാഴിക്ക് വേണ്ടിയുള്ള അന്തര്‍സംസ്ഥാന പ്രസരണ ലൈനിന്റെ ഒന്നാം ഘട്ടം, 1,340കോടി രൂപയില്‍ പവര്‍ ഗ്രിഡ് വികസിപ്പിക്കുന്ന ബിക്കാനീര്‍ മുതല്‍ ഭിവണ്ടിവരെയുള്ള പ്രസരണ ലൈന്‍, എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (ഇ.എസ്.ഐ.സി) 30 കിടക്കകളുള്ള ബിക്കാനീറിലെ ആശുപത്രി എന്നിവ രാഷ്ട്രത്തിന് സമര്‍പ്പിച്ച പദ്ധതികളില്‍ ഉള്‍പ്പെടുന്നു. 450 കോടി രൂപ ചെലവില്‍ ബിക്കാനീര്‍ റെയില്‍വേ സ്‌റ്റേഷന്റെ പുനര്‍വികസനത്തിനും 43 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചുരു-രത്തന്‍ഗഡ് സെക്ഷന്‍ റെയില്‍വേ പാതയുടെ ഇരട്ടിപ്പിക്കലിനുമാണ് പ്രധാനമന്ത്രി തറക്കല്ലിട്ടത്.
സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി യോദ്ധാക്കളുടെ നാടിന് ആദരാഞ്ജലി അര്‍പ്പിക്കുകയും സംസ്ഥാനത്തിന്റെ വികസനത്തിനായി അര്‍പ്പിതരായ ജനങ്ങള്‍ എല്ലായ്‌പ്പോഴും ഒരു അവസരം നല്‍കുന്നതുകൊണ്ടാണ് വികസനപദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കാന്‍ താന്‍ സ്വയം തന്നെ എത്തിച്ചേര്‍ന്നതെന്നും അഭിപ്രായപ്പെടുകയും ചെയ്തു. മാസങ്ങള്‍ക്കുള്ളില്‍ രാജസ്ഥാന് രണ്ട് ആധുനിക ആറുവരി അതിവേഗപാതകള്‍ ലഭിച്ചതായി 24,000 കോടിയിലധികം രൂപയുടെ ഇന്നത്തെ പദ്ധതികളെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഫെബ്രുവരിയില്‍ ഡല്‍ഹി-മുംബൈ അതിവേഗ ഇടനാഴിയുടെ ഡല്‍ഹി - ദൗസ - ലാല്‍സോട്ട് ഭാഗത്തിന്റെ ഉദ്ഘാടനം അനുസ്മരിച്ച പ്രധാനമന്ത്രി അമൃത്‌സര്‍ - ജാംനഗര്‍ അതിവേഗപാതയുടെ 500 കിലോമീറ്ററുള്ള ആറുവരി ഗ്രീന്‍ഫീല്‍ഡ് എക്‌സ്പ്രസ് വേ ഭാഗം ഉദ്ഘാടനം ചെയ്യാന്‍ ഇന്ന് അവസരം ലഭിച്ചതില്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. '' ഒരുതരത്തില്‍ ദേശീയ പാതയുടെ കാര്യത്തില്‍ രാജസ്ഥാന്‍ ഇരട്ട സെഞ്ച്വറി നേടിയിരിക്കുകയാണ്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹരിത ഊര്‍ജ്ജ ഇടനാഴിക്കും എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (ഇ.എസ്.ഐ.സി) ആശുപത്രിക്കും ബിക്കാനീറിലെയും രാജസ്ഥാനിലെയും ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
എല്ലായ്‌പ്പോഴും പൂര്‍ണ്ണമായ കഴിവുകളും സാദ്ധ്യതകളും നിറഞ്ഞതാണ് രാജസ്ഥാനെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വളര്‍ച്ചയുടെ ഈ സാദ്ധ്യതയുള്ളതുകൊണ്ടാണ് സംസ്ഥാനത്ത് റെക്കോര്‍ഡ് നിക്ഷേപം നടക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വ്യാവസായിക വികസനത്തിന് അനന്തമായ സാദ്ധ്യതകള്‍ ഉള്ളതിനാല്‍ ബന്ധിപ്പിക്കല്‍ ഹൈടെക് ആക്കുന്നു. അതിവേഗ എക്‌സ്പ്രസ് വേകളും റെയില്‍വേകളും ടൂറിസം അവസരങ്ങള്‍ക്ക് ഉത്തേജനം നല്‍കുമെന്നും ഇത് സംസ്ഥാനത്തെ യുവാക്കള്‍ക്ക് പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ഉദ്ഘാടനം ചെയ്ത ഗ്രീന്‍ ഫീല്‍ഡ് എക്‌സ്പ്രസ് വേയെ പരാമര്‍ശിച്ചുകൊണ്ട് ഇത്, രാജസ്ഥാനെ ഹരിയാന, പഞ്ചാബ്, ഗുജറാത്ത്, ജമ്മു കശ്മീര്‍ എന്നിവയുമായി ബന്ധിപ്പിക്കുമെന്നും അതേസമയം ബിക്കാനീര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ജാംനഗര്‍, കണ്ട്‌ല തുടങ്ങിയ പ്രധാന വാണിജ്യ തുറമുഖങ്ങള്‍ പ്രാപ്യമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിക്കാനീറും അമൃത്‌സറും ജോധ്പൂരും തമ്മിലുള്ള ദൂരവും ജോധ്പൂരും ഗുജറാത്തും തമ്മിലുള്ള ദൂരവും കുറയുമെന്നതിന് അടിവരയിട്ട അദ്ദേഹം ഇത് ഈ മേഖലയിലെ കര്‍ഷകര്‍ക്കും വ്യാപാരങ്ങള്‍ക്കും ഏറെ പ്രയോജനം ചെയ്യുമെന്നും അഭിപ്രായപ്പെട്ടു. ''ഈ ഗ്രീന്‍ഫീല്‍ഡ് എക്‌സ്പ്രസ്‌വേ പടിഞ്ഞാറന്‍ ഇന്ത്യയിലെ മുഴുവന്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും ശക്തിപ്പെടുത്തും'', എണ്ണ പാട റിഫൈനറികളുമായുള്ള വര്‍ദ്ധിച്ച ബന്ധിപ്പിക്കല്‍ വിതരണത്തെ ശക്തിപ്പെടുത്തുന്നത് ഉയര്‍ത്തികാട്ടികൊണ്ട് അതുവഴി രാജ്യത്തെ സാമ്പത്തിക വികസനത്തിന് വേഗത നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
റെയില്‍വേ പാത ഇരട്ടിപ്പിക്കലിനെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, രാജസ്ഥാനിലെ റെയില്‍വേയുടെ വളര്‍ച്ചയ്ക്ക് മുന്‍ഗണന നല്‍കിയത് ഉയര്‍ത്തിക്കാട്ടി. 2004-2014 കാലത്ത് രാജസ്ഥാന് റെയില്‍വേയ്ക്ക് പ്രതിവര്‍ഷം ശരാശരി 1000 കോടി രൂപയില്‍ താഴെ മാത്രമാണ് ലഭിച്ചിരുന്നതെങ്കില്‍ 2014-ന് ശേഷം സംസ്ഥാനത്തിന് ഓരോ വര്‍ഷവും ശരാശരി 10,000 കോടി രൂപ ലഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
ഈ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ചെറുകിട വ്യവസായികളും ചെറുകിട വ്യാപാരികളുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിക്കാനീറിന്റെ അച്ചാര്‍, പാപ്പഡ്, നംകീന്‍ എന്നിവയെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം മികച്ച ബന്ധിപ്പിക്കലിലൂടെ ഈ ചെറുകിട വ്യാപാരികള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ലോകത്തിന്റെ എല്ലാ കോണുകളിലേക്കും കൊണ്ടുപോകാന്‍ കഴിയുമെന്നും പറഞ്ഞു.
ദീര്‍ഘകാലമായി അവഗണിക്കപ്പെട്ട അതിര്‍ത്തി ഗ്രാമങ്ങള്‍ക്കായുള്ള വൈബ്രന്റ് വില്ലേജ് പദ്ധതിയെക്കുറിച്ച് രാജസ്ഥാന്റെ വികസനത്തിന് വേണ്ടിയുള്ള ശ്രമങ്ങളെക്കുറിച്ച് തുടര്‍ന്ന് പറഞ്ഞ പ്രധാനമന്ത്രി പരാമര്‍ശിച്ചു. ''അതിര്‍ത്തി ഗ്രാമങ്ങളെ രാജ്യത്തിന്റെ 'പ്രഥമ ഗ്രാമങ്ങള്‍' ആയി ഞങ്ങള്‍ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിലെ വികസനത്തിനും രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഈ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനെക്കുറിച്ചുള്ള പുതിയ താല്‍പ്പര്യമുണ്ടാക്കുന്നതിനും ഇതിലൂടെ വഴിയൊരുക്കി'', അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലെ കര്‍ണി മാതാവിന്റെയും സാലാസര്‍ ബാലാജിയുടെയും അനുഗ്രഹത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, സംസ്ഥാനം വികസനത്തിന്റെ ഉന്നതിയിലെത്തണമെന്നും പറഞ്ഞു. അതുകൊണ്ടാണ് കേന്ദ്ര ഗവണ്‍മെന്റ് സര്‍വ്വശക്തിയുമുപയോഗിച്ച് രാജസ്ഥാന്റെ വളര്‍ച്ചയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. എല്ലാവരുടെയും കൂട്ടായ പരിശ്രമം രാജസ്ഥാന്റെ എല്ലാ വികസന ലക്ഷ്യങ്ങളും സാക്ഷാത്കരിക്കുമെന്ന പ്രതീക്ഷയോടെ അദ്ദേഹം ഉപസംഹരിച്ചു.
രാജസ്ഥാന്‍ ഗവര്‍ണര്‍ ശ്രീ കല്‍രാജ് മിശ്ര, കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി ശ്രീ നിതിന്‍ ഗഡ്കരി, കേന്ദ്ര നിയമ-നീതി മന്ത്രി ശ്രീ അര്‍ജുന്‍ റാം മേഘ്‌വാള്‍, കേന്ദ്ര ജലശക്തി മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ സഹമന്ത്രി ശ്രീ കൈലാഷ് ചൗധരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം
അമൃത്സര്‍ - ജാംനഗര്‍ സാമ്പത്തിക ഇടനാഴിയുടെ ആറുവരി ഗ്രീന്‍ഫീല്‍ഡ് എക്‌സ്പ്രസ് വേ വിഭാഗം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. ഹനുമാന്‍ഗഢ് ജില്ലയിലെ ജഖ്‌രാവാലി ഗ്രാമം മുതല്‍ ജലോര്‍ ജില്ലയിലെ ഖെത്‌ലവാസ് ഗ്രാമം വരെ രാജസ്ഥാനിലെ 500 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ഈ ഭാഗം 11,125 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ അതിവേഗപാത യാത്രാ സമയം ഗണ്യമായി കുറയ്ക്കുകയും പ്രധാന നഗരങ്ങളും വ്യവസായ ഇടനാഴികളും തമ്മിലുള്ള ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുകയും ചെയ്യും. അതിവേഗപാത ചരക്ക് ഗതാഗതം സുഗമമാക്കുക മാത്രമല്ല, അതിന്റെ വഴികളിലൂടെയുള്ള ടൂറിസവും സാമ്പത്തിക വികസനവും വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ഈ പ്രദേശത്തെ വൈദ്യുതി മേഖലയ്ക്ക് ഉത്തേജനം നല്‍കിക്കൊണ്ട്, ഏകദേശം 10,950 കോടി രൂപയുടെ ഹരിത ഊര്‍ജ്ജ ഇടനാഴിയുടെ അന്തര്‍ സംസ്ഥാന പ്രസരണ ലൈനിന്റെ ഒന്നാം ഘട്ടവും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. ഹരിത ഊര്‍ജ ഇടനാഴി ഏകദേശം 6 ജിഗാവാട്ട് (ജി.ഡബ്ല്യു) പുനരുപയോഗ ഊര്‍ജ്ജം സംയോജിപ്പിക്കുകയും പടിഞ്ഞാറന്‍ മേഖലയിലെ താപ ഉല്‍പ്പാദനവും വടക്കന്‍ മേഖലയിലെ ജലോല്‍പ്പാദനവുമായി പുനരുപയോഗ ഊര്‍ജ്ജത്തിന്റെ ഗ്രിഡ് സന്തുലിത്വത്തിന് സഹായിക്കുകയും അതുവഴി വടക്കന്‍ മേഖലയ്ക്കും പടിഞ്ഞാറന്‍ മേഖലയ്ക്കും ഇടയില്‍ പ്രസരണ ശേഷി ശക്തിപ്പെടുത്തുകയും ചെയ്യും. ഏകദേശം 1,340 കോടി രൂപ ചെലവില്‍ പവര്‍ ഗ്രിഡ് വികസിപ്പിക്കുന്ന ബിക്കാനീര്‍ മുതല്‍ ഭിവാഡി വരെയുള്ള പ്രസരണ ലൈനും പ്രധാനമന്ത്രി സമര്‍പ്പിച്ചു. രാജസ്ഥാനിലെ 8.1 ജി.ഡബ്ല്യു സൗരോര്‍ജ്ജം ഒഴിപ്പിക്കുന്നതിന് ഈ ബിക്കാനീര്‍ മുതല്‍ ഭിവാഡി വരെയുള്ള പ്രസരണ ലൈന്‍ സഹായിക്കും.
എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (ഇ.എസ്.ഐ.സി) 30 കിടക്കകളുള്ള ബിക്കാനീറിലെ പുതിയ ആശുപത്രിയും പ്രധാനമന്ത്രി സമര്‍പ്പിച്ചു. 100 കിടക്കകളിലേക്ക് നവീകരിക്കാവുന്ന ശേഷിയുള്ള ഈ ആശുപത്രി പ്രാദേശിക സമൂഹത്തിന്റെ മെഡിക്കല്‍ ആവശ്യങ്ങള്‍ നിറവേറ്റുകയും അവര്‍ക്ക് പ്രാപ്യമാക്കാവുന്നതും ഗുണനിലവാരമുള്ളതുമായ ആരോഗ്യപരിരക്ഷാ സേവനങ്ങള്‍ നല്‍കുന്ന ഒരു സുപ്രധാന ആരോഗ്യ സംരക്ഷണ കേന്ദ്രമായി വര്‍ത്തിക്കുകയും ചെയ്യും.
അതിനുപുറമെ ബിക്കാനീര്‍ റെയില്‍വേ സ്‌റ്റേഷന്റെ പുനര്‍വികസനത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. ഏകദേശം 450 കോടി രൂപ ചെലവില്‍ നടത്തുന്ന പുനര്‍വികസന പ്രവര്‍ത്തനങ്ങളില്‍ റെയില്‍വേ സ്‌റ്റേഷന്റെ നിലവിലുള്ള ഘടനയുടെ പൈതൃക പദവി സംരക്ഷിക്കുന്നതിനൊപ്പം ഫ്‌ളോറിംഗും സീലിംഗും സഹിതം എല്ലാ പ്ലാറ്റ്‌ഫോമുകളുടെ നവീകരണവും ഉള്‍പ്പെടുന്നു.
43 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചുരു-രത്തന്‍ഗഡ് പാത ഇരട്ടിപ്പിക്കുന്നതിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. ഈ റെയില്‍ പാതയുടെ ഇരട്ടിപ്പിക്കല്‍ ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുകയും ജിപ്‌സം, ചുണ്ണാമ്പുകല്ല്, ഭക്ഷ്യധാന്യങ്ങള്‍, വളം ഉല്‍പ്പന്നങ്ങള്‍ എന്നിവ ബിക്കാനീര്‍ മേഖലയില്‍ നിന്ന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ കൊണ്ടുപോകുന്നതിന് സൗകര്യമൊരുക്കുകയും ചെയ്യും.

*****

-ND-

(Release ID: 1938213) Visitor Counter : 129