പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഡൽഹി സർവകലാശാലയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനച്ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


സർവകലാശാലയിലെ സാങ്കേതിക വിഭാഗം, കമ്പ്യൂട്ടർ സെന്റർ, അക്കാദമിക് ബ്ലോക്ക് എന്നിവയ്ക്കായുള്ള കെട്ടിടത്തിന് തറക്കല്ലിട്ടു

ശതാബ്ദി ആഘോഷങ്ങളുടെ സമാഹാരം, സർവകലാശാലയുടെയും കോളേജുകളുടെയും ലോഗോ പുസ്തകം, ഡൽഹി സർവകലാശാലയുടെ 100 വർഷം കുറിക്കുന്ന ‌ഔറ എന്നിവയുടെ പ്രകാശനം നിർവഹിച്ചു

പ്രധാനമന്ത്രി ഡൽഹി സർവകലാശാലയിലെത്തിയത് മെട്രോയിൽ യാത്ര ചെയ്ത്

"ഡൽഹി യൂണിവേഴ്സിറ്റി വെറുമൊരു സർവകലാശാലയല്ല, ഒരു പ്രസ്ഥാനമാണ്"

"ഈ നൂറു വർഷത്തിനിടയിൽ, ഡൽഹി സർവകലാശാല അതിന്റെ വികാരങ്ങൾ സജീവമാക്കി നിലനിർത്തിയിട്ടുണ്ടെങ്കിൽ, അത് അതിന്റെ മൂല്യങ്ങളെയും ഊർജസ്വലമാക്കി നിലനിർത്തിയിട്ടുണ്ട്"

"ഇന്ത്യയുടെ സമ്പന്നമായ വിദ്യാഭ്യാസ സമ്പ്രദായം ഇന്ത്യയുടെ അഭിവൃദ്ധിയെ മുന്നോട്ടുനയിക്കുന്നു"

"കഴിവുള്ള യുവാക്കളുടെ ശക്തമായ തലമുറ സൃഷ്ടിക്കുന്നതിൽ ഡൽഹി സർവകലാശാല പ്രധാന പങ്ക് വഹിച്ചു"

"ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ നിശ്ചയദാർഢ്യം രാജ്യത്തിനൊപ്പമാകുമ്പോൾ, അതിന്റെ നേട്ടങ്ങൾ രാജ്യത്തിന്റെ നേട്ടങ്ങൾക്ക് തുല്യമാകും"

"കഴിഞ്ഞ നൂറ്റാണ്ടിലെ മൂന്നാം ദശകം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന് പുതിയ ആക്കം നൽകി. ഇപ്പോൾ പുതിയ നൂറ്റാണ്ടിന്റെ മൂന്നാം ദശകം ഇന്ത്യയുടെ വികസന യാത്രയ്ക്ക് ആക്കം കൂട്ടും"

"ജനാധിപത്യം, സമത്വം, പരസ്പര ബഹുമാനം തുടങ്ങിയ ഇന്ത്യൻ മൂല്യങ്ങൾ മാനവിക മൂല്യങ്ങളായി മാറുകയാണ്"

"ലോകത്തിലെ ഏറ്റവും വലിയ പൈതൃക മ്യൂസിയമായ ‘യുഗേ യുഗീൻ ഭാരത്’ ഡൽഹിയിൽ നിർമിക്കും"

"ഇന്ത്യയുടെ സോഫ്റ്റ് പവർ ഇന്ത്യൻ യുവാക്കളുടെ വിജയഗാഥയായി മാറുന്നു"

Posted On: 30 JUN 2023 1:29PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹി സർവകലാശാലയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനച്ചടങ്ങിനെ അഭിസംബോധന ചെയ്തു. ഡൽഹി സർവകലാശാല സ്‌പോർട്‌സ് കോംപ്ലക്‌സിലെ മൾട്ടിപർപ്പസ് ഹാളിലായിരുന്നു പരിപാടി. സർവകലാശാലയുടെ നോർത്ത് കാമ്പസിൽ നിർമിക്കുന്ന ഫാക്കൽറ്റി ഓഫ് ടെക്‌നോളജി, കമ്പ്യൂട്ടർ സെന്റർ, അക്കാദമിക് ബ്ലോക്ക് എന്നിവയുടെ കെട്ടിടത്തിന്റെ തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. സ്മാരക ശതാബ്ദി വാല്യമായ ശതാബ്ദി ആഘോഷങ്ങളുടെ സമാഹാരം, ഡൽഹി യൂണിവേഴ്സിറ്റിയുടെയും അതിന്റെ കോളേജുകളുടെയും ലോഗോ ഉൾപ്പെടുന്ന ലോഗോ പുസ്തകം; ഡൽഹി സർവകലാശാലയുടെ 100 വർഷത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഔറ എന്നിവയുടെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.

മെട്രോയിൽ യാത്ര ചെയ്താണു പ്രധാനമന്ത്രി ഡൽഹി സർവകലാശാലയിലെത്തിയത്. യാത്രയ്ക്കിടെ വിദ്യാർഥികളുമായും അദ്ദേഹം സംവദിച്ചു. സർവകലാശാലയിൽ 100 വർഷവുമായി ബന്ധപ്പെട്ട പ്രദർശനത്തിൽ അദ്ദേഹം പങ്കെടുത്തു. സംഗീതവിഭാഗം അവതരിപ്പിച്ച സരസ്വതി വന്ദനം, സർവകലാശാല കുൽഗീത് എന്നിവയ്ക്കും അദ്ദേഹം സാക്ഷ്യംവഹിച്ചു.

ഡൽഹി സർവകലാശാലയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനച്ചടങ്ങിൽ പങ്കെടുക്കണമെന്നു താൻ ദൃഢനിശ്ചയം ചെയ്തിരുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. സ്വന്തം വീട്ടിലെത്തിയതായാണു തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിനു മുമ്പ് പ്രദർശിപ്പിച്ച ഹ്രസ്വചിത്രത്തെക്കുറിച്ചു പരാമർശിക്കവേ, സർവകലാശാലയിൽ നിന്നുയർന്നുവന്ന വ്യക്തികളുടെ സംഭാവനകൾ ഡൽഹി സർവകലാശാലയുടെ ജീവചരിത്രത്തെക്കുറിച്ചുള്ള നേർക്കാഴ്ച നൽകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡൽഹി സർവകലാശാലയിൽ ഒരാഘോഷ വേളയിൽ പങ്കെടുക്കാൻ സാധിച്ചതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. പരിപാടിയിൽ എത്തിച്ചേരാൻ മെട്രോയിൽ യാത്ര ചെയ്യാൻ അവസരം ലഭിച്ചതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.

സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാക്കി ഇന്ത്യ 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷിക്കുന്ന സമയത്താണ് ഡൽഹി സർവകലാശാലയുടെ ശതാബ്ദി ആഘോഷങ്ങൾ നടക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 'ഏതൊരു രാജ്യത്തിന്റെയും സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അതിന്റെ നേട്ടങ്ങളുടെ പ്രതിഫലനമാണ് കാണിച്ചുതരുന്നത്' -പ്രധാനമന്ത്രി പറഞ്ഞു. സർവകലാശാലയുടെ 100 വർഷം പഴക്കമുള്ള യാത്രയിൽ നിരവധി വിദ്യാർഥികളുടെയും അധ്യാപകരുടെയും മറ്റുള്ളവരുടെയും ജീവിതത്തെ ബന്ധിപ്പിച്ചുള്ള ചരിത്രപരമായ നിരവധി നാഴിക്കല്ലുകൾ ഉണ്ടായിട്ടുണ്ട്. ഡൽഹി സർവകലാശാല വെറുമൊരു സർവ്വകലാശാല മാത്രമല്ല. അതൊരു പ്രസ്ഥാനമാണ്. അത് ഓരോ നിമിഷവും ജീവിതം കൊണ്ടു നിറച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശതാബ്ദി ആഘോഷങ്ങളിൽ ഡൽഹി സർവകലാശാലയുമായി ബന്ധപ്പെട്ട എല്ലാ വിദ്യാർഥികളെയും അധ്യാപകരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

പഴയതും പുതിയതുമായ പൂർവ വിദ്യാർത്ഥികളുടെ ഒത്തുചേരൽ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇത് ഒത്തുചേരലിനുള്ള അവസരമാണെന്ന് വ്യക്തമാക്കി. “ഈ നൂറു വർഷത്തിനിടയിൽ ഡൽഹി സർവകലാശാല അതിന്റെ വികാരങ്ങളെ സജീവമാക്കി നിലനിർത്തിയിട്ടുണ്ടെങ്കിൽ, അത് അതിന്റെ മൂല്യങ്ങളെയും സജീവമായി നിലനിർത്തിയിട്ടുണ്ട്” - പ്രധാനമന്ത്രി പറഞ്ഞു. അറിവിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, നളന്ദ, തക്ഷശില തുടങ്ങിയ ഊർജസ്വലമായ സർവകലാശാലകൾ ഇന്ത്യയിൽ ഉണ്ടായിരുന്നപ്പോൾ അത് അഭിവൃദ്ധിയുടെ കൊടുമുടിയിലായിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. "ഇന്ത്യയുടെ സമ്പന്നമായ വിദ്യാഭ്യാസ സമ്പ്രദായം ഇന്ത്യയുടെ അഭിവൃദ്ധിയെ മുന്നോട്ടുനയിക്കുന്നു" -അക്കാലത്തെ ആഗോള ജിഡിപിയിലെ ഇന്ത്യയുടെ ഉയർന്ന പങ്ക്  ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. അടിമത്തത്തിന്റെ കാലഘട്ടത്തിലെ തുടർച്ചയായ ആക്രമണങ്ങൾ ഈ സ്ഥാപനങ്ങളെ തകർത്തു. ഇത് ഇന്ത്യയുടെ ബൗദ്ധിക പ്രവാഹത്തെ തടസ്സപ്പെടുത്തുകയും വളർച്ചയെ നിശ്ചലമാക്കുകയും ചെയ്തു- അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യാനന്തരം, പ്രതിഭാശാലികളായ യുവാക്കളുടെ കരുത്തുറ്റ തലമുറ സൃഷ്ടിച്ചുകൊണ്ട്, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വൈകാരിക വളർച്ചയ്ക്കു മൂർത്തമായ രൂപം നൽകുന്നതിൽ സർവകലാശാലകൾ നിർണായക പങ്ക് വഹിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹി സർവകലാശാലയും അതിൽ പ്രധാന പങ്കുവഹിച്ചു. ഭൂതകാലത്തെക്കുറിച്ചുള്ള ഈ ധാരണ നമ്മുടെ അസ്തിത്വത്തിന് രൂപം നൽകുന്നു. നമ്മുടെ ആദർശങ്ങൾക്ക് രൂപം നൽകുന്നു. ഭാവിയുടെ കാഴ്ചപ്പാടിലേക്കുള്ള വികാസവും നൽകുന്നു - അദ്ദേഹം പറഞ്ഞു.

"ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ നിശ്ചയദാർഢ്യം രാജ്യത്തിനൊപ്പമാകുമ്പോൾ, അതിന്റെ നേട്ടങ്ങൾ രാജ്യത്തിന്റെ നേട്ടങ്ങൾക്ക് തുല്യമാകും" - പ്രധാനമന്ത്രി പറഞ്ഞു. ഡൽഹി സർവകലാശാല ആരംഭിക്കുമ്പോൾ 3 കോളേജുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് 90-ലധികം കോളേജുകൾ അതിന് കീഴിലുണ്ടെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ഒരു കാലത്ത് ദുർബലമായ സമ്പദ്‌വ്യവസ്ഥയായി കണക്കാക്കപ്പെട്ടിരുന്ന ഇന്ത്യ ഇന്ന് ലോകത്തിലെ മികച്ച അഞ്ച് സമ്പദ്‌വ്യവസ്ഥകളിലൊന്നായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി സർവകലാശാലയിൽ പഠിക്കുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, രാജ്യത്ത് ലിംഗാനുപാതം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞു. ഒരു സർവകലാശാലയുടെയും രാഷ്ട്രത്തിന്റെയും പ്രമേയങ്ങൾ തമ്മിലുള്ള പരസ്പരബന്ധത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേരുകൾ എത്രത്തോളം ആഴത്തിലാകുന്നുവോ അത്രത്തോളം രാജ്യത്തിന്റെ പുരോഗതി ഉയരുമെന്നും  പറഞ്ഞു. ഡൽഹി സർവകലാശാല ആദ്യം ആരംഭിച്ചപ്പോൾ ഇന്ത്യയുടെ സ്വാതന്ത്ര്യമായിരുന്നു ലക്ഷ്യം. എന്നാൽ ഇന്ത്യ സ്വാതന്ത്ര്യം നേടി 100 വർഷം തികയുമ്പോൾ സ്ഥാപനം 125 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ ഇന്ത്യയെ 'വികസിതഭാരത'മാക്കുക എന്നതായിരിക്കണം ഡൽഹി സർവകലാശാലയുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. "കഴിഞ്ഞ നൂറ്റാണ്ടിലെ മൂന്നാം ദശകം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന് പുതിയ ആക്കം നൽകി. ഇപ്പോൾ പുതിയ നൂറ്റാണ്ടിന്റെ മൂന്നാം ദശകം ഇന്ത്യയുടെ വികസന യാത്രയ്ക്ക് ഉത്തേജനം നൽകും" - പ്രധാനമന്ത്രി പറഞ്ഞു. വരാനിരിക്കുന്ന സർവകലാശാലകൾ, കോളേജുകൾ, ഐഐടികൾ, ഐഐഎമ്മുകൾ, എയിംസ് എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി സൂചിപ്പിച്ചു. "ഈ സ്ഥാപനങ്ങളെല്ലാം പുതിയ ഇന്ത്യയുടെ അടിത്തറകളായി മാറുകയാണ്" - അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസം കേവലം അധ്യയന പ്രക്രിയ മാത്രമല്ല, ഒരു പഠനമാർഗ്ഗം കൂടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വളരെക്കാലത്തിനു ശേഷം ഒരു വിദ്യാർഥി പഠിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധ മാറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ സൗകര്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. സ്ഥാപനങ്ങൾക്കിടയിലെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും മത്സരക്ഷമത വർധിപ്പിക്കുന്നതിനെക്കുറിച്ചും സംസാരിക്കവെ, സ്ഥാപനങ്ങളെ പ്രചോദിപ്പിക്കുന്ന ദേശീയ സ്ഥാപന റാങ്കിങ് ചട്ടക്കൂടിനെ പ്രധാനമന്ത്രി പരാമർശിച്ചു. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവുമായി സ്ഥാപനങ്ങളുടെ സ്വയംഭരണത്തെ ബന്ധിപ്പിക്കാനുള്ള ശ്രമവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാവിയിലേക്കുള്ള വിദ്യാഭ്യാസ നയങ്ങളും തീരുമാനങ്ങളും കാരണം ഇന്ത്യൻ സർവകലാശാലകളുടെ അംഗീകാരം വർധിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2014ൽ ക്യുഎസ് ലോക റാങ്കിംഗിൽ 12 ഇന്ത്യൻ സർവകലാശാലകൾ മാത്രമാണുണ്ടായിരുന്നതെങ്കിൽ ഇന്ന് എണ്ണം 45ൽ എത്തിയതായി അദ്ദേഹം അറിയിച്ചു. ഈ പരിവർത്തനത്തിന് വഴികാട്ടിയായത് ഇന്ത്യയുടെ യുവശക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിൽ നേടുന്നതിലും ബിരുദത്തിലും ഒതുങ്ങിനിൽക്കുന്ന വിദ്യാഭ്യാസം എന്ന ആശയത്തെ മറികടന്നതിന് ഇന്നത്തെ യുവാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഒരു ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ അവർ അവതരിപ്പിച്ചു. 2014-15 നെ അപേക്ഷിച്ച് 40% കൂടുതൽ പേറ്റന്റ് ഫയലിങ് വന്നു. ആഗോള നൂതനാശയ സൂചികയിലെ ഉയർച്ചയും ഈ ചിന്തയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ നടത്തിയ സന്ദർശനത്തിൽ അമേരിക്കയുമായുള്ള നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യ സംബന്ധിച്ച കരാർ സംഭവിച്ചതിനെക്കുറിച്ച് എടുത്തു പറഞ്ഞ പ്രധാനമന്ത്രി, നിർമിത ബുദ്ധി മുതൽ സെമികണ്ടക്ടറുകൾ വരെയുള്ള വിവിധ മേഖലകളിൽ ഇത് ഇന്ത്യയിലെ യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും വ്യക്തമാക്കി‌. ഒരുകാലത്ത് നമ്മുടെ യുവാക്കൾക്ക് അപ്രാപ്യമായിരുന്ന സാങ്കേതിക വിദ്യകളിലേക്കുള്ള പ്രവേശനം ഇത് സാധ്യമാക്കുമെന്നും നൈപുണ്യവികസനത്തിനു കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. മൈക്രോൺ, ഗൂഗിൾ, അപ്ലൈഡ് മെറ്റീരിയൽസ് തുടങ്ങിയ കമ്പനികൾ ഇന്ത്യയിൽ നിക്ഷേപം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇത് യുവാക്കൾക്ക് ശോഭനമായ ഭാവിയുടെ നേർക്കാഴ്ചയേകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

"വ്യവസായം 4.0 വിപ്ലവം ഇന്ത്യയുടെ വാതിൽക്കലെത്തിയിരിക്കുകയാണ്". സിനിമകളിൽ മാത്രം കാണാൻ കഴിയുന്ന നിർമിത ബുദ്ധി, എആർ, വിആർ തുടങ്ങിയ സാങ്കേതികവിദ്യകൾ ഇപ്പോൾ നമ്മുടെ യഥാർത്ഥ ജീവിതത്തിന്റെ ഭാഗമായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡ്രൈവിങ് മുതൽ ശസ്ത്രക്രിയ വരെയുള്ള റോബോട്ടിക്സ് ഇന്നു  സാധാരണമായി മാറിയെന്നും ഈ മേഖലകളെല്ലാം ഇന്ത്യയിലെ യുവതലമുറയ്ക്ക് പുതിയ വഴികൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ, ഇന്ത്യ  ബഹിരാകാശ, പ്രതിരോധ മേഖല തുറക്കുകയും ഡ്രോണുകളുമായി ബന്ധപ്പെട്ട നയങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തുകയും യുവാക്കൾക്ക് മുന്നോട്ട് പോകാൻ അവസരമൊരുക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ വർധിച്ചുവരുന്ന പ്രതിച്ഛായ വിദ്യാർഥികളിൽ ചെലുത്തുന്ന സ്വാധീനം പ്രധാനമന്ത്രി വിശദീകരിച്ചു. ഇപ്പോൾ ജനങ്ങൾക്ക് ഇന്ത്യയെക്കുറിച്ച് അറിയാൻ ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊറോണക്കാലത്ത് ഇന്ത്യ ലോകത്തിന് നൽകിയ സഹായത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. പ്രതിസന്ധി ഘട്ടത്തിലും സഹായമേകുന്ന ഇന്ത്യയെക്കുറിച്ച് ലോകത്ത് കൂടുതൽ അറിയാനുള്ള ജിജ്ഞാസ ഇത് സൃഷ്ടിച്ചു. ജി 20 അധ്യക്ഷപദം പോലുള്ള പരിപാടികളിലൂടെ വർധിച്ചുവരുന്ന അംഗീകാരം യോഗ, ശാസ്ത്രം, സംസ്കാരം, ഉത്സവങ്ങൾ, സാഹിത്യം, ചരിത്രം, പൈതൃകം, പാചകരീതി തുടങ്ങിയ പുതിയ വഴികൾ വിദ്യാർഥികൾക്കായി സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. "ഇന്ത്യൻ യുവാക്കളുടെ ആവശ്യം വർധിച്ചുകൊണ്ടിരിക്കുകയാണ്. അവർക്ക് ഇന്ത്യയെക്കുറിച്ച് ലോകത്തോട് പറയാൻ കഴിയും. നമ്മുടെ കാര്യങ്ങൾ ലോകവേദിയിലേക്കു കൊണ്ടുപോകാൻ കഴിയും" - അദ്ദേഹം പറഞ്ഞു.

ജനാധിപത്യം, സമത്വം, പരസ്പര ബഹുമാനം തുടങ്ങിയ ഇന്ത്യൻ മൂല്യങ്ങൾ മാനവിക മൂല്യങ്ങളായി മാറുകയാണെന്നും, ഗവണ്മെന്റും നയതന്ത്രവും ഇന്ത്യൻ യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ചരിത്രം, സംസ്കാരം, പൈതൃകം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ ഗോത്രമ്യൂസിയങ്ങൾ സ്ഥാപിക്കുന്നതിന്റെയും സ്വതന്ത്ര ഇന്ത്യയുടെ വികസന യാത്രയെ പ്രധാനമന്ത്രി മ്യൂസിയത്തിലൂടെ അവതരിപ്പിക്കുന്നതിന്റെയും ഉദാഹരണം അദ്ദേഹം നൽകി. ലോകത്തിലെ ഏറ്റവും വലിയ പൈതൃക മ്യൂസിയമായ ‘യുഗേ യുഗീൻ ഭാരത്’ ഡൽഹിയിൽ നിർമിക്കാൻ പോകുന്നതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യൻ അധ്യാപകരുടെ വർധിച്ചുവരുന്ന അംഗീകാരത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ലോക നേതാക്കൾ തങ്ങളുടെ ഇന്ത്യൻ അധ്യാപകരെ കുറിച്ച് തന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ടെന്നും പരാമർശിച്ചു. “ഇന്ത്യയുടെ ഈ സോഫ്റ്റ് പവർ ഇന്ത്യൻ യുവാക്കളുടെ വിജയഗാഥയായി മാറുകയാണ്” - അദ്ദേഹം പറഞ്ഞു. ഈ വികസനത്തിനായി സർവകലാശാലകൾ അവരുടെ മനോഭാവമൊരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതിനായി ഒരു മാർഗരേഖ തയ്യാറാക്കാൻ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. 125-ാം വർഷം ആഘോഷിക്കുമ്പോൾ ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലകളിൽ ഒന്നായി ഇടം നേടണമെന്നും ഡൽഹി സർവകലാശാലയോട് അദ്ദേഹം ആവശ്യപ്പെട്ടു. "ഭാവിയിൽ പുതുമകൾ സൃഷ്ടിക്കുന്ന നവീകരണങ്ങൾ ഇവിടെ നടത്തണം, ലോകത്തിലെ ഏറ്റവും മികച്ച ആശയങ്ങളും നേതാക്കളും ഇവിടെ നിന്ന് ഉയർന്നുവരണം, ഇതിനായി നിങ്ങൾ തുടർച്ചയായി പ്രവർത്തിക്കേണ്ടതുണ്ട്" - പ്രധാനമന്ത്രി പറഞ്ഞു.

പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, ജീവിതത്തിൽ നാം സ്വയം നിശ്ചയിക്കുന്ന ലക്ഷ്യത്തിനായി നമ്മുടെ മനസ്സിനെയും ഹൃദയത്തെയും ഒരുക്കേണ്ടതിന്റെ ആവശ്യകതയ്ക്കു പ്രധാനമന്ത്രി ഊന്നൽ നൽകി. ഒരു രാജ്യത്തിന്റെ മനസ്സും ഹൃദയവും ഒരുക്കാനുള്ള ഉത്തരവാദിത്വം അതിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിറവേറ്റേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ യാത്ര മുന്നോട്ട് കൊണ്ടുപോകുമ്പോൾ ഡൽഹി സർവകലാശാല ഈ പ്രമേയങ്ങൾ നിറവേറ്റുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. "നമ്മുടെ പുതിയ തലമുറ ഭാവിക്കായി സജ്ജമായിരിക്കണം. വെല്ലുവിളികൾ സ്വീകരിക്കാനും നേരിടാനുമുള്ള മനോഭാവം ഉണ്ടായിരിക്കണം. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കാഴ്ചപ്പാടിലൂടെയും ദൗത്യത്തിലൂടെയും മാത്രമേ ഇത് സാധ്യമാകൂ" -  പ്രധാനമന്ത്രി ഉപസംഹരിച്ചു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ, ഡൽഹി സർവകലാശാല വൈസ് ചാൻസലർ ശ്രീ യോഗേഷ് സിങ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

1922 മെയ് ഒന്നിനാണ് ഡൽഹി സർവകലാശാല സ്ഥാപിച്ചത്. കഴിഞ്ഞ നൂറുവർഷങ്ങളിൽ, ഈ സർവകലാശാല വളരെയധികം വളരുകയും വികസിക്കുകയും ചെയ്തു, ഇപ്പോൾ 86 വകുപ്പുകളും 90 കോളേജുകളും 6 ലക്ഷത്തിലധികം വിദ്യാർഥികളുമുണ്ട്. രാഷ്ട്രനിർമാണത്തിൽ വളരെയധികം സംഭാവനകളേകാനും ഡൽഹി‌ സർവകലാശാലയ്ക്കു കഴിഞ്ഞിട്ടുണ്ട്.

*****

ND

(Release ID: 1936388) Visitor Counter : 111