പ്രധാനമന്ത്രിയുടെ ഓഫീസ്
ജി20 വിനോദസഞ്ചാര മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
"'അതിഥി ദൈവത്തിനു സമമാണ്' എന്നർഥം വരുന്ന പുരാതന സംസ്കൃതവാക്യമായ 'അതിഥി ദേവോ ഭവ'യെ അടിസ്ഥാനമാക്കിയുള്ളതാണ് വിനോദസഞ്ചാരത്തോടുള്ള ഇന്ത്യയുടെ സമീപനം"
"വിനോദസഞ്ചാരത്തിനായി ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം സമ്പന്നമായ പൈതൃകം സംരക്ഷിക്കുന്നതിലാണ് വിനോദസഞ്ചാരമേഖലയിലെ ഇന്ത്യയുടെ ശ്രമങ്ങൾ കേന്ദ്രീകരിക്കുന്നത്"
"കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ, രാജ്യത്തെ വിനോദസഞ്ചാരത്തിന്റെ ആവാസവ്യവസ്ഥയാകെ വികസിപ്പിക്കുന്നതിന് ഞങ്ങൾ പ്രത്യേക ഊന്നൽ നൽകി"
"സുസ്ഥിര വികസന ലക്ഷ്യങ്ങൾ വേഗത്തിൽ കൈവരിക്കുന്നതിൽ വിനോദസഞ്ചാരമേഖലയുടെ പ്രസക്തിയും ഇന്ത്യ തിരിച്ചറിയുന്നുണ്ട്"
"ഗവണ്മെന്റുകൾ, സംരംഭകർ, നിക്ഷേപകർ, അക്കാദമികൾ എന്നിവർ തമ്മിലുള്ള സഹകരണം വിനോദസഞ്ചാരമേഖലയിലെ സാങ്കേതികത നടപ്പാക്കൽ ത്വരിതപ്പെടുത്തും"
"ഭീകരവാദം വിഭജിക്കുന്നു, പക്ഷേ വിനോദസഞ്ചാരം ഒന്നിപ്പിക്കുന്നു"
"ഇന്ത്യയുടെ ജി 20 അധ്യക്ഷതയുടെ ആപ്തവാക്യമായ 'വസുധൈവ കുടുംബകം' - 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്നത് ആഗോള വിനോദസഞ്ചാരത്തിന്റെയ
Posted On:
21 JUN 2023 2:37PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗോവയിൽ നടന്ന ജി20 വിനോദസഞ്ചാര മന്ത്രിമാരുടെ യോഗത്തെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.
'വിസ്മയകരമായ ഇന്ത്യ'യുടെ മനോഭാവത്തെക്കുറിച്ച് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ആഗോളതലത്തിൽ രണ്ട് ട്രില്യൺ ഡോളറിലധികം മൂല്യമുള്ള മേഖല കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും വിനോദസഞ്ചാര മന്ത്രിമാർക്ക് സ്വയം വിനോദസഞ്ചാരികളാകാൻ അവസരം ലഭിക്കുന്നത് അപൂർവമാണെന്നു ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഗോവയിലാണ് ജി20 വിനോദസഞ്ചാര മന്ത്രിമാരുടെ യോഗം നടക്കുന്നത് എന്ന കാര്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഗൗരവതരമായ ചർച്ചകളിൽനിന്ന് അൽപ്പസമയം മാറ്റിവച്ച് ഗോവയുടെ പ്രകൃതിസൗന്ദര്യവും ആത്മീയ വശവും പര്യവേക്ഷണം ചെയ്യണമെന്ന് വിശിഷ്ടാതിഥികളോട് അഭ്യർഥിച്ചു.
'അതിഥി ദൈവത്തിനു സമമാണ്' എന്നർഥം വരുന്ന പുരാതന സംസ്കൃതവാക്യമായ 'അതിഥി ദേവോ ഭവ'യെ അടിസ്ഥാനമാക്കിയുള്ളതാണ് വിനോദസഞ്ചാരത്തോടുള്ള ഇന്ത്യയുടെ സമീപനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിനോദസഞ്ചാരമെന്നത് കേവലം കാഴ്ചകൾ കാണൽ മാത്രമല്ലെന്നും, ഗാഢമായി മനസിനെ സ്പർശിക്കുന്ന അനുഭവമാണെന്നും ശ്രീ മോദി പറഞ്ഞു. “സംഗീതമോ ഭക്ഷണമോ കലയോ സംസ്കാരമോ എന്തുമാകട്ടെ; അവയിലെല്ലാം ഇന്ത്യയുടെ വൈവിധ്യം യഥാർഥത്തിൽ മഹനീയമാണ്. തലയുയർത്തിനിൽക്കുന്ന ഹിമാലയം മുതൽ ഇടതൂർന്ന വനങ്ങൾ വരെ, വരണ്ട മരുഭൂമികൾ മുതൽ മനോഹരമായ കടലോരങ്ങൾ വരെ, സാഹസിക കായിക വിനോദങ്ങൾ മുതൽ ധ്യാനകേന്ദ്രങ്ങൾ വരെ, ഏവർക്കുമായി ഇന്ത്യക്ക് നിരവധി കാര്യങ്ങൾ പങ്കുവയ്ക്കാനുണ്ട്” - പ്രധാനമന്ത്രി പറഞ്ഞു. ജി-20 അധ്യക്ഷപദവിയിലിക്കെ ഇന്ത്യ രാജ്യത്തുടനീളം 100 വ്യത്യസ്ത ഇടങ്ങളിലായി 200 ഓളം യോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. “ഈ യോഗങ്ങളിൽ പങ്കെടുക്കാനായി ഇതിനകം ഇന്ത്യ സന്ദർശിച്ച നിങ്ങളുടെ സുഹൃത്തുക്കളോട് നിങ്ങൾ ചോദിച്ചാൽ, ഓരോ അനുഭവവും വ്യത്യസ്തമായിരിക്കുമെന്ന് അവർ പറയുമെന്ന് എനിക്ക് ഉറപ്പുണ്ട്” - അദ്ദേഹം കൂട്ടിച്ചേർത്തു.
വിനോദസഞ്ചാരത്തിനായി ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം സമ്പന്നമായ പൈതൃകം സംരക്ഷിക്കുന്നതിലാണ് വിനോദസഞ്ചാര മേഖലയിലെ ഇന്ത്യയുടെ ശ്രമങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ എല്ലാ പ്രധാന മതങ്ങളിൽ നിന്നുമുള്ള തീർഥാടകരെ ഇന്ത്യ ആകർഷിക്കുന്നുണ്ടെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, ആധ്യാത്മിക വിനോദസഞ്ചാരത്തിന്റെ വികസനത്തിന് ഊന്നൽ നൽകുന്നതിനെക്കുറിച്ചും പരാമർശിച്ചു. പ്രധാന ആത്മീയ കേന്ദ്രങ്ങളിലൊന്നായ വാരാണസിയിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിച്ചത് തീർഥാടകരുടെ എണ്ണം പത്തിരട്ടിയായി വർധിക്കാൻ കാരണമായെന്നും ഇന്നത് 70 ദശലക്ഷമായി ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ ഏകതാപ്രതിമയുടെ ഉദാഹരണവും അദ്ദേഹം നൽകി. ഉദ്ഘാടനം ചെയ്ത് ഒരു വർഷത്തിനുള്ളിൽ ഏകദേശം 2.7 ദശലക്ഷം സഞ്ചാരികളെ ഇവിടം ആകർഷിച്ചു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ, രാജ്യത്തെ വിനോദസഞ്ചാരത്തിന്റെ ആവാസവ്യവസ്ഥയാകെ വികസിപ്പിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഗതാഗത അടിസ്ഥാനസൗകര്യങ്ങൾ മുതൽ അതിഥിസൽക്കാരമേഖല വരെയും, നൈപുണ്യ വികസനത്തിലും, വിസ സംവിധാനങ്ങളിൽ പോലും, ഞങ്ങൾ വിനോദസഞ്ചാരമേഖലയെ ഞങ്ങളുടെ പരിഷ്കാരങ്ങളുടെ കേന്ദ്രബിന്ദുവായി നിലനിർത്തി”- ശ്രീ മോദി പറഞ്ഞു. മറ്റ് മേഖലകളെ അപേക്ഷിച്ച് കൂടുതൽ സ്ത്രീകൾക്കും യുവാക്കൾക്കും തൊഴിൽ നൽകുന്നതിനൊപ്പം, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും സാമൂഹ്യ ഉൾച്ചേർക്കലിനും അതിഥിസൽക്കാര മേഖലയ്ക്ക് വലിയ സാധ്യതകളുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ വേഗത്തിൽ കൈവരിക്കുന്നതിൽ വിനോദസഞ്ചാരമേഖലയുടെ പ്രസക്തിയും ഇന്ത്യ തിരിച്ചറിയുന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.
ഹരിത വിനോദസഞ്ചാരം, ഡിജിറ്റലൈസേഷൻ, നൈപുണ്യ വികസനം, വിനോദസഞ്ചാര എംഎസ്എംഇകൾ, ഡെസ്റ്റിനേഷൻ മാനേജ്മെന്റ് എന്നീ അഞ്ച് പരസ്പരബന്ധിത മുൻഗണനാ മേഖലകൾ ഇന്ത്യയുടെയും ഗ്ലോബൽ സൗത്തിന്റെയും മുൻഗണനകൾ പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിർമിതബുദ്ധി, ഓഗ്‌മെന്റഡ് റിയാലിറ്റി തുടങ്ങിയ ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ നവീകരണത്തിനായി കൂടുതൽ ഉപയോഗിക്കണമെന്ന് ശ്രീ മോദി നിർദേശിച്ചു. രാജ്യത്ത് സംസാരിക്കുന്ന വിവിധ ഭാഷകളുടെ തത്സമയ വിവർത്തനം സാധ്യമാക്കുന്ന നിർമിതബുദ്ധിക്കായി ഇന്ത്യ പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഗവണ്മെന്റുകൾ, സംരംഭകർ, നിക്ഷേപകർ, വിദ്യാഭ്യാസവിദഗ്ധർ എന്നിവർക്കിടയിലുള്ള സഹകരണം വിനോദസഞ്ചാര മേഖലയിൽ ഇത്തരം സാങ്കേതിക പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിനോദസഞ്ചാര കമ്പനികൾക്കുള്ള വ്യാവസായിക നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനും സാമ്പത്തിക ലഭ്യത വർധിപ്പിക്കുന്നതിനും നൈപുണ്യ വികസനത്തിൽ നിക്ഷേപം നടത്തുന്നതിനും അവരെ സഹായിക്കുന്നതിനും കൂട്ടായി പ്രവർത്തിക്കാനും പ്രധാനമന്ത്രി നിർദേശിച്ചു.
'ഭീകരവാദം വിഭജിക്കുന്നു, പക്ഷേ വിനോദസഞ്ചാരം ഒന്നിപ്പിക്കുന്നു' - പ്രധാനമന്ത്രി പറഞ്ഞു. ജീവിതത്തിന്റെ നാനാതുറകളിലുള്ളവരെ ഒന്നിപ്പിക്കാനും അതുവഴി യോജിപ്പുള്ള സമൂഹം സൃഷ്ടിക്കാനും വിനോദസഞ്ചാരത്തിനു കഴിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുഎൻഡബ്ല്യുടിഒയുടെ പങ്കാളിത്തത്തോടെ ജി20 വിനോദസഞ്ചാര ഡാഷ്‌ബോർഡ് വികസിപ്പിക്കുന്നതിൽ ശ്രീ മോദി സന്തോഷം പ്രകടിപ്പിച്ചു. ഇതു മികച്ച രീതികളും പഠനങ്ങളും പ്രചോദനാത്മകമായ ഗാഥകളും ഒരുമിച്ച് കൊണ്ടുവരുന്ന ആദ്യ വേദിയായിരിക്കും. ചർച്ചകളും 'ഗോവ റോഡ്‌മാപ്പും' വിനോദസഞ്ചാരത്തിന്റെ പരിവർത്തന ശക്തി തിരിച്ചറിയാനുള്ള കൂട്ടായ ശ്രമങ്ങളെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. "ഇന്ത്യയുടെ ജി 20 അധ്യക്ഷതയുടെ ആപ്തവാക്യമായ 'വസുധൈവ കുടുംബകം' - 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്നത് ആഗോള വിനോദസഞ്ചാരത്തിന്റെയും ആപ്തവാക്യമാക്കാം"- അദ്ദേഹം പറഞ്ഞു.
ഗോവയിൽ നടക്കാനിരിക്കുന്ന സാവോ ജോവോമേളയെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യ ഉത്സവങ്ങളുടെ നാടാണെന്ന് വ്യക്തമാക്കി. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ജനാധിപത്യത്തിന്റെ മാതാവിൽ, ജനാധിപത്യ മൂല്യങ്ങളിലുള്ള തങ്ങളുടെ വിശ്വാസം വീണ്ടും ഊട്ടിയുറപ്പിച്ച് ഒരു ബില്യൺ വോട്ടർമാർ ഒരു മാസത്തിലേറെക്കാലംകൊണ്ടു പങ്കെടുക്കുന്ന ജനാധിപത്യത്തിന്റെ ഉത്സവം കാണണമെന്ന് പ്രധാനമന്ത്രി വിശിഷ്ടാതിഥികളോട് അഭ്യർഥിച്ചു. “ഒരു ദശലക്ഷത്തിലധികം വോട്ടിംഗ് ബൂത്തുകളുള്ളതിനാൽ, ഈ ഉത്സവം അതിന്റെ എല്ലാ വൈവിധ്യത്തിലും കാണാനുള്ള അവസരം നിങ്ങൾക്ക് ലഭ്യമാകാതെ പോകില്ല” - പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യത്തിന്റെ ഉത്സവ വേളയിൽ ഇന്ത്യ സന്ദർശിക്കാനുള്ള ക്ഷണം നൽകിയാണ് അദ്ദേഹം പ്രസംഗം ഉപസംഹരിച്ചത്.
LIVE. PM @narendramodi's remarks at the G20 Tourism Ministers' Meeting. @g20org https://t.co/EhD5WJ9SI1
— PMO India (@PMOIndia) June 21, 2023
*****
--ND--
(Release ID: 1934054)
Visitor Counter : 112
Read this release in:
Tamil
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada