പ്രധാനമന്ത്രിയുടെ ഓഫീസ്
തൊഴിൽമേളയുടെ ഭാഗമായി, ഗവണ്മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായവർക്ക് ജൂൺ 13ന് (നാളെ ) പ്രധാനമന്ത്രി 70,000 നിയമനക്കുറിപ്പുകൾ വിതരണം ചെയ്യും
Posted On:
12 JUN 2023 4:00PM by PIB Thiruvananthpuram
വിവിധ ഗവണ്മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായവർക്കുള്ള നിയമനക്കുറിപ്പുകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി 2023 ജൂൺ 13ന് (നാളെ) വിതരണം ചെയ്യും. വിദൂരദൃശ്യസംവിധാനത്തിലൂടെ രാവിലെ 10.30നാണ് ചടങ്ങ്. ഏകദേശം 70,000 നിയമനക്കുറിപ്പുകൾ പ്രധാനമന്ത്രി വിതരണം ചെയ്യും. പുതുതായി നിയമനം ലഭിച്ചവരെ ചടങ്ങിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
രാജ്യത്തുടനീളം 43 സ്ഥലങ്ങളിലാണു തൊഴിൽ മേള നടക്കുക. ഈ സംരംഭത്തെ പിന്തുണയ്ക്കുന്ന കേന്ദ്ര ഗവൺമെന്റ് വകുപ്പുകളിലും സംസ്ഥാന/കേന്ദ്രഭരണപ്രദേശ ഗവണ്മെന്റ് വകുപ്പുകളിലും നിയമനം നടക്കും. ധനകാര്യ സേവന വകുപ്പ്, തപാൽ വകുപ്പ്, സ്കൂൾ വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധ മന്ത്രാലയം, റവന്യൂ വകുപ്പ്, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം, ആണവോർജ വകുപ്പ്, റെയിൽവേ മന്ത്രാലയം, ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് വകുപ്പ് എന്നിവയുൾപ്പെടെ വിവിധ വകുപ്പുകളിലേക്കാണ് രാജ്യമെമ്പാടുംനിന്നു തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള നിയമനം.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഉയർന്ന മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധത നിറവേറ്റുന്നതിനുള്ള ചുവടുവയ്പാണ് തൊഴിൽ മേള. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി തൊഴിൽമേള ഉത്തേജമായി വർത്തിക്കും. യുവാക്കൾക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തിൽ പങ്കാളിത്തത്തിനും അർഥവത്തായ അവസരങ്ങൾ പ്രദാനം ചെയ്യുന്നതിനും ഇതു സഹായിക്കും.
പുതുതായി നിയമിതരായവർക്ക് iGOT കർമയോഗി പോർട്ടലിലെ ഓൺലൈൻ മൊഡ്യൂളായ 'കർമയോഗി പ്രാരംഭ്' വഴി സ്വയം പരിശീലനത്തിനുള്ള അവസരവും ലഭിക്കും. 'എവിടെനിന്നും ഏതു പകരണത്തിലും' പഠിക്കുന്നതിനുള്ള സൗകര്യത്തിനായി 400-ലധികം ഇ-ലേണിങ് കോഴ്സുകൾ ഇതിൽ ലഭ്യമാക്കിയിട്ടുണ്ട്.
--ND--
(Release ID: 1931697)
Visitor Counter : 144
Read this release in:
Marathi
,
Bengali
,
English
,
Urdu
,
Hindi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada