പ്രധാനമന്ത്രിയുടെ ഓഫീസ്
ജി20 വികസന മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
"നൂറ്റാണ്ടുകളായി അറിവിന്റെയും ചർച്ചയുടെയും സംവാദത്തിന്റെയും സംസ്കാരത്തിന്റെയും ആത്മീയതയുടെയും കേന്ദ്രമാണ് കാശി"
"സുസ്ഥിരവികസന ലക്ഷ്യങ്ങളിൽനിന്ന് പിന്നോട്ടുപോകാതിരിക്കുക എന്നത് ജനങ്ങളുടെ കൂട്ടായ ഉത്തരവാദിത്വമാണ്"
"വികസനംകാംക്ഷിച്ചിരുന്ന രാജ്യത്തെ നൂറിലധികം ജില്ലകളിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ഞങ്ങൾ ശ്രമിച്ചു"
"ഡിജിറ്റൽവൽക്കരണം വലിയതോതിലുള്ള പരിവർത്തനം സാധ്യമാക്കി. അതിലൂടെ ജനങ്ങളെ ശാക്തീകരിക്കുന്നതിനും അവർക്കു വിവരങ്ങൾ പ്രാപ്യമാക്കുന്നതിലും ഉൾപ്പെടുത്തൽ ഉറപ്പാക്കുന്നതിനുമുള്ള ഉപാധിയായി സാങ്കേതികവിദ്യ വർത്തിക്കുന്നു"
"ഇന്ത്യയിൽ, നദികളെയും മരങ്ങളെയും പർവതങ്ങളെയും പ്രകൃതിയുടെ എല്ലാ ഘടകങ്ങളെയും ഞങ്ങൾ വളരെയധികം ആദരിക്കുന്നു"
"സ്ത്രീശാക്തീകരണത്തിൽ മാത്രമല്ല; മറിച്ച്, സ്ത്രീകളാൽ നയിക്കപ്പെടുന്ന വികസനത്തിലേക്കും ഇന്ത്യ കുതിക്കുന്നു"
Posted On:
12 JUN 2023 10:03AM by PIB Thiruvananthpuram
ജി 20 വികസന മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു.
ജനാധിപത്യത്തിന്റെ ഈറ്റില്ലമായ ഇന്ത്യയിലെ ഏറ്റവും പുരാതന നഗരമായ വാരാണസിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സമ്മേളനത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു. നൂറ്റാണ്ടുകളായി വിജ്ഞാനത്തിന്റെയും ചർച്ചയുടെയും സംവാദത്തിന്റെയും സംസ്കാരത്തിന്റെയും ആത്മീയതയുടെയും കേന്ദ്രമായിരുന്നു കാശി. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ജനങ്ങൾക്ക് കൂടിച്ചേരാൻ അവസരമൊരുക്കുന്ന കേന്ദ്രമായതിനാൽ ഇന്ത്യയുടെ വൈവിധ്യമാർന്ന പൈതൃകത്തിന്റെ സത്തയും കാശിക്കുണ്ട് - കാശിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ജി20 വികസന കാര്യപരിപാടി കാശിയിലും എത്തിയതിൽ ശ്രീ മോദി ആഹ്ലാദം പ്രകടിപ്പിച്ചു.
“ഗ്ലോബൽ സൗത്തിന്റെ പ്രധാന വിഷയമാണ് വികസനം” - പ്രധാനമന്ത്രി പറഞ്ഞു. ആഗോളതലത്തിൽ കോവിഡ് മഹാമാരി മൂലമുണ്ടായ പ്രതിബന്ധങ്ങൾ ഗ്ലോബൽ സൗത്ത് രാജ്യങ്ങളെ സാരമായി ബാധിച്ചുവെന്നും ഒപ്പം ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾ ഭക്ഷണം, ഇന്ധനം, വളം എന്നീ മേഖലകളിലെ പ്രതിസന്ധികൾക്ക് കാരണമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരമൊരു സാഹചര്യത്തിൽ ഈ യോഗത്തിൽ കൈക്കൊള്ളുന്ന തീരുമാനങ്ങൾ മനുഷ്യരാശിക്ക് മൊത്തത്തിൽ പ്രാധാന്യമുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ പിന്നോട്ട് പോകാതിരിക്കേണ്ടത് ജനങ്ങളുടെ കൂട്ടായ ഉത്തരവാദിത്വമാണെന്നും ശ്രീ മോദി വ്യക്തമാക്കി. അത് സാധ്യമാക്കുന്നതിന് ആവശ്യമായ പ്രവർത്തന പദ്ധതിയെക്കുറിച്ച് ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ ശക്തമായ സന്ദേശം ലോകത്തിന് നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നമ്മുടെ ശ്രമങ്ങൾ സമഗ്രവും ഉൾക്കൊള്ളുന്നതും നീതിയുക്തവും സുസ്ഥിരവുമായിരിക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള നിക്ഷേപം വർധിപ്പിക്കാനും നിരവധി രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന കടബാധ്യതകൾക്കുള്ള പരിഹാരങ്ങൾ കണ്ടെത്താനുമുളള ശ്രമങ്ങൾ നടത്തണം. ആവശ്യമുള്ളവർക്ക് ധനസഹായം ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുന്നതിനായി യോഗ്യതാ മാനദണ്ഡങ്ങൾ വിപുലീകരിക്കുന്നതിന് ബഹുമുഖ ധനകാര്യ സ്ഥാപനങ്ങൾ പരിഷ്കരിക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ, വികസനം കാംക്ഷിച്ചിരുന്ന നൂറിലധികം ജില്ലകളിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ഗവണ്മെന്റ് ശ്രമിച്ചിട്ടുണ്ട് - പ്രധാനമന്ത്രി പറഞ്ഞു. ഈ ജില്ലകൾ ഇപ്പോൾ രാജ്യത്തിന്റെ വളർച്ചയുടെ ഉത്തേജകങ്ങളായി ഉയർന്നുവന്നിട്ടുണ്ട്. ഈ ജില്ലകളിലെ വികസന മാതൃക പഠിക്കാൻ ജി20 വികസന മന്ത്രിമാരോട് അഭ്യർഥിക്കുന്നു - അദ്ദേഹം പറഞ്ഞു. "2030ലേക്കുള്ള കാര്യപരിപാടി ത്വരിതപ്പെടുത്തുന്നതിനായുള്ള പ്രവർത്തനങ്ങളിൽ ഇത് പ്രസക്തമാകും"- അദ്ദേഹം കൂട്ടിച്ചേർത്തു.
അർഥവത്തായ നയരൂപവൽക്കരണത്തിനും കാര്യക്ഷമമായ വിഭവ വിനിയോഗത്തിനും ഫലപ്രദമായ പൊതുസേവന വിതരണത്തിനും ഉയർന്ന നിലവാരമുള്ള ഡാറ്റ നിർണായകമാണെന്ന്, വർധിച്ചുവരുന്ന ഡാറ്റാ വിഭജനത്തിന്റെ പ്രശ്നം ഉയർത്തിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യയുടെ ജനാധിപത്യവൽക്കരണം ഡാറ്റാ വിഭജനത്തെ മറികടക്കാൻ സഹായിക്കുന്ന നിർണായക ഉപകരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ, ഡിജിറ്റൽവൽക്കരണം വലിയതോതിലുള്ള പരിവർത്തനം സാധ്യമാക്കി. അതിലൂടെ ജനങ്ങളെ ശാക്തീകരിക്കുന്നതിനും അവർക്ക് വിവരങ്ങൾ പ്രാപ്യമാക്കുന്നതിലും ഉൾപ്പെടുത്തൽ ഉറപ്പാക്കുന്നതിനുമുള്ള ഉപാധിയായി സാങ്കേതികവിദ്യ വർത്തിക്കുന്നു. സൗഹൃദ രാജ്യങ്ങളുമായി തങ്ങളുടെ അനുഭവം പങ്കിടാൻ ഇന്ത്യ തയ്യാറാണെന്ന് അടിവരയിട്ട പ്രധാനമന്ത്രി, വികസ്വര രാജ്യങ്ങളിലെ വിനിമയങ്ങൾക്കും വികസനത്തിനും വിതരണത്തിനും സാങ്കേതികവിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ചർച്ചകൾ വഴിയൊരുക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
"ഇന്ത്യയിൽ, നദികളെയും മരങ്ങളെയും പർവതങ്ങളെയും പ്രകൃതിയുടെ എല്ലാ ഘടകങ്ങളെയും ഞങ്ങൾ വളരെയധികം ആദരിക്കുന്നു" - ഭൂമിയുടെ ഭാവിക്ക് അനുയോജ്യമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന പരമ്പരാഗത ഇന്ത്യൻ ചിന്ത എടുത്തുകാട്ടി പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം, യുഎൻ സെക്രട്ടറി ജനറലിനൊപ്പം, ലൈഫ് ദൗത്യം സമാരംഭിച്ച കാര്യം അനുസ്മരിച്ച പ്രധാനമന്ത്രി, ഉന്നതതല തത്വങ്ങൾ വികസിപ്പിക്കുന്നതിനായി ഈ സംഘം പ്രവർത്തിക്കുന്നതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. “ഇത് കാലാവസ്ഥാ സംരക്ഷണപ്രവർത്തനങ്ങൾക്കു ഗണ്യമായ സംഭാവനയേകും” - അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീശാക്തീകരണത്തിൽ മാത്രം ഇന്ത്യ ഒതുങ്ങുന്നില്ലെന്നും, മറിച്ച്, സ്ത്രീകളാൽ നയിക്കപ്പെടുന്ന വികസന പ്രവർത്തനങ്ങളിലേക്ക് രാജ്യം നീങ്ങുന്നുവെന്നും, സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ലിംഗസമത്വത്തിന്റെയും സ്ത്രീശാക്തീകരണത്തിന്റെയും പ്രാധാന്യത്തിന് അടിവരയിട്ടു പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകൾ വികസനത്തിന്റെ അജൻഡ നിശ്ചയിക്കുകയാണെന്നും വളർച്ചയുടെയും മാറ്റത്തിന്റെയും വക്താക്കളായി അവർ മാറുകയാണെന്നും ശ്രീ മോദി പറഞ്ഞു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിനായി പ്രവർത്തന മാർഗരേഖ പുതുക്കി നിശ്ചയിക്കാനും അദ്ദേഹം ഏവരോടും അഭ്യർഥിച്ചു.
ഇന്ത്യയുടെ കാലാതീതമായ പാരമ്പര്യങ്ങളാൽ കാശിയുടെ ചൈതന്യം ശോഭിക്കുന്നതായി പ്രസംഗം ഉപസംഹരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. മുഴുവൻ സമയവും യോഗത്തിനായി ചെലവഴിക്കരുതെന്നും, കാശിയുടെ ചൈതന്യം പര്യവേക്ഷണം ചെയ്യുകയും അനുഭവിക്കുകയും വേണമെന്നും ശ്രീ മോദി വിശിഷ്ടാതിഥികളോട് അഭ്യർത്ഥിച്ചു. "ഗംഗാ ആരതി അനുഭവിച്ചറിയുന്നതും സാരാനാഥ് സന്ദർശിക്കുന്നതും നിങ്ങൾ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങൾ കൈവരിക്കാൻ നിങ്ങളെ പ്രചോദിപ്പിക്കുമെന്ന് എനിക്കുറപ്പുണ്ട്" - പ്രധാനമന്ത്രി ഉപസംഹരിച്ചു. കാര്യപരിപാടി 2030 പ്രോത്സാഹിപ്പിക്കുന്നതിനും ഗ്ലോബൽ സൗത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുമുള്ള ചർച്ചകളിൽ വിജയിക്കട്ടെയെന്നും ശ്രീ മോദി ആശംസിച്ചു.
*****
--ND--
(Release ID: 1931566)
Visitor Counter : 172
Read this release in:
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Nepali
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada