പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഖേലോ ഇന്ത്യാ യൂണിവേഴ്‌സിറ്റി ഗെയിംസിന്റെ മൂന്നാം എഡിഷന്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി ചെയ്ത പ്രസംഗം

Posted On: 25 MAY 2023 9:57PM by PIB Thiruvananthpuram


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, കേന്ദ്ര കായിക മന്ത്രി ശ്രീ അനുരാഗ് താക്കൂര്‍ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ നിസിത് പ്രമാണിക് ജി, ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് ജി, മറ്റ് വിശിഷ്ട വ്യക്തികള; ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ പങ്കെടുക്കുന്ന എല്ലാ കളിക്കാര്‍ക്കും അഭിനന്ദനങ്ങള്‍. രാജ്യമെമ്പാടുമുള്ള യുവ കായിക പ്രതിഭകളുടെ സംഗമസ്ഥാനമായി ഇന്ന് യുപി മാറിയിരിക്കുന്നു. ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ പങ്കെടുക്കുന്ന 4,000 കളിക്കാരില്‍ ഭൂരിഭാഗവും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ളവരാണ്. ഞാന്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംപിയാണ്,ഞാന്‍ ഉത്തര്‍പ്രദേശിലെ ജനങ്ങളുടെ പ്രതിനിധിയാണ്. അതിനാല്‍, യുപിയില്‍ നിന്നുള്ള ഒരു പാര്‍ലമെന്റ് അംഗമായതിനാല്‍, 'ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍' പങ്കെടുക്കാന്‍ യുപിയിലെത്തിയ എല്ലാ കായിക താരങ്ങളെയും ഞാന്‍ പ്രത്യേകം സ്വാഗതം ചെയ്യുന്നു.

ഈ കളികളുടെ സമാപന ചടങ്ങ് കാശിയിലാണു നടക്കുക. കാശിയിലെ എംപി ആയതിനാല്‍ ഞാനും ഇതില്‍ വളരെ ആവേശത്തിലാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ആഘോഷിക്കുന്നതിനാല്‍ ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിന്റെ മൂന്നാം പതിപ്പ് അതില്‍ത്തന്നെ വളരെ സവിശേഷമാണ്. രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ കൂട്ടായ്മയുടെ ആവേശം വളര്‍ത്തിയെടുക്കാനും 'ഏക ഭാരതം ശ്രേഷ്ഠ ഭാരതം' എന്ന ആശയം ശക്തിപ്പെടുത്താനുമുള്ള മികച്ച മാധ്യമമായി ഇത് മാറിയിരിക്കുന്നു. ഈ ഗെയിമുകളില്‍ യുവാക്കളെ വിവിധ പ്രദേശങ്ങളിലേക്ക് പരിചയപ്പെടുത്തും. മത്സരങ്ങള്‍ നടക്കുന്ന യുപിയിലെ വിവിധ നഗരങ്ങളിലെ യുവാക്കള്‍ തമ്മിലും ബന്ധമുണ്ടാകും. ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസില്‍ പങ്കെടുക്കാനെത്തിയ യുവ കായിക താരങ്ങള്‍ ജീവിതകാലം മുഴുവന്‍ നെഞ്ചിലേറ്റുന്ന അനുഭവവുമായാണ് മടങ്ങിയെത്തുകയെന്ന് എനിക്ക് ഉറപ്പുണ്ട്. വരാനിരിക്കുന്ന മത്സരങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

സുഹൃത്തുക്കളേ,

കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ കായികരംഗത്ത് ഒരു പുതിയ യുഗം ആരംഭിച്ചു. ഈ പുതിയ യുഗം ഇന്ത്യയെ ലോകത്തിലെ ഒരു പ്രധാന കായിക ശക്തിയാക്കി മാറ്റുക മാത്രമല്ല. മറിച്ച്, സ്‌പോര്‍ട്‌സിലൂടെയുള്ള സാമൂഹിക ശാക്തീകരണത്തിന്റെ ഒരു പുതിയ യുഗം കൂടിയാണിത്. നമ്മുടെ നാട്ടില്‍ സ്പോര്‍ട്സിനോട് നിസ്സംഗത തോന്നിയ ഒരു കാലമുണ്ടായിരുന്നു. സ്പോര്‍ട്സും ഒരു കരിയറാകുമെന്ന് വളരെ കുറച്ച് ആളുകള്‍ കരുതി. കായികരംഗത്ത് ഗവണ്‍മെന്റുകളില്‍ നിന്ന് ലഭിക്കേണ്ട പിന്തുണയും സഹകരണവും ലഭിക്കാത്തതായിരുന്നു കാരണം. കായിക അടിസ്ഥാന സൗകര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയില്ല, കളിക്കാരുടെ ആവശ്യങ്ങളും പരിഗണിച്ചില്ല. അതുകൊണ്ട് തന്നെ പാവപ്പെട്ടവരും ഇടത്തരക്കാരുമായ കുട്ടികള്‍ക്കും ഗ്രാമങ്ങളിലെയും നാട്ടിന്‍പുറങ്ങളിലെയും കുട്ടികള്‍ക്കും കായികരംഗത്ത് മുന്നേറാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. സ്പോര്‍ട്സ് ഒഴിവുസമയം ചെലവഴിക്കുകയല്ലാതെ മറ്റൊന്നുമല്ല എന്ന വികാരവും സമൂഹത്തില്‍ വളര്‍ന്നു. കുട്ടി തന്റെ ജീവിതം 'സെറ്റില്‍' ചെയ്യുന്ന തൊഴിലില്‍ ചേരണമെന്ന് മിക്ക മാതാപിതാക്കളും കരുതി. ഈ മാനസികാവസ്ഥ കാരണം രാജ്യത്തിന് നിരവധി മികച്ച കളിക്കാരെ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന് ചിലപ്പോള്‍ എനിക്കു തോന്നാറുണ്ട്. എന്നാല്‍ ഇന്ന് മാതാപിതാക്കളുടെയും സമൂഹത്തിന്റെയും സ്‌പോര്‍ട്‌സിനോടുള്ള മനോഭാവത്തില്‍ വലിയ മാറ്റം വന്നതില്‍ സന്തോഷമുണ്ട്. ജീവിതത്തില്‍ മുന്നേറാനുള്ള ആകര്‍ഷകമായ തൊഴിലായിട്ടാണ് സ്പോര്‍ട്സിനെ കാണുന്നത്. ഖേലോ ഇന്ത്യ  പ്രചാരണം ഇക്കാര്യത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

സുഹൃത്തുക്കളേ,

കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ നടന്ന കുംഭകോണം കായികരംഗത്തോടുള്ള മുന്‍ ഗവണ്‍മെന്റുകളുടെ മനോഭാവത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ്. ലോകത്തില്‍ ഇന്ത്യയുടെ യശസ്സ് സ്ഥാപിക്കാന്‍ ഉപകരിക്കുമായിരുന്ന കായിക മത്സരം അഴിമതിയില്‍ മുങ്ങി. നമ്മുടെ ഗ്രാമ ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും കുട്ടികള്‍ക്ക് കളിക്കാന്‍ അവസരം ലഭിക്കുന്നതിന് മുമ്പ് ഒരു പദ്ധതി നിലവിലുണ്ടായിരുന്നു. 'പഞ്ചായത്ത് യുവ ക്രീഡ ഔര്‍ ഖേല്‍ അഭിയാന്‍' എന്നായിരുന്നു ഇതിന്റെ പേര്. പിന്നീട് അതിന്റെ പേര് 'രാജീവ് ഗാന്ധി ഖേല്‍ അഭിയാന്‍' എന്നാക്കി മാറ്റി. ഈ പ്രചാരണത്തിലും, പേര് മാറ്റുന്നതില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്, മാത്രമല്ല രാജ്യത്ത് കായിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കിയില്ല.

നേരത്തെ, ഒരു ഗ്രാമത്തില്‍ നിന്നോ നഗരത്തില്‍ നിന്നോ ഓരോ കളിക്കാരനും മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി, പരിശീലനത്തിനായി വീട്ടില്‍ നിന്ന് വളരെ ദൂരെ പോകേണ്ടിവരുമെന്നതായിരുന്നു. തല്‍ഫലമായി, കളിക്കാര്‍ക്കു ധാരാളം സമയം ചെലവഴിക്കേണ്ടി വരികയും പലപ്പോഴും മറ്റ് നഗരങ്ങളില്‍ താമസിക്കേണ്ടി വരികയും ചെയ്തു. ഈ പ്രശ്‌നം കാരണം പല യുവാക്കളും തങ്ങളുടെ താല്‍പര്യം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി. കായിക താരങ്ങള്‍ നേരിടുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ വെല്ലുവിളി ഇന്ന് നമ്മുടെ ഗവണ്‍മെന്റും ഏറ്റെടുക്കുകയാണ്. നഗര കായി അടിസ്ഥാന സൗകര്യ പദ്ധതിക്കായി മുന്‍ ഗവണ്‍മെന്റ് ആറ് വര്‍ഷം കൊണ്ട് 300 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. വര്‍ദ്ധിച്ചുവരുന്ന സ്‌പോര്‍ട്‌സ് അടിസ്ഥാന സൗകര്യം കാരണം കൂടുതല്‍ കളിക്കാര്‍ക്ക് സ്‌പോര്‍ട്‌സില്‍ ചേരുന്നത് ഇപ്പോള്‍ എളുപ്പമായിരിക്കുന്നു. ഖേലോ ഇന്ത്യ ഗെയിംസില്‍ ഇതുവരെ 30,000-ത്തിലധികം കായികതാരങ്ങള്‍ പങ്കെടുത്തതില്‍ ഞാന്‍ സംതൃപ്തനാണ്. 1500 ഖേലോ ഇന്ത്യ അത്ലറ്റുകളെ കണ്ടെത്തി അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ട് എന്നതാണ് പ്രധാനം. ആധുനിക സ്പോര്‍ട്സ് അക്കാദമികളില്‍ അവര്‍ക്ക് മികച്ച പരിശീലനവും നല്‍കുന്നുണ്ട്. ഈ വര്‍ഷത്തെ കേന്ദ്ര കായിക ബജറ്റും ഒമ്പത് വര്‍ഷം മുമ്പുണ്ടായിരുന്നതിനെ അപേക്ഷിച്ച് മൂന്നിരട്ടി വര്‍ധിപ്പിച്ചു.

ഇന്ന്, ഗ്രാമങ്ങള്‍ക്ക് സമീപം ആധുനിക കായിക അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നു. രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളില്‍ പോലും മെച്ചപ്പെട്ട മൈതാനങ്ങളും ആധുനിക സ്റ്റേഡിയങ്ങളും ആധുനിക പരിശീലന സൗകര്യങ്ങളും ഇപ്പോള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. യുപിയിലും ആയിരക്കണക്കിന് കോടി രൂപയാണ് കായിക പദ്ധതികള്‍ക്കായി ചെലവഴിക്കുന്നത്. ലഖ്നൗവില്‍ ഉണ്ടായിരുന്ന സൗകര്യങ്ങളും വിപുലീകരിച്ചു. ഇന്ന് വാരണാസിയിലെ സിഗ്ര സ്റ്റേഡിയം ഒരു ആധുനിക രൂപത്തില്‍ തയ്യാറാവുകയാണ്. യുവാക്കള്‍ക്കായി 400 കോടിയോളം രൂപ ചെലവഴിച്ചാണ് ഇവിടെ ആധുനിക സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത്. ഖേലോ ഇന്ത്യ പദ്ധതിക്ക് കീഴില്‍ ലാല്‍പൂരിലെ സിന്തറ്റിക് ഹോക്കി ഗ്രൗണ്ട്, ഗോരഖ്പൂരിലെ വീര്‍ ബഹദൂര്‍ സിംഗ് സ്പോര്‍ട്സ് കോളേജിലെ മള്‍ട്ടിപര്‍പ്പസ് ഹാള്‍, മീററ്റിലെ സിന്തറ്റിക് ഹോക്കി ഗ്രൗണ്ട്, സഹറന്‍പൂരില്‍ സിന്തറ്റിക് റണ്ണിംഗ് ട്രാക്ക് എന്നിവയ്ക്കും സഹായം നല്‍കിയിട്ടുണ്ട്. സമീപഭാവിയില്‍ ഖേലോ ഇന്ത്യ പ്രോഗ്രാമിന് കീഴില്‍ സമാനമായ സൗകര്യങ്ങള്‍ കൂടുതല്‍ വിപുലീകരിക്കും.

സുഹൃത്തുക്കളേ,

കളിക്കാര്‍ക്ക് പരമാവധി മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നതിന് ഞങ്ങള്‍ പ്രത്യേക ഊന്നല്‍ നല്‍കുകയും ചെയ്യുന്നു. ഒരു കളിക്കാരന്‍ കായിക മത്സരങ്ങളില്‍ എത്രത്തോളം പങ്കെടുക്കുന്നുവോ അത്രത്തോളം പ്രയോജനം ലഭിക്കുന്നു, അത്രയധികം അവന്റെ കഴിവ് വര്‍ദ്ധിക്കുന്നു. അവര്‍ അവരുടെ നിലവാരം മനസ്സിലാക്കുകയും പുരോഗതിയുടെ മേഖലകള്‍ തിരിച്ചറിയുകയും ചെയ്യുന്നു. എന്താണ് അവരുടെ പോരായ്മകള്‍, തെറ്റുകള്‍, വെല്ലുവിളികള്‍? കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖേലോ ഇന്ത്യ സ്‌കൂള്‍ ഗെയിംസ് ആരംഭിച്ചതിന് പിന്നിലെ ഒരു പ്രധാന കാരണം ഇതാണ്. ഇന്ന് അത് ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിലേക്കും ഖേലോ ഇന്ത്യ വിന്റര്‍ ഗെയിംസിലേക്കും വ്യാപിച്ചിരിക്കുന്നു. രാജ്യത്തെ ആയിരക്കണക്കിന് കളിക്കാര്‍ ഈ പ്രോഗ്രാമിന് കീഴില്‍ മത്സരിക്കുകയും അവരുടെ കഴിവിന്റെ കരുത്തില്‍ മുന്നേറുകയും ചെയ്യുന്നു. ഭാരതീയ ജനതാ പാര്‍ട്ടിയുടെ നിരവധി എംപിമാര്‍ സന്‍സദ് കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഓരോ പാര്‍ലമെന്റ് മണ്ഡലത്തിലും ആയിരക്കണക്കിന് യുവാക്കളും മക്കളും പെണ്‍മക്കളും കായികരംഗത്ത് പങ്കെടുക്കുന്നു. ഇന്ന് രാജ്യത്തിന് അതിന്റെ സന്തോഷകരമായ ഫലങ്ങളും ലഭിക്കുന്നു. വര്‍ഷങ്ങളായി, നമ്മുടെ കളിക്കാര്‍ നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ മികവ് തെളിയിച്ചിട്ടുണ്ട്. ഇന്നത്തെ നമ്മുടെ ഇന്ത്യയിലെ യുവ താരങ്ങളുടെ ആത്മവിശ്വാസം എത്ര ഉയര്‍ന്നതാണെന്ന് ഇത് കാണിക്കുന്നു.

സുഹൃത്തുക്കളേ,

കായികവുമായി ബന്ധപ്പെട്ട കഴിവുകളോ മറ്റ് വിഷയങ്ങളോ ആകട്ടെ, കളിക്കാരെ മികച്ച കളിക്കാരാക്കാന്‍ ഗവണ്‍മെന്റ് ഓരോ ഘട്ടത്തിലും അവര്‍ക്കൊപ്പം നില്‍ക്കുന്നു. നമ്മുടെ ദേശീയ വിദ്യാഭ്യാസ നയത്തില്‍ കായികം ഒരു വിഷയമായി പഠിപ്പിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. സ്‌പോര്‍ട്‌സ് ഇനി പാഠ്യപദ്ധതിയുടെ ഭാഗമാകും. രാജ്യത്തെ ആദ്യത്തെ ദേശീയ കായിക സര്‍വകലാശാലയുടെ രൂപീകരണം ഇക്കാര്യത്തില്‍ കൂടുതല്‍ സഹായകമാകും. ഇപ്പോള്‍ സംസ്ഥാനങ്ങളിലും സ്പോര്‍ട്സ് സ്പെഷ്യലൈസ്ഡ് ഉന്നത വിദ്യാഭ്യാസത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഉത്തര്‍പ്രദേശ് ഇക്കാര്യത്തില്‍ ശ്ലാഘനീയമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. മീററ്റിലെ മേജര്‍ ധ്യാന്‍ചന്ദ് സ്പോര്‍ട്സ് യൂണിവേഴ്സിറ്റിയുടെ ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. ഇതിന് പുറമെ രാജ്യത്തുടനീളം 1000 ഖേലോ ഇന്ത്യ കേന്ദ്രങ്ങളും ഇന്ന് ആരംഭിക്കുന്നുണ്ട്. രണ്ട് ഡസനോളം നാഷണല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സും തുറന്നിട്ടുണ്ട്. പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ഈ കേന്ദ്രങ്ങളില്‍ പരിശീലനവും കായിക ശാസ്ത്ര പിന്തുണയും നല്‍കുന്നുണ്ട്. ഖേലോ ഇന്ത്യയും ഇന്ത്യയുടെ പരമ്പരാഗത കായിക ഇനങ്ങളുടെ യശസ്സ് പുനഃസ്ഥാപിച്ചു. ഗട്ക, മല്ലഖംബ്, താങ്-ട, കളരിപ്പയറ്റ്, യോഗാസനം തുടങ്ങിയ വിവിധ വിഷയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നമ്മുടെ ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പുകളും നല്‍കുന്നുണ്ട്.

സുഹൃത്തുക്കളേ,

ഖേലോ ഇന്ത്യ പരിപാടിയുടെ മറ്റൊരു പ്രോത്സാഹജനകമായ ഫലം നമ്മുടെ പെണ്‍മക്കളുടെ പങ്കാളിത്തമാണ്. രാജ്യത്തെ പല നഗരങ്ങളിലും ഖേലോ ഇന്ത്യ വനിതാ ലീഗ് സംഘടിപ്പിക്കുന്നുണ്ട്. വ്യത്യസ്ത പ്രായത്തിലുള്ള 23,000 വനിതാ അത്ലറ്റുകള്‍ ഇതുവരെ അതില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് എന്നോട് പറയുന്നത്. ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസില്‍ ധാരാളം വനിതാ അത്ലറ്റുകളുടെ പങ്കാളിത്തവും കാണാം. ഈ ഗെയിമുകളില്‍ പങ്കെടുക്കുന്ന പെണ്‍മക്കള്‍ക്ക് ഞാന്‍ പ്രത്യേകിച്ച് എന്റെ ആശംസകള്‍ അറിയിക്കുന്നു.

സുഹൃത്തുക്കളേ,

തീര്‍ച്ചയായും ഇന്ത്യയുടേതായ കാലഘട്ടമായ ഒരു സമയത്താണ് നിങ്ങളെല്ലാവരും ഗെയിമുകളുടെ രംഗത്തേക്ക് പ്രവേശിച്ചത്. ഇന്ത്യയുടെ പുരോഗതി നിങ്ങളുടെ കഴിവിലും പുരോഗതിയിലുമാണ്. നിങ്ങളാണ് ഭാവി ചാമ്പ്യന്മാര്‍. ത്രിവര്‍ണപതാകയുടെ മഹത്വം വിപുലപ്പെടുത്തേണ്ടത് നിങ്ങളുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. അതിനാല്‍, ചില പോയിന്റുകള്‍ നാം ഓര്‍ക്കണം. സ്പോര്‍ട്സ്സ്മാന്‍ഷിപ്പിനെയും കൂട്ടായ്മയുടെ ആവേശത്തെയും കുറിച്ച് നമ്മള്‍ പലപ്പോഴും സംസാരിക്കാറുണ്ട്. ഈ കായികക്ഷമത എന്താണ്? തോല്‍വിയും വിജയവും സ്വീകരിക്കുന്നതില്‍ മാത്രം ഒതുങ്ങുന്നുണ്ടോ? കൂട്ടായ പ്രവ്രര്‍ത്തനത്തില്‍ മാത്രം ഒതുങ്ങുന്നുണ്ടോ? സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന്റെ അര്‍ത്ഥം ഇതിലും വിശാലമാണ്. നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് അതീതമായി ഉയരുന്ന സ്‌പോര്‍ട്‌സ് കൂട്ടായ വിജയത്തിന് പ്രചോദനം നല്‍കുന്നു. മാന്യതയും നിയമങ്ങളും പാലിക്കാന്‍ കായികം നമ്മെ പഠിപ്പിക്കുന്നു. ഫീല്‍ഡില്‍ പലപ്പോഴും സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് എതിരായേക്കാം. ചിലപ്പോള്‍ തീരുമാനങ്ങള്‍ നിങ്ങള്‍ക്ക് എതിരാകാനും സാധ്യതയുണ്ട്. എന്നാല്‍ കളിക്കാരന് തന്റെ സംയമനം നഷ്ടപ്പെടുന്നില്ല, അവര്‍ എപ്പോഴും നിയമങ്ങളില്‍ പ്രതിജ്ഞാബദ്ധരാണ്. നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും പരിധിക്കുള്ളില്‍ നില്‍ക്കുകയും എതിരാളിയെ എങ്ങനെ ക്ഷമയോടെ മറികടക്കുകയും ചെയ്യുക എന്നതാണ് കളിക്കാരുടെ സവിശേഷത. എല്ലായ്പ്പോഴും സ്പോര്‍ട്സ്സ്മാന്‍ഷിപ്പിന്റെയും മാന്യതയുടെയും ആത്മാവ് പിന്തുടരുമ്പോള്‍ മാത്രമേ ഒരു വിജയി മികച്ച കളിക്കാരനാകൂ. അവന്റെ പെരുമാറ്റത്തില്‍ നിന്ന് സമൂഹം പ്രചോദനം ഉള്‍ക്കൊണ്ടാല്‍ മാത്രമേ ഒരു വിജയി മികച്ച കളിക്കാരനാകൂ. അതിനാല്‍, എന്റെ യുവസുഹൃത്തുക്കളെല്ലാം കളിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണം. ഈ യൂണിവേഴ്‌സിറ്റി ഗെയിമുകളില്‍ നിങ്ങള്‍ കളിക്കുമെന്നും നേട്ടം കൊയ്യുമെന്നും എനിക്ക് ഉറപ്പുണ്ട്. ഒരിക്കല്‍ കൂടി, നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍! നന്നായി കളിച്ച് മുന്നോട്ട് പോകൂ! നന്ദി!
ND



(Release ID: 1927614) Visitor Counter : 75