പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ക്വാഡ് നേതൃതല ഉച്ചകോടിയിൽ പങ്കെടുത്തു

Posted On: 20 MAY 2023 10:16PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 20ന് ജപ്പാനിലെ ഹിരോഷിമയില്‍ ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടിയില്‍ പങ്കെടുത്തു. പ്രധാനമന്ത്രിക്കു പുറമേ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ, അമേരിക്കന്‍ പ്രസിഡന്റ് ജോസഫ് ബൈഡന്‍ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുത്തു.

ഇന്തോ - പസഫിക് മേഖലയിലെ സംഭവവികാസങ്ങളെ സംബന്ധിച്ച് നേതാക്കള്‍ ചര്‍ച്ച നടത്തി. മേഖലയുടെ പരമാധികാരം, പ്രാദേശിക സമഗ്രത, തര്‍ക്കങ്ങളുടെ സമാധാനപരമായ പരിഹാരം എന്നീ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയവ സംബന്ധിച്ച് നേതാക്കള്‍ അഭിപ്രായങ്ങള്‍ പങ്കുവച്ചു. തുടര്‍ന്ന് ക്വാഡ് നേതാക്കളുടെ കാഴ്ചപ്പാട് പ്രസ്താവന 'ഇന്തോ-പസഫിക്കിനായുള്ള ശാശ്വത പങ്കാളികൾ' പുറത്തിറക്കി.

ഇന്തോ-പസഫിക്ക് മേഖലയുടെ പുനരുജ്ജീവനവും അഭിവൃദ്ധിയും ശക്തിപ്പെടുത്തുന്നതിന് മേഖലയുടെ വികസന മുന്‍ഗണനകള്‍ സാധ്യമാക്കുകയെന്ന ലക്ഷ്യത്തിനായി നേതാക്കള്‍ നടത്തിയ സംയുക്ത പ്രസ്താവനയില്‍ പറയുന്ന പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയാണ്:

1. ഇന്തോ-പസഫിക് മേഖലയിലെ ഗവേഷണവും വികസനപ്രവര്‍ത്തനങ്ങളും സുഗമമാക്കുകയും ഊർജ പരിവര്‍ത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന സംശുദ്ധ ഊർജവിതരണശൃംഖല സംരംഭം. ഇതിന് പുറമേ സംശുദ്ധ ഊർജ വിതരണശൃംഖല വികസനവുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിന് സംശുദ്ധ ഊര്‍ജ്ജ വിതരണ ശൃംഖലകളിലെ ക്വാഡ് കൂട്ടായ്മയുടെ തത്വങ്ങള്‍ അംഗീകരിച്ചു.

2. ക്വാഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫെലോഷിപ്പ് പ്രോഗ്രാമിലൂടെ കൂട്ടായ്മയിലെ രാജ്യങ്ങളില്‍ സുസ്ഥിരവും പ്രായോഗികവുമായ അടിസ്ഥാനസൗകര്യങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും നിര്‍മിക്കുന്നതിനും മേഖലയിലെ നയരൂപകർത്താക്കളെയും നടപ്പാക്കൽവിദഗ്ധരെയും പിന്തുണയ്ക്കും.

3. ക്വാഡ് കൂട്ടായ്മയുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി 'കേബിള്‍ കണക്റ്റിവിറ്റിക്കും പുനരുജ്ജീവനത്തിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം' ഉറപ്പുവരുത്തും. പ്രധാനപ്പെട്ട ശൃംഖലകളെ സുരക്ഷിതമാക്കുന്നതിനും വൈവിധ്യവൽക്കരിക്കുന്നതിനും കടലിനടിയിലെ കേബിളുകളുടെ രൂപകല്‍പ്പനയും നിര്‍മ്മാണവും സ്ഥാപിക്കലും, പരിപാലനവും തുടങ്ങിയവയിലും ഈ പങ്കാളിത്തം സഹായകമാകും.

4. പലാവുവിൽ പസഫിക് മേഖലയിലെ ആദ്യത്തെ ഒറാന്‍ (ORAN) വിന്യാസത്തിനു ക്വാഡ് പിന്തുണ. സുരക്ഷിതമായ ടെലികോം പ്ലാറ്റ്‌ഫോമുകളിലെ വ്യവസായ നിക്ഷേപത്തെ പിന്തുണയ്ക്കുന്നതിനായി ഒറാന്‍ സുരക്ഷാ റിപ്പോര്‍ട്ടും പുറത്തിറക്കി.

5. തന്ത്രപരമായ സാങ്കേതികവിദ്യകളിലെ നിക്ഷേപം സുഗമമാക്കുന്നതിന് സ്വകാര്യമേഖലയുടെ നേതൃത്വത്തില്‍ ക്വാഡ് നിക്ഷേപകരുടെ ശൃംഖലയ്ക്കു തുടക്കംകുറിച്ചു.

6. കഴിഞ്ഞ വര്‍ഷം ടോക്കിയോയില്‍ നടന്ന ഉച്ചകോടിയില്‍ പ്രഖ്യാപിച്ച സമുദ്രമേഖലാ അവബോധത്തിനായുള്ള ഇന്തോ-പസഫിക് പങ്കാളിത്തത്തിന്റെ പുരോഗതി നേതാക്കള്‍ സ്വാഗതം ചെയ്തു. തെക്കുകിഴക്കൻ മേഖലയിലെയും പസഫിക്കിലെയും പങ്കാളികളുമായി ഡാറ്റ പങ്കിടല്‍ നടക്കുന്നുണ്ടെന്നും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ പങ്കാളികളെ ഉടന്‍ ഉള്‍പ്പെടുത്താനും തീരുമാനമായി. മേഖലയിലെ വികസനത്തിലെ സഹകരണത്തിന് ഇന്ത്യയുടെ സഹകരണവും ഇടപെടലും ഏങ്ങനെയാണ് ഉപകാരപ്പെടുന്നതെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

ഐക്യരാഷ്ട്ര സഭയുടേയും അതിന്റെ പ്രമാണങ്ങളുടെയും ഏജന്‍സികളുടേയും സമഗ്രത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നേതാക്കള്‍ അംഗീകരിച്ചു. ഐക്യരാഷ്ട്രസഭയിലെ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരവും, താൽക്കാലികവുമായ അംഗത്വം വിപുലീകരിക്കുന്നതുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിനും കാലാനുസൃതമായ പരിഷ്കരണത്തിനും കൂട്ടായ പരിശ്രമം തുടരാന്‍ നേതാക്കള്‍ ധാരണയിലെത്തി.

ക്വാഡ് കൂട്ടായ്മയുടെ ക്രിയാത്മക കാര്യപരിപാടി ഏകീകരിക്കേണ്ടതിന്റെയും മേഖലയ്ക്ക് പ്രത്യക്ഷമായ ഫലങ്ങള്‍ നല്‍കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി  എടുത്തുപറഞ്ഞു. പതിവായുള്ള ആശയവിനിമയം തുടരാനും ക്വാഡ് ഇടപഴകലിന്റെ വേഗത നിലനിര്‍ത്താനും ധാരണയായി. 2024ല്‍ നടക്കുന്ന അടുത്ത ക്വാഡ് ഉച്ചകോടിക്കായി പ്രധാനമന്ത്രി ക്വാഡ് നേതാക്കളെ ഇന്ത്യയിലേക്ക് ക്ഷണിച്ചു.

NS(Release ID: 1926044) Visitor Counter : 142