പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുജറാത്തിലെ ഗാന്ധിനഗറില്‍ അഖില ഭാരതീയ ശിക്ഷാ സംഘ് സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

Posted On: 12 MAY 2023 4:10PM by PIB Thiruvananthpuram


ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനും ജീവിതകാലം മുഴുവന്‍ ഒരു അധ്യാപകനായി സ്വയം പരിചയപ്പെടുത്തുന്ന ആളുമാ പര്‍ഷോത്തം രുപാല ജി, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെ വിജയിച്ച സി.ആര്‍. പാട്ടീല്‍ ജി, ഗുജറാത്ത് ഗവണ്‍മെന്റിലെ മന്ത്രിമാര്‍, അഖില ഭാരതീയ പ്രാഥമിക ശിക്ഷക് സംഘത്തിലെ മുഴുവന്‍ അംഗങ്ങളേ, രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള ആദരണീയരായ അധ്യാപകരെ, മഹതികളേ, മാന്യരേ!

അഖില ഭാരതീയ പ്രാഥമിക ശിക്ഷക് സംഘിന്റെ ഈ ദേശീയ സമ്മേളനത്തിലേക്ക് വളരെ സ്‌നേഹത്തോടെ എന്നെ ക്ഷണിച്ചതില്‍ ഞാന്‍ നിങ്ങളോട് നന്ദിയുള്ളവനാണ്. സ്വാതന്ത്ര്യത്തിന്റെ 'അമൃതകാല'ത്തില്‍ വികസിത രാജ്യമാകാനുള്ള നിശ്ചയദാര്‍ഢ്യവുമായി ഇന്ത്യ മുന്നേറുമ്പോള്‍ അധ്യാപകരുടെ പങ്ക് വളരെ വലുതാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത്, സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സമ്പ്രദായത്തെയും മാറ്റിമറിക്കാന്‍ പ്രൈമറി അധ്യാപകരോടൊപ്പം പ്രവര്‍ത്തിച്ച അനുഭവം എനിക്കുണ്ട്. മുഖ്യമന്ത്രി സൂചിപ്പിച്ചതുപോലെ, ഗുജറാത്തിലെ കൊഴിഞ്ഞുപോക്ക് ഒരു കാലത്ത് 40 ശതമാനമായിരുന്നു. ഇത് മൂന്ന് ശതമാനത്തില്‍ താഴെയായി എന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ഗുജറാത്തിലെ അധ്യാപകരുടെ സഹകരണം കൊണ്ട് മാത്രമാണ് ഇത് സാധ്യമായത്. ഗുജറാത്തിലെ അധ്യാപകരുമായുള്ള എന്റെ അനുഭവങ്ങള്‍ നയ ചട്ടക്കൂടിന്റെ കാര്യത്തിലും ദേശീയ തലത്തില്‍ നയങ്ങള്‍ രൂപീകരിക്കുന്നതിലും ഞങ്ങളെ വളരെയധികം സഹായിച്ചിട്ടുണ്ട്.
  രുപാല ജി പറയുന്നത് പോലെ, സ്‌കൂളുകളില്‍ ശുചിമുറി ഇല്ലാത്തതിനാല്‍ ധാരാളം പെണ്‍കുട്ടികള്‍ സ്‌കൂള്‍ ഉപേക്ഷിക്കുന്നത് പതിവായിരുന്നു. അതിനാല്‍, സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കായി പ്രത്യേക ശുചിമുറ്ികള്‍ നിര്‍മ്മിക്കുന്നതിന് ഞങ്ങള്‍ പ്രത്യേക പ്രചാരണം ആരംഭിച്ചു. നമ്മുടെ ആദിവാസി സഹോദരങ്ങള്‍ അധിവസിക്കുന്ന ഉമര്‍ഗാം മുതല്‍ അംബാജി വരെയുള്ള മുഴുവന്‍ ആദിവാസി മേഖലകളിലും ഒരു കാലത്ത് ശാസ്ത്രവിഷയങ്ങള്‍ ഒട്ടും പഠിപ്പിച്ചിരുന്നില്ല. ഇന്ന് അധ്യാപകര്‍ അവിടെ ശാസ്ത്രം പഠിപ്പിക്കുക മാത്രമല്ല, എന്റെ ആദിവാസി ആണ്‍ മക്കളും പെണ്‍മക്കളും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമാകുകയാണ്.
  പ്രധാനമന്ത്രി എന്ന നിലയില്‍ പല അവസരങ്ങളിലും ഞാന്‍ വിദേശത്ത് പോയപ്പോള്‍ നമ്മുടെ അധ്യാപകരെ പുകഴ്ത്തുന്ന നിരവധി നേതാക്കളെ ഞാന്‍ കണ്ടു, ഇവിടെ ഇരിക്കുന്ന ഓരോ അധ്യാപകനും അഭിമാനിക്കാം അതില്‍. എന്റെ ചില അനുഭവങ്ങള്‍ നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ചില വിദേശ നേതാക്കളെ ഞാന്‍ കാണുമ്പോഴെല്ലാം, തങ്ങളുടെ ജീവിതത്തില്‍ ഇന്ത്യന്‍ അധ്യാപകര്‍ നല്‍കിയ സംഭാവനകള്‍ അവര്‍ വളരെ അഭിമാനത്തോടെ വിവരിക്കുമായിരുന്നു. പ്രധാനമന്ത്രിയായതിന് ശേഷമുള്ള എന്റെ ആദ്യ വിദേശയാത്രയായിരുന്നു ഭൂട്ടാന്‍. ഭൂട്ടാനിലെ രാജകുടുംബവുമായുള്ള ചര്‍ച്ചയില്‍, ഭൂട്ടാനിലെ തന്റെ തലമുറയിലെ ഭൂരിഭാഗം ആളുകളും ഇന്ത്യന്‍ അധ്യാപകരില്‍ നിന്നാണ് വിദ്യാഭ്യാസം നേടിയതെന്ന് അന്നത്തെ രാജാവ് (ജിഗ്മേ സിങ്യേ വാങ്ചുക്ക്) അഭിമാനത്തോടെ എന്നോട് പറഞ്ഞു. അതുപോലെ, ഞാന്‍ സൗദി അറേബ്യയില്‍ പോയപ്പോള്‍, വളരെ മുതിര്‍ന്ന ബഹുമാന്യനുമായ രാജാവും എന്നെ വളരെയധികം സ്‌നേഹിക്കുന്നതായി കണ്ടു. ഞാന്‍ അദ്ദേഹത്തെ കണ്ടപ്പോള്‍, അദ്ദേഹം എന്നെ വളരെയധികം സ്‌നേഹിക്കുന്നുവെന്ന് എന്നോട് പറഞ്ഞു. പിന്നെ സ്‌നേഹത്തിന്റെ കാരണം പറഞ്ഞു: താന്‍ ഇപ്പോള്‍ രാജാവാണ് എന്നതു ശരിതന്ന; പക്ഷേ, കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ ഗുരു ഇന്ത്യയിലെ ഗുജറാത്തില്‍ നിന്നുള്ളയാളായിരുന്നു. ഇത്രയും സമ്പന്നമായ രാജ്യത്തിന്റെ രാജാവ് ഇന്ത്യന്‍ പ്രധാനമന്ത്രിയോട് സംസാരിക്കുമ്പോള്‍ ഒരു ഇന്ത്യന്‍ അധ്യാപകന്റെ സംഭാവനയെ അഭിമാനത്തോടെ ഓര്‍ക്കുകയായിരുന്നു.
കൊറോണ മഹാമാരിക്കാലത്ത് ലോകാരോഗ്യ സംഘടനയുടെ നിരവധി പ്രസ്താവനകള്‍ നിങ്ങള്‍ ടിവിയില്‍ കണ്ടിട്ടുണ്ടാകും. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ മിസ്റ്റര്‍ ടെഡ്രോസിന്റെ (അദാനോം ഗെബ്രിയേസസ്) നിരവധി പ്രസ്താവനകള്‍ നിങ്ങള്‍ അക്കാലത്ത് കണ്ടിരിക്കണം. എനിക്ക് അദ്ദേഹവുമായി വലിയ സൗഹൃദമുണ്ട്. തന്റെ ജീവിതത്തില്‍ ഇന്ത്യന്‍ അധ്യാപകര്‍ നല്‍കിയ സംഭാവന അദ്ദേഹം എപ്പോഴും അഭിമാനത്തോടെ പറയുമായിരുന്നു കഴിഞ്ഞ വര്‍ഷം ജാംനഗറില്‍ വന്നപ്പോള്‍ അഭിമാനത്തോടെ അക്കാര്യം വീണ്ടും പരാമര്‍ശിച്ചു. കുട്ടിക്കാലം മുതല്‍ തന്റെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഒന്നല്ലെങ്കില്‍ മറ്റേതെങ്കിലും ഇന്ത്യന്‍ അധ്യാപകന്‍ സംഭാവന നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'എന്റെ ജീവിതം രൂപപ്പെടുത്തുന്നതില്‍ ഇന്ത്യയിലെ അധ്യാപകര്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്'. എന്നിട്ട് എന്നോട് പറഞ്ഞു 'ഞാന്‍ ഇന്ന് ഇന്ത്യയില്‍ വന്നിരിക്കുന്നു. ഇന്ത്യയിലെ അധ്യാപകര്‍ എന്നെ (ഇന്ന് ഞാന്‍ എന്താണോ) അത് ആക്കിയിരിക്കുന്നു. എനിക്ക് ഒരു പ്രത്യേക മുദ്രയുള്ള സമ്മാനം തരാമോ?' ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു 'എന്ത്?' അദ്ദേഹം എന്നോട് പറഞ്ഞു, 'നിങ്ങള്‍ അത് നല്‍കേണ്ടിവരും, അതും പരസ്യമായി'. തീര്‍ച്ചയായും അത് നിങ്ങള്‍ക്ക് നല്‍കുമെന്ന് ഞാന്‍ പറഞ്ഞു, പക്ഷേ, അത് എന്താണെന്ന് എന്നെ അറിയിക്കൂ. . അദ്ദേഹം പറഞ്ഞു, 'നിങ്ങള്‍ എന്റെ ഹിന്ദുസ്ഥാനി നാമം വിളിക്കൂ'. ഞാന്‍ മിസ്റ്റര്‍ ടെഡ്രോസിനെ മിസ്റ്റര്‍ തുളസി എന്ന് പരസ്യമായി വിളിച്ചു. ചുരുക്കത്തില്‍, ഇന്ത്യയിലെ അധ്യാപകര്‍ അവര്‍ എവിടെ പോയാലും ലോകത്ത് മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്, നിരവധി തലമുറകള്‍ക്ക് ശേഷവും ആളുകള്‍ അവരെ ഓര്‍ക്കുന്നു.

സുഹൃത്തുക്കളേ,

ആജീവനാന്ത അധ്യാപകനാണെന്ന് രുപലാജിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും. ഞാന്‍ സ്വയം ഒരു അധ്യാപകനല്ല. പക്ഷേ, അഭിമാനത്തോടെ ഞാന്‍ പറയുന്നു, ഞാന്‍ ആജീവനാന്ത വിദ്യാര്‍ത്ഥിയാണെന്ന്. സമൂഹത്തില്‍ എന്ത് സംഭവിച്ചാലും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഞാന്‍ പഠിച്ചത് നിങ്ങളില്‍ നിന്നാണ്. ഇന്ന്, പ്രൈമറി അധ്യാപകരുടെ ഈ കണ്‍വെന്‍ഷനില്‍ എന്റെ അനുഭവങ്ങള്‍ വിശദമായി നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ 21-ാം നൂറ്റാണ്ടില്‍, ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായം മാറുകയാണ്, അധ്യാപകരും വിദ്യാര്‍ത്ഥികളും മാറുകയാണ്. അതിനാല്‍, അത്തരമൊരു സാഹചര്യത്തില്‍ മാറുന്ന ഈ സാഹചര്യങ്ങളില്‍ എങ്ങനെ മുന്നോട്ട് പോകണം എന്നത് വളരെ പ്രധാനമാണ്. നമ്മള്‍ കണ്ടതുപോലെ, മുന്‍കാല അധ്യാപകര്‍ വിഭവങ്ങളുടെ അഭാവം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തുടങ്ങിയ നിരവധി വെല്ലുവിളികള്‍ അഭിമുഖീകരിച്ചിരുന്നു. കൂടാതെ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഒരു പ്രത്യേക വെല്ലുവിളിയും ഉണ്ടായില്ല. വിഭവങ്ങളുടെയും സൗകര്യങ്ങളുടെയും അഭാവം മൂലം അധ്യാപകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഇന്ന് പതിയെ നീങ്ങുകയാണ്. പക്ഷേ, ഇന്നത്തെ തലമുറയിലെ കുട്ടികളുടെ ജിജ്ഞാസ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വലിയ വെല്ലുവിളിയാണ്. ഈ വിദ്യാര്‍ത്ഥികള്‍ ആത്മവിശ്വാസമുള്ളവരും നിര്‍ഭയരുമാണ്. എട്ടോ ഒമ്പതോ വയസ്സുള്ള ഒരു വിദ്യാര്‍ത്ഥി പോലും അധ്യാപകരെ ചാലഞ്ച് ചെയ്യുന്ന വിധമുള്ള സ്വഭാവമാണ് അവരുടെത്. പരമ്പരാഗത വിദ്യാഭ്യാസ രീതികളില്‍ നിന്ന് വ്യത്യസ്തമായി പുതിയത് എന്തെങ്കിലും അവര്‍ ചോദിക്കുന്നു. അവരുടെ ജിജ്ഞാസ അധ്യാപകരെ പാഠ്യപദ്ധതിക്കും വിഷയങ്ങള്‍ക്കും അപ്പുറം അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വെല്ലുവിളിക്കുന്നു. ഇവിടെയുള്ള അദ്ധ്യാപകര്‍ എല്ലാ ദിവസവും അവരുടെ കുട്ടികളില്‍ നിന്ന് ഇതേ അനുഭവം അനുഭവിക്കുന്നുണ്ടാകണം. അവരുടെ ചോദ്യങ്ങള്‍ പലപ്പോഴും നിങ്ങളെ കുഴക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്ത വിവര ഉറവിടങ്ങളുണ്ട്. സ്വയം നവീകരിക്കുക എന്നത് അധ്യാപകരുടെ മുന്നില്‍ വെല്ലുവിളിയാണ്.
ഒരു അധ്യാപകന്‍ ഈ വെല്ലുവിളികളെ എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാവി. ഈ വെല്ലുവിളികളെ വ്യക്തിപരവും തൊഴില്‍പരവുമായ വളര്‍ച്ചയ്ക്കുള്ള അവസരങ്ങളായി കാണുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗം. ഈ വെല്ലുവിളികള്‍ നമുക്ക് പഠിക്കാനും പഠിക്കാതിരിക്കാനും വീണ്ടും പഠിക്കാനുമുള്ള അവസരം നല്‍കുന്നു. വിദ്യാര്‍ത്ഥികളുടെ വഴികാട്ടിയും മാര്‍ഗദര്‍ശിയുമായി സ്വയം മാറുക എന്നതാണ് ഒരു വഴി. ഗൂഗിളില്‍ നിന്ന് വിവരങ്ങള്‍ നേടാമെന്നും നിങ്ങള്‍ക്കറിയാം, പക്ഷേ ഒരാള്‍ സ്വയം തീരുമാനമെടുക്കണം. തന്റെ അറിവ് എങ്ങനെ ശരിയായി ഉപയോഗിക്കണമെന്ന് വിദ്യാര്‍ത്ഥിയെ നയിക്കാന്‍ ഒരു ഗുരുവിന് മാത്രമേ കഴിയൂ. സാങ്കേതികവിദ്യയ്ക്ക് വിവരങ്ങള്‍ നല്‍കാന്‍ കഴിയും, എന്നാല്‍ ശരിയായ സമീപനം നല്‍കാന്‍ അധ്യാപകര്‍ക്കു മാത്രമേ കഴിയൂ. ഏതൊക്കെ വിവരങ്ങളാണ് പ്രയോജനകരവും അല്ലാത്തതും എന്ന് മനസ്സിലാക്കാന്‍ കുട്ടികളെ സഹായിക്കാന്‍ ഗുരുവിന് മാത്രമേ കഴിയൂ. ഒരു സാങ്കേതിക വിദ്യയ്ക്കും ഒരു വിദ്യാര്‍ത്ഥിയുടെ കുടുംബ സ്ഥിതി മനസ്സിലാക്കാന്‍ കഴിയില്ല. ഒരു ഗുരുവിന് മാത്രമേ അവരുടെ അവസ്ഥ മനസ്സിലാക്കാനും എല്ലാ പ്രയാസങ്ങളില്‍ നിന്നും കരകയറാന്‍ അവരെ പ്രേരിപ്പിക്കാനും കഴിയൂ. അതുപോലെ, ലോകത്തിലെ ഒരു സാങ്കേതികവിദ്യയ്ക്കും ഒരു വിഷയം എങ്ങനെ ആഴത്തില്‍ മനസ്സിലാക്കാമെന്നോ ' ആഴത്തിലുള്ള പഠനം്' എങ്ങനെ ചെയ്യാമെന്നോ പഠിപ്പിക്കാന്‍ കഴിയില്ല.
വിവരങ്ങളുടെ കുത്തൊഴുക്ക് ഉണ്ടാകുമ്പോള്‍, ഒരു കാര്യത്തില്‍ എങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പഠിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാനമാണ്. ആഴത്തില്‍ പഠിക്കുകയും അതിന്റെ യുക്തിസഹമായ നിഗമനത്തിലെത്തുകയും ചെയ്യുന്നത് വളരെ പ്രധാനമാണ്. അതിനാല്‍, ഇന്ന് 21-ാം നൂറ്റാണ്ടിലെ ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതത്തില്‍ അധ്യാപകരുടെ പങ്ക് വളരെ പ്രധാനമാണ്. ഞാന്‍ നിങ്ങളോട് ഒന്നും പ്രസംഗിക്കാനല്ല ഇവിടെ വന്നതെന്നും എനിക്ക് പ്രസംഗിക്കാന്‍ കഴിയില്ലെന്നും നിങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ നിങ്ങള്‍ ഒരു അധ്യാപകനാണെന്ന് ഒരു നിമിഷം മറക്കുക. നിങ്ങള്‍ ഒരു കുട്ടിയുടെ അമ്മയും അച്ഛനും ആണെന്ന് ഒരു നിമിഷം ചിന്തിക്കുക. നിങ്ങളുടെ കുട്ടി എങ്ങനെയായിരിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു? നിങ്ങളുടെ കുട്ടിക്ക് എന്താണ് വേണ്ടത്? മാത്രമല്ല ഇത് ആര്‍ക്കും നിഷേധിക്കാനാവില്ല. 'ഞാനൊരു അധ്യാപകനായിരിക്കാം, ഞങ്ങള്‍ രണ്ടുപേരും അധ്യാപകരാണ്, പക്ഷേ നമ്മുടെ കുട്ടികള്‍ക്ക് നല്ല അധ്യാപകരും നല്ല വിദ്യാഭ്യാസവും ലഭിക്കണം' എന്നായിരിക്കും നിങ്ങള്‍ക്ക് ആദ്യം ലഭിക്കുന്ന ഉത്തരം. നിങ്ങളുടെ മക്കള്‍ക്ക് നല്ല അധ്യാപകരെയും നല്ല വിദ്യാഭ്യാസവും ലഭിക്കണമെന്നത് നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹമാണ്. നിങ്ങളുടെ ഹൃദയത്തിലുള്ള ആഗ്രഹം, അതേ ആഗ്രഹം ഇന്ത്യയിലെ കോടിക്കണക്കിന് മാതാപിതാക്കളുടെ ഹൃദയത്തിലും ഉണ്ട്. നിങ്ങളുടെ കുട്ടികള്‍ക്കായി നിങ്ങള്‍ ആഗ്രഹിക്കുന്നത് തന്നെയാണ് ഇന്ത്യയിലെ എല്ലാ മാതാപിതാക്കളും അവരുടെ കുട്ടികള്‍ക്കായി ആഗ്രഹിക്കുന്നതും അവര്‍ നിങ്ങളില്‍ നിന്നും അതുതന്നെയാണ് പ്രതീക്ഷിക്കുന്നതും.

സുഹൃത്തുക്കളേ,


വിദ്യാര്‍ത്ഥി നിങ്ങളില്‍ നിന്നും, നിങ്ങളുടെ കാഴ്ചപ്പാടില്‍ നിന്നും, നിങ്ങളുടെ ദൈനംദിന പെരുമാറ്റത്തില്‍ നിന്നും, നിങ്ങളുടെ അവതരണത്തില്‍ നിന്നും, നിങ്ങള്‍ സ്വയം എങ്ങനെ കൊണ്ടുപോകുന്നു എന്നതില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കും എന്നത് എപ്പോഴും മനസ്സില്‍ വയ്ക്കുക. നിങ്ങള്‍ പഠിപ്പിക്കുന്നതും വിദ്യാര്‍ത്ഥി നിങ്ങളില്‍ നിന്ന് പഠിക്കുന്നതും തമ്മില്‍ ചിലപ്പോള്‍ വലിയ വ്യത്യാസമുണ്ട്. നിങ്ങള്‍ ഗണിതമോ ശാസ്ത്രമോ ചരിത്രമോ മറ്റേതെങ്കിലും വിഷയമോ പഠിപ്പിക്കുകയാണെന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം, എന്നാല്‍ വിദ്യാര്‍ത്ഥി നിങ്ങളില്‍ നിന്ന് ആ വിഷയം പഠിക്കുക മാത്രമല്ല ചെയ്യുന്നത്. ഒരാളുടെ അഭിപ്രായം എങ്ങനെ അവതരിപ്പിക്കണമെന്നും അദ്ദേഹം പഠിക്കുന്നു. ക്ഷമ, മറ്റുള്ളവരെ സഹായിക്കുക തുടങ്ങിയ ഗുണങ്ങളും അവര്‍ നിങ്ങളില്‍ നിന്ന് പഠിക്കുന്നു. അതേ സമയം കര്‍ക്കശക്കാരായിരിക്കുമ്പോള്‍ എങ്ങനെ വാത്സല്യത്തോടെ തുടരാമെന്നും അവര്‍ നിങ്ങളില്‍ നിന്ന് പഠിക്കുന്നു. നീതിമാനായിരിക്കുക എന്ന ഗുണവും അദ്ധ്യാപകരില്‍ നിന്ന് ലഭിക്കുന്നു. അതിനാല്‍, പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പങ്ക് വളരെ പ്രധാനമാണ്. കൊച്ചുകുട്ടികളെ സംബന്ധിച്ചിടത്തോളം, കുടുംബത്തിന് പുറത്ത് ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന ആദ്യത്തെ വ്യക്തി അധ്യാപകന്‍/ അധ്യാപികയാണ്. അതിനാല്‍, നിങ്ങളോരോരുത്തരുടേയും ഈ ഉത്തരവാദിത്തം സാക്ഷാത്കരിക്കപ്പെടുന്നത് ഇന്ത്യയുടെ ഭാവി തലമുറയെ വളരെയധികം ശക്തിപ്പെടുത്തും.


സുഹൃത്തുക്കളേ,


നിങ്ങള്‍ നിലവില്‍ ജോലി ചെയ്യുന്ന സ്‌കൂളുകളില്‍, പുതിയ ദേശീയ വിദ്യാഭ്യാസ നയം ഒന്നുകില്‍ നടപ്പിലാക്കുകയോ അല്ലെങ്കില്‍ നടപ്പിലാക്കാന്‍ പോകുകയോ ചെയ്യുകയായിരിക്കും. ദേശീയ വിദ്യാഭ്യാസ നയം തയ്യാറാക്കുന്നതില്‍ രാജ്യത്തെ ലക്ഷക്കണക്കിന് അധ്യാപകര്‍ സംഭാവന നല്‍കിയതില്‍ ഞാന്‍ അഭിമാനിക്കുന്നു. അധ്യാപകരുടെ കഠിനാധ്വാനം കൊണ്ടാണ് ഈ വിദ്യാഭ്യാസ നയം സാധ്യമായത്. തല്‍ഫലമായി, അത് എല്ലായിടത്തും സ്വാഗതം ചെയ്യപ്പെട്ടു. 21-ാം നൂറ്റാണ്ടിന്റെ ആധുനിക ആവശ്യങ്ങള്‍ക്കനുസരിച്ച് ഇന്ത്യ ഇന്ന് പുതിയ സംവിധാനങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇത് കണക്കിലെടുത്താണ് ഈ പുതിയ ദേശീയ വിദ്യാഭ്യാസ നയം ഉണ്ടാക്കിയിരിക്കുന്നത്.
ഇത്രയും വര്‍ഷമായി സ്‌കൂളുകളില്‍ വിദ്യാഭ്യാസത്തിന്റെ പേരില്‍ നമ്മുടെ കുട്ടികള്‍ക്ക് പുസ്തകവിജ്ഞാനം മാത്രം നല്‍കിക്കൊണ്ടിരുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയം ആ പഴയ അപ്രസക്തമായ സമ്പ്രദായത്തെ മാറ്റുകയാണ്. ദേശീയ വിദ്യാഭ്യാസ നയം പ്രായോഗിക പരിജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇപ്പോള്‍ അധ്യാപനകാലം അവസാനിച്ചു എന്നാണ് പറയുന്നത്. ഇനി പഠനത്തിലൂടെയാണ് വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകേണ്ടത്. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് കളിമണ്ണിനെക്കുറിച്ച് എന്തെങ്കിലും പറയണമെങ്കില്‍, ചോക്കിനെക്കുറിച്ച് എന്തെങ്കിലും പഠിപ്പിക്കണമെങ്കില്‍, നിങ്ങള്‍ക്ക് കുട്ടികളെ കുശവന്റെ അടുത്തേക്ക് കൊണ്ടുപോകാം. കുശവന്റെ അടുത്ത് പോയാല്‍ പലതും കാണാന്‍ സാധിക്കും. കുശവന്മാര്‍ ഏത് സാഹചര്യത്തിലാണ് ജീവിക്കുന്നത്, അവര്‍ എത്ര കഠിനാധ്വാനം ചെയ്യുന്നു? ദാരിദ്ര്യത്തില്‍ നിന്ന് കരകയറാന്‍ ഒരു വ്യക്തി എത്രമാത്രം പരിശ്രമിക്കുന്നു? ഇത് കുട്ടികളില്‍ സെന്‍സിറ്റിവിറ്റി ഉണര്‍ത്തുകയും ചെയ്യും.
കളിമണ്ണില്‍ നിന്ന് പാത്രങ്ങള്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കുട്ടികള്‍ കാണും. അവര്‍ വിവിധ തരം മണ്ണില്‍ പരിചയപ്പെടുത്തും. അത്തരമൊരു പ്രായോഗിക സമീപനം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വളരെ പ്രധാനപ്പെട്ട ഘടകമാണ്.


സുഹൃത്തുക്കളേ,

ഇക്കാലത്ത് അധ്യാപനത്തിലും പഠനത്തിലും സവിശേഷമായ പരീക്ഷണങ്ങളും സംവാദങ്ങളും നാം പലപ്പോഴും കേള്‍ക്കാറുണ്ട്. എന്നാല്‍ എന്റെ കുട്ടിക്കാലത്തെ ഒരു സംഭവം പറയാം. ഇന്ന് എന്റെ ഒരു അദ്ധ്യാപകനെ ഞാന്‍ ഓര്‍ക്കുന്നു. അദ്ദേഹം എന്റെ പ്രാഥമിക അധ്യാപകനായിരുന്നു. പിരീഡുകളുടെ അവസാനത്തില്‍ അദ്ദേഹം കുട്ടികള്‍ക്ക് ഒന്നോ മറ്റോ അസൈന്‍മെന്റ് നല്‍കും. ഇത് സാധാരണ ഗൃഹപാഠമായിരുന്നില്ല, മറിച്ച് മറ്റൊന്നായിരുന്നു. അടുത്ത ദിവസം 10 നാഴി അരി കൊണ്ടുവരാന്‍ അദ്ദേഹം ആരോടെങ്കിലും ആവശ്യപ്പെടും. അതുപോലെ മറ്റേ കുട്ടിയോട് 10 കഷണം മൂങ്ങ് പയര്‍ കൊണ്ടുവരാന്‍ പറയും. മൂന്നാമത്തെ കുട്ടിയോട് 10 പിടി പയര്‍ കൊണ്ടുവരാന്‍ പറഞ്ഞു. നാലാമനോട് 10 ഗ്രാം മറ്റെന്തെങ്കിലുമൊന്ന് കൊണ്ടുവരാന്‍ പറഞ്ഞു. ക്ലാസ്സിലെ എല്ലാവരോടും അടുത്ത ദിവസം അത്തരം 10 സാധനങ്ങള്‍ കൊണ്ടുവരാന്‍ അവന്‍ പറയും. തല്‍ഫലമായി, അടുത്ത ദിവസം എന്തെങ്കിലും 10 കഷണങ്ങള്‍ കൊണ്ടുവരണമെന്ന് കുട്ടി ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. 10 എന്ന അക്കം അവന്റെ മനസ്സില്‍ സ്ഥിരപ്പെട്ടിരുന്നു. അടുത്ത ദിവസം ഗോതമ്പോ അരിയോ കൊണ്ടുവരണമെന്ന് അവന്‍ മനസ്സില്‍ ഓര്‍ക്കും. വീട്ടില്‍ കയറുന്ന നിമിഷം അവന്‍ അമ്മയോട് പറയും, പിറ്റേന്ന് ടീച്ചര്‍ പറയുന്നതെന്തും ചുമക്കണമെന്ന്. തല്‍ഫലമായി, അവന്റെ മനസ്സ് ആ രൂപത്തില്‍ മുഴുകി. അടുത്ത ദിവസം ഞങ്ങള്‍ ക്ലാസ്സില്‍ പോകുമ്പോള്‍ ഞങ്ങളുടെ അധ്യാപകന്‍ ധാന്യങ്ങളും പയറും എല്ലാം തമ്മില്‍ കലര്‍ത്തും. എന്നിട്ട് ഓരോ വിദ്യാര്‍ത്ഥികളോടും മൂന്നോ അഞ്ചോ കഷണങ്ങള്‍ വ്യത്യസ്ത ധാന്യങ്ങളും പയറും എടുക്കാന്‍ അദ്ദേഹം ആവശ്യപ്പെടും. തല്‍ഫലമായി, കുട്ടി ഗ്രാമ്പൂവിനെയോ മൂങ്ങാപ്പഴത്തെയോ തിരിച്ചറിയാന്‍ തുടങ്ങുക മാത്രമല്ല, ആ രൂപത്തെ ഓര്‍ക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. അദ്ധ്യാപനത്തോടുള്ള അദ്ദേഹത്തിന്റെ പ്രായോഗിക സമീപനം അങ്ങനെയായിരുന്നു, അത് ഞങ്ങള്‍ക്ക് വളരെ വിചിത്രമായി തോന്നിയെങ്കിലും. പക്ഷേ അതായിരുന്നു അദ്ദേഹത്തിന്റെ അധ്യാപന രീതി. ഒരു വര്‍ഷത്തിനു ശേഷം ഞങ്ങള്‍ അടുത്ത ക്ലാസ്സിലേക്ക് മാറി. അധ്യാപകനും അങ്ങനെ തന്നെയായിരുന്നു. അദ്ദേഹം അതേ കാര്യം ആവര്‍ത്തിച്ചു. ഞാന്‍ ജിജ്ഞാസയുള്ള ആളായതിനാല്‍, ഞങ്ങള്‍ കഴിഞ്ഞ വര്‍ഷം ചെയ്ത അതേ കാര്യം എന്തുകൊണ്ടാണ് അദ്ദേഹം ആവര്‍ത്തിക്കുന്നതെന്ന് ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. അദ്ദേഹം എന്റെ വായടപ്പിച്ചിട്ട് എന്റെ കാര്യം ശ്രദ്ധിക്കാന്‍ പറഞ്ഞു. പിറ്റേന്ന് എല്ലാ വിദ്യാര്‍ത്ഥികളും അവര്‍ക്കാവശ്യമായത് കൊണ്ടുവന്നു. എന്നിരുന്നാലും, അദ്ദേഹം ഒരു മാറ്റം വരുത്തി. എല്ലാ വിദ്യാര്‍ത്ഥികളോടും കണ്ണടയ്ക്കാന്‍ പറഞ്ഞു. എന്നിട്ട് ഞങ്ങളോട് മൂങ്ങോ ഗ്രാമോ തമ്മിലുള്ള വ്യത്യാസം സ്പര്‍ശിച്ച് അനുഭവിക്കാന്‍ പറഞ്ഞു. സ്പര്‍ശനേന്ദ്രിയങ്ങളുടെ ശക്തി വളരെ ലളിതമായി അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു. ഒരു അധ്യാപകന്‍ തന്റെ വിദ്യാര്‍ത്ഥികളുമായി ഇടപഴകുമ്പോള്‍ അതിശയകരമായ ഫലങ്ങള്‍ എങ്ങനെ സൃഷ്ടിക്കുന്നു എന്നതിനെക്കുറിച്ചുള്ള എന്റെ അനുഭവം ഞാന്‍ നിങ്ങളോട് പറയുകയാണ്. ഈ ഒരു ലളിതമായ പ്രവര്‍ത്തനത്തില്‍ നിന്ന് ഞങ്ങള്‍ എത്രമാത്രം പ്രയോജനം നേടിയെന്ന് നിങ്ങള്‍ക്ക് ഊഹിക്കാനാകുമോ? ഞങ്ങള്‍ എണ്ണുന്നതിനെക്കുറിച്ച് പഠിച്ചു, ധാന്യങ്ങളെക്കുറിച്ച് പഠിച്ചു, നിറങ്ങളെക്കുറിച്ചും പഠിച്ചു. പ്രായോഗികമായ അറിവോടെ അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചിരുന്നത് ഇങ്ങനെയാണ്. പ്രായോഗിക പരിജ്ഞാനത്തോടെയുള്ള പഠനം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാന ചൈതന്യം കൂടിയാണ്, അത് നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം നിങ്ങള്‍ എല്ലാവരും നിറവേറ്റേണ്ടതുണ്ട്.


സുഹൃത്തുക്കളേ,


ദേശീയ വിദ്യാഭ്യാസ നയത്തില്‍ വരുത്തിയിട്ടുള്ള ഒരു പ്രധാന വ്യവസ്ഥ നമ്മുടെ ഗ്രാമങ്ങളിലെയും ചെറുപട്ടണങ്ങളിലെയും അധ്യാപകര്‍ക്ക് വളരെയധികം സഹായിക്കാന്‍ പോകുന്നു. മാതൃഭാഷയില്‍ വിദ്യാഭ്യാസം നല്‍കുന്ന വ്യവസ്ഥയാണിത്. ഏകദേശം 250 വര്‍ഷത്തോളം ബ്രിട്ടീഷുകാര്‍ നമ്മുടെ രാജ്യം ഭരിച്ചു, എന്നിട്ടും ഇംഗ്ലീഷ് ഭാഷ സമൂഹത്തിലെ ഒരു വിഭാഗത്തിന് മാത്രമായി പരിമിതപ്പെടുത്തി. ദൗര്‍ഭാഗ്യവശാല്‍, ഇംഗ്ലീഷ് ഭാഷയിലുള്ള വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കുന്ന അത്തരമൊരു സംവിധാനം സ്വാതന്ത്ര്യാനന്തരം സൃഷ്ടിക്കപ്പെട്ടു. കുട്ടികളെ ഇംഗ്ലീഷ് ഭാഷയില്‍ പഠിപ്പിക്കാന്‍ രക്ഷിതാക്കള്‍ക്കും പ്രചോദനമായി. എന്റെ അധ്യാപക സംഘടന അതിന്റെ പോരായ്മകളെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. അതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചാണ് ഇന്ന് ഞാന്‍ നിങ്ങളോട് പറയുന്നത്. ഈ യാഥാര്‍ത്ഥ്യം നിങ്ങള്‍ തിരിച്ചറിയുകയാണെങ്കില്‍, ഈ വിഷയത്തില്‍ നിങ്ങള്‍ ഈ ഗവണ്‍മെന്റിനെ എത്രത്തോളം പ്രശംസിക്കുന്നുവോ അതു കുറവായിപ്പോകും. ഇംഗ്ലീഷിനു പ്രാധാന്യം കൊടുത്തപ്പോള്‍ എന്തു സംഭവിച്ചു? ഗ്രാമങ്ങളിലെയും ദരിദ്രകുടുംബങ്ങളിലെയും ലക്ഷക്കണക്കിന് അധ്യാപകര്‍ക്ക്, അവരുടെ മാതൃഭാഷയില്‍ ബിരുദം നേടിയ അവര്‍ക്ക് ഇംഗ്ലീഷ് പഠിക്കാന്‍ അവര്‍ എത്ര മികച്ചവരായാലും അവസരം ലഭിച്ചില്ല. ചുറ്റും ഇംഗ്ലീഷിന്റെ അന്തരീക്ഷം ഉണ്ടായിരുന്നതിനാല്‍ അവര്‍ തൊഴിലില്ലായ്മയുടെ ഭീഷണി നേരിട്ടു. അതിനാല്‍, ഭാവിയില്‍ നിങ്ങളുടെ ജോലിയും നിങ്ങളെപ്പോലുള്ള സഹപ്രവര്‍ത്തകരുടെ ജോലിയും സംരക്ഷിക്കുന്നതിനായി മാതൃഭാഷയിലുള്ള വിദ്യാഭ്യാസത്തിന് ഞങ്ങള്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. അത് നമ്മുടെ അധ്യാപകരെ വളരെയധികം സഹായിക്കും. പതിറ്റാണ്ടുകളായി നമ്മുടെ നാട്ടില്‍ ഈ രീതി തുടരുന്നു. എന്നാല്‍ ഇപ്പോള്‍ ദേശീയ വിദ്യാഭ്യാസ നയം മാതൃഭാഷയില്‍ പഠിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നു. ഇതില്‍ നിന്ന് നിങ്ങള്‍ക്ക് വലിയ നേട്ടം ലഭിക്കും. ദരിദ്ര കുടുംബങ്ങളിലെയും ഗ്രാമങ്ങളിലെയും നമ്മുടെ യുവാക്കള്‍ക്കും അധ്യാപകര്‍ക്കും ഈ മാറ്റത്തിലൂടെ വലിയ നേട്ടങ്ങള്‍ ലഭിക്കുകയും മികച്ച തൊഴിലവസരങ്ങള്‍ ഉണ്ടാവുകയും ചെയ്യും.


സുഹൃത്തുക്കളേ,


ഇന്ന് അധ്യാപകര്‍ നേരിടുന്ന വെല്ലുവിളികള്‍ക്കിടയില്‍, അധ്യാപകരാകാന്‍ ആളുകള്‍ സ്വമേധയാ മുന്നോട്ട് വരുന്ന തരമൊരു അന്തരീക്ഷം സമൂഹത്തില്‍ നാം സൃഷ്ടിക്കേണ്ടതുണ്ട്. നിലവിലുള്ള സാഹചര്യത്തില്‍, ആളുകള്‍ ഡോക്ടര്‍മാരാകാനും എഞ്ചിനീയര്‍മാരാകാനും എംബിഎ ചെയ്യാനും സാങ്കേതികവിദ്യയില്‍ പ്രാവീണ്യം നേടാനും ആഗ്രഹിക്കുന്നതായി നാം കാണുന്നു. എന്നാല്‍ അപൂര്‍വ്വമായി ആരെങ്കിലും തനിക്ക് അധ്യാപകനാകണമെന്നും കുട്ടികളെ പഠിപ്പിക്കണമെന്നും പറയുന്നതായി കാണാറുണ്ട്. ഈ സാഹചര്യം ഏതൊരു സമൂഹത്തിനും വലിയ വെല്ലുവിളിയാണ്. ശമ്പളം കിട്ടുന്നതുകൊണ്ട് ജോലിയുടെ ഭാഗമായിട്ടാണോ നമ്മള്‍ കുട്ടികളെ പഠിപ്പിക്കുന്നത്, എന്നാല്‍ നമ്മള്‍ നമ്മുടെ ഹൃദയത്തില്‍ നിന്നുള്ള അധ്യാപകരാണോ? നമ്മള്‍ ജീവിതകാലം മുഴുവന്‍ അധ്യാപകരാണോ? നാടിന്റെ ഭാവി രൂപപ്പെടുത്തുകയും ഓരോ ദിവസവും കുട്ടികളെ പുതിയതായി എന്തെങ്കിലും പഠിപ്പിക്കുകയും വേണം എന്ന ഈ ഉള്‍ക്കൊള്ളുന്ന വികാരം നമ്മുടെ മനസ്സിലുണ്ടോ? സമൂഹത്തെ കെട്ടിപ്പടുക്കുന്നതില്‍ അധ്യാപകര്‍ക്ക് വളരെ പ്രധാനപ്പെട്ട പങ്കുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
എന്നാല്‍ ചിലപ്പോള്‍ അവരുടെ അവസ്ഥ കാണുമ്പോള്‍ എനിക്ക് വിഷമം തോന്നാറുണ്ട്. ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ നിങ്ങള്‍ക്ക് എന്റെ വേദന മനസ്സിലാകും. ആദ്യമായി മുഖ്യമന്ത്രിയായപ്പോള്‍ എനിക്ക് രണ്ട് ആഗ്രഹങ്ങളുണ്ടായിരുന്നു. ഒന്ന്, സ്‌കൂളില്‍ എന്നോടൊപ്പം പഠിച്ച എന്റെ ബാല്യകാല സുഹൃത്തുക്കളെ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു, കാരണം ഞാന്‍ നാടോടി ജീവിതം നയിച്ചിരുന്നതിനാല്‍ അവരുമായുള്ള ബന്ധം നഷ്ടപ്പെട്ടു പോയിരുന്നു. അവരെ കണ്ടിട്ട് മൂന്ന് പതിറ്റാണ്ടിലേറെയായി. രണ്ടാമതായി, എന്റെ എല്ലാ അധ്യാപകരെയും എന്റെ വീട്ടിലേക്ക് ക്ഷണിക്കാനും അവരെ ആദരിക്കാനും ഞാന്‍ ആഗ്രഹിച്ചു. ഞാന്‍ എന്റെ വീട്ടിലേക്ക് വിളിച്ച അധ്യാപകരില്‍ ഒരാള്‍ക്ക് 93 വയസ്സായിരുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ജീവിച്ചിരിക്കുന്ന എന്റെ എല്ലാ അധ്യാപകരുമായും സമ്പര്‍ക്കം പുലര്‍ത്തിയ അത്തരമൊരു വിദ്യാര്‍ത്ഥിയാണ് ഞാന്‍ എന്നറിയുമ്പോള്‍ നിങ്ങള്‍ അഭിമാനിക്കും. എന്നാല്‍ ഇന്ന് ഞാന്‍ ശ്രദ്ധിക്കുന്നത്, വിവാഹം പോലുള്ള പ്രധാന ചടങ്ങുകള്‍ക്ക് ആളുകള്‍ അവരുടെ അധ്യാപകരെ വളരെ അപൂര്‍വമായി മാത്രമേ വിളിക്കൂ എന്നതാണ്. എനിക്ക് വിവാഹ ക്ഷണക്കത്ത് ലഭിക്കുമ്പോഴെല്ലാം, വിവാഹം കഴിക്കുന്ന വ്യക്തിയോട് ഞാന്‍ ചോദിക്കുന്നു, അവന്‍ തന്റെ ജീവിതത്തിലെ ഈ സുപ്രധാന അവസരത്തിലേക്ക് ഏതെങ്കിലും അധ്യാപകനെ ക്ഷണിച്ചിട്ടുണ്ടോ എന്ന്. അധ്യാപകരെ ക്ഷണിച്ചിട്ടില്ലെന്ന് തൊണ്ണൂറു ശതമാനം ആളുകളും പറയുന്നു. പിന്നെ കാരണം ചോദിച്ചാല്‍ അവര്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കാന്‍ തുടങ്ങും. നിങ്ങളുടെ ജീവിതത്തിലെ ഒരു ചവിട്ടുപടിയായിരുന്ന വ്യക്തിയെ നിങ്ങള്‍ നിങ്ങളുടെ ജീവിതത്തിലെ ഒരു സുപ്രധാന ഘട്ടത്തില്‍ ആയിരിക്കുമ്പോള്‍ നിങ്ങള്‍ ഓര്‍ക്കുന്നില്ല എന്നത് വിചിത്രമല്ലേ? ഇതാണ് സമൂഹത്തിന്റെ ക്രൂരമായ യാഥാര്‍ത്ഥ്യം. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് നാം ചിന്തിക്കേണ്ടതുണ്ട്.
ഈ യാഥാര്‍ത്ഥ്യത്തിന് മറ്റൊരു വശമുണ്ട്. ഞാന്‍ ഈ ചോദ്യം വിദ്യാര്‍ത്ഥികളോട് ചോദിക്കുമ്പോള്‍, അധ്യാപകരോടും ഞാന്‍ അത് തന്നെ ചെയ്യുന്നു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ഞാന്‍ വര്‍ഷങ്ങളായി ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നു. ചെറിയ സ്‌കൂളുകള്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് പോയാല്‍ പോലും, 12-20-25 വര്‍ഷമായി അധ്യാപകരായ അവര്‍ക്ക് ഇപ്പോള്‍ 10 വിദ്യാര്‍ത്ഥികളുടെ പേര് നല്‍കാന്‍ കഴിയുമോ എന്ന് ഞാന്‍ അവരോട് ചോദിക്കുന്നു. അവരുടെ കരിയറില്‍ മികച്ച വിജയം നേടിയ 10 വിദ്യാര്‍ത്ഥികളുടെ പേരുകളെക്കുറിച്ച് ഞാന്‍ അവരോട് ചോദിക്കുന്നു, അവര്‍ അവരുടെ വിദ്യാര്‍ത്ഥികളായിരുന്നുവെന്ന് അവര്‍ അഭിമാനിക്കുന്നു. നിര്‍ഭാഗ്യവശാല്‍, 20 വര്‍ഷമായി അധ്യാപകരായിരിക്കുന്ന പലര്‍ക്കും എനിക്ക് ഉത്തരം നല്‍കാന്‍ കഴിയുന്നില്ല; തങ്ങള്‍ക്കായി ഒരു ഇടം സൃഷ്ടിച്ച 10 വിദ്യാര്‍ത്ഥികളുടെ പേര് അവര്‍ ഓര്‍ക്കുന്നില്ല. അവര്‍ അവരുടെ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെടുന്നില്ല. അതുകൊണ്ട് ഫലം പൂജ്യമാണ് സുഹൃത്തുക്കളെ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, വിച്ഛേദിക്കുന്നത് രണ്ട് അറ്റത്തുനിന്നും ആണ്. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഇടയില്‍ ഇത് സംഭവിക്കുന്നു.

ഒപ്പം സുഹൃത്തുക്കളേ,

എല്ലാം അവസാനിച്ചു എന്നല്ല. കായിക മേഖലയുടെ കാര്യത്തില്‍ ഇത് തികച്ചും വ്യത്യസ്തമാണ്. ഒരു കളിക്കാരന്‍/ കളിക്കാരി മെഡല്‍ നേടിയാല്‍ അത് തന്റെ ഗുരുവിനും പരിശീലകനുമായി സമര്‍പ്പിക്കുന്നതായി നാം കാണുന്നു. പലപ്പോഴും, ഒരു കളിക്കാരനും അവന്റെ കുട്ടിക്കാലത്തെ ഉപദേശകനും തമ്മില്‍ ഏകദേശം 15-20 വര്‍ഷത്തേക്ക് വിടവ് ഉണ്ടാകാറുണ്ട്. എന്നാല്‍ ഒരിക്കല്‍ ഒളിമ്പിക്സില്‍ മെഡല്‍ നേടിയാല്‍ അദ്ദേഹം തന്റെ ഗുരുവിന്റെ സേവനങ്ങള്‍ അനുസ്മരിക്കുകയും അദ്ദേഹത്തെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു. ഗുരുവിനോടുള്ള ഈ ആദരവ് അദ്ദേഹത്തിന്റെ മനസ്സില്‍ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്നു. ഗുരു അല്ലെങ്കില്‍ പരിശീലകന്‍ ആ കളിക്കാരനില്‍ വ്യക്തിഗതമായി ശ്രദ്ധ കേന്ദ്രീകരിക്കുകയും അവന്റെ ജീവിതത്തില്‍ ഇടപെടുകയും അവനെ ഒരു മികച്ച കളിക്കാരനാക്കാന്‍ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. നേരെമറിച്ച്, ഒരു വിദ്യാര്‍ത്ഥി തന്റെ അദ്ധ്യാപകന്റെ സംഭാവനകളെക്കുറിച്ചോ അവനുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനെക്കുറിച്ചോ ഓര്‍മ്മിക്കുന്നത് വളരെ അപൂര്‍വമായി മാത്രമേ ഞങ്ങള്‍ കാണാറുള്ളൂ. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് നാം ചിന്തിക്കണം.

സുഹൃത്തുക്കളേ,

കാലക്രമേണ, വിദ്യാര്‍ത്ഥികളും സ്‌കൂളുകളും തമ്മിലുള്ള ബന്ധം വര്‍ദ്ധിച്ചുവരികയാണ്. സ്‌കൂളില്‍ നിന്ന് പാസായ ശേഷം, വിദ്യാര്‍ത്ഥികള്‍ അവരുടെ സ്‌കൂളിനെ ഓര്‍ക്കുന്നത് അപൂര്‍വമാണ്. ഒരു സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളപ്പോള്‍ മാത്രമാണ് അവര്‍ തങ്ങളുടെ സ്‌കൂളിനെ ഓര്‍ക്കുന്നത്. സ്‌കൂളിന്റെ ജന്മദിനമോ സ്ഥാപക ദിനമോ ഓര്‍ക്കുന്നുണ്ടോ എന്ന് ഞാന്‍ പലപ്പോഴും ആളുകളോട് ചോദിക്കാറുണ്ട്. ജന്മദിനം എന്നാല്‍ ഗ്രാമത്തില്‍ സ്‌കൂള്‍ തുറന്ന ദിവസമാണ്. പിന്നെ ആ സ്‌കൂളില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകരോ മാനേജ്‌മെന്റോ അവിടെ പഠിച്ച വിദ്യാര്‍ത്ഥികളോ സ്‌കൂള്‍ ആരംഭിച്ചത് എപ്പോഴാണെന്ന് ഓര്‍ക്കുന്നില്ലെന്ന് എന്റെ വ്യക്തിപരമായ അനുഭവത്തില്‍ നിന്ന് ഞാന്‍ നിങ്ങളോട് പറയുന്നു. അവര്‍ അത് അറിഞ്ഞിട്ടു പോലുമില്ല. സ്‌കൂളും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ഈ വിച്ഛേദിക്കുന്നതിന് സ്‌കൂളുകളുടെ ജന്മദിനം ആഘോഷിക്കാന്‍ നമുക്ക് ഒരു പാരമ്പര്യം ആരംഭിക്കാം. ഇത് വിപുലമായി ആഘോഷിക്കുകയും ഗ്രാമം മുഴുവന്‍ അതില്‍ പങ്കാളികളാകുകയും വേണം. ആ സ്‌കൂളില്‍ പഠിച്ചവരെയും മുന്‍ അധ്യാപകരെയും ക്ഷണിക്കാം. അന്തരീക്ഷം മുഴുവനും മാറുമെന്നും ബന്ധത്തിന്റെ പുതിയ തുടക്കമുണ്ടാകുമെന്നും നിങ്ങള്‍ കാണും. ഇത് സമൂഹത്തില്‍ ഒരു ബന്ധം സൃഷ്ടിക്കും, നിങ്ങള്‍ പഠിപ്പിച്ച നിങ്ങളുടെ കുട്ടികള്‍ ഇന്ന് എവിടെ എത്തിയെന്ന് നിങ്ങള്‍ക്കും മനസ്സിലാകും. നിങ്ങള്‍ക്ക് അഭിമാനം തോന്നും. പഠിക്കുന്ന കുട്ടികള്‍ എവിടെ എത്തി, എത്ര ഉയരത്തില്‍ എന്നൊന്നും സ്‌കൂളുകള്‍ക്കറിയില്ല എന്നും ഞാന്‍ കാണുന്നു. അവരില്‍ ചിലര്‍ ചില കമ്പനികളുടെ സിഇഒമാരായി, ചിലര്‍ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും മറ്റ് ചിലര്‍ സിവില്‍ സര്‍വീസില്‍ ചേര്‍ന്നു. അവരെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം, പക്ഷേ അവര്‍ പഠിച്ച സ്‌കൂളിന് അവരെക്കുറിച്ച് അറിവില്ല. എത്ര വലിയ ആളായാലും, ഏതു പദവിയിലായാലും, പഠിച്ച സ്‌കൂളില്‍ നിന്ന് ക്ഷണം കിട്ടിയാല്‍, അവര്‍ തീര്‍ച്ചയായും സന്തോഷത്തോടെ ആ സ്‌കൂളില്‍ പോകും എന്നാണ് എന്റെ ഉറച്ച വിശ്വാസം. അതിനാല്‍, ഓരോ സ്‌കൂളും അതിന്റെ ജന്മദിനം ആഘോഷിക്കണം.

സുഹൃത്തുക്കളേ,

വളരെ പ്രധാനപ്പെട്ട മറ്റൊരു വിഷയമുണ്ട്, അത് ശാരീരികക്ഷമത, ആരോഗ്യം, ശുചിത്വം എന്നിവയാണ്. ഈ വിഷയങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പകല്‍ മുഴുവന്‍ ശാരീരികാധ്വാനം ഇല്ലാത്ത വിധം കുട്ടികളുടെ ജീവിതം നിഷ്‌ക്രിയമായിരിക്കുന്നത് ഞാന്‍ പലപ്പോഴും കാണാറുണ്ട്. ഒന്നുകില്‍, അവര്‍ മൊബൈല്‍ ഫോണുകളില്‍ ഒട്ടിപ്പിടിക്കുന്നു അല്ലെങ്കില്‍ ടിവിക്ക് മുന്നില്‍ ഇരിക്കുന്നു. ഇടയ്ക്ക് സ്‌കൂളില്‍ പോകുമ്പോള്‍ ഞാന്‍ കുട്ടികളോട് ചോദിക്കുമായിരുന്നു, ദിവസം നാലു നേരം വിയര്‍ക്കുന്ന എത്ര കുട്ടികളുണ്ടെന്ന്. പല കുട്ടികള്‍ക്കും വിയര്‍പ്പ് എന്താണെന്ന് പോലും അറിയില്ല. കളികള്‍ പതിവില്ലാത്തതിനാല്‍ കുട്ടികള്‍ വിയര്‍ക്കുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍, അവരുടെ സര്‍വതോന്മുഖമായ വികസനം എങ്ങനെ സംഭവിക്കും?
കുട്ടികളുടെ പോഷകാഹാരത്തില്‍ സര്‍ക്കാര്‍ എത്രമാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് നിങ്ങള്‍ക്കറിയാം. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം ഗവണ്‍മെന്റ് ക്രമീകരിക്കുന്നു. സ്‌കീം കടലാസില്‍ നല്ലതായിരിക്കണമെന്നും അത് ഔപചാരികമായി നടപ്പാക്കണമെന്നും ധാരണയുണ്ടെങ്കില്‍ പോഷകാഹാരവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ നേരിടുന്നത് നമ്മള്‍ തുടരും. ഞാന്‍ അതിനെ മറ്റൊരു രീതിയിലാണ് കാണുന്നത് സുഹൃത്തുക്കളേ. അതിനുള്ള വ്യവസ്ഥ ഗവണ്‍മെന്റ് ചെയ്യുന്നു. എന്നാല്‍ ആരു നടത്തുന്ന സൗജന്യ അടുക്കള സേവനത്തിലും ആര്‍ക്കും പങ്കെടുക്കാവുന്ന രാജ്യത്തെ ജനങ്ങളാണ് ഞങ്ങള്‍. സമൂഹം ആ വ്യക്തിയെ വളരെ അഭിമാനത്തോടെയും ബഹുമാനത്തോടെയും കാണുന്നു. ആളുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ ഒരു 'ഭണ്ഡാരം' സംഘടിപ്പിച്ചാല്‍, അത് വളരെ ബഹുമാനത്തോടെയാണ് കാണുന്നത്. നമ്മുടെ സ്‌കൂളുകളില്‍ എല്ലാ ദിവസവും 'ഭണ്ഡാരം' നടക്കുന്നതായി നമുക്ക് തോന്നാറില്ലേ? പാവപ്പെട്ട കുട്ടികള്‍ക്ക് എന്തെങ്കിലും കഴിക്കാന്‍ കിട്ടുന്നത് പോരാ. ആ കുട്ടികളെ പോറ്റാന്‍ സന്തോഷവും ശുദ്ധമായ വികാരവും ഉണ്ടാകണം. സമൂഹം മതിയാകുമ്പോള്‍ അവര്‍ പട്ടിണി കിടക്കരുത് എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. എല്ലാ ദിവസവും ഉച്ചയ്ക്ക് ഉച്ചഭക്ഷണത്തിന് സ്‌കൂളുകളില്‍ രണ്ട് മുതിര്‍ന്ന ആളുകളെ ക്ഷണിക്കുകയും അവര്‍ കുട്ടികള്‍ക്ക് വിളമ്പുകയും അതേ ഭക്ഷണം കഴിക്കുകയും ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. മുഴുവന്‍ സാഹചര്യവും മാറുന്നത് നിങ്ങള്‍ക്കു കാണാനാകും. അതേ ഉച്ചഭക്ഷണം ഒരു വലിയ ആചാരത്തിന് കാരണമാകും. വൃത്തിയായി ഭക്ഷണം കഴിക്കണം, ഭക്ഷണം കേടാക്കരുത്, പാഴാക്കരുത് തുടങ്ങിയ മൂല്യങ്ങള്‍ വിദ്യാര്‍ഥികള്‍ വളര്‍ത്തിയെടുക്കുന്നതാണ് പ്രധാനം. അധ്യാപകരെന്ന നിലയില്‍ നാം മാതൃക കാട്ടുമ്പോള്‍, ഫലം അതിശയകരമാണ്.
   മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിലെ ആദിവാസി ഭൂരിപക്ഷ ജില്ലയിലെ ഒരു സ്‌കൂളില്‍ പോയത് ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ അവിടെ ചെന്നപ്പോള്‍, കുട്ടികള്‍ വളരെ വൃത്തിയും വെടിപ്പുമുള്ളവരാണെന്നും ഓരോരുത്തര്‍ക്കും അവരുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഒരു തൂവാല കുത്തിയിട്ടുണ്ടെന്നും ഞാന്‍ കണ്ടു. ആ കുട്ടികളെ കൈയും മൂക്കും വൃത്തിയാക്കാന്‍ പഠിപ്പിക്കുകയും അവര്‍ അത് നിഷ്്ഠയോടെ പിന്തുടരുകയും ചെയ്തു. സ്‌കൂള്‍ കഴിഞ്ഞാല്‍ അധ്യാപകര്‍ ആ തൂവാലകള്‍ തിരിച്ചെടുക്കാറുണ്ടായിരുന്നു. അവര്‍ ആ തൂവാലകള്‍ അവരുടെ വീട്ടില്‍ കഴുകി അടുത്ത ദിവസം തിരികെ കൊണ്ടുവന്ന് കുട്ടികളുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കുത്തിക്കൊടുക്കും. ആ അധ്യാപികയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചപ്പോള്‍, അവര്‍ വളരെ പാവപ്പെട്ട സ്ത്രീയാണെന്നും എന്നാല്‍ അവരുടെ പഴയ സാരി ഒരിക്കലും വില്‍ക്കില്ലെന്നും ഞാന്‍ കണ്ടെത്തി. അല്ലാത്തപക്ഷം, നമ്മുടെ പഴയ വസ്ത്രങ്ങള്‍ വിറ്റ് പാത്രങ്ങള്‍ വാങ്ങുന്ന ഈ പാരമ്പര്യം ഗുജറാത്തിലുണ്ട്. ആ സ്ത്രീ തന്റെ പഴയ സാരിയില്‍ നിന്ന് തൂവാലകള്‍ ഉണ്ടാക്കുകയും അത് കുട്ടികളുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ തിരുകുകയും ചെയ്യും. ആ ടീച്ചര്‍ തന്റെ പഴയ സാരിയുടെ കഷ്ണങ്ങള്‍ കൊണ്ട് തന്റെ കര്‍ത്തവ്യത്തിന്റെ ഭാഗമല്ലാത്ത എത്രയെത്ര മൂല്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നുനല്‍കുന്നതെന്ന് ഇപ്പോള്‍ നിങ്ങള്‍ കാണുന്നുണ്ടോ? അവര്‍ക്ക് ശുചിത്വബോധം ഉണ്ടായിരുന്നു. ആ ആദിവാസി മേഖലയിലെ അമ്മയെക്കുറിച്ചാണ് ഞാന്‍ പറയുന്നത്.

സഹോദരീ സഹോദരന്മാരേ,

ഞാന്‍ മറ്റൊരു സ്‌കൂള്‍ സന്ദര്‍ശിച്ചപ്പോള്‍ ശുചിത്വബോധത്തെക്കുറിച്ച് ഉണ്ടായ മറ്റൊരു അനുഭവത്തെക്കുറിച്ച് നിങ്ങളോട് പറയട്ടെ. അത്ര വലിയ സ്‌കൂളായിരുന്നില്ല. ഒരു കുടില്‍ പോലെയുള്ള സ്‌കൂളായിരുന്നു അത്, ആദിവാസി മേഖലയിലായിരുന്നു. അവിടെ ഒരു കണ്ണാടി ഉണ്ടായിരുന്നു. സ്‌കൂളില്‍ വരുന്നവര്‍ ആദ്യം അഞ്ച് സെക്കന്‍ഡ് കണ്ണാടിക്ക് മുന്നില്‍ നില്‍ക്കണമെന്നും പിന്നീട് ക്ലാസിലേക്ക് പോകണമെന്നും ആ അധ്യാപിക ചട്ടം വെച്ചിരുന്നു. തല്‍ഫലമായി, വരുന്ന ഏതൊരു കുട്ടിയും ക്ലാസ്സില്‍ കയറുന്നതിന് മുമ്പ് ആദ്യം ആ കണ്ണാടിക്ക് മുന്നില്‍ വന്നു മുഖം നോക്കും. ആ ഒരൊറ്റ പരീക്ഷണം കൊണ്ട് വിദ്യാര്‍ത്ഥികളുടെ ആത്മാഭിമാനം ഉണര്‍ന്നു. തങ്ങളെ എപ്പോഴും ഇങ്ങനെ തന്നെ നിലനിര്‍ത്തണമെന്ന് അവര്‍ക്ക് തോന്നി. അദ്ഭുതകരമായ രീതിയില്‍ അധ്യാപകര്‍ക്ക് എങ്ങനെ മാറ്റം കൊണ്ടുവരാന്‍ കഴിയും എന്നതിന് ഇത്തരം നൂറുകണക്കിന് ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.

സുഹൃത്തുക്കളേ,

നിങ്ങളുടെ ഒരു ചെറിയ പരിശ്രമം വലിയ മാറ്റമുണ്ടാക്കുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാം. അദ്ധ്യാപകരുടെ ഇടയില്‍ ജീവിച്ച് ഞാന്‍ തന്നെ കണ്ടതും പഠിച്ചതുമായ നിരവധി ഉദാഹരണങ്ങള്‍ നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയും. സമയക്കുറവ് ഉള്ളതിനാല്‍ ഞാന്‍ എന്റെ കാര്യം വിശദീകരിക്കാന്‍ പോകുന്നില്ല. ഞാന്‍ എന്റെ പ്രസംഗം അവസാനിപ്പിക്കുകയാണ്. നമ്മുടെ പാരമ്പര്യം ഗുരുക്കള്‍ക്ക് നല്‍കിയ സ്ഥാനം, ആ അന്തസ്സും അഭിമാനവും മഹത്തായ പാരമ്പര്യവും നിങ്ങള്‍ എല്ലാവരും മുന്നോട്ട് കൊണ്ടുപോകുമെന്നും പുതിയ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. ഈ വിശ്വാസത്തോടെ, എല്ലാവരോടും ഞാന്‍ വളരെ നന്ദി പറയുന്നു, നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.
നമസ്‌കാരം!


-ND-



(Release ID: 1925965) Visitor Counter : 208