പ്രധാനമന്ത്രിയുടെ ഓഫീസ്‌

കഡ്‌വ പാട്ടിദാർ സമാജിന്റെ നൂറാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങളുടെ മലയാളം പരിഭാഷ

Posted On: 11 MAY 2023 1:29PM by PIB Thiruvananthpuram

എല്ലാവര്‍ക്കും ഹരി ഓം, ജയ് ഉമിയ മാ, ജയ് ലക്ഷ്മിനാരായണന്‍!

കച്ചി പട്ടേലുകള്‍ കച്ചിന്റെ മാത്രമല്ല, ഇന്ത്യയുടെ മുഴുവന്‍ അഭിമാനമാണ്. ഇന്ത്യയുടെ ഏത് ഭാഗത്തു ഞാന്‍ പോകുമ്പോഴും അവിടെ ഈ സമൂഹത്തില്‍ നിന്നുള്ള ആളുകളെ കാണാറുണ്ട്. അതുകൊണ്ടാണ് കച്ചിലെ ജനങ്ങള്‍ സമുദ്രത്തിലെ മത്സ്യത്തെപ്പോലെ ലോകമെമ്പാടും കറങ്ങുന്നുവെന്ന് പറയുന്നത്. എവിടെ അവര്‍ താമസിക്കുന്നുവോ അവിടെ അവര്‍ കച്ചിന്റെ സാഹചര്യങ്ങളെ പൊരുത്തപ്പെടുത്തുന്നു. പരിപാടിയില്‍ സന്നിഹിതരായിട്ടുള്ള ശാരദാപീഠത്തിലെ ജഗദ്ഗുരു പൂജ്യ ശങ്കരാചാര്യ സ്വാമി സദാനന്ദ് സരസ്വതി, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ പുരുഷോത്തം ഭായ് രൂപാല, അഖിലേന്ത്യ കച്ച് കഡ്‌വ പാട്ടിദാര്‍ സമാജ് പ്രസിഡന്റ് ശ്രീ അബ്ജി ഭായ് വിശ്രം ഭായ് കനാനി മറ്റെ് ഭാരവാഹികള്‍ ഇന്ത്യയിലും വിദേശത്തുമുള്ള എന്റെ എല്ലാ സഹോദരീസഹോദരന്മാരെ!


സനാതനി ശതാബ്ദി മഹോത്സവത്തിന്റെ വേളയില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍. ജഗദ്ഗുരു ശങ്കരാചാര്യ സ്വാമി സദാനന്ദ സരസ്വതി ജി ശങ്കരാചാര്യ സ്ഥാനമേറ്റതിന് ശേഷം അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ആദ്യമായി എനിക്ക് അവസരം ലഭിക്കുന്നത് ഇന്നാണ്, ഇത് എന്റെ തൊപ്പിയില്‍ ഒരു തൂവലാണ്. അദ്ദേഹത്തിന്റെ വാത്സല്യം എപ്പോഴും എന്നിലും നമ്മിലെല്ലാവരിലും ഉണ്ട്, ഇന്ന് അദ്ദേഹത്തെ അഭിവാദ്യം ചെയ്യാന്‍ എനിക്കും അവസരം ലഭിച്ചു.

സുഹൃത്തുക്കളെ,


100 വര്‍ഷത്തെ സാമൂഹികസേവനത്തിന്റെയും 50-ാം വര്‍ഷത്തിന്റെ യുവജന വിഭാഗത്തിന്റെയും വനിതാ വിഭാഗത്തിന്റെ 25-ാം വര്‍ഷത്തിന്റെയും ഐശ്വര്യപൂര്‍ണമായ കാലഘട്ടത്തിന്റെ രൂപത്തിലുള്ള ത്രിവേണി സംഗമം വളരെ സന്തോഷകരമായ ഒരു യാദൃശ്ചികതയാണ്. ഒരു സമൂഹത്തിലെ യുവാക്കളും അമ്മമാരും സഹോദരിമാരും അവരുടെ സമൂഹത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോള്‍, അതിന്റെ വിജയവും അഭിവൃദ്ധിയും ഉറപ്പാണ്. ശ്രീ അഖില്‍ ഭാരതീയ കച്ച് കഡ്‌വ  പാട്ടിദാർ സമാജിന്റെ യുവജനങ്ങളുടെയും വനിതാ വിഭാഗങ്ങളുടെയും ഈ വിശ്വസ്തത ഈ ഉത്സവത്തിന്റെ രൂപത്തില്‍ ഇന്ന് എല്ലായിടത്തും ദൃശ്യമാകുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. നിങ്ങളുടെ കുടുംബത്തിലെ അംഗമെന്ന നിലയില്‍ എന്നെ സനാതനി ശതാബ്ദി മഹോത്സവത്തിന്റെ ഭാഗമാക്കിയതിന് എല്ലാവരോടും ഞാന്‍ നന്ദിയുള്ളവനാണ്. സനാതനം എന്നത് വെറുമൊരു വാക്കല്ല; അത് എപ്പോഴും പുതിയതാണ്, എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതുമാണ്. ഭൂതകാലത്തില്‍ നിന്ന് സ്വയം മെച്ചപ്പെടാന്‍ അന്തര്‍ലീനമായ ഒരു ആഗ്രഹം അതിനുണ്ട്, അതുകൊണ്ട് സനാതനം അനശ്വരമാണ്.


സുഹൃത്തുക്കളെ,


ഏതൊരു രാജ്യത്തിന്റെയും പ്രയാണം അതിന്റെ സമൂഹത്തിന്റെ യാത്രയുടെ പ്രതിഫലനമാണ്. പാട്ടിദാര്‍ സമാജിന്റെ നൂറുവര്‍ഷത്തെ ചരിത്രവും ശ്രീ അഖില്‍ ഭാരതീയ കച്ച് കഡ്‌വ സമാജിന്റെ നൂറുവര്‍ഷത്തെ യാത്രയും ഭാവിയിലേക്കുള്ള ദര്‍ശനവും ഇന്ത്യയെയും ഗുജറാത്തിനെയും ഒരു തരത്തില്‍ അറിയാനും കാണാനുമുള്ള ഒരു മാധ്യമമാണ്. നൂറുകണക്കിനു വര്‍ഷങ്ങള്‍ ഈ സമൂഹത്തോട് വിദേശ ആക്രമണകാരികള്‍ എന്തെല്ലാം ക്രൂരതകള്‍ ചെയ്തു! പക്ഷേ, അപ്പോഴും സമൂഹത്തിന്റെ പൂര്‍വ്വികര്‍ അവരുടെ സ്വത്വം ഇല്ലാതാക്കാന്‍ അനുവദിച്ചില്ല, അവരുടെ വിശ്വാസത്തെ നശിപ്പിക്കാന്‍ അനുവദിച്ചില്ല. ഈ വിജയ സമൂഹത്തിന്റെ ഇന്നത്തെ തലമുറയില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള ത്യാഗങ്ങളുടെ ഫലം നമുക്ക് കാണാന്‍ കഴിയും. കച്ച് കഡ്‌വ പാട്ടിദാര്‍ സമുദായത്തിലെ ജനങ്ങള്‍ ഇന്ന് രാജ്യത്തും വിദേശത്തും തങ്ങളുടെ വിജയത്തിന്റെ പതാക ഉയര്‍ത്തുകയാണ്. എവിടെയായിരുന്നാലും അദ്ധ്വാനവും കഴിവും ഉപയോഗിച്ച് അവര്‍ മുന്നോട്ട് പോകുകയാണ്. തടിയോ, പ്ലൈവുഡോ, ഹാര്‍ഡ്‌വെയറോ, മാര്‍ബിളോ അല്ലെങ്കില്‍ നിര്‍മ്മാണ സാമഗ്രികളോ ആകട്ടെ എല്ലാ മേഖലകളിലും നിങ്ങള്‍ ഉണ്ട്. ഇതോടൊപ്പം, നിങ്ങളുടെ പാരമ്പര്യങ്ങളുടെ ആദരവും ബഹുമാനവും നിങ്ങള്‍ തലമുറതലമുറയായി, വര്‍ഷം തോറും വിപുലീകരിക്കുന്നുവെന്നതിലും എനിക്ക് സന്തോഷമുണ്ട്. ഈ സമൂഹം അതിന്റെ വര്‍ത്തമാനം കെട്ടിപ്പടുക്കുകയും ഭാവിയുടെ അടിത്തറ പാകുകയും ചെയ്തു!


സുഹൃത്തുക്കളെ,


നിങ്ങളോടൊപ്പം വളരെക്കാലം കഴിഞ്ഞ എനിക്ക് രാഷ്ട്രീയ ജീവിതത്തില്‍ നിങ്ങളില്‍ നിന്ന് വളരെയധികം പഠിക്കാനും കഴിഞ്ഞിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നിരവധി വിഷയങ്ങളില്‍ നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. കച്ച് ഭൂകമ്പത്തിന്റെ ദുഷ്‌കരമായ സമയത്തിലോ, അല്ലെങ്കില്‍ തുടര്‍ന്നുണ്ടായ ദീര്‍ഘനാളത്തെ ദുരിതാശ്വാസ-പുനര്‍നിര്‍മ്മാണ ശ്രമങ്ങളിലോ ആകട്ടെ, ഈ കൂട്ടായ്മയുടെ ശക്തിയാണ് എനിക്ക് എപ്പോഴും ആത്മവിശ്വാസം പകര്‍ന്നത്. കച്ചിലെ നാളുകളെക്കുറിച്ച് ഞാന്‍ ഓര്‍മ്മിക്കുമ്പോള്‍, അത് ഭൂതകാലസ്മരണകള്‍ തിരികെ കൊണ്ടുവരികയാണ്. രാജ്യത്തെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജില്ലകളില്‍ കച്ച് ഒന്നായിരുന്ന ഒരുകാലമുണ്ടായിരുന്നു. ജലക്ഷാമം, പട്ടിണി, മൃഗങ്ങളുടെ മരണം, കുടിയേറ്റം, ദുരിതം -- ഇതായിരുന്നു കച്ചിന്റെ സ്വത്വം. കച്ചിലേക്ക് ഒരു ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയാല്‍, അത് ശിക്ഷാ നിയമനം ഒരു 'കാലപാനി' ആയി കണക്കാക്കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി നമ്മള്‍ ഒന്നിച്ച്, കച്ചിനെ മാറ്റിമറിച്ചു. കച്ചിലെ ജലപ്രതിസന്ധി പരിഹരിക്കാന്‍ നാം ഒരുമിച്ച് പ്രവര്‍ത്തിച്ച രീതി, കച്ചിനെ ലോകത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റിയ രീതിയൊക്കെ എല്ലാവരുടെയും പ്രയത്‌നത്തി (സബ്ക പ്രയാസ്) ന്റെ മികച്ച ഉദാഹരണമാണ്. ഇന്ന് രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ജില്ലകളിലൊന്നാണ് കച്ച് എന്നത് കാണുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. കച്ചിന്റെ ബന്ധിപ്പിക്കല്‍ മെച്ചപ്പെടുകയും വന്‍കിട വ്യവസായങ്ങള്‍ അവിടെ തങ്ങളുടെ യൂണിറ്റുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നു. ഒരുകാലത്ത് കൃഷിയെക്കുറിച്ച് ചിന്തിക്കുന്നതുപോലും പ്രയാസമായിരുന്നിടത്ത് ഇന്ന് കച്ചില്‍ നിന്ന് കാര്‍ഷികോല്‍പ്പന്നങ്ങള്‍ ലോകത്തേക്ക് കയറ്റുമതി ചെയ്യപ്പെടുകയാണ്. ഈ പരിവര്‍ത്തനത്തില്‍ നിങ്ങള്‍ എല്ലാവരും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

സഹോദരീ സഹോദരന്മാരേ,

നാരായണ്‍ റാംജി ലിംബാനിയും എന്നെ വളരെയധികം പ്രചോദിപ്പിച്ചിട്ടുണ്ട്. ശ്രീ അഖില്‍ ഭാരതീയ കച്ച് കഡ്‌വ പാട്ടിദാര്‍ സമാജിനെ മുന്നോട്ട് കൊണ്ടുപോകുന്ന നിരവധി ആളുകളുമായും എനിക്ക് അടുത്ത ബന്ധമുണ്ട്. അതുകൊണ്ട്, ഈ സമൂഹത്തിന്റെ മുന്‍കൈകളേയും സംഘടിതപ്രവര്‍ത്തനങ്ങളേയും കുറിച്ചുള്ള വിവരങ്ങള്‍ എനിക്ക് സമയാസമയം ലഭിക്കുന്നുമുണ്ട്. കൊറോണ പ്രതിസന്ധിയുടെ സമയത്തും നിങ്ങളെല്ലാവരും പ്രശംസനീയമായ ജോലിയാണ് ചെയ്തത്. സനാതനി ശതാബ്ദി ആഘോഷങ്ങള്‍ക്കൊപ്പം, അടുത്ത 25 വര്‍ഷത്തേക്കുള്ള കാഴ്ചപ്പാടുകളും പ്രതിജ്ഞകളും നിങ്ങള്‍ മുന്നോട്ട് വച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. രാജ്യം അതിന്റെ സ്വാതന്ത്ര്യത്തിന്റെ 100-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അടുത്ത 25 വര്‍ഷത്തേക്കുള്ള നിങ്ങളുടെ പ്രതിജ്ഞകളും പൂര്‍ത്തീകരിക്കപ്പെടും. സമ്പദ്‌വ്യവസ്ഥ തൊട്ട് സാങ്കേതികവിദ്യവരെ സാമൂഹിക ഐക്യം മുതല്‍ പരിസ്ഥിതിയും പ്രകൃതി കൃഷിയും വരെ നിങ്ങള്‍ എടുത്തിട്ടുള്ള പ്രതിജ്ഞകള്‍ രാജ്യത്തിന്റെ അമൃത് പ്രതിജ്ഞകളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ഈ ദിശയിലുള്ള രാജ്യത്തിന്റെ പ്രതിജ്ഞകള്‍ക്ക് ശ്രീ അഖില്‍ ഭാരതീയ കച്ച് കഡ്‌വ സമാജിന്റെ പ്രയത്‌നങ്ങള്‍ കരുത്ത് പകരുമെന്നും അവയെ വിജയത്തിലേക്ക് നയിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. ഈ മനോഭാവത്തോടെ ഒരിക്കല്‍ കൂടി നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

നന്ദി!

-ND-



(Release ID: 1925829) Visitor Counter : 78