പ്രധാനമന്ത്രിയുടെ ഓഫീസ്‌

അതിജീവനശേഷിയുള്ളതും സുസ്ഥിരവുമായ ഭാവിക്കായി ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിൽ രാഷ്ട്രങ്ങളുടെ പങ്ക്’ എന്ന വിഷയത്തിൽ ഇന്ത്യ-ജപ്പാൻ അനുബന്ധ പരിപാടി


പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി. കെ. മിശ്രയുടെ പ്രസ്താവന


Posted On: 18 MAY 2023 9:15PM by PIB Thiruvananthpuram


വിശിഷ്ടാതിഥികളേ, പ്രിയസുഹൃത്തുക്കളെ,

ആദ്യമായി, ഈ പരിപാടി സംഘടിപ്പിക്കാൻ മുൻകൈയെടുത്തതിനും ഈ ശ്രമത്തിൽ പങ്കാളികളാകാൻ ഞങ്ങളെ ക്ഷണിച്ചതിനും ജപ്പാൻ ഗവണ്മെന്റിനു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്.

സെൻഡായി ചട്ടക്കൂടും അതിന്റെ മുൻഗാമിയായ ഹ്യോഗോ ചട്ടക്കൂടും ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള സമൂഹത്തിന്റെ സമഗ്രസമീപനത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടിയിട്ടുണ്ടെങ്കിലും, പുതിയ ദുരന്തസാധ്യതകൾ സൃഷ്ടിക്കുന്നതു തടയുന്നതിനും നിലവിലുള്ള ദുരന്തസാധ്യതകൾ കുറയ്ക്കുന്നതിനുമുള്ള പ്രാഥമിക ഉത്തരവാദിത്വം രാഷ്ട്രങ്ങൾക്കാണെന്നു വ്യക്തമാണ്.

 

ജി-7ഉം ജി-20ഉം ദുരന്തസാധ്യത ലഘൂകരിക്കുന്നതിനു മുൻഗണന നൽകിയിട്ടുണ്ട് എന്ന വസ്തുത സൂചിപ്പിക്കുന്നത്, ആഗോള നയവ്യവഹാരത്തിൽ ഈ വിഷയം ഇപ്പോൾ ഏറ്റവും ഉയർന്ന തലത്തിൽ ശ്രദ്ധ നേടുന്നു എന്നാണ്.

21-ാം നൂറ്റാണ്ടിൽ, ദുരന്തസാധ്യത കുറയ്ക്കുന്നതിൽ സങ്കീർണമായ വെല്ലുവിളികളാണു രാഷ്ട്രങ്ങൾ നേരിടുന്നത്. രണ്ടുകൂട്ടം വെല്ലുവിളികൾ ഞാൻ എടുത്തുകാട്ടട്ടെ:

ഒന്നാമതായി, ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള മുഴുവൻ ആവശ്യകതയെയും സമതുലിതമായ രീതിയിൽ അഭിസംബോധന ചെയ്യാൻ കഴിയുന്ന സാമ്പത്തികഘടന രാഷ്ട്രങ്ങൾ വികസിപ്പിക്കണമെന്നു നാമെല്ലാവരും തിരിച്ചറിയുന്നു. വളരെക്കാലമായി, ദുരന്തനിവാരണം, വീണ്ടെടുക്കൽ, പുനർനിർമാണം എന്നിവയ്ക്കു ധനസഹായം നൽകുന്നതിൽ ഞങ്ങൾ പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചു. ദുരന്തസാധ്യത ലഘൂകരിക്കുന്നതിനും ദുരന്തനിവാരണത്തിനും ധനസഹായം നൽകുന്നതിൽ നാം വേണ്ടത്ര ശ്രദ്ധ ചെലുത്തണം. ഇതു വലിയ അളവിലുള്ള വിഭവങ്ങൾ ലഭ്യമാക്കുന്ന കാര്യത്തിൽ മാത്രമല്ല, ഇനി പറയുന്നതുപോലുള്ള സങ്കീർണമായ പ്രശ്നങ്ങളെയും നാം അഭിമുഖീകരിക്കേണ്ടതുണ്ട്:

ദുരന്തസാധ്യത ലഘൂകരിക്കുന്നതിനു നീക്കിവച്ച വിഭവങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള ശേഷി എങ്ങനെ വർധിപ്പിക്കാം? അതിനായി ഏതുതരം വ്യവസ്ഥാപിത സംവിധാനങ്ങളും സാങ്കേതികശേഷികളും വൈദഗ്ധ്യവും നാം വികസിപ്പിക്കേണ്ടതുണ്ട്? നാം എങ്ങനെയാണ് ഫലങ്ങൾ അളക്കാൻ പോകുന്നത്? വിപുലമായ അപകടസാധ്യതകൾക്കും (അതായത് ഉയർന്ന ആവൃത്തി, മിതമായ പ്രത്യാഘാതങ്ങൾ) തീവ്രമായ അപകടസാധ്യതകൾക്കും (അതായത്, കുറഞ്ഞ ആവൃത്തി, ഉയർന്ന പ്രത്യാഘാതങ്ങൾ) അപായസാധ്യതാ ലഘൂകരണ ധനസഹായം നാം എങ്ങനെ സന്തുലിതമാക്കും? ഏറ്റവും ദുർബലരായവർക്ക് നമ്മുടെ സഹായം ഏതുരീതിയിൽ ലക്ഷ്യമിടാം?

വികസന പദ്ധതികളിലെ ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള ധനസഹായം മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതും, വലിയ വികസനപ്രക്രിയകളിൽ ഉത്തേജകസ്വാധീനം ചെലുത്തുന്ന ദുരന്തസാധ്യത ലഘൂകരിക്കുന്നതിന് പ്രത്യേക വിഭവങ്ങൾ മാറ്റിവയ്ക്കുന്നതും തമ്മിൽ എങ്ങനെ സന്തുലിതാവസ്ഥ കൈവരിക്കാനാകും?

ഇവ സങ്കീർണമായ വെല്ലുവിളികളാണ്. ദുരന്തസാധ്യത ലഘൂകരിക്കുന്നതിനുള്ള ധനസഹായത്തിന്റെ ദീർഘകാല ചരിത്രമുള്ള രാജ്യങ്ങളും ഈ വെല്ലുവിളികൾ നേരിടുന്നു. ഇവയെ അഭിസംബോധന ചെയ്യുന്നതിൽ നാം പരസ്പരം സഹകരിക്കുകയും പഠിക്കുകയും വേണം. അടുത്തയാഴ്ച രണ്ടാംയോഗം ചേരുന്ന ജി-20 പ്രവർത്തകസ‌മിതി, ഒരുദിവസം മുഴുവൻ സാമ്പത്തിക പ്രശ്നങ്ങൾ ചർച്ചചെയ്യാൻ നീക്കിവയ്ക്കും.

 

രണ്ടാമതായി, മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ഭരണസംവിധാനത്തിന്റെ പങ്കിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പൊതു-സ്വകാര്യ പങ്കാളിത്തം എന്ന ആശയം ഈ പശ്ചാത്തലത്തിൽ വളരെക്കാലമായി ചർച്ച ചെയ്യപ്പെടുന്നതാണ്. നിരവധി സ്വകാര്യമേഖലാ കമ്പനികൾ രംഗത്തുവന്നിട്ടുണ്ട്. കൂടുതൽ മേഖലാ-നിർദിഷ്ട മുൻകൂർ മുന്നറിയിപ്പ് സേവനങ്ങൾ വികസിപ്പിക്കുമ്പോൾ ഈ രംഗം കൂടുതൽ തിരക്കിലാകാൻ സാധ്യതയുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിൽ, ഭരണസംവിധാനത്തിന്റെ മാറ്റംവരുത്താൻ പറ്റാത്ത പങ്ക് എന്താണ്? നമുക്ക് നിരീക്ഷണശൃംഖല സ്വകാര്യകമ്പനികൾക്ക് പുറംകരാർ നൽകാൻ കഴിയുമോ? ആശയവിനിമയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലും വിന്യസിക്കുന്നതിലും രാഷ്ട്രം എത്രത്തോളം ഇടപെടണം? ദുരന്തസമയത്ത് അത്യാവശ്യമായ മുൻകൂർ മുന്നറിയിപ്പ് സേവനങ്ങൾ നിർബന്ധമായും നൽകാൻ സ്വകാര്യ കമ്പനികളെ രാഷ്ട്രം നിർബന്ധിക്കേണ്ടതുണ്ടോ?

ഞാൻ മുകളിൽ തിരിച്ചറിഞ്ഞ ചില വെല്ലുവിളികൾക്ക് എളുപ്പമുള്ള ഉത്തരങ്ങളൊന്നുമില്ല. എന്നിരുന്നാലും, ദുരന്തസാധ്യത കുറയ്ക്കുന്ന രീതിയിൽ പരിവർത്തനപരമായ മാറ്റം കൊണ്ടുവരണമെങ്കിൽ ഈ വെല്ലുവിളികളെ നാം നേരിടണം. നമ്മുടെ കാലാവസ്ഥാവ്യതിയാനവുമായി പൊരുത്തപ്പെടുത്താനുള്ള ശ്രമങ്ങളിൽ രാഷ്ട്രത്തെ കൂടുതൽ ഫലപ്രദമാക്കാനും ഇത് സഹായിക്കും.

ഈ ചർച്ചകളിൽ ഏർപ്പെടാനും ഈ കാര്യപരിപാടി മുന്നോട്ടുകൊണ്ടുപോകാൻ കൂട്ടായി പ്രവർത്തിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു.

ദുരന്തനിവാരണമേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അവരുടെ ജോലി ഏറ്റവും മികച്ചതായിത്തീരട്ടെ എന്നു ഞാൻ ആശംസിക്കുന്നു. നമുക്കും വരുംതലമുറകൾക്കും, അതിജീവനശേഷിയുള്ളതും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുന്നതിനായി നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം.

നന്ദി.

-ND-



(Release ID: 1925432) Visitor Counter : 115