ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

അന്താരാഷ്ട്ര മില്ലറ്റ് വർഷം-2023-ന്റെ ഭാഗമായി സിഎപിഎഫിലെയും എൻഡിആർഎഫിലെയും ഉദ്യോഗസ്ഥരുടെ ഭക്ഷണത്തിൽ ചെറുധാന്യങ്ങൾ ഉൾപ്പെടുത്തും

Posted On: 03 MAY 2023 4:29PM by PIB Thiruvananthpuram

 


ന്യൂ ഡൽഹി: മെയ് 3, 2023

അന്താരാഷ്ട്ര മില്ലറ്റ് വർഷം-2023 കണക്കിലെടുത്ത്, കേന്ദ്ര സായുധ പോലീസ് സേന (സിഎപിഎഫ്), ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്) എന്നിവയിലെ ഉദ്യോഗസ്ഥരുടെ ഭക്ഷണക്രമത്തിൽ മില്ലറ്റ് (ശ്രീ അന്ന) ഉൾപ്പെടുത്താൻ കേന്ദ്ര  ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടെ ആഹ്വാനപ്രകാരമാണ് എല്ലാ സേനകളുമായും വിശദമായ ചർച്ചയ്ക്ക് ശേഷം ഭക്ഷണത്തിൽ 30%  മില്ലറ്റ് അഥവാ ചെറുധാന്യങ്ങൾ ഉൾപ്പെടുത്താനുള്ള തീരുമാനമെടുത്തത്.

ചെറുധാന്യങ്ങളുടെ  പ്രാധാന്യം തിരിച്ചറിഞ്ഞ്, ജനങ്ങൾക്ക് പോഷകാഹാരം നൽകുന്നതിനൊപ്പം ആഭ്യന്തരവും ആഗോളവുമായ ആവശ്യം സൃഷ്ടിക്കുന്നതിനും, ഇന്ത്യാ ഗവൺമെന്റിന്റെ ആഭിമുഖ്യത്തിൽ, ഐക്യരാഷ്ട്രസഭ 2023 അന്താരാഷ്ട്ര മില്ലറ്റ് വർഷമായി പ്രഖ്യാപിച്ചു. ശ്രീ അന്നയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രചാരണം രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ പോഷകാഹാര ആവശ്യം നിറവേറ്റും.

ചെറുധാന്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ഭക്ഷണ വിവരപ്പട്ടിക അവതരിപ്പിക്കുന്നതിന് നടപടിയെടുക്കാൻ ആഭ്യന്തര മന്ത്രാലയം എല്ലാ സേനകളോടും ആവശ്യപ്പെട്ടിരുന്നു. CAPF, NDRF എന്നിവയുടെ വിവിധ ചടങ്ങുകളിലും പരിപാടികളിലും ചെറുധാന്യങ്ങൾ വ്യാപകമായി ഉപയോഗിക്കും.

കേന്ദ്രീയ പോലീസ് കല്യാൺ ഭണ്ഡർ, കാമ്പസുകളിലെ പലചരക്ക് കടകൾ, റേഷൻ കടകൾ എന്നിവിടങ്ങളിലും പ്രത്യേക കൗണ്ടറുകൾ/സ്ഥലങ്ങൾ സജ്ജീകരിച്ച് ചെറുധാന്യങ്ങൾ ലഭ്യമാക്കും. ഈ മേഖലയിലെ പ്രശസ്തമായ സ്ഥാപനങ്ങൾ മുഖേന ചെറുധാന്യ അധിഷ്ഠിത വിഭവങ്ങൾ തയ്യാറാക്കുന്നതിൽ പാചകക്കാർക്കുള്ള പരിശീലനവും സേന സംഘടിപ്പിക്കും

ചെറുധാന്യങ്ങൾ ഉപയോഗിക്കുന്നതിന് സൈനികർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഇടയിൽ അവബോധം സൃഷ്ടിക്കുന്നതിന്, ഡയറ്റീഷ്യൻമാരുടെയും വിദഗ്ധ ഏജൻസികളുടെയും സേവനം പ്രയോജനപ്പെടുത്തും. ഇതിനുപുറമെ വിവിധ പരിപാടികൾ, പ്രദർശനങ്ങൾ, സെമിനാറുകൾ, വെബിനാറുകൾ, ശിൽപശാലകൾ, സിമ്പോസിയങ്ങൾ എന്നിവ ‘നിങ്ങളുടെ ചെറുധാന്യങ്ങളെ അറിയുക’ എന്ന വിഷയത്തിൽ നടത്തും.

 

RRTN/SKY


(Release ID: 1921697) Visitor Counter : 176