പ്രധാനമന്ത്രിയുടെ ഓഫീസ്‌

പതിനാറാം സിവില്‍ സര്‍വീസ് ദിനത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ നടന്ന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


പൊതുഭരണ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാര്‍ഡുകള്‍ പതിനാറു പേർക്ക് സമ്മാനിച്ചു

'വികസിത ഭാരതം-പൗരന്മാരെ ശാക്തീകരിക്കുകയും സമൂഹത്തിന്റെ അടിത്തട്ട് വരെ എത്തുകയും ചെയ്യുന്നു' എന്ന ഇ-ബുക്കിന്റെ ഒന്നും രണ്ടും വാല്യങ്ങള്‍ പ്രകാശനം ചെയ്തു

''വികസിത ഇന്ത്യക്കായി, സാധാരണക്കാരുടെ അഭിലാഷങ്ങളെ ഗവണ്‍മെന്റ് സംവിധാനങ്ങള്‍ പിന്തുണയ്ക്കണം''

''എല്ലാം ഗവണ്‍മെന്റ് ചെയ്യുമെന്നായിരുന്നു മുന്‍പ് ചിന്തിച്ചിരുന്നത്, എന്നാല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും വേണ്ടി ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുമെന്നതാണ് ചിന്ത ''

'' രാജ്യം ആദ്യം- പൗരന്‍ ആദ്യം എന്നതാണ് ഗവണ്‍മെന്റിന്റെ മുദ്രാവാക്യം, നിരാലംബര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് ഇന്നത്തെ ഗവണ്‍മെന്റ്''

'' വികസനം കാംക്ഷിക്കുന്ന പൗരന്മാര്‍ ഇന്ന് സംവിധാനങ്ങളിലെ മാറ്റങ്ങള്‍ കാണാന്‍ കൂടുതല്‍ കാത്തിരിക്കാന്‍ തയ്യാറല്ല''

''ഇന്ത്യയുടെ സമയം വന്നിരിക്കുന്നുവെന്ന് ലോകം പറയുമ്പോള്‍, രാജ്യത്തെ ബ്യൂറോക്രസിക്കും നഷ്ടപ്പെടുത്താന്‍ സമയമില്ല''

''ദേശീയ താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം നിങ്ങളുടെ എല്ലാ തീരുമാനങ്ങളും''

'' നികുതിദായകരുടെ പണം സ്വന്തം സ്ഥാപനത്തിന് വേണ്ടിയാണോ രാജ്യത്തിന് വേണ്ടിയാണോ ഒരു രാഷ്ട്രീയ പാര്‍ട്ടി ഉപയോഗിക്കുന്നത് എന്ന് വിശകലനം ചെയ്യേണ്ടത് ബ്യൂറോക്രസിയുടെ കടമയാണ്''

''നല്ല ഭരണമാണ് പ്രധാനം. ജന കേന്ദ്രീകൃത ഭരണം പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും മികച്ച ഫലങ്ങള്‍ നല്‍കുകയും ചെയ്യുന്നു''

''നാം നമ്മുടെ കടമകള്‍ക്ക് പ്രഥമ പരിഗണന നല്‍കിയാല്‍ സ്വാതന്ത്ര്യത്തിന്റെ നൂറ്റാണ്ട് രാജ്യത്തിന്റെ സുവര്‍ണ്ണ നൂറ്റാണ്ടാകും. കടമ നമുക്ക് തെരഞ്ഞെടുക്കാനുള്ള അവകാശമല്ല, മറിച്ച് ഒരു പ്രതിജ്ഞയാണ്''

''സിവില്‍ സര്‍വീസുകാരുടെ മുഴുവന്‍ കഴിവുകളും പ്രയോജനപ്പെടുത്തുക എന്നതാണ് മിഷന്‍ കര്‍മ്മയോഗിയുടെ ലക്ഷ്യം''

''നിങ്ങള്‍ നിങ്ങള്‍ക്കായി എന്തു ചെയ്തുവെന്നതിന്റെ അടിസ്ഥാനത്തിലല്ല, ജനങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ വരുത്തിയ മാറ്റങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും നിങ്ങളെ വിലയിരുത്തുക''

''നവ ഇന്ത്യയില്‍ രാജ്യത്തെ പൗരന്മാരുടെ കരുത്ത് വര്‍ദ്ധിച്ചു, ഇന്ത്യയുടെ ശക്തിയും വര്‍ദ്ധിച്ചു''


Posted On: 21 APR 2023 1:26PM by PIB Thiruvananthpuram

16-ാമത് സിവില്‍ സര്‍വീസ് ദിനം 2023-നോടനുബന്ധിച്ച്  ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍  സിവില്‍ സര്‍വീസുകാരെ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാരങ്ങള്‍ പ്രധാനമന്ത്രി സമ്മാനിക്കുകയും ഇ ബുക്കുകളുടെ   പ്രകാശനം നിർവ്വഹിക്കുകയും  ചെയ്തു.

സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി,  സിവില്‍ സര്‍വീസ് ദിനത്തില്‍ എല്ലാവരെയും അഭിനന്ദിച്ചു. രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കുകയും വികസിത ഇന്ത്യയെന്ന ലക്ഷ്യങ്ങളും ഉദ്ദേശങ്ങളും കൈവരിക്കുന്നതിനായി മുന്നേറാന്‍ തുടങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ സിവില്‍ സര്‍വീസസ് ദിനം കൂടുതല്‍ സവിശേഷതയുള്ളതാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 15-25 വര്‍ഷം മുമ്പ് സര്‍വീസില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ സംഭാവനകളെ ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം, അമൃത കാലത്തെ അടുത്ത 25 വര്‍ഷങ്ങളില്‍ രാഷ്ട്രനിര്‍മ്മാണത്തിനായി സംഭാവന ചെയ്യുന്ന യുവ ഓഫീസര്‍മാരുടെ പങ്ക് ഊന്നിപ്പറയുകയും ചെയ്തു. ഈ അമൃത കാലത്ത്‌  രാജ്യത്തെ സേവിക്കാന്‍ അവസരം ലഭിച്ച യുവ ഉദ്യോഗസ്ഥര്‍ അതീവ ഭാഗ്യവാന്മാരാണെന്ന ആത്മവിശ്വാസവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു. ''രാജ്യത്തിന്റെ ഓരോ സ്വാതന്ത്ര്യ സമര സേനാനിയുടെയും സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ഉത്തരവാദിത്തം എല്ലാവരുടെയും ചുമലുകളിലാണ്'', സമയത്തിന്റെ കുറവും അതേസമയം രാജ്യത്തിന്റെ സാദ്ധ്യതകളുടെയും മനോബലത്തിന്റെയും സമൃദ്ധിയും ചൂണ്ടിക്കാട്ടികൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ 9 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഫലമായി രാജ്യം കുതിച്ചുയരലിന് തയാറെടുത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരേ ബ്യൂറോക്രസിയേയും ഉദ്യോഗസ്ഥസഞ്ചയത്തേയും കൊണ്ട് വ്യത്യസ്തമായ ഫലങ്ങളാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍ രാജ്യത്തിന്റെ വളര്‍ന്നുവരുന്ന രൂപരേഖയിലും, ദരിദ്രരില്‍ ദരിദ്രരായവര്‍ക്ക് 'സുശാസനി'ല്‍ ആത്മവിശ്വാസം വളര്‍ന്നുവരുന്നതിലും രാജ്യത്തിന്റെ വികസനത്തിലെ പുതിയ കുതിപ്പിലും കര്‍മ്മയോഗികള്‍ക്കുള്ള പങ്കിനെ അദ്ദേഹം അംഗീകരിച്ചു. ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ ഉയരുന്നത് പരാമര്‍ശിച്ച അദ്ദേഹം ഡിജിറ്റല്‍ ഇടപാടുകളില്‍ ഒന്നാം സ്ഥാനത്തെത്തിയും വിലകുറഞ്ഞ മൊബൈല്‍ ഡാറ്റ ലഭിക്കുന്ന രാജ്യങ്ങളിലൊന്നായും ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് പരിസ്ഥിതിയുമായി ഫിന്‍ടെക്കില്‍ ഇന്ത്യ മുന്നേറുകയാണെന്നും പറഞ്ഞു. ഗ്രാമീണ സമ്പദ്‌വ്യവസ്ഥ, റെയില്‍വേ, ഹൈവേകള്‍, തുറമുഖ ശേഷി വര്‍ദ്ധിപ്പിക്കല്‍, വിമാനത്താവളങ്ങളുടെ എണ്ണം എന്നിവയിലെ പരിവര്‍ത്തന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഇന്നത്തെ പുരസ്‌ക്കാരങ്ങള്‍ കര്‍മ്മയോഗികളുടെ സംഭാവനയും സേവനബോധവും പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15 ന് ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍ നിന്ന് നടത്തിയ അഭിസംബോധനയില്‍ വികസിത ഭാരതം അല്ലെങ്കില്‍ വികസിത ഇന്ത്യയുടെ വികസനത്തിനായി അടിമത്ത മനോഭാവം തകര്‍ക്കുക, ഇന്ത്യയുടെ പൈതൃകത്തില്‍ അഭിമാനം കൊള്ളുക, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ശക്തിപ്പെടുത്തുക, എല്ലാത്തിനും മുകളില്‍ ഒരാളുടെ കടമ കാത്തുസൂക്ഷിക്കുക എന്നിങ്ങനെയുള്ള 'പഞ്ച പ്രാണ്‍', മാര്‍ഗ്ഗദര്‍ശനത്തെ അദ്ദേഹം അനുസ്മരിച്ചു. ഈ അഞ്ച് ദൃഢനിശ്ചയങ്ങളില്‍ നിന്ന് ഉത്ഭവിക്കുന്ന ഊര്‍ജ്ജം ലോകത്തെ അര്‍ഹമായ സ്ഥാനത്തേക്ക് രാജ്യത്തെ എത്തിക്കുമെന്നതിനും പ്രധാനമന്ത്രി അടിവരയിട്ടു.
വികസിത ഭാരതം എന്ന ആശയം ആധുനിക അടിസ്ഥാന സൗകര്യങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് ഈ വര്‍ഷത്തെ സിവില്‍സര്‍വീസ് ദിവസത്തിന്റെ അടിസ്ഥാന ആശയമായ വികസിത ഭാരതത്തെക്കുറിച്ച് സവിസ്തരം സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ''ഇന്ത്യയുടെ ഗവണ്‍മെന്റ് സംവിധാനം ഓരോ ഇന്ത്യക്കാരന്റെയും അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നുവെന്നതും മാത്രമല്ല, ഓരോ പൗരനെയും അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനും മുന്‍ വര്‍ഷങ്ങളില്‍ വ്യവസ്ഥയുമായി ബന്ധപ്പെട്ട നിഷേധാത്മകതയെ ഗുണപരമായി മാറുന്നതിനും സഹായിക്കുന്നുവെന്നതും വികസിത ഭാരത്തില്‍ പ്രധാനമാണ്'', പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

നടപ്പിലാക്കുന്ന ഗവണ്‍മെന്റ് പദ്ധതികള്‍ അവസാനത്തെ ആളില്‍ വരെ എത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ദശാബ്ദങ്ങളുടെ അനുഭവത്തിലേക്ക് വെളിച്ചം വീശിക്കൊണ്ട്, പ്രധാനമന്ത്രി പ്രസ്താവിച്ചു. മുന്‍ ഗവണ്‍മെന്റുകളുടെ നയങ്ങളില്‍ നിന്നുള്ള ഫലങ്ങളുടെ ഉദാഹരണങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. 4 കോടിയിലധികം വ്യാജ ഗ്യാസ് കണക്ഷനുകളും 4 കോടിയിലധികം വ്യാജ റേഷന്‍ കാര്‍ഡുകളും ഉണ്ടായിരുന്നെന്നും 1 കോടി സാങ്കല്‍പ്പിക സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വനിതാ-ശിശു വികസന മന്ത്രാലയം സഹായം നല്‍കിയിട്ടുണ്ടെന്നും, ഏകദേശം 30 ലക്ഷം യുവാക്കള്‍ക്കാണ് ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം വ്യാജ സ്‌കോളര്‍ഷിപ്പുകള്‍ വാഗ്ദാനം ചെയ്തതെന്നും ഒരിക്കലും നിലവിലില്ലാത്ത തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ കൈമാറുന്നതിനായി മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എം.ജി.എന്‍.ആര്‍.ഇ.ജി.എ)ക്ക് കീഴില്‍ ലക്ഷക്കണക്കിന് വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചുവെന്നും അദ്ദേഹം പരാമര്‍ശിച്ചു. ഈ വ്യാജ ഗുണഭോക്താക്കളുടെ മറവില്‍ അഴിമതി നിറഞ്ഞ ഒരു പരിസ്ഥിതിയാണ് രാജ്യത്ത് ഉയര്‍ന്നുവന്നിരുന്നതെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഏകദേശം 3 ലക്ഷം കോടി രൂപ തെറ്റായ കൈകളില്‍ എത്തുന്നതില്‍ നിന്ന് ലാഭിക്കുന്ന തരത്തില്‍ സംവിധാനത്തിലുണ്ടായ പരിവര്‍ത്തനത്തിന് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ ശ്ലാഘിച്ച അദ്ദേഹം അത് ഇപ്പോള്‍ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി ഉപയോഗിക്കുന്നുവെന്നും പറഞ്ഞു.

സമയം പരിമിതമാകുമ്പോള്‍, ദിശയും പ്രവര്‍ത്തന ശൈലിയും തീരുമാനിക്കുന്നത് വളരെ നിര്‍ണായകമാകുന്നുവെന്ന് പ്രധാനമന്ത്രി തറപ്പിച്ചുപറഞ്ഞു. ''ഇന്നത്തെ വെല്ലുവിളി കാര്യക്ഷമതയെക്കുറിച്ചല്ല, മറിച്ച് പോരായ്മകള്‍ എങ്ങനെ കണ്ടെത്താമെന്നും ഇല്ലാതാക്കാമെന്നും തിട്ടപ്പെടുത്തുന്നതിലാണ്, അദ്ദേഹം പറഞ്ഞു. ചെറിയ കാര്യങ്ങളുടെ നിയന്ത്രണം പോലും പേരായ്മകള്‍ തട്ടിപ്പിറ്റിച്ച സമയത്തെ അദ്ദേഹം അനുസ്മരിച്ചു. ഇന്ന്, അതേ പോരായ്മയെ കാര്യക്ഷമതയാക്കി മാറ്റുകയും സംവിധാനത്തിലെ തടസ്സങ്ങള്‍ നീക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം തുടര്‍ന്നു. ''ഗവണ്‍മെന്റ് എല്ലാം ചെയ്യും എന്നായിരുന്നു മുന്‍പത്തെ ചിന്ത, എന്നാല്‍ ഗവണ്‍മെന്റ് എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നതാണ് ഇപ്പോഴത്തെ ചിന്ത'' എല്ലാവരെയും സേവിക്കുന്നതിനായി സമയവും വിഭവങ്ങളും കാര്യക്ഷമമായി വിനിയോഗിക്കുന്നതിനെ ഉയര്‍ത്തിക്കാട്ടികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ''ആദ്യം രാജ്യം -ആദ്യംപൗരന്‍ എന്നതാണ് ഗവണ്‍മെന്റിന്റെ മുദ്രാവാക്യം, ദരിദ്രര്‍ക്ക് മുന്‍ഗണന നല്‍കുക എന്നതിനാണ് ഇന്നത്തെ ഗവണ്‍മെന്റിന്റെ മുന്‍ഗണന'' ഗവണ്‍മെന്റ് വികസനംകാംക്ഷിക്കുന്ന ജില്ലകളിലേക്കും വികസനംകാംക്ഷിക്കുന്ന ബ്ലോക്കുകളിലേക്കും വരെ പോകുന്നുവെന്ന് അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ ഗവണ്‍മെന്റ് അതിര്‍ത്തി ഗ്രാമങ്ങളെ അവസാന ഗ്രാമങ്ങള്‍ എന്നതിനേക്കാള്‍ ആദ്യ ഗ്രാമങ്ങളായാണ് കണക്കാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 100 ശതമാനം പരിപൂര്‍ണ്ണത ലഭിക്കാന്‍ ഇനിയും കൂടുതല്‍ കഠിനാദ്ധ്വാനവും നൂതനാശയപരമായ പരിഹാരങ്ങളും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സംവിധാനത്തില്‍ എവിടെയെങ്കിലും ലഭ്യമാകുന്ന എന്‍.ഒ.സികളും (നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) വിവരങ്ങളും വകുപ്പുകള്‍ ആവശ്യപ്പെടുന്നതിന്റെ ഉദാഹരണം അദ്ദേഹം നല്‍കി. ജീവിതം സുഗമമാക്കുന്നതിനും വ്യാപാരം സുഗമമാക്കുന്നതിനും ഇവയ്ക്ക് പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏതൊരു അടിസ്ഥാന സൗകര്യ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റാ ലെയറുകളും ഒരൊറ്റ വേദിയില്‍ കണ്ടെത്താനാകുമെന്ന് പ്രധാനമന്ത്രി ഗതിശക്തി മാസ്റ്റര്‍ പ്ലാനിന്റെ ഉദാഹരണ ഉയര്‍ത്തിക്കാട്ടികൊണ്ട് വിശദീകരിച്ച പ്രധാനമന്ത്രി, സാമൂഹിക മേഖലയില്‍ മികച്ച ആസൂത്രണത്തിനും നിര്‍വ്വഹണത്തിനും അത് പരമാവധി പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. പൗരന്മാരുടെ ആവശ്യങ്ങള്‍ തിരിച്ചറിയുന്നതിനും ഭാവിയില്‍ ഉണ്ടാകാനിടയുള്ള വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വകുപ്പുകളും ജില്ലകളും ബ്ലോക്കുകളും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും അതിനൊപ്പം ഭാവി തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനും ഇത് വളരെയധികം പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വലിയ അവസരങ്ങള്‍ക്കൊപ്പം അതിരില്ലാത്ത വെല്ലുവിളികളും അമൃത് കാല്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അഭിലാഷമുള്ള ഇന്നത്തെ പൗരന്മാര്‍ സംവിധാനങ്ങളില്‍ മാറ്റങ്ങള്‍ ദര്‍ശിക്കുന്നതിന് അധികനേരം കാത്തിരിക്കാന്‍ തയ്യാറല്ലെന്നും ഇതില്‍ നമ്മുടെ മുഴുവന്‍ പരിശ്രമം ആവശ്യമാണെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. ഇന്ത്യയെക്കുറിച്ചുള്ള ലോകത്തിന്റെ പ്രതീക്ഷകള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചതിനാല്‍ പെട്ടെന്നുള്ള തീരുമാനങ്ങള്‍ എടുക്കുകയും അവ വേഗത്തില്‍ നടപ്പാക്കുകയും ചെയ്യുന്നത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഇന്ത്യയുടെ സമയം വന്നിരിക്കുന്നുവെന്ന് ലോകം പറയുമ്പോള്‍, രാജ്യത്തെ ഉദ്യോഗസ്ഥവൃന്ദത്തിനും പാഴാക്കാന്‍ സമയമില്ല. ''രാജ്യം നിങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നു, ആ വിശ്വാസം നിലനിര്‍ത്തി പ്രവര്‍ത്തിക്കുക. നിങ്ങളുടെ എല്ലാ തീരുമാനങ്ങളുടെയും അടിസ്ഥാനം എല്ലായ്‌പ്പോഴും ദേശീയ താല്‍പ്പര്യമായിരിക്കണം'', അദ്ദേഹം തറപ്പിച്ചുപറഞ്ഞു.

അധികാരത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടി നികുതിദായകരുടെ പണം രാജ്യത്തിന്റെ നേട്ടത്തിനായി വിനിയോഗിക്കുന്നുണ്ടോ എന്ന് ഉദ്യോഗസ്ഥവൃന്ദം വിലയിരുത്തേണ്ടതിന്റെ ആവശ്യകത ജനാധിപത്യത്തില്‍ വ്യത്യസ്ത ആശയങ്ങളുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാധാന്യവും ആവശ്യകതയും ഉയര്‍ത്തിക്കാട്ടിക്കൊണ്ട് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ''ഒരു രാഷ്ട്രീയ പാര്‍ട്ടി നികുതിദായകരുടെ പണം സ്വന്തം സംഘടനയുടെ നേട്ടത്തിനായാണോ അതോ രാജ്യത്തിനായണോ ഉപയോഗിക്കുന്നതെന്ന് വിശകലനം ചെയ്യേണ്ടത് ഉദ്യോഗസ്ഥവൃന്ദത്തിന്റെ കടമയാണ്. പണം വോട്ട് ബാങ്ക് സൃഷ്ടിക്കാനാണോ അല്ല പൗരന്മാരുടെ ജീവിതം സുഗമമാക്കാനാണോ; ഗവണ്‍മെന്റ് നിധി സ്വയം പരസ്യം ചെയ്യന്നതിനാണോ അല്ല ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനാണോ; വിവിധ സംഘടനകളില്‍ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെ നിയമിക്കുന്നതിനാണോ അല്ല നിയമനത്തിനായി സുതാര്യമായ ഒരു പ്രക്രിയ സൃഷ്ടിക്കുന്നതിനാണോ ഉപയോഗിക്കുന്നത്'എന്ന് കണ്ടെത്തണം'' പ്രധാനമന്ത്രി പറഞ്ഞു. പ്രതീക്ഷകള്‍ക്കൊപ്പം ഉയരേണ്ട സമയമാണിതെന്നും യുവാക്കളുടെ സ്വപ്‌നങ്ങളും നികുതിദായകരുടെ പണവും തകരുന്നത് തടയാനുമുള്ള സമയമാണിതെന്ന് ഉദ്യോഗസ്ഥവൃന്ദം ഇന്ത്യയുടെ ഉരുക്ക് ചട്ടക്കൂടാണെന്ന സര്‍ദാര്‍ പട്ടേലിന്റെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ട്, പ്രധാനമന്ത്രിപറഞ്ഞു.

കാര്യങ്ങള്‍ നടപ്പാക്കണം എന്നതും, കാര്യങ്ങള്‍ നടക്കട്ടെ എന്നുമുള്ള രണ്ടു സമീപനങ്ങള്‍ ജീവിതത്തിനുണ്ടെന്ന് പ്രധാനമന്ത്രി ഗവണ്‍മെന്റ് ഉദ്യോഗസ്ഥരോട് പറഞ്ഞു, . ആദ്യത്തേത് സജീവമായ മനോഭാവവും രണ്ടാമത്തേത് നിഷ്‌ക്രിയമായ മനോഭാവവുമാണ് പ്രതിഫലിപ്പിക്കുന്നത്. കാര്യങ്ങള്‍ നടപ്പാക്കണമെന്ന് വിശ്വാസമുള്ള ആളുകള്‍ ഉത്തരവാദിത്വത്തോടെ മുന്‍കൈയെടുത്ത് അവരുടെ ടീമുകളുടെ പ്രേരകശക്തിയായി മാറുന്നു. ''ജനങ്ങളുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരാനുള്ള ഈ ജ്വലിക്കുന്ന ആഗ്രഹത്തിലൂടെ നിങ്ങള്‍ക്ക് അവിസ്മരണീയമായ ഒരു പാരമ്പര്യം അവശേഷിപ്പിക്കാന്‍ കഴിയും. നിങ്ങള്‍ നിങ്ങള്‍ക്കായി എന്തുചെയ്തുവെന്നതിന്റെ അടിസ്ഥാനത്തിലല്ല, ജനങ്ങളുടെ ജീവിതത്തില്‍ എന്ത് മാറ്റങ്ങളാണ് നിങ്ങള്‍ കൊണ്ടുവന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് നിങ്ങളെ വിലയിരുത്തുക'', പ്രധാനമന്ത്രി കര്‍മ്മയോഗികളോട് പറഞ്ഞു. അതുകൊണ്ട്, ''നല്ല ഭരണമാണ് പ്രധാനം. ജന കേന്ദ്രീകൃത ഭരണം പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും മികച്ച ഫലങ്ങള്‍ നല്‍കുകയും ചെയ്യുന്നു'', അദ്ദേഹം പറഞ്ഞു. മികച്ച ഭരണവും ഊര്‍ജസ്വലരായ യുവ ഉദ്യോഗസ്ഥരുടെ പ്രയത്‌നവും നിമിത്തം നിരവധി വികസന മാനദണ്ഡങ്ങളില്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച് വികസനംകാംക്ഷിക്കുന്ന ജില്ലകള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിന്റെ ഉദാഹരണങ്ങളും അദ്ദേഹം നല്‍കി. ജനപങ്കാളിത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ജനങ്ങള്‍ക്കിടയില്‍ ഒരു ഉടമസ്ഥതാബോധം സൃഷ്ടിക്കപ്പെടുന്നുവെന്നും ജനങ്ങളുടെ ഈ ഉടമസ്ഥത മുന്‍പൊന്നുമുണ്ടായിട്ടില്ലാത്ത ഫലങ്ങള്‍ ഉറപ്പാക്കുന്നു, അദ്ദേഹം പറഞ്ഞു. സ്വച്ഛ് ഭാരത്, അമൃത് സരോവര്‍, ജല്‍ ജീവന്‍ മിഷന്‍ എന്നിവയുടെ ഉദാഹരണങ്ങളിലൂടെ അദ്ദേഹം ഇത് വിശദീകരിച്ചു.

ജില്ലാ വീക്ഷണങ്ങള്‍100 തയ്യാറാക്കിക്കൊണ്ടിരിക്കുന്നുവെന്ന് പരാമര്‍ശിച്ച പ്രധാനമന്ത്രി, അത്തരം വീക്ഷണങ്ങള്‍ പഞ്ചായത്ത് തലം വരെ തയ്യാറാക്കണമെന്നും പറഞ്ഞു. പഞ്ചായത്തുകള്‍, ബ്ലോക്കുകള്‍, ജില്ലകള്‍, സംസ്ഥാനങ്ങള്‍ എന്നിവയില്‍ ഏതെല്ലാം മേഖലകളില്‍ ഊന്നല്‍ നല്‍കണം, നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള മാറ്റങ്ങള്‍, കയറ്റുമതിക്കായി ഏറ്റെടുക്കാവുന്ന ഉല്‍പ്പന്നങ്ങളുടെ കണ്ടെത്തല്‍ ഇതിനെല്ലാമുള്ള വ്യക്തമായ കാഴ്ചപ്പാട് വികസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് എം.എസ്.എം.ഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍), സ്വാശ്രയ ഗ്രൂപ്പുകള്‍ എന്നിവയുടെ ശൃംഖലയെ ബന്ധിപ്പിക്കുന്നതിന് അദ്ദേഹം ഊന്നല്‍ നല്‍കി, ''പ്രാദേശിക പ്രതിഭകള്‍, പ്രാദേശിക സംരംഭകത്വം സ്റ്റാര്‍ട്ട്-അപ്പ് സംസ്‌കാരം എന്നിവ പ്രോത്സാഹിപ്പിക്കുകയെന്നത് നിങ്ങള്‍ളെയെല്ലാവരേയും സംബന്ധിച്ച് വളരെ പ്രധാനമാണ്'' അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി താന്‍ ഗവണ്‍മെന്റിന്റെ തലവനാണെന്നതിന് അടിവരയിട്ട പ്രധാനമന്ത്രി സിവില്‍ സര്‍വീസുകാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷവും പ്രകടിപ്പിച്ചു. കാര്യശേഷി വര്‍ദ്ധനയ്ക്ക് ഊന്നല്‍ നല്‍കിയ അദ്ദേഹം എല്ലാ സിവില്‍ സര്‍വീസുകാരുടെയും ഇടയില്‍ മിഷന്‍ കര്‍മ്മയോഗി ഒരു വലിയ സംഘടിതപ്രവര്‍ത്തനമായി മാറിയതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. കപ്പാസിറ്റി ബില്‍ഡിംഗ് കമ്മീഷന്‍ (കാര്യശേഷി നിര്‍മ്മാണ കമ്മിഷന്‍) ഈ സംഘടിതപ്രവര്‍ത്തനത്തെ പൂര്‍ണ്ണ ശക്തിയോടെ മുന്നോട്ട് കൊണ്ടുപോകുന്നുവെന്നതിന് അദ്ദേഹം അടിവരയിട്ടു, ''സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ മുഴുവന്‍ കാര്യശേഷിയും പ്രയോജനപ്പെടുത്തുക എന്നതാണ് മിഷന്‍ കര്‍മ്മയോഗിയുടെ ലക്ഷ്യം'' പ്രധാനമന്ത്രി പറഞ്ഞു. എല്ലായിടത്തും ഗുണമേന്മയുള്ള പരിശീലന സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി രൂപീകരിച്ച ഐ.ജി.ഓ.ടി വേദിയെ ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി പരിശീലനവും പഠനവും ഏതാനും മാസത്തേക്കുള്ള ഒരു ഔപചാരികതയായി തുടരരുതെന്ന് തറപ്പിച്ചുപറഞ്ഞു. ''ഇപ്പോള്‍, നിയമനം കിട്ടുന്ന എല്ലാവരേയും 'കര്‍മ്മയോഗി പ്രാരംഭ്'' എന്ന ഓറിയന്റേഷന്‍ മൊഡ്യൂളിനൊപ്പം ഐജി.ഒടി വേദിയില്‍ പരിശീലിപ്പിക്കുന്നു'', ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.

അധികാരശ്രേണിയുടെ പ്രോട്ടോക്കോള്‍ ഇല്ലാതാക്കാനുള്ള ഗവണ്‍മെന്റിന്റെ മുന്‍കൈ ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, താന്‍ സെക്രട്ടറിമാര്‍, അസിസ്റ്റന്റ് സെക്രട്ടറിമാര്‍, ട്രെയിനി ഓഫീസര്‍മാര്‍ എന്നിവരെ നിരന്തരം കാണാറുണ്ടെന്നും പറഞ്ഞു. പുതിയ ആശയങ്ങള്‍ക്കായി വകുപ്പിനുള്ളില്‍ എല്ലാവരുടെയും പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനുള്ള മസ്തിഷ്‌കോദ്ദീപന ക്യാമ്പുകളുടെ ഉദാഹരണവും അദ്ദേഹം നല്‍കി. ആദ്യ വര്‍ഷം സംസ്ഥാനങ്ങളില്‍ ജോലിചെയ്ത ശേഷം മാത്രമേ കേന്ദ്രഗവണ്‍മെന്റില്‍ ഉദ്യോഗസ്ഥര്‍ക്ക് ഡെപ്യൂട്ടേഷനില്‍ പ്രവൃത്തിപരിചയം ലഭിക്കുവെന്നതതിനെ യുവ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യാന്‍ അവസരം ലഭിക്കുന്ന അസിസ്റ്റന്റ് സെക്രട്ടറി പരിപാടിയിലൂടെ പരിഹരിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ജോലിയുടെ തുടക്കത്തില്‍ തന്നെ കേന്ദ്ര ഗവണ്‍മെന്റില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം അവര്‍ക്ക് ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
25 വര്‍ഷത്തെ അമൃത് യാത്രയെ കര്‍ത്തവ്യത്തിന്റെ സമയമായി കണക്കാക്കുന്നു (കര്‍തവ്യ കാല്‍) എന്ന് പ്രധാനമന്ത്രി പറഞ്ഞു. ''സ്വാതന്ത്ര്യത്തിന്റെ നൂറ്റാണ്ട് നമ്മള്‍ നമ്മുടെ കടമകള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന രാജ്യത്തിന്റെ സുവര്‍ണ്ണ നൂറ്റാണ്ടായിരിക്കും. കടമ എന്നത് നമുക്ക് തെരഞ്ഞെടുക്കാനുള്ള ഒന്നല്ല, മറിച്ച് ഒരു പ്രതിജ്ഞയാണ്'', പ്രധാനമന്ത്രി ഊന്നല്‍നല്‍കി. ''വേഗത്തിലുള്ള മാറ്റത്തിന്റെ സമയമാണിത്. നിങ്ങളുടെ പങ്കും നിര്‍ണ്ണയിക്കുന്നത് നിങ്ങളുടെ അവകാശങ്ങളിലല്ല, മറിച്ച് നിങ്ങളുടെ കടമകളിലും അവരുടെ പ്രകടനത്തിലൂടെയുമാണ്. നവ ഇന്ത്യയില്‍ രാജ്യത്തെ പൗരന്മാരുടെ കരുത്ത് വര്‍ദ്ധിച്ചു, ഇന്ത്യയുടെ ശക്തിയും വര്‍ദ്ധിച്ചു. ഈ പുതിയ വളര്‍ന്നുവരുന്ന ഇന്ത്യയില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചിരിക്കുന്നു''., അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്ര്യം ലഭിച്ച് 100 വര്‍ഷത്തിന് ശേഷം രാജ്യത്തിന്റെ നേട്ടങ്ങള്‍ വിലയിരുത്തുമ്പോള്‍ ചരിത്രത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന അടയാള്‍ രേഖപ്പെടുത്താന്‍ യുവ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് അവസരമുണ്ടായിരിക്കുന്നുവെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രസ്താവിച്ചു. ''രാജ്യത്തിന് പുതിയ സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതിലും അത് മെച്ചപ്പെടുത്തുന്നതിലും ഞാന്‍ പങ്കുവഹിച്ചുവെന്ന് നിങ്ങള്‍ക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും. രാഷ്ട്രനിര്‍മ്മാണത്തില്‍ നിങ്ങള്‍ എല്ലാവരും നിങ്ങളുടെ പങ്ക് വിപുലീകരിക്കുന്നത് തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്'', ശ്രീ മോദി പറഞ്ഞു.

പരിപാടിയില്‍ കേന്ദ്ര പേഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സ് ആന്‍ഡ് പെന്‍ഷന്‍ മന്ത്രാലയം സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ്, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ പി കെ മിശ്ര, കാബിനറ്റ് സെക്രട്ടറി ശ്രീ രാജീവ് ഗൗബ, ഭരണപരിഷ്‌കാര പബ്ലിക് ഗ്രീവന്‍സ് വകുപ്പ് സെക്രട്ടറി ശ്രീ വി ശ്രീനിവാസ് എന്നിവര്‍ പങ്കെടുത്തു.

പശ്ചാത്തലം

രാഷ്ട്രനിര്‍മ്മാണത്തിനുള്ള സംഭാവനകള്‍ക്ക് സിവില്‍ സര്‍വീസുകാരെ പ്രധാനമന്ത്രി നിരന്തരം അഭിനന്ദിക്കുകയും കൂടുതല്‍ കഠിനാധദ്ധ്വാനം ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതേ തീഷ്ണതയോടെ രാജ്യത്തെ സേവിക്കാന്‍ പ്രത്യേകിച്ച് നിര്‍ണ്ണായകമായ ഈ അമൃത് കാലിന്റെ ഘട്ടത്തില്‍ പ്രധാനമന്ത്രിക്ക് രാജ്യത്തുടനീളമുള്ള സവില്‍ സര്‍വീസുകാരെ പ്രചോദിപ്പിക്കാനും ഉത്തേജിതരാക്കാനുമുള്ള ഉചിതമായ വേദിയായി ഈ പരിപാടി മാറി.

ചടങ്ങില്‍, പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌ക്കാരങ്ങളും പ്രധാനമന്ത്രി സമ്മാനിച്ചു. സാധാരണ പൗരന്മാരുടെ ക്ഷേമത്തിനായി കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ ജില്ലകളും സംഘടനകളും നടത്തുന്ന അസാധാരണവും നൂതനവുമായ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവ നടപ്പാക്കുന്നത്.

ഹര്‍ ഘര്‍ ജല്‍ യോജനയിലൂടെ സ്വച്ഛ് ജലിനെ പ്രോത്സാഹിപ്പിക്കുക; ആരോഗ്യ സൗഖ്യകേന്ദ്രങ്ങളിലൂടെ സ്വസ്ത് ഭാരത് പ്രോത്സാഹിപ്പിക്കുന്നു; സമഗ്ര ശിക്ഷയിലൂടെ തുല്യവും സമഗ്രവുമായ ക്ലാസ് റൂം അന്തരീക്ഷത്തോടുകൂടിയ ഗുണനിലവാരമുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക; വികസം കാംക്ഷിക്കുന്ന ജില്ലകള്‍ പരിപാടിയിലൂടെ സമഗ്ര വികസനം - പരിപൂര്‍ണ്ണത സമീപനത്തില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് മൊത്തത്തിലുള്ള പുരോഗതി-എന്നിങ്ങനെ തെരഞ്ഞെടുക്കപ്പെട്ട നാല് മുന്‍ഗണനാ പരിപാടികളില്‍ നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നത്.

On Civil Services Day, greetings to the civil servants, who are serving the nation with utmost diligence.
https://t.co/nhN0AmsmcG

— Narendra Modi (@narendramodi) April 21, 2023

It is our collective responsibility to fulfill the dreams of the freedom fighters in the Amrit Kaal. pic.twitter.com/JBkv7mLlvM

— PMO India (@PMOIndia) April 21, 2023

पिछले 9 वर्षों में भारत आज जहां पहुंचा है, उसने हमारे देश को बहुत ऊंची छलांग के लिए तैयार कर दिया है।

देश में ब्यूरोक्रेसी वही है, अधिकारी-कर्मचारी वही हैं लेकिन परिणाम बदल गए हैं। pic.twitter.com/noiOeWpLv1

— PMO India (@PMOIndia) April 21, 2023

पंच प्राणों की प्रेरणा से जो ऊर्जा निकलेगी, वो हमारे देश को वो ऊंचाई देगी, जिसका वो हमेशा से हकदार रहा है। pic.twitter.com/BtafIilYc0

— PMO India (@PMOIndia) April 21, 2023

For a developed India, the government system should support the aspirations of common people. pic.twitter.com/wasahMblNx

— PMO India (@PMOIndia) April 21, 2023

पहले ये सोच थी कि ‘सरकार सबकुछ करेगी’, लेकिन अब सोच है कि ‘सरकार सबके लिए करेगी’। pic.twitter.com/tKFnqeMUWN

— PMO India (@PMOIndia) April 21, 2023

आज की सरकार का ध्येय है- Nation First-Citizen First. pic.twitter.com/WqEq9p45pS

— PMO India (@PMOIndia) April 21, 2023

India's time has arrived. pic.twitter.com/z3S5EHCcVV

— PMO India (@PMOIndia) April 21, 2023

आज मैं भारत की ब्यूरोक्रेसी से, भारत के हर सरकारी कर्मचारी से, चाहे वो राज्य सरकार में हो या केंद्र सरकार में, एक आग्रह करना चाहता हूं: PM @narendramodi pic.twitter.com/5R0oL2chW0

— PMO India (@PMOIndia) April 21, 2023

Good Governance is the key. pic.twitter.com/f3uswKRq1V

— PMO India (@PMOIndia) April 21, 2023

कर्तव्य हमारे लिए विकल्प नहीं संकल्प हैं। pic.twitter.com/WfZzaVUwP1

— PMO India (@PMOIndia) April 21, 2023

*****

ND



(Release ID: 1918577) Visitor Counter : 127