പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആഗോള ബുദ്ധമത ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


"ബുദ്ധപ്രജ്ഞ ശാശ്വതമാണ്"

"ബുദ്ധഭഗവാന്റെ ഉപദേശങ്ങളിൽനിന്നു പ്രചോദനം ഉൾക്കൊണ്ട്, ഇന്ത്യ ആഗോള ക്ഷേമത്തിനായി പുതിയ സംരംഭങ്ങൾ സ്വീകരിക്കുന്നു"

"ബുദ്ധഭഗവാന്റെ മൂല്യങ്ങളും സന്ദേശങ്ങളും ഞങ്ങൾ തുടർച്ചയായി പ്രചരിപ്പിച്ചു"

"ഓരോ മനുഷ്യന്റെയും ദുഃഖം ഇന്ത്യ സ്വന്തം ദുഃഖമായി കണക്കാക്കുന്നു"

"ബുദ്ധധർമവും സമാധാനവും പ്രചരിപ്പിക്കാൻ സമാനമനസ്കരും സമാനഹൃദയരുമായ രാജ്യങ്ങൾക്ക് ഐ‌ബി‌സി പോലുള്ള വേദികൾ അവസരം നൽകുന്നു"

"ഓരോ വ്യക്തിയുടെയും രാജ്യത്തിന്റെയും മുൻഗണന രാജ്യതാൽപ്പര്യത്തോടൊപ്പം ലോകതാൽപ്പര്യവും ആയിരിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്"

"ബുദ്ധന്റെ യാത്ര പ്രശ്നപരിഹാരങ്ങൾക്കുള്ള യാത്രയാണ്"

"ഇന്നു ലോകത്തെ അലട്ടുന്ന എല്ലാ പ്രശ്നങ്ങൾക്കും ബുദ്ധൻ പരിഹാരം വാഗ്ദാനം ചെയ്തു"

"ബുദ്ധന്റെ പാത ഭാവിയുടെ പാതയും സുസ്ഥിരതയുടെ പാതയുമാണ്"

"ലൈഫ് ദൗത്യം ബുദ്ധന്റെ പ്രചോദനങ്ങളാൽ സ്വാധീനിക്കപ്പെടുന്നു, അതു ബുദ്ധചിന്തകളെ വ്യാപിപ്പിക്കുന്നു"

Posted On: 20 APR 2023 12:10PM by PIB Thiruvananthpuram

ആഗോള ബുദ്ധമത ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ന്യൂഡൽഹിയിലെ ഹോട്ടൽ അശോകിലായിരുന്നു പരിപാടി. ഫോട്ടോപ്രദർശനം വീക്ഷിച്ച പ്രധാനമന്ത്രി ബുദ്ധപ്രതിമയിൽ പുഷ്പാർച്ചന നടത്തി. പത്തൊൻപത് പ്രമുഖ സന്ന്യാസിമാർക്ക് അദ്ദേഹം സന്ന്യാസ വസ്ത്രങ്ങൾ (ചിവർ ദാന) സമർപ്പിച്ചു.

സദസിനെ അഭിസംബോധന ചെയ്യവേ, ആഗോള ബുദ്ധമത ഉച്ചകോടിയുടെ ഉദ്ഘാടനസമ്മേളനത്തിലേക്കു ലോകത്തിന്റെ വിവിധ കോണുകളിൽനിന്നുള്ള ഏവരേയും പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ‘അതിഥി ദേവോ ഭവ’ (അതിഥികൾ ദൈവത്തിനു തുല്യരാണ്) ബുദ്ധന്റെ ഈ നാടിന്റെ പാരമ്പര്യമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ബുദ്ധന്റെ ആദർശങ്ങളിലൂടെ ജീവിച്ച നിരവധി വ്യക്തിത്വങ്ങളുടെ സാന്നിധ്യം ബുദ്ധൻ നമുക്കരികിലുണ്ടെന്ന അനുഭവം പ്രദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. "വ്യക്തിക്ക് അതീതനാണു ബുദ്ധൻ. അതൊരവബോധമാണ്" - പ്രധാനമന്ത്രി പറഞ്ഞു. ബുദ്ധൻ വ്യക്തിത്വത്തെ മറികടക്കുന്ന അനുഭൂതിയാണെന്നും രൂപത്തിനതീതമായ ചിന്തയാണെന്നും ആവിഷ്കാരത്തിനതീതമായ ബോധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. "ഈ ബുദ്ധപ്രജ്ഞ ശാശ്വതമാണ്" - അദ്ദേഹം പറഞ്ഞു. മനുഷ്യരാശിയെ ഒരൊറ്റ നൂലിൽ ബന്ധിപ്പിക്കുന്ന ബുദ്ധന്റെ വികാസത്തെതാണു വിവിധ മേഖലകളിൽ നിന്നുള്ള നിരവധിപേരുടെ സാന്നിധ്യം പ്രതിനിധാനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ ക്ഷേമത്തിനായി ആഗോളതലത്തിൽ ബുദ്ധഭഗവാന്റെ കോടിക്കണക്കിന് അനുയായികളുടെ കൂട്ടായ ഇച്ഛാശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും ശക്തിയും അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യ ആഗോള ബുദ്ധമത ഉച്ചകോടി എല്ലാ രാഷ്ട്രങ്ങളുടെയും ശ്രമങ്ങൾക്ക് ഫലപ്രദമായ വേദി സൃഷ്ടിക്കുമെന്ന് ഈ അവസരത്തിൽ പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഈ സുപ്രധാന പരിപാടി സംഘടിപ്പിച്ചതിന് സാംസ്കാരിക മന്ത്രാലയത്തിനും അന്താരാഷ്ട്ര ബുദ്ധമത കോൺഫെഡറേഷനും അദ്ദേഹം നന്ദി പറഞ്ഞു.

ബുദ്ധമതവുമായുള്ള വ്യക്തിപരമായ ബന്ധം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. താൻ താമസിക്കുന്ന വഡ്‌നഗർ പ്രധാന ബുദ്ധമത കേന്ദ്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഹ്യൂയാൻ സാങ് വഡ്‌നഗർ സന്ദർശിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബുദ്ധ പൈതൃകവുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്ന സാരാനാഥിന്റെ പശ്ചാത്തലത്തിൽ ശ്രീ മോദി കാശിയെക്കുറിച്ചും പരാമർശിച്ചു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ രാജ്യം 'ആസാദി കാ അമൃത് കാൽ' ആഘോഷിക്കുന്ന വേളയിലാണ് ആഗോള ബുദ്ധമത ഉച്ചകോടി നടക്കുന്നത് എന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, ഇന്ത്യക്ക് അതിന്റെ ഭാവിക്കായി സുപ്രധാന ലക്ഷ്യവും ആഗോള നന്മയ്ക്കായി പുതിയ തീരുമാനങ്ങളുമുണ്ടെന്നു വ്യക്തമാക്കി. വിവിധ മേഖലകളിൽ സമീപകാല ആഗോള നാഴികക്കല്ലുകളിലെത്താൻ ഇന്ത്യക്കു കഴിഞ്ഞതിനു പിന്നിലെ പ്രചോദനം ഭഗവാൻ ബുദ്ധനാണെന്ന് അദ്ദേഹം പറഞ്ഞു.

സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും സാക്ഷാത്കാരത്തിന്റെയും ബുദ്ധമതപാത അനുസ്മരിച്ച പ്രധാനമന്ത്രി, കഴിഞ്ഞ 9 വർഷത്തെ യാത്രയിൽ ഇന്ത്യ ഈ മൂന്ന് കാര്യങ്ങളും സ്വീകരിച്ചതിനെക്കുറിച്ച് വിശദീകരിച്ചു. ബുദ്ധ ഭഗവാന്റെ പ്രബോധനങ്ങൾ പ്രചരിപ്പിക്കുന്നതിന് ഇന്ത്യ അർപ്പണബോധത്തോടെ പ്രവർത്തിച്ചിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. ഇന്ത്യയിലും നേപ്പാളിലും ബുദ്ധമത സർക്യൂട്ടുകളുടെ വികസനം, സാരാനാഥ് - കുശിനഗർ നവീകരണം, കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം, ബുദ്ധസംസ്കാരവും പൈതൃകവും സംരക്ഷിക്കാനായി ഐബിസിയുടെ സഹകരണത്തോടെയുള്ള ലുംബിനിയിലെ ഇന്ത്യന്‍ അന്താരാഷ്ട്ര കേന്ദ്രം എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

മാനവികതയുടെ പ്രശ്നങ്ങളോട് ഇന്ത്യയിൽ സഹജമായ സഹാനുഭൂതി പുലർത്തിയതിന് ഭഗവാൻ ബുദ്ധന്റെ പ്രബോധനങ്ങളെ പ്രധാനമന്ത്രി ശ്ലാഘിച്ചു. തുർക്കിയെയിലെ ഭൂകമ്പം പോലുള്ള ദുരന്തങ്ങൾക്കുള്ള രക്ഷാപ്രവർത്തനത്തിൽ സമാധാന ദൗത്യങ്ങളെക്കുറിച്ചും ഇന്ത്യയുടെ പൂർണമനസോടെയുള്ള ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. “140 കോടി ഇന്ത്യക്കാരുടെ ഈ വികാരം ലോകം കാണുകയും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു”- അദ്ദേഹം പറഞ്ഞു. ബുദ്ധധർമവും സമാധാനവും പ്രചരിപ്പിക്കാൻ സമാനമനസ്കരും സമാനഹൃദയരുമായ രാജ്യങ്ങൾക്ക് ഐ‌ബി‌സി പോലുള്ള വേദികൾ അവസരം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്നത്തിൽ നിന്ന് പരിഹാരത്തിലേക്കുള്ള യാത്രയാണ് ബുദ്ധന്റെ യഥാർഥ യാത്രയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭഗവാൻ ബുദ്ധന്റെ യാത്രയിലേക്ക് വെളിച്ചം വീശിയ പ്രധാനമന്ത്രി, മറ്റുള്ളവരുടെ ജീവിതത്തിലെ വേദന തിരിച്ചറിഞ്ഞതിനാലാണ് അദ്ദേഹം കോട്ടകളും രാജ്യങ്ങളും ഉപേക്ഷിച്ചതെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. താനെന്ന ചിന്തയും സങ്കുചിതമായ ചിന്തകളും ഉപേക്ഷിച്ച് ലോകം എന്ന ആശയം സ്വീകരിക്കുക എന്ന ബുദ്ധമന്ത്രത്തിന്റെ സമഗ്രത തിരിച്ചറിയുക എന്നതാണു സമൃദ്ധമായ ലോകമെന്ന ലക്ഷ്യം കൈവരിക്കാനുള്ള ഏക മാർഗമെന്നും അദ്ദേഹം പറഞ്ഞു. വിഭവങ്ങളുടെ ദൗർലഭ്യം നേരിടുന്ന രാജ്യങ്ങളെ പരിഗണിച്ചാൽ മാത്രമേ മെച്ചപ്പെട്ടതും സുസ്ഥിരവുമായ ലോകം കൈവരിക്കാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ വ്യക്തിയുടെയും രാജ്യത്തിന്റെയും മുൻഗണന രാജ്യതാൽപ്പര്യത്തോടൊപ്പം ലോകത്തിന്റെ താൽപ്പര്യവും ആയിരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

യുദ്ധം, സാമ്പത്തിക അസ്ഥിരത, ഭീകരവാദം, മതഭ്രാന്ത്, ജീവിവർഗങ്ങൾ അപ്രത്യക്ഷമാകുകയും ഹിമാനികൾ ഉരുകുകയും ചെയ്യുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളി എന്നിവ നിലനിൽക്കുന്ന ഈ നൂറ്റാണ്ടിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനെല്ലാം ഇടയിൽ ബുദ്ധനിലും എല്ലാ ജീവജാലങ്ങളുടെയും ക്ഷേമത്തിലും വിശ്വസിക്കുന്നവരുണ്ടെന്ന് അദ്ദേഹം പറഞ്ഞു. "ഈ പ്രതീക്ഷയും വിശ്വാസവുമാണ് ഈ ഭൂമിയുടെ ഏറ്റവും വലിയ ശക്തി. ഈ പ്രത്യാശ ഒന്നിക്കുമ്പോൾ, ബുദ്ധന്റെ ധർമം ലോകത്തിന്റെ വിശ്വാസമായും ബുദ്ധന്റെ സാക്ഷാത്കാരം മാനവികതയുടെ വിശ്വാസമായും മാറും."

ആധുനിക കാലത്തെ എല്ലാ പ്രശ്നങ്ങളും ഭഗവാന്റെ പ്രാചീനമായ പ്രബോധനങ്ങളിലൂടെ പരിഹാരം കാണുന്നുവെന്നു വ്യക്തമാക്കി, ബുദ്ധന്റെ ശിക്ഷണങ്ങളുടെ പ്രസക്തിക്ക് ശ്രീ മോദി ഊന്നൽനൽകി. ശാശ്വത സമാധാനത്തിനായി യുദ്ധവും തോൽവിയും വിജയവും ഉപേക്ഷിച്ചാണ് ബുദ്ധൻ ധർമോപദേശം നടത്തിയതെന്നു പ്രധാനമന്ത്രി പറഞ്ഞു. ശത്രുതയെ ഒരിക്കലും ശത്രുത കൊണ്ട് നേരിടാൻ കഴിയില്ലെന്നും ഐക്യത്തിലാണ് സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ, മറ്റുള്ളവരോട് പ്രസംഗിക്കുന്നതിന് മുമ്പ് ഒരാൾ ആദ്യം സ്വന്തം പെരുമാറ്റം നോക്കണം എന്ന ഭഗവാൻ ബുദ്ധന്റെ ഉപദേശം ഇന്നത്തെ ലോകത്ത്, പ്രബലമായ സ്വന്തം വീക്ഷണങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുന്നു എന്ന വിപത്തിനെ നേരിടാൻ സഹായിക്കും. ഭഗവാന്റെ ഉപദേശങ്ങളുടെ ശാശ്വതമായ പ്രസക്തി വിശദീകരിക്കാൻ നിങ്ങളുടെ സ്വന്തം വെളിച്ചമാകൂ എന്ന തനിക്കേറ്റവും പ്രിയപ്പെട്ട ബുദ്ധവചനവും പ്രധാനമന്ത്രി ഉദ്ധരിച്ചു. ‘യുദ്ധത്തെയല്ല, ലോകത്തിന് ബുദ്ധനെ നൽകിയ രാജ്യമാണ് നമ്മുടേത്’ എന്ന് ഏതാനും വർഷം മുമ്പ് ഐക്യരാഷ്ട്രസഭയോട് പറഞ്ഞതും അദ്ദേഹം അനുസ്മരിച്ചു.

"ബുദ്ധന്റെ പാത ഭാവിയുടെ പാതയും സുസ്ഥിരതയുടെ പാതയുമാണ്. ലോകം ബുദ്ധോപദേശങ്ങൾ പിന്തുടർന്നിരുന്നെങ്കിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്നം നേരിടേണ്ടി വരില്ലായിരുന്നു" - പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രങ്ങൾ മറ്റുള്ളവരെക്കുറിച്ചും വരും തലമുറകളെക്കുറിച്ചും ചിന്തിക്കുന്നത് നിർത്തിയതോടെയാണ് ഈ പ്രശ്നം ഉടലെടുത്തതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ഈ അബദ്ധം വിനാശകരമായ അനുപാതത്തിലേക്ക് കുമിഞ്ഞുകൂടി. വ്യക്തിപരമായ നേട്ടങ്ങളെ പരിഗണിക്കാതെ മികച്ച പെരുമാറ്റമാണു ബുദ്ധൻ നിർദേശിച്ചത്; കാരണം അത്തരം പെരുമാറ്റം മൊത്തത്തിലുള്ള നന്മയിലേക്കാണു നയിക്കുക.

ജീവിതശൈലിയിലോ ഭക്ഷണരീതിയിലോ യാത്രാശീലങ്ങളിലോ അങ്ങനെ ഏതുകാര്യത്തിലുമാകട്ടെ, ഓരോ വ്യക്തിയും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഭൂമിയെ എങ്ങനെ ബാധിക്കുന്നു എന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാൻ ഏവർക്കും സംഭാവന ചെയ്യാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടി. ജനങ്ങൾ ബോധവാന്മാരാകുകയും അവരുടെ ജീവിതശൈലി മാറ്റുകയും ചെയ്താൽ കാലാവസ്ഥാ വ്യതിയാനം എന്ന ഈ വലിയ പ്രശ്നത്തെ നേരിടാൻ കഴിയുമെന്ന്, ബുദ്ധന്റെ പ്രചോദനത്താൽ സ്വാധീനിക്കപ്പെട്ട ഇന്ത്യയുടെ സംരംഭമായ ലൈഫ്‌സ്റ്റൈൽ ഫോർ എൻവയോൺമെന്റ് അഥവാ ലൈഫ് ദൗത്യത്തിലേക്കു വെളിച്ചം വീശി പ്രധാനമന്ത്രി പറഞ്ഞു. "ലൈഫ് ദൗത്യം ബുദ്ധന്റെ പ്രചോദനങ്ങളാൽ സ്വാധീനിക്കപ്പെട്ടതാണ്. അത് ബുദ്ധന്റെ ചിന്തകൾക്കു കരുത്തേകുന്നു" - ശ്രീ മോദി പറഞ്ഞു.

ഭൗതികവാദത്തിന്റെയും സ്വാർഥതയുടെയും നിർവചനങ്ങളിൽ നിന്ന് പുറത്തുകടന്ന് 'ഭവതു സബ് മംഗളൻ' എന്ന വികാരം ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകതയ്ക്കു പ്രധാനമന്ത്രി ഊന്നൽനൽകി. അതായത്, ബുദ്ധനെ പ്രതീകമാക്കുക മാത്രമല്ല, പ്രതിഫലനമാക്കുകയും വേണം എന്നു പ്രധാനമന്ത്രി പറഞ്ഞു. പിന്തിരിയരുത്, എപ്പോഴും മുന്നോട്ട് പോകുക എന്ന ബുദ്ധന്റെ വാക്കുകൾ ഓർക്കുമ്പോൾ മാത്രമേ ഈ ദൃഢനിശ്ചയം സഫലമാകൂ എന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും ഒത്തുചേരുന്നതോടെ തീരുമാനങ്ങൾ വിജയികരമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചാണ് പ്രധാനമന്ത്രി ഉപസംഹരിച്ചത്.

കേന്ദ്ര സാംസ്കാരിക മന്ത്രി ശ്രീ ജി കിഷൻ റെഡ്ഡി, കേന്ദ്ര നിയമ-നീതി മന്ത്രി ശ്രീ കിരൺ റിജിജു, കേന്ദ്ര സാംസ്കാരിക സഹമന്ത്രിമാരായ ശ്രീ അർജുൻ റാം മേഘ്‌വാൾ, ശ്രീമതി മീനാക്ഷി ലേഖി, അന്താരാഷ്ട്ര ബുദ്ധമത കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ ഡോ. ധമ്മപിയ എന്നിവർ പങ്കെടുത്തു.

 

പശ്ചാത്തലം

അന്താരാഷ്ട്ര ബുദ്ധമത കോൺഫെഡറേഷനുമായി സഹകരിച്ച് ഏപ്രിൽ 20നും 21നും സാംസ്കാരിക മന്ത്രാലയമാണു രണ്ടുദിവസത്തെ ഉച്ചകോടി സംഘടിപ്പിക്കുന്നത്. "സമകാലിക വെല്ലുവിളികളോടുള്ള പ്രതികരണങ്ങൾ: പ്രവൃത്തികൾക്കായുള്ള തത്വചിന്ത" എന്നതാണ് ആഗോള ബുദ്ധമത ഉച്ചകോടിയുടെ പ്രമേയം.

ആഗോള ബുദ്ധധർമ നേതൃത്വത്തെയും പണ്ഡിതരെയും, ബുദ്ധമതപരവും സാർവത്രികവുമായ വിഷയങ്ങളിൽ ഉൾപ്പെടുത്തുന്നതിനും അവയെ കൂട്ടായി അഭിസംബോധന ചെയ്യുന്നതിനുമുള്ള നയപരമായ നിർദേശങ്ങൾ കൊണ്ടുവരുന്നതിനുമുള്ള ശ്രമമാണ് ഉച്ചകോടി. സമകാലിക സാഹചര്യങ്ങളിൽ ബുദ്ധധർമത്തിന്റെ അടിസ്ഥാനമൂല്യങ്ങൾക്ക് എങ്ങനെ പ്രചോദനവും മാർഗനിർദേശവും നൽകാൻ കഴിയുമെന്ന് ഉച്ചകോടിയിൽ ചർച്ചചെയ്യും.

ലോകമെമ്പാടുമുള്ള പ്രമുഖ പണ്ഡിതർ, സംഘനേതാക്കൾ, ധർമാചാര്യർ തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ആഗോള പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും സാർവത്രിക മൂല്യങ്ങളിൽ അധിഷ്ഠിതമായ ബുദ്ധധർമത്തിൽ ഉത്തരം തേടുകയും ചെയ്യും. ബുദ്ധധർമവും സമാധാനവും; ബുദ്ധധർമം: പാരിസ്ഥിതിക പ്രതിസന്ധി, ആരോഗ്യം, സുസ്ഥിരത; നളന്ദ ബുദ്ധമത പാരമ്പര്യത്തിന്റെ സംരക്ഷണം; ബുദ്ധധർമ തീർഥാടനം, ജീവസുറ്റ പൈതൃകം, ബുദ്ധന്റെ തിരുശേഷിപ്പുകൾ: തെക്ക്, തെക്ക്-കിഴക്ക്, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരിക ബന്ധത്തിന്റെ ശക്തമായ അടിത്തറ എന്നീ നാലു വിഷയങ്ങളിലായാണു ചർച്ചകൾ നടക്കുന്നത്.

 

-ND-

(Release ID: 1918235) Visitor Counter : 256