പ്രധാനമന്ത്രിയുടെ ഓഫീസ്
കൊവിഡ്-19 പൊതുജനാരോഗ്യ പ്രതികരണ സ്ഥിതി അവലോകനം ചെയ്യുന്നതിന് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി.കെ. മിശ്രയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം
ഉപജില്ലാ തലം വരെ ആശുപത്രി അടിസ്ഥാന സൗകര്യങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നൽകി
സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ സ്ഥിതി വിവരം പരിഷ്‌കരിക്കുന്നതിന് ജാഗ്രത പാലിക്കേണ്ടതിന്റെയും കൊവിഡ് -19 സാഹചര്യം പതിവായി പരിശോധിക്കേണ്ടതിന്റെയും ആവശ്യകത ഊന്നിപ്പറഞ്ഞു.
പരിശോധന- തുടര്‍പ്രവര്‍ത്തനം- ചികില്‍സ- പ്രതിരോധ കുത്തിവയ്പ്, കോവിഡ് പ്രോട്ടോക്കോള്‍ എന്നിവയുടെ നിലവിലെ സമീപനത്തിനു തുടര്‍ച്ചയുണ്ടാകണം
Posted On:
19 APR 2023 6:15PM by PIB Thiruvananthpuram
രാജ്യത്തുടനീളം സമീപദിവസങ്ങളില്‍ രേഖപ്പെടുത്തിയ കൊവിഡ് 19 കേസുകളുടെ എണ്ണത്തിലെ വര്‍ദ്ധനവ് കണക്കിലെടുത്ത്, രാജ്യത്തെ കൊവിഡ് സ്ഥിതി അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി.കെ. മിശ്രയുടെ അധ്യക്ഷതില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍, ചരക്കുഗതാഗതം, മരുന്നുകള്‍, പ്രതിരോധ കുത്തിവയ്പ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെ തയ്യാറെടുപ്പിന്റെ സ്ഥിതിയും ആവശ്യമായ പ്രധാന നടപടികളും കേന്ദ്രീകരിച്ചായിരുന്നു യോഗം.
യോഗത്തില്‍ കാബിനറ്റ് സെക്രട്ടറി ശ്രീ. രാജീവ് ഗൗബ, നിതി ആയോഗ് അംഗം ഡോ. വിനോദ് പോള്‍, ധനകാര്യ സെക്രട്ടറി ഡോ. ശ്രീ. സോമനാഥന്‍, ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി ശ്രീ. ടി.വി. രാജേഷ് ഭൂഷണ്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് സെക്രട്ടറി ശ്രീമതി എസ്. അപര്‍ണ, സിവില്‍ വ്യോമയാന സെക്രട്ടറി എസ്. ശ്രീ രാജീവ് ബന്‍സാല്‍, ആയുഷ് സെക്രട്ടറി രാജേഷ് കൊടേച്ച, സെക്രട്ടറി ഡിഎച്ച്ആര്‍ -ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. രാജീവ് ബഹല്‍, ബയോടെക്നോളജി സെക്രട്ടറി രാജേഷ് എസ് ഗോഖലെ; ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സെക്രട്ടറി ശ്രീ. അപൂര്‍വ ചന്ദ്ര എന്നിവര്‍ പങ്കെടുത്തു.
ആഗോള കോവിഡ്-19 സാഹചര്യം അവലോകനം ചെയ്ത് ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സമഗ്ര അവതരണം നടത്തി. കേരളം, ഡല്‍ഹി, മഹാരാഷ്ട്ര, ഹരിയാന, ഉത്തര്‍പ്രദേശ്, തമിഴ്നാട്, കര്‍ണാടക, രാജസ്ഥാന്‍ എന്നീ 8 സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് -19 കേസുകളുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നതായി അദ്ദേഹം എടുത്തുപറഞ്ഞു. കൂടാതെ രോഗസ്ഥിരീകരണത്തിലെ പെട്ടെന്നുള്ള വര്‍ദ്ധനയും രാജ്യത്ത് നടക്കുന്ന പരിശോധനകളുടെ അവസ്ഥയും അദ്ദേഹം വിശദീകരിച്ചു. ഈ 8 സംസ്ഥാനങ്ങളിലെ സജീവമായ കേസുകളുടെ വിശദമായ വിശകലനം അവതരിപ്പിച്ചു. ഏകദേശം 92% രോഗികളും ഹോം ഐസൊലേഷനിലാണ്.
2023 ജനുവരി മുതല്‍ വിവിധ കൊവിഡ് ഇനങ്ങളുടെ ജീനോം പരിശോധനയുടെ ഒരു അവലോകനം നല്‍കുകയും ഇന്ത്യയില്‍ പ്രചരിക്കുന്ന ഇനങ്ങളുടെ അനുപാതം ശ്രദ്ധിക്കുകയും ചെയ്തു. പ്രതിരോധ കുത്തിവയ്പ്പിന്റെ അവസ്ഥ ചര്‍ച്ച ചെയ്യുകയും തുടര്‍ന്ന് രാജ്യത്തുടനീളമുള്ള മരുന്നുകളുടെ ലഭ്യതയും അടിസ്ഥാന സൗകര്യ തയ്യാറെടുപ്പുകളും അവലോകനം ചെയ്തു. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം, പ്രവര്‍ത്തനസജ്ജമായ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനു രാജ്യവ്യാപകമായി ഒരു മോക്ക് ഡ്രില്‍ നടത്തുകയും അതില്‍ നിന്നു കിട്ടിയ വിവരം പങ്കെടുത്തവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. കൂടാതെ, കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ചെലവുകളും മരുന്നുകള്‍ക്കും വാക്സിന്‍ അസംസ്‌കൃത വസ്തുക്കള്‍ക്കും വേണ്ടിയുള്ള ബജറ്റ് വിഹിതവും അവലോകനം ചെയ്തു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ആവശ്യമായ കോവിഡ് വാക്‌സിന്‍ ഡോസുകള്‍ നിര്‍മ്മാതാക്കളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചു. സംസ്ഥാനങ്ങളിലെ സ്വകാര്യ ആശുപത്രികള്‍ക്കും ഇത്തരം വാക്‌സിനുകള്‍ നിര്‍മ്മാതാവില്‍ നിന്ന് നേരിട്ട് വാങ്ങാവുന്നതാണ്.
വിശദമായ അവതരണത്തിനുശേഷം, പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഉപജില്ലാ തലത്തില്‍ മതിയായ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകേണ്ടത് അത്യാവശ്യമാണെന്നും സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് അത് ഉറപ്പാക്കാമെന്നും ഡോ.പി.കെ. മിശ്ര എടുത്തുപറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുള്ള ഉപദേശങ്ങള്‍ വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തെ അടിസ്ഥാനമാക്കി വിലയിരുത്തുകയും അതിനനുസരിച്ച് പുതുക്കി നല്‍കുകയും ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ഹോട്ട്സ്പോട്ടുകള്‍ തിരിച്ചറിയുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് നിര്‍ണായകമാണ്. സംസ്ഥാനങ്ങള്‍ ഐഎല്‍ഐ/ എസ്എആര്‍ഐ കേസുകളുടെ പ്രവണതകള്‍ നിരീക്ഷിക്കണം. കോവിഡ് -19 പരിശോധനയ്ക്ക് മതിയായ സാമ്പിളുകള്‍ അയയ്ക്കണമെന്നും പൊതുവായ ജീനോം പരിശോധന വര്‍ദ്ധിപ്പിക്കണമെന്നും പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
പരിശോധന- തുടര്‍പ്രവര്‍ത്തനം- ചികില്‍സ- പ്രതിരോധ കുത്തിവയ്പ്- കൊവിഡ് പ്രൊട്ടോക്കോള്‍ എന്നീ അഞ്ച് ഇന സമീപനം നടപ്പാക്കുന്നത് തുടരണം. കൊവിഡ് പ്രൊട്ടോക്കോളിനെക്കുറിച്ച് സമൂഹത്തില്‍ അവബോധം വളര്‍ത്തുകയും പൗരന്മാര്‍ ജാഗ്രത പാലിക്കുകയും തുല്യനിലയില്‍ നിര്‍ണായകമാണെന്നും ഡോ. പി കെ മിശ്ര ഊന്നിപ്പറഞ്ഞു.
കോവിഡ്-19 സാഹചര്യത്തെക്കുറിച്ച് കര്‍ശന ജാഗ്രത പുലര്‍ത്താനും കൊവിഡ്-19 വ്യാപനം തടയാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും അദ്ദേഹം ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.
-ND-
(Release ID: 1918057)
Visitor Counter : 144
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada