പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ലോകബാങ്കിന്റെ ‘ഇതു സ്വന്തം കാര്യമായി കണക്കാക്കുക: പെരുമാറ്റരീതികൾ മാറ്റുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ എങ്ങനെ നേരിടാം’ പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


“നമ്മുടെ ഗ്രഹത്തിനായി ശരിയായ തീരുമാനങ്ങൾ എടുക്കുന്ന വ്യക്തികൾ നമ്മുടെ ഗ്രഹത്തിനായുള്ള പോരാട്ടത്തിൽ പ്രാധാന്യമർഹിക്കുന്നു. ഇതാണു ലൈഫ് ദൗത്യത്തിന്റെ കാതൽ”

“കാലാവസ്ഥാവ്യതിയാനത്തെ സമ്മേളനങ്ങൾ നടത്തിയതിലൂടെ മാത്രം നേരിടാൻ കഴിയില്ല. എല്ലാ വീടുകളിലെയും തീൻമേശകളിൽ നിന്നു പോരാട്ടം നടത്തേണ്ടതുണ്ട്”

“കാലാവസ്ഥാവ്യതിയാനത്തിനെതിരായ പോരാട്ടത്തെ ജനാധിപത്യവൽക്കരിക്കുന്നതാണു ലൈഫ് ദൗത്യം”

“ബഹുജന പ്രസ്ഥാനങ്ങളുടെയും പെരുമാറ്റരീതികൾ പരിവർത്തനം ചെയ്യുന്നതിന്റെയും കാര്യത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയിലെ ജനങ്ങൾ ഏറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്”

“പെരുമാറ്റരീതികളുമായി ബന്ധപ്പെട്ട സംരംഭങ്ങൾക്കും മതിയായ ധനസഹായ രീതികൾ രൂപപ്പെടുത്തേണ്ടതുണ്ട്. ലൈഫ് ദൗത്യം പോലുള്ള സംരംഭങ്ങൾക്കു ലോകബാങ്കു പിന്തുണയേകുന്നതു വർധിതഫലമുണ്ടാക്കും”   


Posted On: 15 APR 2023 9:41AM by PIB Thiruvananthpuram

ലോകബാങ്കിന്റെ ‘ഇതു സ്വന്തം കാര്യമായി കണക്കാക്കുക: പെരുമാറ്റരീതികൾ മാറ്റുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ എങ്ങനെ നേരിടാം’ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. ഈ വിഷയവുമായുള്ള തന്റെ വ്യക്തിപരമായ ബന്ധത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ഇത് ആഗോള പ്രസ്ഥാനമായി മാറുന്നതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

ചാണക്യനെ ഉദ്ധരിച്ച്, ചെറിയ പ്രവൃത്തികളുടെ പ്രാധാന്യം അടിവരയിട്ടു പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ: “ഭൂമ‌ിക്കുവേണ്ടിയുള്ള ഓരോ നല്ല പ്രവൃത്തിയും നിസാരമായി തോന്നിയേക്കാം. എന്നാൽ ലോകമെമ്പാടുമുള്ള കോടിക്കണക്കിനുപേർ ഇത് ഒരുമിച്ചു ചെയ്യുമ്പോൾ, അതിന്റെ സ്വാധീനം വളരെ വലുതാണ്. നമ്മുടെ ഗ്രഹത്തിനായി ശരിയായ തീരുമാനങ്ങൾ എടുക്കുന്ന വ്യക്തികൾ നമ്മുടെ ഗ്രഹത്തിനായുള്ള പോരാട്ടത്തിൽ പ്രാധാന്യമർഹിക്കുന്നുവെന്നു ഞങ്ങൾ വിശ്വസിക്കുന്നു. ഇതാണു ലൈഫ് ദൗത്യത്തിന്റെ കാതൽ”.

ലൈഫ് പ്രസ്ഥാനത്തിന്റെ ഉത്ഭവത്തെക്കുറിച്ചു സംസാരിക്കവേ, 2015-ൽ ഐക്യരാഷ്ട്ര പൊതുസഭയിൽ പെരുമാറ്റരീതികളുടെ മാറ്റത്തിന്റെ ആവശ്യകതയെക്കുറിച്ചു സംസാരിച്ചതായും 2022 ഒക്ടോബറിൽ യുഎൻ സെക്രട്ടറി ജനറലുമായി ചേർന്നു ലൈഫ് ദൗത്യത്തിനു തുടക്കംകുറിച്ചതും പ്രധാനമന്ത്രി അനുസ്മരിച്ചു. സ‌ിഒപി-27ന്റെ ഫലരേഖയുടെ ആമുഖം സുസ്ഥിര ജീവിതശൈലിയെക്കുറിച്ചും ഉപഭോഗത്തെക്കുറിച്ചും പറയുന്നതായി അദ്ദേഹം പരാമർശിച്ചു. ഗവണ്മെന്റിനു മാത്രമല്ല, തങ്ങൾക്കും സംഭാവന ചെയ്യാൻ കഴിയുമെന്നു ജനങ്ങൾ മനസിലാക്കിയാൽ, “അവരുടെ ഉത്കണ്ഠ പ്രവർത്തനമായി മാറും” - പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “കാലാവസ്ഥാവ്യതിയാനത്തെ സമ്മേളനങ്ങൾ നടത്തിയതിലൂടെ മാത്രം നേരിടാൻ കഴിയില്ല. എല്ലാ വീടുകളിലെയും തീൻമേശകളിൽനിന്നു പോരാട്ടം നടത്തേണ്ടതുണ്ട്. ഒരാശയം ചർച്ചാപ‌ീഠങ്ങളിൽനിന്നു തീൻമേശകളിലേക്കു നീങ്ങുമ്പോൾ അതു ബഹുജനപ്രസ്ഥാനമായി മാറുന്നു. ഓരോ കുടുംബത്തെയും ഓരോ വ്യക്തിയെയും അവരുടെ തെരഞ്ഞെടുപ്പുകൾ ഗ്രഹത്തെ സഹായിക്കുമെന്നു ബോധവാന്മാരാക്കുന്നതു വേഗതയും തോതും പകരും. കാലാവസ്ഥാവ്യതിയാനത്തിനെതിരായ പോരാട്ടത്തെ ജനാധിപത്യവൽക്കരിക്കുന്നതാണു ലൈഫ് ദൗത്യം. ദൈനംദിന ജീവിതത്തിലെ ലളിതമായ പ്രവൃത്തികൾ ശക്തമാണെന്നു ജനങ്ങൾക്ക് അവബോധമുണ്ടാകുമ്പോൾ, പരിസ്ഥിതിയിൽ മികച്ച സ്വാധീനമുണ്ടാകും.”- അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യയിൽ നിന്നുള്ള ഉദാഹരണങ്ങളിലൂടെ തന്റെ ചിന്താഗതി വിശദീകരിച്ച ശ്രീ മോദി, “ബഹുജന പ്രസ്ഥാനങ്ങളുടെയും പെരുമാറ്റരീതികൾ പരിവർത്തനം ചെയ്യുന്നതിന്റെയും കാര്യത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയിലെ ജനങ്ങൾ ഏറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്” എന്നു വ്യക്തമാക്കി. മെച്ചപ്പെട്ട ലിംഗാനുപാതം, വിപുലമായ ശുചിത്വയജ്ഞം, എൽഇഡി ബൾബുകൾ സ്വീകരിക്കൽ എന്നിവയുടെ ഉദാഹരണങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതു പ്രതിവർഷം 39 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറയ്ക്കാൻ സഹായിക്കുന്നു. ഏകദേശം ഏഴുലക്ഷം ഹെക്ടർ കൃഷിഭൂമിയിൽ തുള്ളിനന സംവിധാനം ഒരുക്കിയതിലൂടെ ജലം ലാഭിക്കാൻ സാധിക്കുന്നു.

തദ്ദേശസ്ഥാപനങ്ങളെ പരിസ്ഥിതിസൗഹൃദമാക്കൽ, ജലസംരക്ഷണം, ഊർജം ലാഭിക്കൽ, മാലിന്യവും ഇ-മാലിന്യവും കുറയ്ക്കൽ, ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കൽ, പ്രകൃതിദത്തകൃഷി സ്വീകരിക്കൽ, ചെറുധാന്യങ്ങൾ പ്രോത്സാഹിപ്പിക്കൽ തുടങ്ങി നിരവധി മേഖലകളിൽ ലൈഫ് ദൗത്യത്തിനു കീഴിൽ ഗവണ്മെന്റിന്റെ ശ്രമങ്ങൾ വിപുലപ്പെടുത്തിയിട്ടുണ്ടെന്നു ശ്രീ മോദി അറിയിച്ചു.

ഈ ശ്രമങ്ങൾ 2200 കോടി യൂണിറ്റ് ഊർജവും ഒമ്പതു ലക്ഷംകോടി ലിറ്റർ വെള്ളവും ലാഭിക്കും. 375 ദശലക്ഷം ടൺ മാലിന്യം കുറയ്ക്കും. ഏകദേശം ഒരു ദശലക്ഷം ടൺ ഇ-മാലിന്യം പുനരുപയോഗം ചെയ്യും. അതിലൂടെ 2030-ഓടെ ഏകദേശം 170 ദശലക്ഷം ഡോളറിന്റെ അധിക ചെലവു ലാഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. “കൂടാതെ, 1500 കോടി ടൺ ഭക്ഷണം പാഴാക്കുന്നതു കുറയ്ക്കാൻ ഇതു ഞങ്ങളെ സഹായിക്കും. ഇത് എത്ര വലുതാണെന്ന് അറിയാൻ ഒരുദാഹരണം പറയാം. ഭക്ഷ്യ - കാർഷിക സംഘടനയുടെ (എഫ്എഒ) കണക്കനുസരിച്ച് 2020-ലെ ആഗോള പ്രാഥമിക വിള ഉൽപ്പാദനം ഏകദേശം 900 കോടി ടൺ ആയിരുന്നു” - അദ്ദേഹം വിശദീകരിച്ചു.

ലോകമെമ്പാടുമുള്ള രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ ആഗോള സ്ഥാപനങ്ങൾക്കു സുപ്രധാന പങ്കു വഹിക്കാനുണ്ടെന്നു പ്രധാനമന്ത്രി മോദി പറഞ്ഞു. മൊത്തം ധനസഹായത്തിന്റെ വിഹിതമായി ലോകബാങ്ക് ഗ്രൂപ്പിന്റെ കാലാവസ്ഥാ ധനസഹായം 26 ശതമാനത്തിൽനിന്ന് 35% ആയി ഉയർത്തിയതിനെ പരാമർശിച്ച അദ്ദേഹം, ഈ കാലാവസ്ഥാധനകാര്യം പരമ്പരാഗതകാഴ്ചപ്പാടിലാണു സാധാരണയായി ശ്രദ്ധചെലുത്തുന്നതെന്നു ചൂണ്ടിക്കാട്ടി. “പെരുമാറ്റരീതികളുമായി ബന്ധപ്പെട്ട സംരംഭങ്ങൾക്കും മതിയായ ധനസഹായ രീതികൾ രൂപപ്പെടുത്തേണ്ടതുണ്ട്. ലൈഫ് ദൗത്യം പോലുള്ള സംരംഭങ്ങൾക്കു ലോകബാങ്കു പിന്തുണയേകുന്നതു വർധിതഫലമുണ്ടാക്കും” - അദ്ദേഹം ഉപസംഹരിച്ചു.

My remarks at the @WorldBank programme on ‘Making it Personal: How Behavioral Change Can Tackle Climate Change’. https://t.co/D7sWj3Huz2

— Narendra Modi (@narendramodi) April 15, 2023

 

***

ND


(Release ID: 1916767) Visitor Counter : 135