പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീരാമകൃഷ്ണ മഠത്തിന്റെ 125-ാം വാര്‍ഷിക ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുത്തു


''സ്വാമി വിവേകാനന്ദന്റെ വീട്ടില്‍ ധ്യാനിക്കുന്നത് വളരെ സവിശേഷമായ ഒരു അനുഭവമായിരുന്നു, ഇപ്പോള്‍ ഞാന്‍ പ്രചോദിതനും ഊര്‍ജ്ജ്വസലനുമായതായി തോന്നുന്നു''

''ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന അതേ ആശയത്തോടെയാണ് രാമകൃഷ്ണ മഠം പ്രവര്‍ത്തിക്കുന്നത്''

''സ്വാമി വിവേകാനന്ദന്റെ തത്ത്വചിന്തകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടുള്ളതാണ് ഞങ്ങളുടെ ഭരണം''

''തന്റെ ദര്‍ശനം നിറവേറ്റുന്നതിനായി ഇന്ത്യ പ്രവര്‍ത്തിക്കുന്നത് സ്വാമി വിവേകാനന്ദന്‍ അഭിമാനത്തോടെ വീക്ഷിക്കുന്നുണ്ട് എന്നതില്‍ എനിക്ക് ഉറപ്പുണ്ട്''

''ഇപ്പോള്‍ നമ്മുടെ സമയമാണെന്ന് ഓരോ ഇന്ത്യക്കാരനും തോന്നുന്നു''

''അഞ്ച് ആശയങ്ങള്‍- പഞ്ച് പ്രാന്‍ സ്വാംശീകരിച്ചുകൊണ്ട് മഹത്തായ നേട്ടങ്ങള്‍ കൈവരിക്കാന്‍ അമൃത് കാലിനെ ഉപയോഗിക്കാന്‍ കഴിയും''

Posted On: 08 APR 2023 6:35PM by PIB Thiruvananthpuram

തമിഴ്‌നാട്ടില്‍ ചെന്നൈയിലെ വിവേകാനന്ദ ഹൗസിലെ ശ്രീരാമകൃഷ്ണ മഠത്തിന്റെ 125-ാം വാര്‍ഷിക ആഘോഷങ്ങളില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. യോഗസ്ഥലത്ത് എത്തിയ പ്രധാനമന്ത്രി, സ്വാമി വിവേകാനന്ദന്റെ മുറിയില്‍ പുഷ്പാര്‍ച്ചനയും പൂജയും ധ്യാനവും നടത്തി. തദ്ദവസരത്തില്‍ വിശുദ്ധ ത്രയത്തെക്കുറിച്ചുള്ള ഒരു പുസ്തകവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.
സ്വാമി രാമകൃഷ്ണാനന്ദ 1897-ല്‍ ചെന്നൈയില്‍ ആരംഭിച്ച രാമകൃഷ്ണ മഠവും രാമകൃഷ്ണ മിഷനും വിവിധ തരത്തിലുള്ള മാനുഷിക, സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആത്മീയ സംഘടനകളാണ്.
രാമകൃഷ്ണ മഠത്തിന്റെ ചെന്നൈയിലെ സേവനത്തിന്റെ 125-ാം വാര്‍ഷികത്തില്‍ സന്നിഹിതനായിരിക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, തന്റെ ജീവിതത്തില്‍ രാമകൃഷ്ണ മഠത്തെ ആഗാധമായി ബഹുമാനിക്കുന്നതായും സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. തമിഴരോടും തമിഴ് ഭാഷയോടും തമിഴ് സംസ്‌കാരത്തോടും ചെന്നൈയുടെ മനോഭാവത്തോടുമുള്ള തന്റെ പ്രതിപത്തിയും സ്‌നേഹവും പ്രകടിപ്പിച്ച പ്രധാനമന്ത്രി, പടിഞ്ഞാറന്‍ രാജ്യങ്ങളിലെ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയശേഷം സ്വാമി വിവേകാനന്ദന്‍ താമസിച്ചിരുന്ന ചെന്നൈയിലെ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ച കാര്യവും സൂചിപ്പിച്ചു. ഈ വീട്ടിലിരുന്ന് ധ്യാനിക്കുന്നത് തനിക്ക് വളരെ സവിശേഷമായ ഒരു അനുഭവമായിരുന്നുവെന്നും ഇപ്പോള്‍ താന്‍ പ്രചോദിതതനും ഊര്‍ജ്ജസ്വലനുമാണെന്ന് തോന്നുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. പുരാതന ആശയങ്ങള്‍ സാങ്കേതികവിദ്യയിലൂടെ യുവതലമുറയിലേക്ക് എത്തുന്നതില്‍ പ്രധാനമന്ത്രി സന്തോഷവും പ്രകടിപ്പിച്ചു.
ഈ ലോകത്തും ദൈവലോകത്തും ദയയ്ക്ക് തുല്യമായ മറ്റൊന്നുമില്ലെന്ന് തിരുവള്ളുവരിന്റെ ഒരു വാക്യം ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി വിശദീകരിച്ചു. വിദ്യാഭ്യാസം, ലൈബ്രറികള്‍, കുഷ്ഠരോഗ ബോധവല്‍ക്കരണവും പുനരധിവാസവും, ആരോഗ്യ പരിപാലനം, നഴ്‌സിംഗ്, ഗ്രാമീണ വികസനം എന്നിവയുടെ ഉദാഹരണങ്ങള്‍ വിശദീകരിച്ചുകൊണ്ട് തമിഴ്‌നാട്ടിലെ രാമകൃഷ്ണ മഠത്തിന്റെ സേവന മേഖലകളിലേക്ക് പ്രധാനമന്ത്രി വെളിച്ചം വീശി. രാമകൃഷ്ണ മഠത്തിന്റെ സേവനത്തിന് മുന്‍പ് തമിഴ്‌നാട് സ്വാമി വിവേകാനന്ദനില്‍ ചെലുത്തിയ സ്വാധീനമാണ് മുന്നില്‍ വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കന്യാകുമാരിയിലെ പ്രശസ്തമായ പാറയില്‍ നിന്നാണ് സ്വാമി വിവേകാനന്ദന്‍ തന്റെ ജീവിതത്തിന്റെ ലക്ഷ്യം കണ്ടെത്തിയതെന്നും അതിന്റെ പ്രഭാവം ചിക്കാഗോയില്‍ കാണാനായെന്നും അദ്ദേഹം വിശദീകരിച്ചു. സ്വാമി വിവേകാനന്ദന്‍ ആദ്യം കാലുകുത്തിയത് തമിഴ്‌നാടിന്റെ പുണ്യഭൂമിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാംനാട്ടിലെ രാജാവ് അദ്ദേഹത്തെ വളരെ ആദരവോടെയാണ് സ്വീകരിച്ചതെന്നും പതിനേഴ് വിജയ കമാനങ്ങള്‍ സ്ഥാപിക്കുകയും ഒരാഴ്ച പൊതുജീവിതം സ്തംഭിച്ചുകൊണ്ടുള്ള ഉത്സവമായിരുന്നുവെന്നുമാണ് ആ അവസരത്തെ നോബല്‍ സമ്മാന ജേതാവായ ഫ്രഞ്ച് എഴുത്തുകാരന്‍ റൊമെയ്ന്‍ റോളണ്ട് വിശേഷിപ്പിച്ചിരിക്കുന്നത്.
ആയിരക്കണക്കിന് വര്‍ഷങ്ങളായി തന്നെ ഇന്ത്യ ഒരു രാഷ്ട്രമാണെന്നന്ന നിലയിലുള്ള വളരെ വ്യക്തമായ സങ്കല്‍പ്പം രാജ്യത്തെ ജനങ്ങള്‍ക്ക് ഉണ്ടായിരുന്നുവെന്നും അതാണ് ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്നത് അര്‍ത്ഥവത്താക്കുന്നതാണെന്നും ഇന്ത്യ സ്വതന്ത്രമാകുന്നതിനും വളരെ മുന്‍പ് തന്നെ ബംഗാളില്‍ നിന്നുള്ള സ്വാമ വിവേകാനന്ദന് തമിഴ്‌നാട്ടില്‍ വീരോചിതമായ സ്വീകരണം നല്‍കിയത് ചൂണ്ടിക്കാട്ടികൊണ്ട് പ്രധാനമന്ത്രി തറപ്പിച്ചുപറഞ്ഞു. രാമകൃഷ്ണ മഠം, അതേ മനോഭാവത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് തുടര്‍ന്നുപറഞ്ഞ പ്രധാനമന്ത്രി ഇന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന അവരുടെ നിരവധി സ്ഥാപനങ്ങള്‍ ജനങ്ങളെ നിസ്വാര്‍ത്ഥമായി സേവിക്കുന്നത് എടുത്തുപറയുകയും ചെയ്തു. കാശി-തമിഴ് സംഗമത്തിന്റെ വിജയം ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, സൗരാഷ്ര്ട-തമിഴ് സംഗമവും നടക്കാന്‍ പോകുകയാണെന്നും അറിയിച്ചു. ഇന്ത്യയുടെ ഐക്യം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഇത്തരം എല്ലാ ശ്രമങ്ങള്‍ക്കും അദ്ദേഹം വലിയ വിജയം ആശംസിച്ചു.
''സ്വാമി വിവേകാനന്ദന്റെ തത്ത്വചിന്തകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ഞങ്ങളുടെ ഭരണം'', പ്രധാനമന്ത്രി പറഞ്ഞു. ഗവണ്‍മെന്റിന്റെ എല്ലാ അഭിമാനകരമായ പരിപാടികളിലും ഇതേ വീക്ഷണമാണ് ബാധകമാക്കിയിരിക്കുന്നതെന്ന് വിശേഷാധികാരങ്ങള്‍ തകര്‍ക്കപ്പെടുകയും സമത്വം ഉറപ്പാക്കുകയും ചെയ്യുമ്പോള്‍ സമൂഹം പുരോഗമിക്കുന്നു എന്ന സ്വാമി വിവേകാനന്ദന്റെ വീക്ഷണത്തോടുള്ള സാദൃശ്യം വരച്ചുകാട്ടികൊണ്ട്, പ്രധാനമന്ത്രി പരാമര്‍ശിച്ചു. മുന്‍കാലങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും പ്രത്യേകാവകാശമായി കണക്കാക്കിയിരുന്നെന്നും വിരലിലെണ്ണാവുന്ന ആളുകള്‍ക്കോ ചെറുസംഘങ്ങള്‍ക്കോ മാത്രമേ അവ പ്രാപ്യമായിരുന്നുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇപ്പോള്‍ വികസനത്തിന്റെ വാതിലുകള്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഞങ്ങളുടെ ഏറ്റവും വിജയകരമായ പദ്ധതികളിലൊന്നായ മുദ്ര യോജന ഇന്ന് അതിന്റെ 8-ാം വാര്‍ഷികം ആഘോഷിക്കുകയാണെന്ന് അറിയിച്ച അദ്ദേഹം സംസ്ഥാനത്തെ ഈ പദ്ധതിയില്‍ മുന്‍നിരയിലെത്തിച്ചതിന് തമിഴ്‌നാട്ടില്‍ നിന്നുള്ള ചെറുകിട സംരംഭകരുടെ ശ്രമങ്ങളെ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ''സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള ധാരാളം സ്ത്രീകളും ആളുകളും ഉള്‍പ്പെടെയുള്ള ചെറുകിട സംരംഭകര്‍ക്ക് ഏകദേശം 38 കോടി രൂപയുടെ ഈട്‌രഹിത വായ്പകള്‍ നല്‍കിയിട്ടുണ്ട്'', പ്രധാനമന്ത്രി അറിയിച്ചു. മുന്‍പ് വ്യാപാരത്തിനായി ബാങ്ക് വായ്പ ലഭിക്കുന്നത് ഒരു പ്രത്യേകാവകാശമായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ അതിന്റെ പ്രാപ്ത്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു. അതുപോലെ, ഒരു വീട്, വൈദ്യുതി, എല്‍.പി.ജി കണക്ഷനുകള്‍, ശൗച്യാലയങ്ങള്‍ തുടങ്ങി അടിസ്ഥാനകാര്യങ്ങളൊക്കെ ഓരോ കുടുംബത്തിലും എത്തുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
''സ്വാമി വിവേകാനന്ദന് ഇന്ത്യയെക്കുറിച്ച് മഹത്തായ കാഴ്ചപ്പാടുണ്ടായിരുന്നു. തന്റെ കാഴ്ചപ്പാട് നിറവേറ്റുന്നതിനായി ഇന്ത്യ ഇന്ന്, പ്രവര്‍ത്തിക്കുന്നത് അദ്ദേഹം അഭിമാനത്തോടെ വീക്ഷിക്കുകയാണെന്ന് എനിക്ക് ഉറപ്പുണ്ട്'', നമ്മിലും നമ്മുടെ രാജ്യത്തിലും ഉള്ള വിശ്വാസത്തെക്കുറിച്ചുള്ള തന്റെ കേന്ദ്ര സന്ദേശം ചൂണ്ടിക്കാട്ടികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഓരോ ഇന്ത്യക്കാരനും ഇത് നമ്മുടെ സമയമാണെന്ന് കരുതുന്നതായും ഇത് ഇന്ത്യയുടെ നൂറ്റാണ്ടായിരിക്കുമെന്ന് പല വിദഗ്ധരും അഭിപ്രായപ്പെടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ''ആത്മവിശ്വാസത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും സ്ഥാനത്തു നിന്നാണ് ഞങ്ങള്‍ ലോകവുമായി ഇടപഴകുന്നത്'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നത്തെ ഇന്ത്യ സ്ത്രീകള്‍ നയിക്കുന്ന വികസനത്തിലാണ് വിശ്വസിക്കുന്നതെന്ന് സ്ത്രീകളെ സഹായിക്കാന്‍ നാം ആരുമല്ലെന്നും ശരിയായ വേദിയുണ്ടായാല്‍ സ്ത്രീകള്‍ സമൂഹത്തെ നയിക്കുകയും പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കുകയും ചെയ്യുമെന്നുമുള്ള സ്വാമിജിയുടെ ദര്‍ശനങ്ങള്‍ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ''സ്റ്റാര്‍ട്ടപ്പുകളിലായാലും കായകവിനോദങ്ങളിലായാലും സായുധ സേനയിലായാലും ഉന്നത വിദ്യാഭ്യാസത്തിലായാലും സ്ത്രീകള്‍ പ്രതിബന്ധങ്ങള്‍ തകര്‍ത്ത് റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്'', പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കായികവിനോദങ്ങളും ശാരീകക്ഷമതയും സ്വഭാവവികസനത്തിന് നിര്‍ണായകമാണെന്ന് സ്വാമിജി വിശ്വസിച്ചിരുന്നതായും ഇന്ന് സമൂഹം കായികവിനോദത്തിനെ ഒരു അധികപ്രവര്‍ത്തനം എന്നതിലുപരി പ്രൊഫഷനായി പരിഗണിച്ചു തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗയും ഫിറ്റ് ഇന്ത്യയും ബഹുജന പ്രസ്ഥാനങ്ങളായി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോളതലത്തിലെ മികച്ച സമ്പ്രദായങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാനായി വിദ്യാഭ്യാസ മേഖലയെ പരിഷ്‌കരിച്ച ദേശീയ വിദ്യാഭ്യാസ നയത്തില്‍ സ്പര്‍ശിച്ച അദ്ദേഹം, വിദ്യാഭ്യാസത്തിലൂടെ ശാക്തീകരണം കൈവരിക്കാമെന്ന സ്വാമി ജിയുടെ വിശ്വാസത്തെക്കുറിച്ചും സാങ്കേതികവും ശാസ്ത്രീയവുമായ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും പരാമര്‍ശിക്കുകയുംചെയ്തു. ''ഇന്ന്, നൈപുണ്യ വികസനത്തിന് മുന്‍പൊന്നുമില്ലാത്ത പിന്തുണ ലഭിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഊര്‍ജ്ജസ്വലമായ സാങ്കേതികവും ശാസ്ത്രീയവുമായ പരിസ്ഥിതിയും നമുക്കുണ്ട്'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നമ്മള്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിച്ചിട്ടേയുള്ളു, അടുത്ത 25 വര്‍ഷം അമൃത് കാല്‍ ആക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് അഞ്ച് ആശയങ്ങള്‍ സ്വാംശീകരിച്ച് അവയില്‍ സമ്പൂര്‍ണ്ണമായി ജീവിക്കുക എന്നത് പോലും വളരെ ശക്തമായിരിക്കുമെന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ട്, പ്രധാനമന്ത്രി സൂചിപ്പിച്ചു. ''പഞ്ചപ്രാന്‍ എന്ന അഞ്ച് ആശയങ്ങള്‍ സ്വാംശീകരിച്ചുകൊണ്ട് മഹത്തായ കാര്യങ്ങള്‍ നേടാന്‍ ഈ അമൃത് കാല്‍ ഉപയോഗിക്കാന്‍ കഴിയും. കോളനിവാഴ്ചയുടെ ചിന്താഗതിയുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യുക, നമ്മുടെ പൈതൃകം ആഘോഷിക്കുക, ഐക്യം ശക്തിപ്പെടുത്തുക, നമ്മുടെ കടമകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക വികസിത ഇന്ത്യയുടെ ലക്ഷ്യങ്ങള്‍ ഇവയാണ്'', പ്രധാനമന്ത്രി പറഞ്ഞു. ഈ അഞ്ച് തത്ത്വങ്ങള്‍ പാലിക്കാന്‍ കൂട്ടായും വ്യക്തിപരമായും പ്രതിജ്ഞയെടുക്കാന്‍ പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, പ്രധാനമന്ത്രി എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. ''140 കോടി ജനങ്ങള്‍ ഇത്തരമൊരു പ്രതിജ്ഞയെടുത്താല്‍, 2047 ഓടെ നമുക്ക് വികസിതവും സ്വാശ്രയവും എല്ലാവരെയും ഉള്‍ച്ചേര്‍ക്കുന്നതുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാന്‍ കഴിയും'', ശ്രീ മോദി പറഞ്ഞു.
തമിഴ്‌നാട് ഗവര്‍ണര്‍ ശ്രീ ആര്‍.എന്‍. രവി, രാമകൃഷ്ണ മഠം വൈസ് പ്രസിഡന്റ് ശ്രീമദ് സ്വാമി ഗൗതമാനന്ദജി, കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വാര്‍ത്താവിനിമയ സഹമന്ത്രി ശ്രീ എല്‍ മുരുകന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

-ND-

(Release ID: 1914962) Visitor Counter : 164