ധനകാര്യ മന്ത്രാലയം

സ്റ്റാൻഡ്-അപ്പ് ഇന്ത്യ പദ്ധതിയ്ക്ക് കീഴിൽ കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ 1,80,630 അക്കൗണ്ടുകളിലായി 40,700 കോടിയിലധികം രൂപ അനുവദിച്ചു

Posted On: 05 APR 2023 7:30AM by PIB Thiruvananthpuram



ന്യൂഡൽഹി, 2023 ഏപ്രിൽ 5  

വനിത, പട്ടികജാതി (എസ്‌.സി), പട്ടികവർഗ (എസ്‌.ടി) വിഭാഗങ്ങൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും, ഉത്പാദന, സേവന, വ്യാപാര മേഖലകളിലും കൃഷി അനുബന്ധ പ്രവർത്തനങ്ങളിലും ഗ്രീൻഫീൽഡ് സംരംഭങ്ങൾ ആരംഭിക്കുന്നതിന് അവരെ സഹായിക്കുകയും ചെയ്യുക എന്നതാണ് സ്റ്റാൻഡ്-അപ്പ് ഇന്ത്യ പദ്ധതിയുടെ ലക്ഷ്യം.

ഊർജ്ജസ്വലരും ഉത്സാഹികളുമായ എസ്‌.സി, എസ്‌.ടി, വനിതാ സംരംഭകർക്ക് അവരുടെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിൽ ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വരാറുണ്ട്. ഈ വെല്ലുവിളികൾ തിരിച്ചറിഞ്ഞ്, സാമ്പത്തിക ശാക്തീകരണത്തിനും തൊഴിൽ സൃഷ്ടിക്കും പ്രത്യേക ഊന്നൽ നൽകി താഴെത്തട്ടിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2016 ഏപ്രിൽ 5-നാണ് സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതി ആരംഭിച്ചത്. പദ്ധതി 2025 വരെ നീട്ടിയിട്ടുണ്ട്.

1.8 ലക്ഷത്തിലധികം സ്ത്രീകൾക്കും പട്ടികജാതി-പട്ടികവർഗ സംരംഭകർക്കും 40,600 കോടി രൂപയിലധികം വായ്പ അനുവദിച്ചുവെന്നത് അഭിമാനവും സംതൃപ്തിയും നൽകുന്ന കാര്യമാണെന്ന് കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഈ അവസരത്തിൽ പറഞ്ഞു. എല്ലാ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടെയും ബാങ്ക് ശാഖകളിൽ നിന്നുള്ള ലോണുകൾ വഴി ഗ്രീൻ ഫീൽഡ് സംരംഭങ്ങൾ  സ്ഥാപിക്കുന്നതിനുള്ള സഹായകരമായ അന്തരീക്ഷം സൃഷ്ടിക്കുകയും തുടരുകയും ചെയ്യുന്ന ഒരു ആവാസവ്യവസ്ഥ ഈ പദ്ധതി സൃഷ്ടിച്ചിട്ടുണ്ട്. എസ്‌സി, എസ്ടി, സ്ത്രീകൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിൽ സ്റ്റാൻഡ്-അപ്പ് ഇന്ത്യ പദ്ധതി ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് തെളിയിച്ചിട്ടുണ്ട് എന്നും എസ്‌യുപിഐ പദ്ധതിയുടെ ഏഴാം വാർഷികത്തിൽ ധനമന്ത്രി പറഞ്ഞു.

സ്റ്റാൻഡ്-അപ്പ് ഇന്ത്യ പദ്ധതി, എല്ലാ സംരഭകർക്കും സുഗമമായി വായ്പ ഉറപ്പാക്കിക്കൊണ്ട് നിരവധി ജീവിതങ്ങളെ സ്പർശിച്ചതായി ശ്രീമതി. സീതാരാമൻ പറഞ്ഞു. സംരംഭകർക്ക് തങ്ങളുടെ സംരംഭകത്വ മികവ് പ്രകടിപ്പിക്കാൻ പദ്ധതി വഴിയൊരുക്കിയിട്ടുണ്ട്. സാമ്പത്തിക വളർച്ച നയിക്കാനും തൊഴിലവസരങ്ങൾ സൃഷ്ട്ടിച്ഛ് ശക്തമായ ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാനും ഇത്തരം സംരംഭകർക്ക് കഴിയുമെന്നും   ധനമന്ത്രി പറഞ്ഞു.

സ്റ്റാൻഡ്-അപ്പ് ഇന്ത്യ പദ്ധതി, നാഷണൽ മിഷൻ ഫോർ ഫിനാൻഷ്യൽ ഇൻക്ലൂഷന്റെ മൂന്നാമത്തെ സ്തംഭമായ "ഫണ്ടില്ലാത്തവർക്ക് ഫണ്ടിംഗ്" എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് സ്റ്റാൻഡ്-അപ്പ് ഇന്ത്യ പദ്ധതിയുടെ ഏഴാം വാർഷികത്തിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കിസൻറാവു കരാഡ് പറഞ്ഞു. ഈ പദ്ധതി ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടെ ശാഖകളിൽ നിന്ന് എസ്‌സി/എസ്ടി, വനിതാ സംരംഭകർക്ക് തടസ്സങ്ങളില്ലാത്ത വായ്പയുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. സംരംഭകർക്കും അവരുടെ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ജീവിത നിലവാരം ഉയർത്തുന്നതിൽ ഈ പദ്ധതി പ്രധാന പങ്കുവഹിച്ചു.

 

 

കഴിഞ്ഞ ഏഴു വർഷത്തിനിടെ 1.8 ലക്ഷത്തിലധികം സംരംഭകർ ഈ പദ്ധതിയുടെ പ്രയോജനം നേടിയിട്ടുണ്ടെന്ന് ഡോ. കരാഡ് പറഞ്ഞു. "ഈ പദ്ധതിക്ക് കീഴിൽ നൽകിയിട്ടുള്ള വായ്പകളിൽ 80 ശതമാനത്തിലേറെയും സ്ത്രീകൾക്ക് നൽകിയിട്ടുണ്ട് എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെയധികം സന്തോഷമുള്ള കാര്യമാണ്," ഡോ കരാഡ് കൂട്ടിച്ചേർത്തു.
 
സ്റ്റാൻഡ്-അപ്പ് ഇന്ത്യ പദ്ധതിയുടെ ഏഴാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, ഈ പദ്ധതിയുടെ നേട്ടങ്ങളും സവിശേഷതകളും നമുക്ക് പരിശോധിക്കാം.


സ്റ്റാൻഡ്-അപ്പ് ഇന്ത്യ പദ്ധതിയുടെ ലക്ഷ്യം ഇനിപ്പറയുന്നു:

 വനിത , എസ്‌സി, എസ്ടി വിഭാഗങ്ങൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക;

 ഉത്പാദന, സേവന, വ്യാപാര മേഖലകളിലും കൃഷി അനുബന്ധ പ്രവർത്തനങ്ങളിലും ആരംഭിക്കാനിരിക്കുന്ന ഗ്രീൻഫീൽഡ് സംരംഭങ്ങൾക്ക് വായ്പ ലഭ്യമാക്കുക;

 ഓരോ ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്ക് ശാഖകളും, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലെ കുറഞ്ഞത് ഒരു സംരംഭകൻ / സംരംഭകയ്‌ക്കും, വനിത വിഭാഗത്തിലെ കുറഞ്ഞത് ഒരു സംരംഭകയ്‌ക്കും 10 ലക്ഷം മുതൽ 1 കോടി രൂപ വരെയുള്ള ബാങ്ക് വായ്പ സുഗമമായി ലഭ്യമാക്കുക.


എന്തുകൊണ്ട് സ്റ്റാൻഡ്-അപ്പ് ഇന്ത്യ?

എസ്‌സി, എസ്ടി, വനിത സംരംഭകർ നേരിടുന്ന വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിനാണ് സ്റ്റാൻഡ്-അപ്പ് ഇന്ത്യ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലക്ഷ്യമിടുന്ന വിഭാഗങ്ങൾക്ക് ബിസിനസ്സ് ആരംഭിക്കാൻ സഹായകവും സുഗമവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ പദ്ധതി ശ്രമിക്കുന്നു. വായ്പയെടുക്കുന്ന എസ്‌സി, എസ്ടി, വനിത വിഭാഗക്കാർക്ക് ഗ്രീൻഫീൽഡ് സംരംഭങ്ങൾ സ്ഥാപിക്കുന്നതിന് സഹായമേകാൻ ബാങ്ക് ശാഖകളെ പ്രോത്സാഹിപ്പിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു. ആഗ്രഹിക്കുന്ന അപേക്ഷകർക്ക് ഇനിപ്പറയുന്ന വിധം പദ്ധതിയ്ക്ക് അപേക്ഷിക്കാം:

 നേരിട്ട് ശാഖ മുഖാന്തിരം,

 സ്റ്റാൻഡ്-അപ്പ് ഇന്ത്യ പോർട്ടലിലൂടെ (www.standupmitra.in),

 ലീഡ് ഡിസ്ട്രിക്ട് മാനേജർ വഴി (LDM).

ആർക്കെല്ലാം വായ്പയ്ക്ക് അർഹതയുണ്ട്?

 പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർ അല്ലെങ്കിൽ 18 വയസ്സിന് മുകളിലുള്ള വനിതാ സംരംഭകർ;

 ഗ്രീൻ ഫീൽഡ് പദ്ധതികൾക്ക് മാത്രമേ ഇതിന് കീഴിലുള്ള വായ്പകൾ ലഭ്യമാകൂ. ഗ്രീൻ ഫീൽഡ് എന്നാൽ  ഉത്പാദന, സേവന, വ്യാപാര മേഖലകളിലും കൃഷി അനുബന്ധ പ്രവർത്തനങ്ങളിലും ഗുണഭോക്താവിന്റെ ആദ്യ സംരംഭമെന്നാണ് അർത്ഥമാക്കുന്നത്.

  വ്യക്തിഗത ഇതര സംരംഭങ്ങളുടെ കാര്യത്തിൽ, 51% ഓഹരിയോ അതിലധികമോ എസ്‌സി/എസ്‌ടി സംരംഭകൻ, അല്ലെങ്കിൽ/ഒപ്പം വനിതാ സംരംഭക കൈവശം വച്ചിരിക്കണം.

 വായ്പയെടുക്കുന്നവർ ഏതെങ്കിലും ബാങ്ക്/ധനകാര്യ സ്ഥാപനത്തിൽ തിരിച്ചടവ് മുടക്കം വരുത്തിയവർ ആകരുത്;

 അർഹതപ്പെട്ട കേന്ദ്ര/സംസ്ഥാന പദ്ധതികളുമായി സംയോജിപ്പിച്ച് ‘15% വരെ’ മാർജിൻ മണി നൽകാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഏത് സാഹചര്യത്തിലും, വായ്പയെടുക്കുന്നയാൾ സ്വന്തം സംഭാവനയായി പദ്ധതിച്ചെലവിന്റെ 10% കണ്ടെത്തേണ്ടതുണ്ട് .

ഉറച്ച പിന്തുണ:

വായ്‌പ ആവശ്യമുള്ള സംരംഭകരെ ബാങ്കുകളുമായി ബന്ധിപ്പിക്കുന്നതിനു പുറമേ, സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതി മുഖാന്തിരം സംരംഭങ്ങൾ തുടങ്ങാനുള്ള ഉദ്യമത്തിൽ ഭാവി സംരംഭകർക്ക് സ്‌മോൾ ഇൻഡസ്‌ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (SIDBI) വികസിപ്പിച്ച www.standupmitra.in എന്ന ഓൺലൈൻ പോർട്ടൽ മുഖാന്തിരം പരിശീലനം മുതൽ  വായ്പ അപേക്ഷകൾ പൂരിപ്പിക്കുന്നത് വരെയുള്ള ബിസിനസ്സ് മാർഗ്ഗനിർദേശങ്ങളും നൽകുന്നുണ്ട്. 8,000-ലധികം ഹാൻഡ് ഹോൾഡിംഗ് ഏജൻസികളുടെ ഒരു ശൃംഖലയിലൂടെ, ഈ പോർട്ടൽ, പ്രത്യേക വൈദഗ്ധ്യമുള്ള വിവിധ ഏജൻസികളുമായി ചേർന്ന് വായ്പ ആവശ്യമുള്ളവരെ ബന്ധിപ്പിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശം നൽകുന്നു. നൈപുണ്യ വികസന കേന്ദ്രങ്ങൾ, മാർഗ്ഗദർശന സേവനം, സംരംഭകത്വ വികസന കേന്ദ്രങ്ങൾ, ജില്ലാ വ്യവസായ കേന്ദ്രങ്ങൾ എന്നിവയുടെ വിലാസങ്ങളും ബന്ധപ്പെടാനുള്ള നമ്പറും നൽകുന്നു.

21.03.2023 വരെയുള്ള പദ്ധതിയുടെ നേട്ടങ്ങൾ:

 സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതിയ്ക്ക് കീഴിൽ 21.03.2023 വരെ 180,636 അക്കൗണ്ടുകളിലേക്ക് 40,710 കോടി രൂപ അനുവദിച്ചു.

 21.03.2023 ലെ സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതിയുടെ പട്ടികജാതി/പട്ടികവർഗ/വനിത ഗുണഭോക്താക്കളുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു:

എസ്.സി

A/C-കളുടെ എണ്ണം - 26,889

അനുവദിച്ച തുക (കോടി രൂപയിൽ
) - 5,625.50

എസ്.ടി

A/C-കളുടെ എണ്ണം - 8,960

അനുവദിച്ച തുക 
(കോടി രൂപയിൽ) - 1,932.50

സ്ത്രീകൾ

A/C-കളുടെ എണ്ണം - 1,44,787

അനുവദിച്ച തുക
 (കോടി രൂപയിൽ) - 33,152.43

ആകെ

A/C-കളുടെ എണ്ണം - 1,80,636

 

അനുവദിച്ച തുക (കോടി രൂപയിൽ) -  40,710.43
 
***********************************************

 

 


(Release ID: 1913711) Visitor Counter : 218