പ്രധാനമന്ത്രിയുടെ ഓഫീസ്
മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
Posted On:
29 APR 2022 1:50PM by PIB Thiruvananthpuram
ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് ശ്രീ എന്‍ വി രമണ ജി, ജസ്റ്റിസ് ശ്രീ യു യു ലളിത് ജി, കേന്ദ്ര നിയമ മന്ത്രി ശ്രീ കിരണ്‍ റിജിജു ജി, സഹമന്ത്രി പ്രൊഫ. എസ് പി സിംഗ് ബാഗേല്‍ ജി, എല്ലാ സംസ്ഥാനങ്ങളിലെയും ബഹുമാനപ്പെട്ട മുഖ്യമന്ത്രിമാര്‍, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, ബഹുമാനപ്പെട്ട സുപ്രീം കോടതി ജഡ്ജിമാര്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍, വിശിഷ്ടാതിഥികള്‍, ഇന്ന് ഇവിടെ സന്നിഹിതരായ മറ്റെല്ലാ പ്രമുഖരേ, മഹതികളേ, മാന്യരേ!
സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനം നമ്മുടെ ഭരണഘടനാ വിസ്മയത്തിന്റെ പ്രതിഫലനമാണ്. ഈ അവസരത്തില്‍ നിങ്ങളോടൊപ്പം ഏതാനും നിമിഷങ്ങള്‍ ചിലവഴിക്കാന്‍ എനിക്കും അവസരം ലഭിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു. നമ്മുടെ രാജ്യത്ത്, ജുഡീഷ്യറിയുടെ പങ്ക് ഭരണഘടനയുടെ കാവല്‍ക്കാരന്‍ എന്ന നിലയിലായിരിക്കുമ്പോള്‍, നിയമനിര്‍മ്മാണം പൗരന്മാരുടെ അഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്നു. ഭരണഘടനയുടെ രണ്ട് ധാരകളുടെയും സൃഷ്ടിക്കപ്പെട്ട സന്തുലിതാവസ്ഥയുടെയും ഈ സംഗമം രാജ്യത്ത് ഫലപ്രദവും സമയബന്ധിതവുമായ ഒരു നീതിന്യായ വ്യവസ്ഥയുടെ മാര്‍ഗരേഖ തയ്യാറാക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ കൂടിച്ചേരലിനു നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ ആശംസകള്‍ നേരുന്നു.
സുഹൃത്തുക്കളേ,
മുഖ്യമന്ത്രിമാരുടെയും ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനങ്ങള്‍ മുന്‍പും നടന്നിട്ടുണ്ട്. കൂടാതെ, രാജ്യത്തിന് വേണ്ടി അവരില്‍ നിന്ന് ചില പുതിയ ആശയങ്ങള്‍ ഉയര്‍ന്നുവന്നിട്ടുമുണ്ട്. പക്ഷേ, ഇത്തവണ ഈ പരിപാടി കൂടുതല്‍ പ്രത്യേകതയുള്ളതാണ്. രാജ്യം 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം' ആഘോഷിക്കുന്ന സമയത്താണ് ഇന്ന് ഈ സമ്മേളനം നടക്കുന്നത്. ഈ 75 വര്‍ഷത്തെ സ്വാതന്ത്ര്യം ജുഡീഷ്യറിയുടെയും എക്്‌സിക്യൂട്ടീവിന്റെയും ഉത്തരവാദിത്തങ്ങളും ചുമതലകളും തുടര്‍ച്ചയായി വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമുള്ളിടത്തെല്ലാം, രാജ്യത്തിന് ഒരു ദിശാബോധം നല്‍കുന്നതിനായി ഈ ബന്ധം തുടര്‍ച്ചയായി വികസിച്ചുകൊണ്ടിരിക്കുന്നു. ഇന്ന്, 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ' വേളയില്‍, രാജ്യം പുതിയ സ്വപ്നങ്ങളുമായി പുതിയ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍, നമ്മളും ഭാവിയിലേക്ക് നോക്കണം. രാജ്യം സ്വാതന്ത്ര്യം നേടി 100 വര്‍ഷം തികയുന്ന 2047ല്‍ ഏത് തരത്തിലുള്ള നീതിന്യായ വ്യവസ്ഥയാണ് രാജ്യത്ത് കാണാന്‍ നാം ആഗ്രഹിക്കുന്നത്? 2047-ലെ ഇന്ത്യയുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന തരത്തില്‍ നമ്മുടെ നീതിന്യായ വ്യവസ്ഥയെ എങ്ങനെയാണ് നമുക്ക് സാധ്യമാക്കുന്നത്? ഈ ചോദ്യത്തിനായിരിക്കണം ഇന്ന് നമ്മുടെ മുന്‍ഗണന. നീതി പ്രാപ്യവും നീതി വേഗത്തിലുള്ളതും എല്ലാവര്‍ക്കും നീതി ലഭിക്കുന്നതുമായ 'അമൃതകാല'ത്തില്‍ അത്തരമൊരു നീതിന്യായ വ്യവസ്ഥയെക്കുറിച്ചുള്ള കാഴ്ചപ്പാട് നമുക്കുണ്ടാകണം.
സുഹൃത്തുക്കളേ,
രാജ്യത്തെ നീതിന്യായ കാലതാമസം കുറയ്ക്കാന്‍ ഗവണ്‍മെന്റ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. ഞങ്ങള്‍ കോടതികളുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയാണ്, നീതിന്യായ സംവിധാനത്തിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കേസുകളുടെ കൈകാര്യകര്‍തൃത്വത്തിന് ഐസിടിയുടെ ഉപയോഗം ആരംഭിച്ചു കഴിഞ്ഞു. കീഴ്‌ക്കോടതികള്‍, ജില്ലാ കോടതികള്‍ മുതല്‍ ഹൈക്കോടതികള്‍ വരെയുള്ള ഒഴിവുകള്‍ നികത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കൂടാതെ, നീതിന്യായ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള വിപുലമായ പ്രവര്‍ത്തനങ്ങളും രാജ്യത്ത് നടക്കുന്നു. ഈ ഉദ്യമത്തില്‍ സംസ്ഥാനങ്ങള്‍ക്കും വലിയ പങ്കുണ്ട്.
സുഹൃത്തുക്കളേ,
ലോകമെമ്പാടുമുള്ള പൗരന്മാരുടെ അവകാശങ്ങള്‍ക്കും അവരുടെ ശാക്തീകരണത്തിനുമുള്ള ഒരു പ്രധാന ഉപകരണമായി ഇന്ന് സാങ്കേതികവിദ്യ മാറിയിരിക്കുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ പോലും, സാങ്കേതികവിദ്യയുടെ സാധ്യതകള്‍ നിങ്ങള്‍ക്കെല്ലാം പരിചിതമാണ്. നമ്മുടെ ബഹുമാനപ്പെട്ട ജഡ്ജിമാര്‍ ഈ ചര്‍ച്ച കാലാകാലങ്ങളില്‍ മുന്നോട്ട് കൊണ്ടുപോകുന്നു. ഡിജിറ്റല്‍ ഇന്ത്യ മിഷന്റെ അവശ്യ ഘടകമായി നീതിന്യായ വ്യവസ്ഥയില്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള സാധ്യതകളും കേന്ദ്ര ഗവണ്‍മെന്റ് പരിഗണിക്കുന്നു. ഉദാഹരണത്തിന്, ഇ-കോടതികള്‍ പദ്ധതി ഇന്ന് അതിവേഗം നടപ്പിലാക്കുന്നു. സുപ്രീം കോടതി ഇ-സമിതിയുടെ മാര്‍ഗനിര്‍ദേശപ്രകാരം, നീതിന്യായ വ്യവസ്ഥയില്‍ സാങ്കേതിക സംയോജനത്തിന്റെയും ഡിജിറ്റല്‍വല്‍കരണത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഇവിടെ സന്നിഹിതരാകുന്ന എല്ലാ മുഖ്യമന്ത്രിമാരോടും ഹൈക്കോടതികളിലെ എല്ലാ ചീഫ് ജസ്റ്റിസുമാരോടും ഈ പ്രചാരണത്തിന് പ്രത്യേക പ്രാധാന്യം നല്‍കാനും അത് മുന്നോട്ട് കൊണ്ടുപോകാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഡിജിറ്റല്‍ ഇന്ത്യയുമായി ജുഡീഷ്യറിയുടെ ഈ സംയോജനം ഇന്ന് രാജ്യത്തെ സാധാരണക്കാരന്റെ പ്രതീക്ഷയായി മാറിയിരിക്കുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ രാജ്യത്തിന് ഡിജിറ്റല്‍ ഇടപാടുകള്‍ അസാധ്യമാണെന്ന് കരുതിയിരുന്നു. ആളുകള്‍ അതില്‍ ആശങ്കാകുലരായിരുന്നു. നമ്മുടെ നാട്ടില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് അവര്‍ ചിന്തിച്ചിരുന്നു. അതിന്റെ വ്യാപ്തി നഗരങ്ങളില്‍ മാത്രമായിരിക്കുമെന്നും അവര്‍ വിശ്വസിച്ചു; അതിനപ്പുറം നീട്ടുകയില്ല. എന്നാല്‍ ഇന്ന് ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും പോലും ഡിജിറ്റല്‍ ഇടപാടുകള്‍ സാധാരണമായിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ലോകമെമ്പാടും നടത്തിയ ഡിജിറ്റല്‍ ഇടപാടുകളില്‍ 40 ശതമാനവും നടന്നത് ഇന്ത്യയിലാണ്. മാസങ്ങള്‍ക്കുമുമ്പ് പൗരന്മാര്‍ക്ക് നിരന്തരം ഓഫീസുകളില്‍ പോകേണ്ടിവന്നിരുന്ന, ഗവണ്‍മെന്റുമായി ബന്ധപ്പെട്ട ആ സേവനങ്ങള്‍ ഇപ്പോള്‍ മൊബൈലില്‍ ലഭ്യമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഓണ്‍ലൈനായി സേവനങ്ങളും സൗകര്യങ്ങളും ലഭിക്കുന്ന പൗരന് നീതിക്കായുള്ള അവകാശത്തെ സംബന്ധിച്ചും സമാനമായ പ്രതീക്ഷകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്.
സുഹൃത്തുക്കളേ,
ഇന്ന് നമ്മള്‍ സാങ്കേതികവിദ്യയെക്കുറിച്ചും ഭാവിയിലേക്കുള്ള സമീപനത്തെക്കുറിച്ചും സംസാരിക്കുമ്പോള്‍, അതിന്റെ ഒരു പ്രധാന വശം സാങ്കേതിക-സൗഹൃദ മനുഷ്യവിഭവശേഷിയാണ്. സാങ്കേതികവിദ്യ ഇന്ന് യുവാക്കളുടെ ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാണ്. യുവാക്കളുടെ ഈ വൈദഗ്ധ്യം അവരുടെ പ്രൊഫഷണല്‍ ശക്തിയായി മാറുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ബ്ലോക്ക് ചെയിന്‍, ഇലക്ട്രോണിക് ഡിസ്‌കവറി, സൈബര്‍ സുരക്ഷ, റോബോട്ടിക്സ്, നിര്‍മിതബുദ്ധി, ബയോ എത്തിക്സ് തുടങ്ങിയ വിഷയങ്ങള്‍ ഇക്കാലത്ത് വിവിധ രാജ്യങ്ങളിലെ നിയമ സര്‍വകലാശാലകളില്‍ പഠിപ്പിക്കുന്നു. നമ്മുടെ രാജ്യത്തും ഈ അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ചായിരിക്കണം നിയമ വിദ്യാഭ്യാസം. അത് ഉറപ്പാക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. അതിനായി നാം കൂട്ടായ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്.
സുഹൃത്തുക്കളേ,
ഏതൊരു രാജ്യത്തും ഭരണത്തിന്റെ അടിസ്ഥാനം നീതിയാണ് എന്ന്
നമ്മുടെ ഗ്രന്ഥങ്ങളില്‍ പറയുന്നു. അതുകൊണ്ട് നീതിയെ ജനങ്ങളുമായി ബന്ധിപ്പിക്കണം; അത് ജനങ്ങളുടെ ഭാഷതന്നെ ആയായിരിക്കണം. സാധാരണക്കാര്‍ നീതിയുടെ അടിസ്ഥാനം മനസ്സിലാക്കാത്തിടത്തോളം, നീതിയും ഗവണ്‍മെന്റ് ഉത്തരവും തമ്മില്‍ വലിയ വ്യത്യാസമില്ല. ഈ ദിവസങ്ങളില്‍ ഞാന്‍ ഗവണ്‍മെന്റിലെ ഒരു വിഷയത്തില്‍ ബോധവല്‍കരണം നടത്തുകയാണ്. നിയമ പദങ്ങള്‍ ഉപയോഗിച്ച് നിയമങ്ങള്‍ നിര്‍മ്മിക്കുന്ന നിരവധി രാജ്യങ്ങള്‍ ലോകത്ത് ഉണ്ട്, എന്നാല്‍ അതേ സമയം ആ നിയമ പദങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ ലളിതമായ ഭാഷയില്‍ വിശദീകരിക്കുന്നു. രണ്ട് രീതികകളും സാധുവാണ്. തല്‍ഫലമായി, നിയമ പദങ്ങള്‍ മനസ്സിലാക്കാന്‍ സാധാരണക്കാരന് വീണ്ടും വീണ്ടും നീതിന്യായ വ്യവസ്ഥയിലേക്ക് പോകേണ്ടതില്ല. വരും നാളുകളില്‍ നമ്മുടെ രാജ്യത്ത് നിയമങ്ങള്‍ക്ക് ഒരു സമ്പൂര്‍ണ്ണ ' നിയമപദാവലി' മാത്രമല്ല, സാധാരണക്കാര്‍ക്ക് നന്നായി മനസ്സിലാകുന്ന ഭാഷയില്‍ അതേ നിയമങ്ങളുടെ ലളിതമായ പതിപ്പും ഉറപ്പാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്. രണ്ടും നിയമസഭകളിലും പാര്‍ലമെന്റിലും ഒരുമിച്ചു പാസാക്കും, അതുവഴി പിന്നീട് സാധാരണക്കാര്‍ക്ക് അതിന്റെ അടിസ്ഥാനത്തില്‍ സംസാരിക്കാനാകും. ലോകത്തിലെ പല രാജ്യങ്ങളിലും ഇത് ഒരു രീതിയാണ്. ഇപ്പോള്‍ ഞാന്‍ ഒരു ടീം രൂപീകരിച്ചു, അവര്‍ അത് പഠിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്നും നമ്മുടെ രാജ്യത്ത് ഹൈക്കോടതികളുടെയും സുപ്രീം കോടതിയുടെയും എല്ലാ നടപടികളും ഇംഗ്ലീഷിലാണ് നടക്കുന്നത്. ചീഫ് ജസ്റ്റിസ് തന്നെ ഈ വിഷയം പരാമര്‍ശിച്ചതിനെ ഞാന്‍ അഭിനന്ദിക്കുന്നു. നാളെ പത്രങ്ങള്‍ ഈ വാര്‍ത്ത എടുത്താല്‍ പോസിറ്റീവ് വാര്‍ത്തയാകും. എന്നാല്‍ ജനങ്ങള്‍ അതിനായി കാത്തിരിക്കേണ്ടിവരും.
സുഹൃത്തുക്കളേ,
ഒരു വലിയ ജനവിഭാഗത്തിന് നീതിന്യായ പ്രക്രിയയും അതിലെ വിധികളും മനസ്സിലാക്കാന്‍ പ്രയാസമാണ്. ഈ സംവിധാനം ലളിതമാക്കുകയും പൊതുജനങ്ങള്‍ക്ക് പ്രാപ്യമാക്കുകയും വേണം. കോടതികളില്‍ പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇത് രാജ്യത്തെ സാധാരണക്കാരന് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം വര്‍ധിപ്പിക്കും. അവര്‍ക്ക് അതിനോട് ബന്ധം തോന്നും. സാങ്കേതിക വിദ്യാഭ്യാസവും മെഡിക്കല്‍ വിദ്യാഭ്യാസവും മാതൃഭാഷയില്‍ നല്‍കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. നമ്മുടെ കുട്ടികള്‍ മറ്റ് രാജ്യങ്ങളില്‍ പോയി ആ രാജ്യങ്ങളിലെ പുതിയ ഭാഷകള്‍ പഠിക്കാന്‍ ശ്രമിക്കുന്നു, മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടുന്നു. അതുകൊണ്ട് നമ്മുടെ നാട്ടില്‍ തന്നെ ഈ സംരംഭം തുടങ്ങാം. പല സംസ്ഥാനങ്ങളും അവരുടെ മാതൃഭാഷയില്‍ സാങ്കേതിക വിദ്യാഭ്യാസവും മെഡിക്കല്‍ വിദ്യാഭ്യാസവും നല്‍കുന്നതിന് മുന്‍കൈ എടുത്തതില്‍ എനിക്ക് സന്തോഷമുണ്ട്. ഒരു ഗ്രാമത്തിലെ പാവപ്പെട്ട കുട്ടി ഉന്നതവിദ്യാഭ്യാസത്തില്‍ ഭാഷാ തടസ്സങ്ങള്‍ മൂലം തടസ്സങ്ങള്‍ നേരിടുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ വഴികളും അവനുവേണ്ടി തുറക്കപ്പെടും, ഇതും ഒരു വലിയ നീതിയാണ്. ഇതും സാമൂഹിക നീതിയാണ്. സാമൂഹിക നീതിക്കായി ജുഡീഷ്യറിയെ സമീപിക്കേണ്ട കാര്യമില്ല. ചിലപ്പോള്‍ സാമൂഹിക നീതി ലഭിക്കുന്നതില്‍ ഭാഷയും പ്രധാന ഘടകമായി മാറിയേക്കാം.
സുഹൃത്തുക്കളേ,
മറ്റൊരു ഗുരുതരമായ പ്രശ്‌നം സാധാരണക്കാര്‍ക്ക് നിയമത്തിന്റെ വ്യാഖ്യാനമാണ്. 2015-ല്‍, കാലഹരണപ്പെട്ടതോ അപ്രസക്തമായതോ ആയ ഏകദേശം 1800 നിയമങ്ങള്‍ ഞങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ 1450 കേന്ദ്ര നിയമങ്ങള്‍ ഞങ്ങള്‍ ഇല്ലാതാക്കി. എന്നാല്‍ 75 നിയമങ്ങള്‍ മാത്രമാണ് സംസ്ഥാനങ്ങള്‍ റദ്ദാക്കിയത്. എല്ലാ മുഖ്യമന്ത്രിമാരും ഇന്ന് ഇവിടെ ഇരിക്കുന്നുണ്ട്. നിങ്ങളുടെ സംസ്ഥാനത്തെ പൗരരുടെ അവകാശങ്ങള്‍ക്കായി, അവരുടെ ജീവിത സൗകര്യത്തിനായി ആ നിയമങ്ങള്‍ റദ്ദാക്കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ പ്രദേശങ്ങളില്‍ നിയമങ്ങളുടെ ഒരു വലിയ വല ഉണ്ട്. പൗരാണിക നിയമങ്ങളുടെ വലയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. ദയവു ചെയ്ത് ആ നിയമങ്ങള്‍ പിന്‍വലിക്കുക, ജനങ്ങള്‍ നിങ്ങളെ അനുഗ്രഹിക്കും!
സുഹൃത്തുക്കളേ,
നീതിന്യായ സംവിധാന പരിഷ്‌കരണം ഒരു നയപരമായ കാര്യമല്ല. രാജ്യത്ത് കെട്ടിക്കിടക്കുന്ന കോടിക്കണക്കിന് കേസുകള്‍ പരിഹരിക്കാന്‍, നയം മുതല്‍ സാങ്കേതികവിദ്യ വരെയുള്ള എല്ലാ ശ്രമങ്ങളും രാജ്യത്ത് നടക്കുന്നു, ഞങ്ങള്‍ അത് വീണ്ടും വീണ്ടും ചര്‍ച്ച ചെയ്തു. ഈ സമ്മേളനത്തിലും നിങ്ങളെപ്പോലുള്ള എല്ലാ വിദഗ്ധരും ഈ വിഷയത്തില്‍ വിശദമായി സംസാരിക്കും. ഒരു നല്ല ഫലത്തെക്കുറിച്ച് എനിക്ക് ഉറപ്പുണ്ട്. ഞാന്‍ ഒരുപക്ഷേ വളരെക്കാലമായി അത്തരം യോഗങ്ങളില്‍ പങ്കെടുക്കുന്നു. ഒരുപക്ഷെ ജഡ്ജിമാരേക്കാള്‍ കൂടുതല്‍ എനിക്ക് ഇത്തരം യോഗങ്ങളില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയത് വര്‍ഷങ്ങളോളം മുഖ്യമന്ത്രി എന്ന നിലയില്‍ പ്രവര്‍ത്തിച്ചതുകൊണ്ടാകാം. ഇപ്പോഴിതാ പ്രധാനമന്ത്രി എന്ന നിലയില്‍ ഇവിടെ വരാന്‍ എനിക്ക് അവസരം ലഭിച്ചിരിക്കുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ ഒത്തുചേരലില്‍ ഞാനൊരു മുതിര്‍ന്ന ആള്‍ ആണ്.
സുഹൃത്തുക്കളേ,
ഈ വിഷയത്തില്‍ സംസാരിക്കുമ്പോള്‍, ഈ എല്ലാ ജോലികള്‍ക്കും മനുഷ്യന്റെ സംവേദനക്ഷമത വളരെ നിര്‍ണായകമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. മനുഷ്യന്റെ സംവേദനക്ഷമതയും കാതലായി നിലനിര്‍ത്തേണ്ടതുണ്ട്. വിചാരണ നേരിടുന്നവരും ജയിലില്‍ കഴിയുന്നവരുമായ ഏകദേശം 3.5 ലക്ഷം തടവുകാരാണ് ഇന്ന് രാജ്യത്തുള്ളത്. ഇവരില്‍ ഭൂരിഭാഗവും ദരിദ്രരായ അല്ലെങ്കില്‍ സാധാരണ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. എല്ലാ ജില്ലയിലും ഈ കേസുകള്‍ പുനഃപരിശോധിക്കാന്‍ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയുണ്ട്, ബാധകമായ ഇടങ്ങളില്‍ ജാമ്യത്തില്‍ വിട്ടയക്കാം. സാധ്യമെങ്കില്‍ മാനുഷിക അടിസ്ഥാനത്തിലും തീര്‍ച്ചയായും നിയമത്തിന്റെ അടിസ്ഥാനത്തിലും ഈ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് എല്ലാ മുഖ്യമന്ത്രിമാരോടും ഹൈക്കോടതികളിലെ ജസ്റ്റിസുമാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അതുപോലെ, കോടതികളില്‍, പ്രത്യേകിച്ച് പ്രാദേശിക തലത്തില്‍, ദീര്‍ഘകാലമായി കെട്ടിക്കിടക്കുന്ന കേസുകള്‍ പരിഹരിക്കുന്നതിനുള്ള ഒരു പ്രധാന മാര്‍ഗം കൂടിയാണ് മധ്യസ്ഥത. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ആയിരക്കണക്കിന് വര്‍ഷത്തെ പാരമ്പര്യമുണ്ട്
നമ്മുടെ സമൂഹത്തില്‍ മധ്യസ്ഥതയിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന ആയിരക്കണക്കിന് വര്‍ഷത്തെ പാരമ്പര്യമുണ്ട്. സൗഹാര്‍ദ്ദപരമായ ഒത്തുതീര്‍പ്പും പരസ്പര പങ്കാളിത്തവും നീതിയുടെ വ്യതിരിക്തമായ മാനുഷിക ആശയത്തെ പ്രതിഫലിപ്പിക്കുന്നു. വാസ്തവത്തില്‍, നമ്മുടെ സമൂഹത്തിന്റെ ആ സ്വഭാവം ഇപ്പോഴും നിലനില്‍ക്കുന്നു. ആ പാരമ്പര്യങ്ങള്‍ നമുക്ക് നഷ്ടമായിട്ടില്ല. ഈ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ലളിത് ജിയെ അഭിനന്ദിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം രാജ്യമെമ്പാടും ഈ ജോലിക്കായി എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്, അതും കൊറോണ കാലത്ത്.
സുഹൃത്തുക്കളേ,
ഈ രീതിയില്‍, കേസുകള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പരിഹരിക്കപ്പെടുന്നു, കോടതികളുടെ ഭാരം കുറയുന്നു, സാമൂഹിക ഘടനയും സുരക്ഷിതമായി തുടരുന്നു. ഈ ചിന്തയോടെ, മധ്യസ്ഥത്രയ്ക്കുള്ള ബില്‍ ഞങ്ങള്‍ പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണത്തിനായി അവതരിപ്പിച്ചു. നമ്മുടെ സമ്പന്നമായ നിയമ വൈദഗ്ധ്യം ഉപയോഗിച്ച്, 'പരിഹാരത്തിനു മധ്യസ്ഥത' എന്ന മേഖലയില്‍ ആഗോള നേതാവാകാന്‍ നമുക്ക് കഴിയും. ലോകത്തിനാകെ മാതൃക അവതരിപ്പിക്കാം. പുരാതന മാനുഷിക മൂല്യങ്ങളോടും ആധുനിക സമീപനത്തോടും കൂടി, ഈ സമ്മേളനത്തില്‍ അത്തരം വിഷയങ്ങളെല്ലാം വിശദമായി ചര്‍ച്ച ചെയ്ത ശേഷം, നിങ്ങളെപ്പോലുള്ള എല്ലാ പണ്ഡിതരും ആ സത്തയുമായി വരുമെന്ന് എനിക്ക് ഉറപ്പുണ്ട്, അത് ഭാവി തലമുറയ്ക്ക് ഉപയോഗപ്രദമാകും. ഈ സമ്മേളനത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന പുതിയ ആശയങ്ങള്‍ പുതിയ ഇന്ത്യയുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനുള്ള മാധ്യമമായി മാറും. ഈ വിശ്വാസത്തോടെ, നിങ്ങളുടെ മാര്‍ഗനിര്‍ദേശത്തിന് ഒരിക്കല്‍ കൂടി ഞാന്‍ എല്ലാവരോടും നന്ദിയുള്ളവനാണ്, കൂടാതെ കേന്ദ്ര ഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റുകളും എല്ലാ ശ്രമങ്ങളും നടത്തുമെന്നും രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയ്ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും ഗവണ്‍മെന്റിന്റെ പേരില്‍ ഞാന്‍ ഉറപ്പ് നല്‍കുന്നു. അങ്ങനെ നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് രാജ്യത്തെ പൗരന്മാരുടെ അഭിലാഷങ്ങളും പ്രതീക്ഷകളും നിറവേറ്റാന്‍ കഴിയും. 2047-ല്‍ രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കുമ്പോള്‍, നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ കാര്യത്തില്‍ കൂടുതല്‍ അഭിമാനത്തോടെയും ബഹുമാനത്തോടെയും മഹത്വത്തോടെയും നമുക്ക് മുന്നേറാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങള്‍ക്ക് എന്റെ ആശംസകള്‍! വളരെ നന്ദി!
-ND-
(Release ID: 1906009)
Visitor Counter : 115
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada