യുവജനകാര്യ, കായിക മന്ത്രാലയം

കേന്ദ്രമന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂർ പഞ്ചാബിലെ ഐഐടി റോപ്പാറിൽ നിന്നും യുവ ഉത്സവിനു രാജ്യവ്യാപകമായി തുടക്കം കുറിച്ചു

Posted On: 04 MAR 2023 1:28PM by PIB Thiruvananthpuramകേരളത്തിൽ പാലക്കാടും മാനന്തവാടിയിലും യുവ ഉത്സവ് സംഘടിപ്പിച്ചു .

ന്യൂഡൽഹി :  മാർച്ച് 04, 2023


കേന്ദ്ര യുവജനകാര്യ, കായിക, വാർത്ത വിതരണ പ്രക്ഷേപണ വകുപ്പ്   മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂർ ഇന്ന് പഞ്ചാബിലെ ഐഐടി റോപ്പാറിൽ നിന്ന് 'അഖിലേന്ത്യാ  യുവ ഉത്സവം -ഇന്ത്യ@2047' ന് തുടക്കം കുറിച്ചു . തദവസരത്തിൽ ശ്രീ അനുരാഗ് താക്കൂർ യുവ ഉത്സവയുടെ ഡാഷ്‌ബോർഡും പുറത്തിറക്കി.കേരളത്തിൽ  പാലക്കാട് ജില്ല,   പ്രതാപ്ഗഡ് (യു.പി.), ഹരിദ്വാർ (ഉത്തരാഖണ്ഡ്), ധാർ, ഹൊസങ്കാബാദ് (എം.പി.), ഹനുമാൻഗഡ് (രാജസ്ഥാൻ), സരയേകേല (ജാർഖണ്ഡ്), കപൂർത്തല (പഞ്ചാബ്), ജൽഗാവ് (മഹാരാഷ്ട്ര), വിജയവാഡ (ആന്ധ്രപ്രദേശ് ), കരിംനഗർ (തെലങ്കാന),   കടലൂർ (തമിഴ്നാട്). എന്നിവിടങ്ങളിൽ ഒരേസമയം യുവ ഉത്സവിനു തുടക്കം കുറിച്ചു . ആദ്യഘട്ടത്തിൽ  2023 മാർച്ച് 31-ഓടെ   രാജ്യത്തെ 150 ജില്ലകളിൽ യുവശക്തിയുടെ  ആഘോഷമായ യുവ ഉത്സവം സംഘടിപ്പിക്കും.

 "നാം  ലോകത്തിലെ ഏറ്റവും വലിയ യുവ-ശക്തിയാണ്, നമ്മുടെ അപാരമായ കഴിവുകൾ പ്രയോജനപ്പെടുത്താൻ  നാം പരിശ്രമിക്കണം,"എന്ന് ശ്രീ. അനുരാഗ് സിംഗ് ഠാക്കൂർ  യുവാക്കളോട്  ചടങ്ങിൽ ആഹ്വാനം  ചെയ്തു. കൂടാതെ, വിദ്യാർത്ഥികളോട് അവരുടെ ഹൃദയത്തെ  സ്പർശിച്ച  ഒരു  സാമൂഹിക പ്രശ്നം തിരഞ്ഞെടുക്കാനും ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു. യുവാക്കളാണ് നാളെയുടെ നിർമ്മാതാക്കളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെറുധാന്യങ്ങളുടെ  പ്രാധാന്യത്തെക്കുറിച്ചും കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനുള്ള ഇവയുടെ സാധ്യതകളെ കുറിച്ചും ശ്രീ. അനുരാഗ് സിംഗ് താക്കൂർ സംസാരിച്ചു. ജലം  ലാഭിക്കാനും മണ്ണ് സമ്പുഷ്ടമാക്കാനും   ഇത് സഹായിക്കുന്നു . ഫിറ്റ് ഇന്ത്യയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശത്തിനെ തുടർന്ന് "ഫിറ്റ്നസിനായി ദിനവും അര  മണിക്കൂർ " (“Fitness ka doze, Aadha ghanta Roz”) എന്ന മുദ്രാവാക്യം ഉദ്ഘാടന  ചടങ്ങ്  നടന്ന ഹാളിൽ പ്രതിധ്വനിച്ചു .“ഇന്ന്, ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് മേഖലയായി  ഇന്ത്യ മാറിയിരിക്കുന്നു. നമുക്ക് 107 യൂണികോണുകൾ ഉണ്ട്. ഒരു  രാജ്യത്തു  ഒരു ദിവസം ഉണ്ടാകുന്ന  പരമാവധി എണ്ണം സ്റ്റാർട്ടപ്പുകൾ ഇന്ത്യയിലാണെന്ന് അദ്ദേഹം പറഞ്ഞു . നമ്മുടെ സമ്പദ്‌വ്യവസ്ഥ ദുർബലമായ അഞ്ചിൽ നിന്ന് ഇപ്പോൾ ആദ്യത്തെ അഞ്ചിലേക്ക് എത്തിയിരിക്കുന്നു. സ്റ്റാർട്ട് അപ്പ് ഇന്ത്യ, സ്റ്റാൻഡ് അപ്പ് ഇന്ത്യ തുടങ്ങി പ്രധാനമന്ത്രി മോദിയുടെ ശ്രമങ്ങളും സംരംഭങ്ങളും മൂലമാണ് ഇതെല്ലാം സാധ്യമായത്," അദ്ദേഹം പറഞ്ഞു.

  ഈ അവസരത്തിൽ വേദിയിൽ ഒരുക്കിയ സ്റ്റാളുകളും കേന്ദ്രമന്ത്രി സന്ദർശിച്ചു.


കേരളത്തിൽ പാലക്കാടും മാനന്തവാടിയിലും യുവ ഉത്സവ് സംഘടിപ്പിച്ചു .


ദേശവ്യാപകമായി സംഘടിപ്പിക്കുന്ന ദേശീയ യുവ ഉത്സവിന്റെ ഭാഗമായി നെഹ്രു യുവ കേന്ദ്ര പാലക്കാട്‌, വയനാട് യൂണിറ്റുകൾ പാലക്കാടും മാനന്തവാടിയിലും യുവ ഉത്സവ് സംഘടിപ്പിച്ചു .പാലക്കാട്‌ സംഘടിപ്പിച്ച  ജില്ലാ തല യുവ ഉത്സവ് വി കെ ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവ കേന്ദ്ര വയനാട് മാനന്തവാടി ഗവൺമെന്റ് കോളേജിന്റെ സഹകരണത്തോടെ ജില്ലാ തല യുവ ഉത്സവ്‌ മാനന്തവാടിയിൽ സംഘടിപ്പിച്ചു. പ്രസ് ഇൻഫോർമേഷൻ ബ്യൂറോ ( കേരള ലക്ഷ്വദീപ് മേഖലാ) അഡിഷണൽ ഡയറക്ടർ ജനറൽ വി പളനിച്ചാമി  പരിപാടി ഉദ്ഘാടനം ചെയ്തു.

യുവ ഉത്സവിന്റെ ഭാഗമായി ജില്ലാ തലത്തിൽ പ്രസംഗം, കവിതാ രചന, മൊബൈൽ ഫോട്ടോഗ്രാഫി, ജലച്ചായം, നാടോടി നൃത്തം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. വിവിധ കേന്ദ്ര സംസ്ഥാന പദ്ധതികളെക്കുറിച്ചുള്ള എക്സിബിഷനും പരിപാടിയുടെ ഭാഗമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ചു.

പശ്ചാത്തലം


യുവജനകാര്യ, കായിക മന്ത്രാലയം അതിന്റെ പ്രധാന  യുവജന സംഘടനയായ നെഹ്‌റു യുവ കേന്ദ്ര സംഗതൻ (NYKS) മുഖേന രാജ്യത്തുടനീളമുള്ള എല്ലാ ജില്ലകളിലും "യുവ ഉത്സവ് - ഇന്ത്യ @2047" പരിപാടി സംഘടിപ്പിക്കുന്നു .2023 മാർച്ച് മുതൽ ജൂൺ വരെ യുവ ഉത്സവം നടക്കും. യുവശക്തിയുടെ ഈ അഖിലേന്ത്യാ ആഘോഷം 3 തലത്തിൽ നടക്കും . ഒരു ഏകദിന ജില്ലാതല പരിപാടിയോടെയാണ്  യുവ ഉത്സവം ആരംഭിക്കുന്നത് .ഈ സാമ്പത്തിക വർഷം 2023 മാർച്ച് 4 മുതൽ മാർച്ച് 31 വരെ പരിപാടിയുടെ ആദ്യ ഘട്ടം 150 ജില്ലകളിൽ നടത്താൻ ആസൂത്രണം  ചെയ്തിട്ടുണ്ട് .

NYKS-ൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത് വോളണ്ടിയർമാരും യൂത്ത് ക്ലബിലെ അംഗങ്ങളും കൂടാതെ ജില്ലയിലെ സ്‌കൂളുകൾ , കോളേജുകൾ  മറ്റ്  വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിപുലമായ പങ്കാളിത്തത്തോടെ  ആണ് ആദ്യ ഘട്ടത്തിലെ പരിപാടികൾ സംഘടിപ്പിക്കുന്നത്.

ജില്ലാതല വിജയികൾ 2023 ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെ സംസ്ഥാന തലസ്ഥാനങ്ങളിൽ നടക്കുന്ന 2 ദിവസത്തെ പരിപാടിയായ സംസ്ഥാനതല യുവ ഉത്സവിൽ പങ്കെടുക്കും. എല്ലാ സംസ്ഥാനതല പരിപാടികളിലെയും വിജയികൾ 2023 ഒക്‌ടോബർ മൂന്നാമത്തെയോ നാലാമത്തെയോ ആഴ്ചയിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ തല യുവ ഉത്സവിൽ പങ്കെടുക്കും.

മൂന്ന് തലങ്ങളിൽ, യുവ കലാകാരന്മാർ, എഴുത്തുകാർ, ഫോട്ടോഗ്രാഫർമാർ, വാഗ്മികൾ എന്നിവർ മത്സരിക്കും. പരമ്പരാഗത കലാകാരന്മാർ രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കും.

വികസിത ഇന്ത്യയുടെ ലക്ഷ്യം,അടിമത്തത്തിന്റെയോ കൊളോണിയൽ മാനസികാവസ്ഥയുടെയോ  അടയാളം നീക്കം ചെയ്യൽ ,നമ്മുടെ പൈതൃകത്തിലും പാരമ്പര്യത്തിലും അഭിമാനിക്കുക,ഐക്യവും ഐക്യദാർഢ്യവും, ഒപ്പംപൗരന്മാർക്കിടയിൽ കർത്തവ്യബോധം എന്നിവ അടങ്ങുന്ന പഞ്ചപ്രാണായിരിക്കും യുവ ഉത്സവത്തിന്റെ പ്രമേയം

15 നും 29 നും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിലെ പ്രോഗ്രാമുകളിൽ/മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹതയുണ്ട്.ഓരോ ഘട്ടത്തിലെയും  വിജയികൾ  അടുത്ത ഘട്ടത്തിൽ പങ്കെടുക്കും .

യുവ കലാകാരന്മാരുടെ ടാലന്റ് ഹണ്ട്- പെയിന്റിംഗ്,യുവ എഴുത്തുകാരുടെ ടാലന്റ് ഹണ്ട് ,ഫോട്ടോഗ്രാഫി ടാലന്റ് ഹണ്ട്,പ്രസംഗ  മത്സരം, സാംസ്കാരികോത്സവം എന്നിവ യുവ ഉത്സവത്തിന്റെ ഘടകങ്ങളാണ്

യുവോത്സവയുടെ ഭാഗമായി, വിവിധ മന്ത്രാലയങ്ങൾ, സംസ്ഥാന ഗവണ്മെന്റ് വകുപ്പുകൾ/ഏജൻസികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ രാജ്യത്തെ യുവജനങ്ങൾക്ക് മുന്നിൽ അവരുടെ നേട്ടങ്ങളും നൂതനാശയങ്ങളും പ്രദർശിപ്പിക്കും.

SKY(Release ID: 1904207) Visitor Counter : 92