പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇറ്റലി പ്രധാനമന്ത്രിയുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധന

Posted On: 02 MAR 2023 2:53PM by PIB Thiruvananthpuram

ആദരണീയയായ പ്രധാനമന്ത്രി മെലോണി,

ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളെ,
മാധ്യമ സുഹൃത്തുക്കളെ,
നമസ്‌കാരം!

പ്രധാനമന്ത്രി മെലോനിയെയും അവരുടെ സംഘത്തെയും അവരുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിന് ഞാന്‍ ഊഷ്മളമായ സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇറ്റലിയിലെ പൗരന്മാര്‍ അവരെ ഏറ്റവും പ്രായം കുറഞ്ഞതും ആദ്യത്തെ വനിതാ പ്രധാനമന്ത്രിയുമായി തെരഞ്ഞെടുത്തിരുന്നു. എല്ലാ ഇന്ത്യക്കാരുടെയും പേരില്‍, ഈ ചരിത്ര നേട്ടത്തിന് അവരെ അഭിനന്ദിക്കാനും ആശംസകള്‍ നേരാനും ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ അധികാരമേറ്റ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം, ബാലിയില്‍ നടന്ന ജി20 ഉച്ചകോടിക്കിടെ ഞങ്ങള്‍ ആദ്യ കൂടിക്കാഴ്ച നടത്തിയിരുന്നു.
സുഹൃത്തുക്കളെ,
ഞങ്ങളുടെ ഇന്നത്തെ ചര്‍ച്ചകള്‍ വളരെ ഉപയോഗപ്രദവും വളരെ അര്‍ത്ഥവത്തായതുമായിരുന്നു. ഇന്ത്യയും ഇറ്റലിയും ഈ വര്‍ഷം തങ്ങളുടെ ഉഭയകക്ഷി ബന്ധത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍, ഇന്ത്യ-ഇറ്റലി പങ്കാളിത്തത്തിന് തന്ത്രപരമായ പങ്കാളിത്തത്തിന്റെ പദവി നല്‍കുന്നതിന് ഞങ്ങള്‍ തീരുമാനിച്ചു. നമ്മുടെ സാമ്പത്തിക ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നു. നമ്മുടെ ''മേക്ക് ഇന്‍ ഇന്ത്യ'', ''ആത്മനിര്‍ഭര്‍ ഭാരത്'' എന്നീ സംഘടിതപ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ വലിയ നിക്ഷേപ അവസരങ്ങള്‍ തുറക്കുകയാണ്. പുനരുപയോഗ ഊര്‍ജ്ജം, ഹരിത ഹൈഡ്രജന്‍, ഐ.ടി, അര്‍ദ്ധചാലകങ്ങള്‍, ടെലികോം, ബഹിരാകാശം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ഞങ്ങള്‍ പ്രത്യേക ഊന്നല്‍ നല്‍കുന്നു. ഇന്ന് ഇന്ത്യയ്ക്കും ഇറ്റലിക്കും ഇടയില്‍ ഒരു സ്റ്റാര്‍ട്ടപ്പ് പാലംസ്ഥാപിക്കുമെന്ന് ഞങ്ങള്‍ പ്രഖ്യാപിക്കുകയാണ്, ഈ തീരുമാനത്തെ ഞങ്ങള്‍ സ്വാഗതവും ചെയ്യുന്നു.

സുഹൃത്തുക്കളെ,

മറ്റൊരു മേഖലയിലും ഇരു രാജ്യങ്ങളും തമ്മില്‍ ഒരു പുതിയ അദ്ധ്യായം ആരംഭിക്കകയാണ്, അതാണ് പ്രതിരോധ സഹകരണം. പ്രതിരോധ ഉല്‍പ്പാദന മേഖലയില്‍ സഹ ഉല്‍പ്പാദനത്തിനും സഹവികസനത്തിനുമുള്ള അവസരങ്ങള്‍ ഇന്ത്യയില്‍ സൃഷ്ടിക്കപ്പെടുകയാണ്, ഇത് ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാകും. ഇരു രാജ്യങ്ങളിലെയും സായുധ സേനകള്‍ തമ്മില്‍ പതിവായി സംയുക്ത അഭ്യാസങ്ങളും പരിശീലന കോഴ്‌സുകളും സംഘടിപ്പിക്കാനും ഞങ്ങള്‍ തീരുമാനിച്ചു. ഭീകരവാദത്തിനും വിഘടനവാദത്തിനുമെതിരായ പോരാട്ടത്തില്‍ ഇന്ത്യയും ഇറ്റലിയും തോളോട് തോള്‍ ചേര്‍ന്ന് സഞ്ചരിക്കുന്നു. ഈ സഹകരണം എങ്ങനെ കൂടുതല്‍ ശക്തിപ്പെടുത്താം എന്നതിനെക്കുറിച്ചും ഞങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു.

സുഹൃത്തുക്കളെ,

സാംസ്‌കാരികമായും ജനങ്ങളും തമ്മിലും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധങ്ങളാണ് ഇന്ത്യയും ഇറ്റലിയും തമ്മില്‍ലുള്ളത്. വര്‍ത്തമാനകാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഈ ബന്ധങ്ങള്‍ക്ക് പുതിയ രൂപവും ഊര്‍ജ്ജവും പ്രദാനം ചെയ്യുന്നതിനെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് കരാറില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ക്ക് പ്രത്യേക പ്രാധാന്യവുമുണ്ട്. ഈ കരാര്‍ നേരത്തെ പൂര്‍ത്തിയാകുന്നത് നമ്മുടെ ജനങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കും. ഇരു രാജ്യങ്ങളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയ്ക്കും ഞങ്ങള്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിനായി ഒരു കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ സഹായത്തോടെ ഇരു രാജ്യങ്ങളുടെയും വൈവിദ്ധ്യം, ചരിത്രം, ശാസ്ത്ര സാങ്കേതിക വിദ്യ, നൂതനാശയങ്ങള്‍, കായികം നേട്ടങ്ങള്‍ എന്നിവ ആഗോള വേദിയില്‍ പ്രദര്‍ശിപ്പിക്കാന്‍ നമുക്ക് കഴിയും.

സുഹൃത്തുക്കളെ,

കോവിഡ് മഹാമാരിയും യുക്രൈന്‍ സംഘര്‍ഷം ഭക്ഷണം, ഇന്ധനം, വളം എന്നിവയുടെ പ്രതിസന്ധി എല്ലാ രാജ്യങ്ങളെയും ബാധിച്ചു. പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളെ ഇവ വളരെ പ്രതികൂലമായി തന്നെ ബാധിച്ചു. ഞങ്ങളുടെ ഇതിലുള്ള പങ്കാളിത്ത ആശങ്ക പ്രകടിപ്പിക്കുകയും ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സംയുക്ത ശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കുകയും ചെയ്യും. ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷ സമയത്തും ഞങ്ങള്‍ ഈ വിഷയത്തിന് മുന്‍ഗണന നല്‍കുന്നുണ്ട്. തുടക്കം മുതല്‍ തന്നെ യുക്രൈന്‍ സംഘര്‍ഷം നയതന്ത്രത്തിലൂടെയും ചര്‍ച്ചയിലൂടെയും മാത്രമേ പരിഹരിക്കാനാകൂവെന്നും ഏത് സമാധാന പ്രക്രിയക്കും സംഭാവന നല്‍കാന്‍ ഇന്ത്യ പൂര്‍ണ്ണമായും തയ്യാറാണെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇന്തോ-പസഫിക്കിലെ ഇറ്റലിയുടെ സജീവ പങ്കാളിത്തത്തേയും നാം സ്വാഗതം ചെയ്യുന്നു. ഇന്തോ-പസഫിക് ഓഷ്യന്‍ ഇനീഷ്യേറ്റീവില്‍ ചേരാന്‍ ഇറ്റലി തീരുമാനിച്ചത് വളരെ സന്തോഷകരമായ ഒരു കാര്യമാണ്. ഇന്തോ-പസഫിക്കിലെ ഞങ്ങളുടെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മൂര്‍ത്തമായ ആശയങ്ങള്‍ തിരിച്ചറിയുന്നതിന് ഇത് നമ്മെ സഹായിക്കും. ആഗോള യാഥാര്‍ത്ഥ്യങ്ങളെ മികച്ച രീതിയില്‍ പ്രതിഫലിപ്പിക്കുന്നതിന് ബഹുമുഖ സ്ഥാപനങ്ങളിലെ പരിഷ്‌കാരങ്ങള്‍ അനിവാര്യമാണ്. ഈ വിഷയവും ഞങ്ങള്‍ ചര്‍ച്ച ചെയ്തു.

ആദരണീയരെ,

ഇന്ന് വൈകുന്നേരം റെയ്‌സിന ഡയലോഗില്‍ നിങ്ങള്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നുണ്ട്. അവിടെ നിങ്ങള്‍ നടത്തുന്ന അഭിസംബോധന കേള്‍ക്കാന്‍ ഞങ്ങള്‍ എല്ലാവരും കാതോര്‍ത്തിരിക്കുകയാണ്. ഇന്ത്യാ സന്ദര്‍ശനത്തിനും ഉപയോഗപ്രദമായ ചര്‍ച്ചകള്‍ക്കും നിങ്ങള്‍ക്കും നിങ്ങളുടെ പ്രതിനിധി സംഘത്തിനും വളരെയധികം നന്ദി.

--ND--


(Release ID: 1903734)