സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
azadi ka amrit mahotsav

ചണം പാക്കേജ് സാമഗ്രികള്‍ക്ക് 1987ലെ ജെ.പി.എം ആക്ട് പ്രകാരം 2022-23 ചണ വര്‍ഷത്തേക്കുള്ള റിസര്‍വേഷന്‍ (സംവരണ) മാനദണ്ഡങ്ങള്‍



2022-23 ചണ വര്‍ഷത്തില്‍ ഭക്ഷ്യധാന്യങ്ങളുടെയു പഞ്ചസാരയുടെയും പാക്കേജിംഗിലും ചണം നിര്‍ബന്ധമായും ഉപയോഗിക്കുന്നതിനുള്ള സംവരണ മാനദണ്ഡങ്ങള്‍ക്ക് സി.സി.ഇ.എ (സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി)യുടെ അംഗീകാരം

ഗവണ്‍മെന്റിന്റെ തീരുമാനം പശ്ചിമ ബംഗാളിലെ ചണതൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും മില്ലുകള്‍ക്കും വലിയ ഉത്തേജകമാകും

40 ലക്ഷം കര്‍ഷക കുടുംബങ്ങളേയും ചണമില്ലുകളിലേയും അനുബന്ധ യൂണിറ്റുകളിലേയും 3.7 ലക്ഷം തൊഴിലാളികളെയും സഹായിക്കാനാണ് തീരുമാനം.

ഗവണ്‍മെന്റ് പാക്കിംഗിനായി പ്രതിവര്‍ഷം 9,000 കോടി രൂപയുടെ ചണം വാങ്ങുന്നത് ചണകര്‍ഷകരുടേയും തൊഴിലാളികളുടേയും ഉല്‍പ്പന്നങ്ങള്‍ക്ക് ഉറപ്പുള്ള വിപണി ഉറപ്പാക്കുന്നു

ആത്മനിര്‍ഭര്‍ ഭാരത് സംരംഭത്തിന് അനുസൃതമായി ആഭ്യന്തര ചണ ഉല്‍പ്പാദനത്തെ പിന്തുണയ്ക്കാനാണ് ഗവണ്‍മെന്റിന്റെ ഈ തീരുമാനം

Posted On: 22 FEB 2023 4:54PM by PIB Thiruvananthpuram

അരി, ഗോതമ്പ്, പഞ്ചസാര എന്നിവയുടെ പാക്കേജിംഗില്‍ ചണം നിര്‍ബന്ധമായും ഉപയോഗിക്കുന്നതിനുള്ള 2022-23 ചണവര്‍ഷത്തേക്കുള്ള സംവരണ മാനദണ്ഡങ്ങള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് അംഗീകാരം നല്‍കി. ഭക്ഷ്യധാന്യങ്ങളുടെ പാക്കേജിംഗില്‍ ചണചാക്കുകളുടെ പൂര്‍ണ്ണ സംവരണവും പഞ്ചസാര പാക്ക് ചെയ്യുന്നതില്‍ 20% ഉം ഉപയോഗിക്കണമെന്നതാണ് നിര്‍ബന്ധിത മാനദണ്ഡങ്ങള്‍. ഇത് പശ്ചിമ ബംഗാളിന് വലിയ ഉത്തേജനമാകും.

ഇന്ത്യയുടെ ദേശീയ സമ്പദ്‌വ്യവസ്ഥയില്‍ ചണവ്യവസായത്തിന് ഒരു സുപ്രധാന സ്ഥാനമുണ്ട്, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍. ഇവിടെ ഏകദേശം 75 ചണ മില്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്കാണ് ഇവിടെ ഉപജീവനം നല്‍കുന്നത്. ഇത് ചണമേഖലയിലെ 40 ലക്ഷം കര്‍ഷക കുടുംബങ്ങള്‍ക്ക് പിന്തുണ നല്‍കും. ബിഹാര്‍, ഒഡീഷ, അസം, ത്രിപുര, മേഘാലയ, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ ചണമേഖലയ്ക്കും ഈ തീരുമാനം സഹായകമാകും.
ജെ.പി.എം നിയമത്തിന് കീഴിലുള്ള സംവരണ മാനദണ്ഡങ്ങള്‍ 3.70 ലക്ഷം തൊഴിലാളികള്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുകയും ചണമേഖലയിലെ ഏകദേശം 40 ലക്ഷം കര്‍ഷക കുടുംബങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുകയും ചെയ്യും. 1987ലെ ജെ.പി.എം നിയമം, ചണകര്‍ഷകര്‍, തൊഴിലാളികള്‍, ചണ ഉല്‍പ്പാദനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ എന്നിവരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നു. ചണ വ്യവസായത്തിന്റെ മൊത്തം ഉല്‍പ്പാദനത്തിന്റെ 75%വും ചണച്ചാക്കുകളാണ്, അതില്‍ 85% ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്കും (എഫ്.സി.ഐ) സംസ്ഥാന സംഭരണ ഏജന്‍സികള്‍ക്കുമാണ് (എസ്.പി.എ) വിതരണം ചെയ്യുന്നത്. ബാക്കിയുള്ളവ നേരിട്ട് കയറ്റുമതി ചെയ്യുകയോ വില്‍ക്കുകയോ ചെയ്യുന്നു.

ഭക്ഷ്യധാന്യങ്ങള്‍ പാക്ക് ചെയ്യുന്നതിനായി എല്ലാ വര്‍ഷവും ഗവണ്‍മെന്റ് ഏകദേശം 9000 കോടി രൂപ വിലയുള്ള ചണം ചാക്കുകള്‍ വാങ്ങുന്നുണ്ട്. ഇത് ചണ കര്‍ഷകരുടെയും തൊഴിലാളികളുടെയും ഉല്‍പന്നങ്ങള്‍ക്ക് ഉറപ്പുള്ള വിപണിയും ഉറപ്പാക്കുന്നു.
ചണച്ചാക്കുകളുടെ ശരാശരി ഉല്‍പ്പാദനം ഏകദേശം 30 ലക്ഷം ബെയ്ല്‍സ് (9 ലക്ഷം മെട്രിക് ടണ്‍) ആണ്, ചണ കര്‍ഷകരുടെയും തൊഴിലാളികളുടെയും ചണ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെയും താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി ഇവ പൂര്‍ണ്ണമായി ഏറ്റെടുക്കുന്നതിന് ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധവുമാണ്.

സംവരണ മാനദണ്ഡങ്ങള്‍ ഇന്ത്യയില്‍ അസംസ്‌കൃത ചണത്തിന്റെയും ചണം പാക്കേജിംഗ് സാമഗ്രികളുടെയും ആഭ്യന്തര ഉല്‍പ്പാദനത്തിനുള്ള താല്‍പ്പര്യം വര്‍ദ്ധിപ്പിക്കും. അതുവഴി ഇന്ത്യയെ ആത്മനിര്‍ഭര്‍ ഭാരതുമായി യോജിപ്പിച്ച് സ്വയം പര്യാപ്തമാക്കും. ചണം പ്രകൃതിദത്തവും ജീര്‍ണ്ണിക്കുന്നതും നവീകരിക്കാവുന്നതും പുനരുപയോഗിക്കാവുന്നതുമായ നാരാണ്, അതിനാല്‍ എല്ലാ സുസ്ഥിരത മാനദണ്ഡങ്ങളും നിറവേറ്റുന്നതുമാണ്. അതിനാല്‍ ഇത് പരിസ്ഥിതിയെ സംരക്ഷിക്കാനും സഹായിക്കും.

--ND-- 


(Release ID: 1901707) Visitor Counter : 146