പ്രധാനമന്ത്രിയുടെ ഓഫീസ്
41-ാം പ്രഗതി സംവാദത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി
13 സംസ്ഥാനങ്ങളിലായി വ്യാപിച്ചിട്ടുള്ള 41,500 കോടി രൂപയിലധികം മൂല്യമുള്ള ഒമ്പതു പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു
അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ ആസൂത്രണം ചെയ്യാൻ പിഎം ഗതിശക്തി പോർട്ടൽ ഉപയോഗിക്കണമെന്നു പ്രധാനമന്ത്രി
അമൃത സരോവര ദൗത്യം പ്രധാനമന്ത്രി അവലോകനം ചെയ്തു; വർഷകാലം ആരംഭിക്കുന്നതിനു മുമ്പ് അമൃത സരോവര പ്രവർത്തനങ്ങൾ ദൗത്യമെന്ന നിലയിൽ പൂർത്തിയാക്കാൻ എല്ലാ മന്ത്രാലയങ്ങൾക്കും സംസ്ഥാന ഗവണ്മെന്റുകൾക്കും നിർദേശം നൽകി
Posted On:
22 FEB 2023 7:14PM by PIB Thiruvananthpuram
പ്രഗതിയുടെ ഇന്നു ചേർന്ന 41-ാം പതിപ്പിന്റെ യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായി. കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾ ഉൾപ്പെടുന്ന സജീവ ഭരണ നിർവഹണം, സമയബന്ധിത നടപ്പാക്കൽ എന്നിവയ്ക്കായുള്ള ഐസിടി അധിഷ്ഠിത ബഹുതല വേദിയാണ് പ്രഗതി.
യോഗത്തിൽ ഒമ്പതു പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികൾ അവലോകനം ചെയ്തു. ഒമ്പതു പദ്ധതികളിൽ മൂന്നെണ്ണം റോഡ് ഗതാഗത - ദേശീയപാതാ മന്ത്രാലയത്തിൽ നിന്നും രണ്ടു പദ്ധതികൾ റെയിൽവേ മന്ത്രാലയത്തിൽ നിന്നുമാണ്. വൈദ്യുതി മന്ത്രാലയം, കൽക്കരി മന്ത്രാലയം, പെട്രോളിയം - പ്രകൃതിവാതക മന്ത്രാലയം, ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം എന്നിവയിൽ നിന്നാണ് ഓരോ പദ്ധതികൾ. ഛത്തീസ്ഗഢ്, പഞ്ചാബ്, ബിഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഝാർഖണ്ഡ്, കേരളം, കർണാടകം, തമിഴ്‌നാട്, അസം, ഗുജറാത്ത്, മഹാരാഷ്ട്ര, അരുണാചൽ പ്രദേശ് എന്നീ 13 സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ഈ ഒമ്പതു പദ്ധതികൾക്ക് 41,500 കോടി രൂപയിലധികം ചെലവു വരും. അമൃത സരോവര ദൗത്യവും യോഗത്തിൽ അവലോകനം ചെയ്തു.
അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനു പിഎം ഗതിശക്തി പോർട്ടൽ ഉപയോഗിക്കണമെന്നു മന്ത്രാലയങ്ങളോടും സംസ്ഥാന ഗവണ്മെന്റുകളോടും പ്രധാനമന്ത്രി നിർദേശിച്ചു. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ഭൂമി ഏറ്റെടുക്കൽ, സാമഗ്രികൾ മറ്റൊരിടത്തേക്കു മാറ്റൽ, മറ്റു പ്രശ്നങ്ങൾ എന്നിവ വേഗത്തിൽ പരിഹരിക്കുന്നതിന് അദ്ദേഹം ഊന്നൽ നൽകി. കേന്ദ്ര മന്ത്രാലയങ്ങളും സംസ്ഥാന ഗവണ്മെന്റുകളും തമ്മിലുള്ള ശരിയായ ഏകോപനം ഉറപ്പാക്കാനും അദ്ദേഹം നിർദേശിച്ചു.
ആശയവിനിമയത്തിനിടെ, പ്രധാനമന്ത്രി ‘അമൃത സരോവര ദൗത്യ’ അവലോകനവും നടത്തി. ബിഹാറിലെ കിശൻഗഞ്ച്, ഗുജറാത്തിലെ ബോട്ടാദ് എന്നിവിടങ്ങളിലെ ഡ്രോണുകൾ വഴി അമൃത സരോവർ പ്രദേശങ്ങളുടെ തത്സമയ വീക്ഷണവും അദ്ദേഹം നടത്തി. വർഷകാലം ആരംഭിക്കുന്നതിനു മുമ്പു ദൗത്യമെന്ന നിലയിൽ അമൃത സരോവര പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ എല്ലാ മന്ത്രാലയങ്ങൾക്കും സംസ്ഥാന ഗവണ്മെന്റുകൾക്കും പ്രധാനമന്ത്രി നിർദേശം നൽകി. പദ്ധതിക്കു കീഴിൽ 50,000 അമൃത സരോവരങ്ങൾ എന്ന ലക്ഷ്യം സമയബന്ധിതമായി പൂർത്തിയാക്കാൻ ബ്ലോക്കു തല നിരീക്ഷണത്തിനു പ്രധാനമന്ത്രി ഊന്നൽ നൽകി.
‘അമൃത സരോവര ദൗത്യം’ എന്ന സവിശേഷ ആശയം രാജ്യത്തുടനീളമുള്ള ജലാശയങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ളതാണ്. ഇതു ഭാവിയിൽ ജലസംരക്ഷണത്തിനു സഹായകമാകും. ദൗത്യം പൂർത്തിയാകുമ്പോൾ, ജലസംഭരണശേഷിയിൽ ഏകദേശം 50 കോടി ഘനമീറ്റർ വർധന പ്രതീക്ഷിക്കുന്നു. കാർബൺ വേർതിരിക്കൽ പ്രതിവർഷം ഏകദേശം 32,000 ടണ്ണാകും. ഭൂഗർഭജല റീച്ചാർജിൽ 22 ദശലക്ഷം ഘനമീറ്ററിലധികം വർധന പ്രതീക്ഷിക്കുന്നു. മാത്രമല്ല, പൂർത്തിയായ അമൃത സരോവരങ്ങൾ സാമൂഹ്യ പ്രവർത്തനത്തിന്റെയും പങ്കാളിത്തത്തിന്റെയും കേന്ദ്രങ്ങളായി വികസിക്കുകയും അങ്ങനെ ജനപങ്കാളിത്തത്തിന്റെ മനോഭാവം വർധിപ്പിക്കുകയും ചെയ്യും. അമൃതസരോവര പ്രദേശങ്ങളിൽ ശുചിത്വ റാലി, ജലസംരക്ഷണത്തെക്കുറിച്ചുള്ള ജലശപഥം, രംഗോലി മത്സരം പോലുള്ള സ്കൂൾ കുട്ടികളുടെ പ്രവർത്തനങ്ങൾ, ഛഠ് പൂജ പോലുള്ള മതപരമായ ആഘോഷങ്ങൾ തുടങ്ങി നിരവധി സാമൂഹ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.
പ്രഗതി യോഗങ്ങളിൽ ഇതുവരെ 15.82 ലക്ഷം കോടി രൂപ ചെലവു വരുന്ന 328 പദ്ധതികൾ അവലോകനം ചെയ്തു.
-ND-
(Release ID: 1901535)
Visitor Counter : 222
Read this release in:
Kannada
,
Telugu
,
Tamil
,
Assamese
,
Odia
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati