രാഷ്ട്രപതിയുടെ കാര്യാലയം

അരുണാചല്‍ പ്രദേശ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തെ ഇന്ത്യന്‍ രാഷ്ട്രപതി അഭിസംബോധന ചെയ്തു


സ്ഥാനത്തിന്റെ വികസനത്തിനും പൊതുക്ഷേമത്തിനും വേണ്ടി എപ്പോഴും പരിശ്രമിക്കണമെന്നതാണ് ജനപ്രതിനിധികളില്‍ നിന്ന് പൗരന്മാര്‍ പ്രതീക്ഷിക്കുന്നത്: രാഷ്ട്രപതി മുര്‍മു

Posted On: 21 FEB 2023 12:32PM by PIB Thiruvananthpuram

അരുണാചല്‍ പ്രദേശ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തെ ഇറ്റാനഗറില്‍ ഇന്ത്യന്‍ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുര്‍മു ഇന്ന് അഭിസംബോധന ചെയ്തു.

പാര്‍ലമെന്ററി സംവിധാനത്തിന്റെ മുഖമുദ്രയാണ് അച്ചടക്കവും മാന്യതയുമെന്ന് ചടങ്ങില്‍ സംസാരിക്കവേ രാഷ്ട്രപതി പറഞ്ഞു. സംവാദത്തിന്റെ ഉള്ളടക്കവും ഗുണനിലവാരവും ഏറ്റവും ഉന്നത നിലവാരത്തിലുള്ളതാണെന്ന് നാം ഉറപ്പാക്കണം. അതോടൊപ്പം വികസനം, ജനക്ഷേമം എന്നീ വിഷയങ്ങളില്‍ സമവായം ഉണ്ടാക്കേണ്ടതും അനിവാര്യമാണ്. അരുണാചല്‍ പ്രദേശ് നിയമസഭ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഏറ്റവും ഉയര്‍ന്ന നിലവാരം കാത്തുസൂക്ഷിക്കുന്നുവെന്നതില്‍ അവര്‍ സന്തോഷം പ്രകടിപ്പിച്ചു. ആരോഗ്യകരമായ ജനാധിപത്യത്തിന് ഏറ്റവും മുന്തിയ ശ്രദ്ധ നല്‍കുന്നതിന് നിയമസഭയിലെ ഇപ്പോഴത്തെയും മുന്‍ അംഗങ്ങളെയും അവര്‍ അഭിനന്ദിച്ചു.

പരിസ്ഥിതി മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും ഇന്നത്തെ കാലഘട്ടത്തില്‍ നിര്‍ണായകമായ വിഷയങ്ങളാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ ആശങ്കകള്‍ക്ക് നാം എത്രയും വേഗം പരിഹാരം കണ്ടെത്തണം. ഭൂമിശാസ്ത്രപരമായി വളരെ സംവേദനക്ഷമമായ അരുണാചല്‍ പ്രദേശ് പോലുള്ള സംസ്ഥാനത്തില്‍ ഇക്കാര്യങ്ങള്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നതുമാണ്. ഇത്തരം വിഷയത്തില്‍ ഈ സംസ്ഥാനത്തിന്റെ നയരൂപകര്‍ത്താക്കള്‍ ശ്രദ്ധ ചെലുത്തുന്നതില്‍ അവര്‍ സന്തോഷവും പ്രകടിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനത്തോടുള്ള പ്രതിബദ്ധത കാണിക്കാനുള്ള പ്രതിജ്ഞ പക്കെ പ്രഖ്യാപനത്തിലൂടെ അരുണാചല്‍ പ്രദേശ് കൈക്കൊണ്ടു. കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ മറ്റ് സംസ്ഥാനങ്ങളും ഈ മാതൃക സ്വീകരിക്കുമെന്ന് അവര്‍ പ്രത്യാശയും പ്രകടിപ്പിച്ചു.

'ഡിജിറ്റല്‍ ഇന്ത്യ' പരിപാടിക്ക് കീഴിലുള്ള കടലാസ്‌രഹിത ഡിജിറ്റല്‍ യാത്രയായ 'ഇ-വിധാന്‍' - നടപ്പിലാക്കിയതിന് അരുണാചല്‍ പ്രദേശ് നിയമസഭയെ രാഷ്ട്രപതി അഭിനന്ദിച്ചു. സംസ്ഥാന ഗവണ്‍മെന്റ് 2022 നെ ഇ-ഗവേണന്‍സ് വര്‍ഷമായി പ്രഖ്യാപിക്കുകയും നിരവധി ഇ-ഗവേണന്‍സ് പദ്ധതികള്‍ക്ക് സമാരംഭം കുറിയ്ക്കുകയും ചെയ്തുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഈ പദ്ധതികള്‍ ഭരണപരിഷ്‌കാരങ്ങള്‍ക്ക് മാത്രമല്ല സാധാരണ പൗരന്റെ ജീവിതം സുഗമമാക്കുന്നതിനും സഹായിക്കുമെന്ന് അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

നിയമസഭാ ലൈബ്രറിയിലേക്ക് സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പ്രവേശനം ലഭ്യമാക്കുന്നതില്‍ രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു. നിയമനിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി പരിചയപ്പെടാനായി 'നിങ്ങളുടെ നിയമസഭയെ അറിയുക' എന്ന മുന്‍കൈയ്ക്ക് കീഴില്‍, വിദ്യാര്‍ത്ഥികളെ ഈ നിയമസഭ കാലാകാലങ്ങളില്‍ ക്ഷണിക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. യുവതലമുറ ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും പുരോഗതിക്ക് സംഭാവന നല്‍കുമെന്ന ആത്മവിശ്വാസവും അവര്‍ പ്രകടിപ്പിച്ചു.

അരുണാചല്‍ പ്രദേശിന്റെ ഭൂമിയില്‍ നൂറ്റാണ്ടുകളായി സ്വയം ഭരണത്തിന്റേയും താഴേത്തട്ടിലുള്ള ജനാധിപത്യത്തിന്റേയും ഊര്‍ജ്ജസ്വലമായ ഒരു സംവിധാനം നിലനില്‍ക്കുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ആധുനിക ജനാധിപത്യ പ്രക്രിയയിലും ഈ സംസ്ഥാനത്തെ ജനങ്ങള്‍ സജീവമായി പങ്കെടുത്തിട്ടുണ്ട്; അത് അവരുടെ രാഷ്ട്രീയ ബോധവും ജനാധിപത്യത്തിലുള്ള വിശ്വാസവും പ്രതിഫലിപ്പിക്കുന്നതാണ്. ജനപ്രതിനിധികള്‍ എപ്പോഴും സംസ്ഥാനത്തിന്റെ വികസനത്തിനും ജനക്ഷേമത്തിനും വേണ്ടി പരിശ്രമിക്കണമെന്നതാണെന്ന് പൗരന്മാര്‍ പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ ഉന്നത നയരൂപകര്‍ത്താക്കള്‍ എന്ന നിലയില്‍ സംസ്ഥാനത്തിന്റെ വികസനത്തില്‍ നിയമസഭാ സാമാജികര്‍ക്ക് സുപ്രധാന പങ്കുണ്ട്.
നമ്മുടെ രാജ്യത്തിന്റെ സമഗ്രവും ഉള്‍ച്ചേര്‍ക്കുന്നതുമായ വികസനത്തിന് എല്ലാ തൊഴില്‍ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം കൂടുതല്‍ ഉണ്ടാകണമെന്ന് രാഷ്ട്രപതി പറഞ്ഞു. അരുണാചല്‍ പ്രദേശ് നിയമസഭയുള്‍പ്പെടെ എല്ലാ സംസ്ഥാന നിയമസഭകളിലും മറ്റ് ജനപ്രാതിനിധ്യ സ്ഥാപനങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കണം.

അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ പ്രധാന ഭാഗമാണെന്നും ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിലെ പ്രധാന പങ്കാളിയാണെന്നും രാഷ്ട്രപതി പറഞ്ഞു. റോഡ്, റെയില്‍, വ്യോമ ബന്ധിപ്പിക്കലുകളുടെ അഭാവം മൂലം വളരെക്കാലമായി വടക്കുകിഴക്കന്‍ മേഖലയ്ക്ക് സാമ്പത്തിക വികസനത്തിന്റെ നേട്ടങ്ങള്‍ നഷ്ടപ്പെട്ടു. എന്നാല്‍ വടക്കുകിഴക്കന്‍ മേഖലകളിലെ ബന്ധിപ്പിക്കലിനും വികസനത്തിനും കേന്ദ്രഗവണ്‍മെന്റ് മുന്‍തൂക്കമാണ് നല്‍കുന്നത്. അരുണാചല്‍ പ്രദേശില്‍ വികസനത്തിന്റെ സൂര്യന്‍ പ്രകാശിക്കുന്നതായും സന്തോഷത്തോടെ അവര്‍ ചൂണ്ടിക്കാട്ടി. സമ്പന്നമായ പ്രകൃതിവിഭവങ്ങളും ഗുണമേന്മയുള്ള മാനവവിഭവശേഷിയുമുള്ള അരുണാചല്‍ പ്രദേശിന് ആകര്‍ഷകമായ നിക്ഷേപ കേന്ദ്രമായും വ്യാപാര-വാണിജ്യ കേന്ദ്രമായും മാറാനുള്ള പൂര്‍ണ ശേഷിയുണ്ടെന്നും അവര്‍ പറഞ്ഞു.

ഈ പ്രദേശത്തെ ജനങ്ങള്‍ അവരുടെ വേരുകളില്‍ നിന്ന് വിഛേദിക്കപ്പെടാതെ വികസനത്തിന്റെ പാതയില്‍ മുന്നേറുന്നുവെന്ന് ഉറപ്പാക്കാന്‍, പ്രദേശത്തിന്റെ പാരമ്പര്യവും സംസ്‌കാരവും മൂല്യങ്ങളും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഊന്നല്‍ നല്‍കണമെന്ന് രാഷ്ട്രപതി പറഞ്ഞു. അരുണാചല്‍ പ്രദേശിന്റെ ജനപ്രതിനിധി എന്ന നിലയില്‍, ഈ നിയമസഭയിലെ അംഗങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളുടെയും പാരമ്പര്യങ്ങളുടെയും സമൃദ്ധി കാത്തുസൂക്ഷിക്കുന്നതോടൊപ്പം സാമൂഹിക മാറ്റം പ്രോത്സാഹിപ്പിക്കുന്നതിലും നിര്‍ണ്ണായക പങ്ക് വഹിക്കാനുണ്ട് അവര്‍ പറഞ്ഞു.

Please click here to see the President’s Speech –

--ND--



(Release ID: 1901007) Visitor Counter : 107